Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതു പോലെ അഴിമതി നിറഞ്ഞ സർക്കാർ വേറെയുണ്ടായില്ലെന്ന് ഒടുവിൽ തിരിച്ചറിവ്! ഈ കശ്മലക്കൂട്ടത്തെ അടിച്ചിറക്കണമെന്നും പൂഞ്ഞാറിന്റെ സ്വതന്ത്ര എംഎൽഎ; ഗവർണ്ണർക്കും ബിജെപിക്കും വിമർശനം; ഒപ്പം ഇരിക്കാതെ കാരണവരെ പോലെ എല്ലാം നിരീക്ഷിച്ച് പ്രതിപക്ഷത്തിനൊപ്പം; യുഡിഎഫിലേക്ക് എന്ന സൂചനയുമായി നയപ്രഖ്യാപനത്തിൽ പിസി ജോർജ്

ഇതു പോലെ അഴിമതി നിറഞ്ഞ സർക്കാർ വേറെയുണ്ടായില്ലെന്ന് ഒടുവിൽ തിരിച്ചറിവ്! ഈ കശ്മലക്കൂട്ടത്തെ അടിച്ചിറക്കണമെന്നും പൂഞ്ഞാറിന്റെ സ്വതന്ത്ര എംഎൽഎ; ഗവർണ്ണർക്കും ബിജെപിക്കും വിമർശനം; ഒപ്പം ഇരിക്കാതെ കാരണവരെ പോലെ എല്ലാം നിരീക്ഷിച്ച് പ്രതിപക്ഷത്തിനൊപ്പം; യുഡിഎഫിലേക്ക് എന്ന സൂചനയുമായി നയപ്രഖ്യാപനത്തിൽ പിസി ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങിയ പ്രതിപക്ഷത്തിനൊപ്പം പി സി ജോർജ് എം എൽ എയും. ഇതോടെ താൻ യുഡിഎഫിലേക്ക് പോകുമെന്ന് വ്യക്തമാക്കുകയാണ് പിസി ജോർജും. ജോർജിനെ മുന്നണിയിൽ എടുക്കാൻ കോ്ൺഗ്രസും തയ്യാറാകുമെന്നാണ് സൂചന.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ചു. സ്പീക്കർക്ക് എതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.പത്തുമിനുട്ടോളം സഭയിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം പിന്നീട് നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങുകയായിരുന്നു. ഇവർക്കൊപ്പം പിസി ജോർജും കൂടി. ദിവസങ്ങൾക്ക് മുമ്പ് കർഷക ബില്ലിലെ ചർച്ചയിലും പിസി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചിരുന്നു. അതിന് ശേഷമാണ് യുഡിഎഫുമായി പിസി ചർച്ച നടത്തിയതും ഏതാണ്ട് വിജയിച്ചതും. ഈ സാഹചര്യത്തിലാണ് നിയമസഭയിലെ സ്വതന്ത്ര അംഗം യുഡിഎഫിനൊപ്പം എത്തിയത്.

സഭയിൽ മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും, താൻ ചെയ്യുന്നത് ഭരണഘടനാപരമായ കർത്തവ്യമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയെ ഓർമ്മിപ്പിച്ചു.സഭ വിട്ടിറങ്ങിയ പ്രതിപക്ഷത്തിന് പിന്നാലെ ജോർജും കൂടി. ഇതുപോലെ അഴിമതി നിറഞ്ഞ സർക്കാർ വേറെയുണ്ടായിട്ടില്ല. ഈ കശ്മലക്കൂട്ടത്തെ അടിച്ചിറക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. ഗവർണർ ബിജെപിയുടെ ഏജന്റാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷവും പി സി ജോർജും സഭയിൽ നിന്ന് ഇറങ്ങിപ്പോയപ്പോഴും ബിജെപിയുടെ ഏക എം എൽ എ ഒ രാജഗോപാൽ തന്നെ തുടർന്നത് ശ്രദ്ധേയമായി. അങ്ങനെ പിസിയുടെ പിന്തുണ പ്രതിപക്ഷത്തായി.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തിരിച്ചടിയിൽ നേട്ടമുണ്ടാകുന്നത് പിസി ജോർജിന് ആണെന്ന് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പൂഞ്ഞാറിന്റെ എംഎൽഎയെ യുഡിഎഫിൽ എടുക്കാൻ സാധ്യത കൂടുതലാണെന്നും വ്യക്തമാക്കി.യുഡിഎഫിനോട് അടുക്കാനാഗ്രഹിച്ചു നിൽക്കുന്ന പി.സി ജോർജ്, പി.സി. തോമസ് എന്നിവരുടെ കാര്യം 11 ന് ചേരുന്ന മുന്നണി നേതൃയോഗത്തിൽ ചർച്ച ചെയ്തേക്കും. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും തദ്ദേശത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടായി. ഈ സാഹചര്യത്തിലാണ് നീക്കം.

ബിജെപിയുമായി സഹകരിച്ച രണ്ടു പേരാണ് പിസി ജോർജും പിസി തോമസും. ഇതു കൊണ്ട് തന്നെ കരുതലോടെ മാത്രമേ ഇവരുടെ കാര്യത്തിൽ കോൺഗ്രസ് തീരുമാനം എടുക്കൂ. പിസി തോമസ് ഇപ്പോഴും ബിജെപിയെ പൂർണ്ണമായും തള്ളി പറഞ്ഞിട്ടില്ല. വാജ്പേയ് സർക്കാരിൽ മന്ത്രിയായ പിസി തോമസ് എൻഡിഎയുടെ ബാനറിൽ മൂവാറ്റുപുഴയിൽ മത്സരിച്ച് എംപിയാവുകയും ചെയ്തു. പിസിയും ഇടക്കാലത്ത് ബിജെപിക്കൊപ്പമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് വേണ്ടി പരസ്യമായി നിന്ന നേതാവ്.

സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പിസി ജോർജിനോട് താൽപ്പര്യമില്ല. ബാർ കോഴയിലൂടെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയ ജോർജിനെ മുന്നണിയിൽ കൊണ്ടു വരാൻ അനുവദിക്കില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. എന്നാൽ തദ്ദേശത്തിലെ തിരിച്ചടിയോടെ പിസിയുടെ ആവശ്യം ഉണ്ടെന്ന് രമേശ് ചെന്നിത്തല വീണ്ടും നിലപാട് എടുത്തു. ഇനി മുസ്ലിം ലീഗിന്റെ നിലപാടാകും നിർണ്ണായകം. പിസി ജോർജിനെ കൊണ്ടു വരുന്നത് മുസ്ലിം വോട്ടുകളെ അകറ്റുമോ എന്ന ആശങ്ക ലീഗിനുണ്ട്.

എന്നാൽ ഇതിന് അടിസ്ഥാനമില്ലെന്നാണ് ചെന്നിത്തലയുടെ വാദം. പൂഞ്ഞാറിൽ ജില്ലാ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് പിസിയുടെ മകൻ ഷോൺ ജോർജാണ്. മുസ്ലിം പിന്തുണയില്ലായിരുന്നുവെങ്കിൽ ഷോൺ ജയിക്കില്ലായിരുന്നുവെന്നാണ് ചെന്നിത്തലയുടെ വാദം. പൂഞ്ഞാറിലെ ഷോണിന്റെ വിജയമാണ് പിസിക്ക് ഗുണകരമാകുന്നത്. ഇതോടെ ഒറ്റയ്ക്ക് പൂഞ്ഞാറിൽ ജയിക്കാൻ ഇനിയും തനിക്കാകുമെന്ന് പിസി തെളിയിച്ചു. കേരളാ കോൺഗ്രസിലെ മറ്റൊരു പിസിയായ പിസി തോമസിനും സാഹചര്യം അനുകൂലമാണ്.

തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽ യുഡിഎഫിന്റെ ഭാഗമാകാൻ ഇരുനേതാക്കളും താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഘടക കക്ഷികളായി പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. എന്നാൽ, ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതു മധ്യകേരളത്തിൽ ദോഷം ചെയ്തു എന്ന് അനുമാനം ഉള്ളതിനാൽ ന്യൂനപക്ഷ വിഭാഗത്തിലെ ഈ നേതാക്കളെ മാറ്റിനിർത്തരുതെന്ന വാദം ഉയർന്നിട്ടുണ്ട്. ഇതാണ് പിസി തോമസിനും ഗുണകരമാകുന്നത്. പിസി തോമസിന് മത്സരിക്കാൻ ഒരു സീറ്റ് നൽകും. പിസിക്ക് രണ്ട് സീറ്റ് നൽകേണ്ടി വരുമെന്ന് യുഡിഎഫിന് അറിയാം. മകൻ ഷോണിന് വേണ്ടിയും പിസി സീറ്റ് ചോദിക്കും.

പൂഞ്ഞാറിലെ സിറ്റിങ് എംഎൽഎ ആയ ജോർജിനെ സ്വീകരിക്കുന്നതിൽ ആ മേഖലയിലെ ഒരു എംപി ഉടക്കിടുന്നുണ്ടെങ്കിലും ഓരോ സീറ്റും നിർണായകമാകുന്ന തിരഞ്ഞെടുപ്പിൽ ജോർജിന്റെ സഹായം ഉറപ്പാക്കുന്നതാവും ബുദ്ധിയെന്നു ചിന്തിക്കുന്നവർ ഏറെയാണ്. പൂഞ്ഞാറിനു പുറമേ പാലായിലും ജോർജിനു സ്വാധീനമുണ്ട്. പാലായിലും മത്സരിക്കാൻ പിസി ജോർജ് തയ്യാറാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP