Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

പിണറായിയും കോടിയേരിയും ബേബിയും എസ്ആർപിയും ചേർന്നെടുത്ത തീരുമാനം; അവധിയെടുത്തത് പാർട്ടിയിൽ നിന്നല്ല സെക്രട്ടറി സ്ഥാനത്തു നിന്ന് മാത്രം; അനൂപിന്റെ ഡെബിറ്റ് കാർഡ് വിവാദം എല്ലാം മാറ്റി മറിച്ചു; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീണ്ടാൽ ഇനിയും മാറ്റങ്ങളുണ്ടാകും; പിണറായിയും രാജി വയ്‌ക്കേണ്ടി വരും; കടുത്ത തീരുമാനത്തിന് പിന്നിൽ യെച്ചൂരിയും ബേബിയും

പിണറായിയും കോടിയേരിയും ബേബിയും എസ്ആർപിയും ചേർന്നെടുത്ത തീരുമാനം; അവധിയെടുത്തത് പാർട്ടിയിൽ നിന്നല്ല സെക്രട്ടറി സ്ഥാനത്തു നിന്ന് മാത്രം; അനൂപിന്റെ ഡെബിറ്റ് കാർഡ് വിവാദം എല്ലാം മാറ്റി മറിച്ചു; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീണ്ടാൽ ഇനിയും മാറ്റങ്ങളുണ്ടാകും; പിണറായിയും രാജി വയ്‌ക്കേണ്ടി വരും; കടുത്ത തീരുമാനത്തിന് പിന്നിൽ യെച്ചൂരിയും ബേബിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിൽ നേതൃമാറ്റം എന്നത് പിണറായി വിജയൻ, എസ്. രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നീ പൊളിറ്റ്ബ്യൂറോ അംഗങ്ങൾ ആലോചിച്ചു എടുത്ത തീരുമാനം. ഇത് സിപിഎം സെക്രട്ടേറിയറ്റിൽ തന്റെ നിർദേശമായി അവതരിപ്പിക്കുകയായിരുന്നു കോടിയേപി. ഇതു കേട്ടപ്പോൾ തന്നെ ആവശ്യമില്ലെന്നു പലരും പറഞ്ഞു. തീരുമാനം പുറത്തറിയാത്തതു കൊണ്ടായിരുന്നു അത്. കേന്ദ്ര നേതൃത്വത്തിന്റെ മനസ് അറിഞ്ഞായിരു്ന്നു എല്ലാം. ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു ഇതെല്ലാം.

അവധിക്കാര്യം സെക്രട്ടറിയേറ്റിൽ കോടിയേരി പറഞ്ഞപ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ അതാകും നല്ലതെന്നു പിണറായി വ്യക്തമാക്കിയതോടെ എല്ലാവരും തീരുമാനം അംഗീകരിച്ചു. ഇതോടെ എ വിജയരാഘവൻ പാർട്ടി സെക്രട്ടറിയായി. ബിനീഷിന്റെ വീട്ടിലെ ഇഡി റെയ്ഡും പിടിച്ചെടുത്ത ഡെബിറ്റ് കാർഡ് അന്വേഷണ ഏജൻസി കൊണ്ടുവന്നു വച്ചതാണ് എന്ന വിവാദമാണ് കോടിയേരിക്ക് തിരിച്ചടിയായത്. ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ആ ഡെബിറ്റ് കാർഡ് അനൂപ് ബെംഗളൂരുവിലായിരുന്നപ്പോഴും ഇവിടെ ഉപയോഗിച്ചു എന്നത് സിപിഎം ഗൗരവത്തോടെ എടുത്തു. ഇതാണ് കോടിയേരിക്ക് വിനയായത്.

അച്ഛൻ എന്ന നിലയിൽ മകന്റെ വീഴ്ചയുടെ ഉത്തരവാദിത്തം കോടിയേരി ഏറ്റെടുത്തു. അതു തന്നെയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ധാർമികത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇനി ഇത് മുഖ്യമന്ത്രി പിണറായിക്കും വിനയാകും. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള മൂന്ന് പേരെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യും. ഇവർക്കെതിരെ നടപടികൾ ഉണ്ടായാൽ പിണറായിയും രാജിവയ്ക്കും. കാരണം മുഖ്യമന്ത്രിയുടെ ഓഫീസിലെ വീഴചകൾ പിണറായിയുടേത് കൂടിയാണെന്നാണ് സിപിഎം പിബിയുടെ വിലയിരുത്തൽ. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന സന്ദേശം പലരും പിണറായിക്കും നൽകിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ബേബിയുടേയും നിലപാടുകൾ ആണ് അതിനിർണ്ണായകമായി മാറുന്നത്.

രോഗ സാഹചര്യം ചൂണ്ടിക്കാട്ടിയാണു കോടിയേരി അവധിയിൽ പ്രവേശിച്ചതെങ്കിലും മകന്റെ കേസും മാറ്റത്തിനു കാരണമായി. ആരെയും അഭിമുഖീകരിക്കാൻ കഴിയാത്ത പാർട്ടി സെക്രട്ടറിയായി തുടരുന്നതു തനിക്കും സിപിഎമ്മിനും നല്ലതല്ല എന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. എ. വിജയരാഘവന് അധികച്ചുമതല നൽകുന്നതും തന്ത്രപൂർവ്വമാണ്. സെക്രട്ടറി പദത്തിൽ നിന്ന് അവധിയിൽ പ്രവേശിച്ച കോടിയേരി എകെജി ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. പൊളിറ്റ്ബ്യൂറോയുടേയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഭാഗമായി തുടരാനും സാധ്യമായ ചുമതലകൾ തൽക്കാലം നിർവഹിക്കാനുമാണു കോടിയേരി ഉദ്ദേശിക്കുന്നത്.

സെക്രട്ടറി സ്ഥാനത്തു നിന്നാണു കോടിയേരി അവധി എടുത്തിരിക്കുന്നത്; പാർട്ടിയിൽ നിന്നല്ല. മാധ്യമങ്ങൾ പ്രതികരണങ്ങൾ തേടിയെങ്കിലും കോടിയേരി പ്രതികരിച്ചില്ല. സ്വർണക്കടത്തിനുപിന്നാലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിനെ വലിഞ്ഞുമുറുക്കിയപ്പോൾ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണ് സിപിഎം. നടത്തിയത്. സർക്കാരിന്റെ പദ്ധതിനിർവഹണത്തിൽ ഇടപെടുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്നു വിശദീകരിച്ചു.മയക്കുമരുന്ന് വ്യാപാരത്തിന് പണം നൽകിയെന്ന ബിനീഷിനെതിരായ കേസാണ് ഈ പ്രതിരോധത്തെ ദുർബലമാക്കിയത്.

ബിനീഷിന്റെ കേസ് രൂക്ഷമായപ്പോൾ കോടിയേരി സ്വമേധയാ ഒഴിയുന്നെങ്കിൽ അങ്ങനെയാവട്ടേയെന്ന മനസ്സായിരുന്നു മുഖ്യമന്ത്രിക്കും. ബിനീഷിനെതിരായ ഇ.ഡി.യുടെ അന്വേഷണരീതിയോട് മുഖ്യമന്ത്രി വിയോജിക്കാതിരുന്നതും കോടിയേരിയെ പദവി ഒഴിയാൻ നിർബന്ധിതമാക്കി. ഇതിനൊപ്പം രോഗം കോടിയേരിയെ വല്ലാതെ അലട്ടാനും തുടങ്ങി. ഇതോടെയാണ് സെക്രട്ടറിപദം ഒഴിയുന്ന തീരുമാനം അദ്ദേഹമെടുത്തത്.

ചികിത്സയ്ക്കായി അവധി അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചെന്നാണു പാർട്ടി വിശദീകരണം. അവെയ്ലബിൾ പോളിറ്റ് ബ്യൂറോ യോഗവും അവധിയപേക്ഷ അംഗീകരിച്ചു. ബംഗളുരുവിൽ മകൻ ബിനീഷ് ജയിലിലേക്കു മാറ്റപ്പെട്ടതിന്റെ അടുത്തദിവസം ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ മാറിനിൽക്കാനുള്ള തീരുമാനം കോടിയേരിതന്നെ അവതരിപ്പിക്കുകയായിരുന്നു.

ചികിത്സാകാര്യങ്ങളും തെരഞ്ഞെടുപ്പുവേളയിൽ സെക്രട്ടറിയുടെ പൂർണചുമതല നിർവഹിക്കാനുള്ള പ്രയാസവും അദ്ദേഹം വിവരിച്ചു. ആദ്യഘട്ടചികിത്സയ്ക്കുശേഷം ഭേദമായ അസുഖം വീണ്ടും പിടികൂടിയതും കീമോതെറാപ്പി കഴിഞ്ഞയാഴ്ച പുനരാരംഭിച്ചതും അദ്ദേഹം പി.ബി. നേതാക്കളെ ഉൾപ്പെടെ അറിയിച്ചിരുന്നു. കോടിയേരിയുടെ അസാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച സംസ്ഥാനസമിതി തീരുമാനങ്ങളുടെ റിപ്പോർട്ടിങ് നിർവഹിച്ചതു മുതിർന്ന പി.ബി. അംഗം എസ്. രാമചന്ദ്രൻ പിള്ളയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP