Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലായിൽ നടന്നത് അരനൂറ്റാണ്ട് നീണ്ട അടിമത്വത്തിൽ നിന്നും കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ്; കോൺഗ്രസിന് നിർണ്ണായക സ്വാധീനമുള്ള പഞ്ചായത്തുകളിൽ എല്ലാം യുഡിഎഫ് സ്ഥാനാർത്ഥി തോറ്റടിഞ്ഞു; ഒൻപത് നിയമസഭാ സീറ്റുകളിൽ ആറും ഏക ലോക്സഭാ സീറ്റും കൈവശപ്പെടുത്തി കോൺഗ്രസിനെ ശ്വാസം മുട്ടിച്ചിരുന്നതിനുള്ള തിരിച്ചടി നൽകാൻ കോൺഗ്രസുകാർ കാത്തിരുന്നത് മാണിയുടെ ജീവിത കാലം മുഴുവൻ; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന് ആശ്വാസമാകുന്നത് ഇങ്ങനെ

പാലായിൽ നടന്നത് അരനൂറ്റാണ്ട് നീണ്ട അടിമത്വത്തിൽ നിന്നും കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ്; കോൺഗ്രസിന് നിർണ്ണായക സ്വാധീനമുള്ള പഞ്ചായത്തുകളിൽ എല്ലാം യുഡിഎഫ് സ്ഥാനാർത്ഥി തോറ്റടിഞ്ഞു; ഒൻപത് നിയമസഭാ സീറ്റുകളിൽ ആറും ഏക ലോക്സഭാ സീറ്റും കൈവശപ്പെടുത്തി കോൺഗ്രസിനെ ശ്വാസം മുട്ടിച്ചിരുന്നതിനുള്ള തിരിച്ചടി നൽകാൻ കോൺഗ്രസുകാർ കാത്തിരുന്നത് മാണിയുടെ ജീവിത കാലം മുഴുവൻ; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന് ആശ്വാസമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോട്ടയത്തെ രാഷ്ട്രീയത്തെ മാറ്റി മറിക്കുന്നതാണ് പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം. പാല ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ തോൽവിയിൽ കോൺഗ്രസിനും കൃത്യമായ പങ്കുണ്ട്. കോൺഗ്രസിന് നിർണായക സ്വാധീനമുള്ള പഞ്ചായത്തുകളിൽ പോലും ജോസ് ടോം പിന്നിൽ പോകുകയായിരുന്നു. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് കേരളാ കോൺഗ്രസ് തോൽവിയിൽ സാധാരണ കോൺഗ്രസ് പ്രവർത്തകരെങ്കിലും ആഹ്ലാദിക്കുന്നു എന്നതാണ്. ജോസ് കെ മാണി പക്ഷത്തെ തളർത്താനുള്ള കോൺഗ്രസിലെ പഴയ ആന്റണി ഗ്രൂപ്പിന്റെ തീരുമാനം ഒടുവിൽ വിജയിച്ചിരിക്കുന്നു. കോട്ടയം രാഷ്ട്രീയത്തിൽ കെ എം മാണിയെ ഒതുക്കാൻ പലപ്പോഴും എ വിഭാഗം ശ്രമിച്ചിരുന്നു. കോട്ടയത്ത് കോൺഗ്രസിന് മുൻതൂക്കം നേടാനായിരുന്നു ഇത്. എന്നാൽ കെ എം മാണിയുടെ ഇടപെടലുകൾ മൂലം ഒന്നും നടന്നില്ല.

ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് (എം)നെ ഒതുക്കാൻ പി ജെ ജോസഫുമായി കോൺഗ്രസിലെ ആന്റണി വിഭാഗം കൈകോർത്തത്. കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചയിലും പിജെ ജോസഫ് വില്ലനായി എത്തി. എന്നാൽ ജയിച്ചത് മാണിയുടെ തന്ത്രമായിരുന്നു. എന്നാൽ മാണി കളമൊഴിഞ്ഞ ശേഷമുള്ള പാലാ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് പണി കൊടുക്കുകയാണ് കോൺഗ്രസ്. പാലായിലെ തോൽവിയിൽ കോൺഗ്രസ് നേതാക്കളുടെ മുഖത്ത് പുഞ്ചിരി നിറയുന്ന പ്രതികരണങ്ങൾ എത്താനുള്ള കാരണവും ഇത് തന്നെയാണ്. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും ആകും ഇനി കോട്ടയത്തെ യുഡിഎഫ് രാഷ്ട്രീയത്തെ നിയന്ത്രിക്കുക.

കോട്ടയത്ത് 9 നിയമസഭാ സീറ്റുകളാണ് ഉള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും യുഡിഎഫിന്റെ ഉറച്ച കോട്ടകൾ. പാലയും കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും യുഡിഎഫിന് ജയിക്കാനാകുന്ന ഉറച്ച സീറ്റുകൾ. ഇതെല്ലാം കൈയടക്കി വച്ചിരിക്കുന്നത് മാണിയാണ്. ഏറ്റുമാനൂരും പൂഞ്ഞാറും മത്സരിക്കുന്നതും കേരളാ കോൺഗ്രസുകാർ. പിന്നെയുള്ളത് പുതുപ്പള്ളിയും കോട്ടയവും. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും. അതുകൊണ്ട് തന്നെ കോൺഗ്രസിന് ഏറെ സാധ്യതകളുള്ള കോട്ടയത്ത് കോൺഗ്രസ് നേതാക്കൾക്ക് ആർക്കും നിയമസഭയിൽ മത്സരിക്കാൻ സീറ്റു പോലും ഉണ്ടാകാറില്ല. മാണി പ്രഭാവമായിരുന്നു ഇതിന് കാരണം. പാലയും കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഏറ്റുമാനൂരും മത്സരിക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസുകാർ ഏറെയാണ്. ഇതിൽ പൂഞ്ഞാർ പിസി ജോർജും ഏറ്റുമാനൂർ സിപിഎമ്മിന്റെ സുരേഷ് കുറുപ്പുമാണ് നിയമസഭാ സാമാജികർ. മാണി യുഡിഎഫ് വിട്ടത് ബാർ കോഴയിലെ വിവാദത്തോടെയാണ്. ഇതോടെ കോൺഗ്രസുകാർ ആവേശത്തിലാക്കി. ഇതിനിടെയാണ് മുസ്ലിം ലീഗ് ഇടപെടലിൽ മാണി വീണ്ടും യുഡിഎഫിലെത്തിയത്. അപ്പോഴും കോട്ടയത്തെ കോൺഗ്രസുകാരുടെ മനസ്സിൽ പക തുടർന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റെ തോമസ് ചാഴിക്കാടനെ തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് കോൺഗ്രസ് ഒടുവിൽ വിജയിക്കുകയാണ്. 2010 ലെ മാണിയുമായുള്ള ലയന സമയത്ത് പി ജെ ജോസഫിനെ എതിർത്തവർ ഇന്ന് പിജെയെ പിന്തുണയ്ക്കുന്നു എന്നതാണ് വൈരുദ്ധ്യം. കെ എം മാണിയുടെ മരണ ശേഷമുണ്ടായ പിളർപ്പിൽ നിയമപമരമായും സംഘടനാപരമായും ഏറെ മുന്നിൽ നിൽക്കുന്ന ജോസ് കെ മാണി പക്ഷത്തെ അണികൾക്കിടയിലോ, സംഘടനയിലോ നേരിടാനാവില്ല എന്ന ബോധ്യത്തിൽ നിന്നുയർന്ന പദ്ധതിയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നടന്നത്. പികെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണ് ഈ നീക്കം പൊളിച്ചത്.

മുസ്ലിം ലീഗും മാണിയുമായുള്ള സൗഹൃദം കോൺഗ്രസിനും അറിയാം. യുഡിഎഫിലെ ഒന്നാം നമ്പർ പാർട്ടി കോൺഗ്രസാണ്. എന്നാൽ മലപ്പുറത്തും കോട്ടയത്തും ഒന്നാം നമ്പർ പാർട്ടി കോൺഗ്രസല്ല. മലപ്പുറത്ത് മുസ്ലിം ലീഗും കോട്ടയത്ത് കേരളാ കോൺഗ്രസുമായിരുന്നു. മലപ്പുറത്ത് ലീഗ് കോട്ടയെ തളർത്താൻ കഴിയില്ലെന്ന് കോൺഗ്രസിന് അറിയാം. അവിടെ അവർ മൗനമായി തുടരും. എന്നാൽ കോട്ടയത്ത് അതായിരുന്നില്ല സ്ഥിതി. ഉമ്മൻ ചാണ്ടിയുടെ തട്ടകം. ഇവിടെ മാണിക്ക് പിന്നിലായിരുന്നു എന്നും ഉമ്മൻ ചാണ്ടി പോലും. ബാർ കോഴയിൽ മാണിയെ കുടുക്കാൻ ശ്രമിച്ചതിന് പിന്നിലും ഈ മുന്നണി രാഷ്ട്രീയമായിരുന്നു. അതെല്ലാം മാണി അതിജീവിച്ചു. എന്നാൽ ഇപ്പോൾ പാലായിൽ കേരളാ കോൺഗ്രസിന്റെ തോൽവിയോടെ കാര്യങ്ങൾ മാറുകയാണ്. ഇനി പഴയ പ്രതാപം കേരളാ കോൺഗ്രസ് മാണിക്ക് അവകാശപ്പെടാനാകില്ല. ഉറപ്പുള്ള ഒരു സീറ്റ് പോലുമില്ലാത്ത പാർട്ടിയായി കേരളാ കോൺഗ്രസ് മാറും.

പാലായിൽ നടന്നത് അര നൂറ്റാണ്ട് നീണ്ട അടിമത്വത്തിൽ നിന്നും കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പാണ്. കോൺഗ്രസിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ എല്ലാം യുഡിഎഫ് സ്ഥാനാർത്ഥി തോൽക്കുകയാണ്. ഒൻപത് നിയമസഭാ സീറ്റുകളിൽ ആറും ഏക ലോക്സഭാ സീറ്റും കൈവശപ്പെടുത്തി കോൺഗ്രസിനെ ശ്വാസം മുട്ടിച്ചിരുന്നതിനുള്ള തിരിച്ചടി നൽകാൻ കോൺഗ്രസുകാർ കാത്തിരുന്നത് മാണിയുടെ ജീവിത കാലം മുഴുവനുമാണ്. അന്നൊന്നും നടന്നില്ല. പാലായിൽ പോലും മാണിയെ തോൽപ്പിക്കാൻ ശ്രമിച്ചു. അതൊന്നും ഫലം കണ്ടില്ല. ഇതിനിടെയാണ് ഉപതെരഞ്ഞെടുപ്പ് എത്തിയത്. ജോസ് കെ മാണി മത്സരിക്കാതിരിക്കാൻ രാജ്യസഭാ സീറ്റെന്ന തുറുപ്പ് ചീട്ടുയർത്തി. അതിശക്തനായ സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസ് മുമ്പോട്ട് വയ്ക്കുന്നില്ലെന്ന് വരുത്താൻ നിഷാ ജോസ് കെ മാണിയുടെ വിവാദവും ഉണ്ടാക്കി. പിജെ ജോസഫിനെ ഇളക്കി വിട്ട് കേരളാ കോൺഗ്രസിനെ പിളർപ്പിച്ച് വക്കിലുമെത്തിച്ചു. കോട്ടയത്തെ പ്രമാണിത്വം തിരിച്ചു പിടിക്കാനുള്ള തന്ത്രമായിരുന്നു ഇതെല്ലാം. അതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പാലായിലെ യുഡിഎഫിലെ പ്രധാന പാർട്ടിയായ കോൺഗ്രസിന് ആശ്വാസമാകുന്നതും. ഇനി കോട്ടയത്തെ കാര്യങ്ങൾ കോൺഗ്രസ് ഒറ്റയ്ക്ക് തീരുമാനിക്കും.

പാലായിൽ കഴിഞ്ഞ 53 വർഷവും കോൺഗ്രസ് എന്നും കെ എം മാണിക്കും കേരളാ കോൺഗ്രസിനും എതിരായിരുന്നു. പാലായിൽ നിന്നുള്ള കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളൊക്കെ എക്കാലവും മാണി വിരുദ്ധരായിരുന്നു. കഴിഞ്ഞ പ്രാവശ്യം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം പിടിച്ചെടുത്തത് കോൺഗ്രസിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. അതിശക്തമായ ഭാഷയിലായിരുന്നു അന്നവർ കെ എം മാണിയെ വിമർശിച്ചത്. ഇനി മുതൽ മാണി സാറല്ല വെറും മാണിയാണ് എന്നായിരുന്നു തിരുവഞ്ചൂിരിന്റെ പ്രസ്താവന. ജോസഫിനെ കൊണ്ട് കോട്ടയം ലോകസഭാ സീറ്റിന് വേണ്ടി വഴക്കുണ്ടാക്കിച്ചതും കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നു. കെഎം മാണിയുടെ അന്ത്യകാലത്ത് അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കോൺഗ്രസ് നേതാക്കൾക്കൊപ്പം ജോസഫും ആശുപത്രിയിലെ ഡോക്ടർമാരും നിരന്തര ബന്ധത്തിലായിരുന്നു. മാണിയുടെ മരണശേഷം കേരളാ കോൺഗ്രസ് (എം) നെ ജോസഫിന്റെ നിയന്ത്രണത്തിലാക്കി യുഡിഎഫിൽ കോൺഗ്രസിന്റെ ഒരു ബി ടീമായി നിലനിർത്തി മദ്ധ്യതിരുവിതാംകൂറിൽ 20ൽ പരം മണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയായ കേരളാ കോൺഗ്രസ് (എം)നെ ദുർബലപ്പെടുത്തുക എന്നതാണ് കോൺഗ്രസ് തന്ത്രം. ഈ തന്ത്രമാണ് പാലായിലെ ജോസ് ടോമിന്റെ തോൽവിയോടെ വിജയത്തിലേക്ക് എത്തുന്നത്.

കേരളാ കോൺഗ്രസിലെ അധികാര തർക്കത്തിൽ ആദ്യഘട്ടത്തിൽ ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും തുല്യശക്തികളാണെന്നായിരുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ആദ്യ കണക്കുകൂട്ടൽ. ജോസ് കെ മാണിക്കൊപ്പം നൽക്കുന്നെന്ന പ്രതീതി ജനിപ്പിച്ചു പിന്നീട് സിഎഫ് തോമസിനെ ജോസഫിനൊപ്പമാക്കണമെന്നും നിർണ്ണായക നിമിഷത്തിൽ സിഎഫിനെ ഇറക്കി ജോസ് കെ മാണി വിഭാഗത്തെ നിർവീര്യമാക്കുകയായിരുന്നു കോൺഗ്രസ് - പിജെ ജോസഫ് രഹസ്യ തീരുമാനം. എന്നാൽ ജൂൺ 16ന് കോട്ടയത്ത് നടന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആകെയുള്ള 352 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 312 പേർ പങ്കെടുക്കുകയും, ജോസ് കെ മാണിയെ ചെയർമാനാക്കുകയും ചെയ്തു. 450 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിലുള്ളതെന്ന് ജോയി എബ്രഹാം പോലും പറയുന്നുണ്ടെങ്കിലും 2018 ഏപ്രിലിൽ പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയിൽ 352 പേർ മാത്രമാണ് പങ്കെടുത്തത്. അങ്ങനെ കേരളാ കോൺഗ്രസിൽ ജോസ് കെ മാണിക്ക് പൂർണ്ണ ഭൂരിപക്ഷം ഉണ്ട്. എന്നിട്ടും ജോസഫിനെ പിന്തുണയ്ക്കാനാണ് കോൺഗ്രസിലെ എ വിഭാഗം ശ്രമിച്ചത്.

കോട്ടയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളിൽ ചാഴിക്കാടന് പതിനായിരക്കണക്കിന് വോട്ട് കുറഞ്ഞതും കോൺഗ്രസ് - കേരളാ കോൺഗ്രസ് വൈരാഗ്യത്തിന് തെളിവാണ്. അതേസമയം കേരളത്തിൽ നിന്നും കൂടുതൽ സീറ്റുകൾ നേടേണ്ടത് കോൺഗ്രസിന്റെ കൂടി ആവശ്യം ആയതിനാൽ ചാഴിക്കാടന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ ഇറങ്ങി. എന്നിട്ടും വോട്ടു കുറയുകയായിരുന്നു ഉണ്ടായത്. തിരുവഞ്ചൂർ കോട്ടയം മണ്ഡലത്തിൽ 19063 വോട്ടുകളാണ് കുറഞ്ഞത്. 2016 ൽ തിരുവഞ്ചൂരിന് 73894 വോട്ടുകൾ ലഭിച്ചെങ്കിൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാഴിക്കാടന് ലഭിച്ചത് 54831 വോട്ടുമാത്രമായിരുന്നു. ചോർന്നത്19063 യുഡിഎഫ് വോട്ടുകൾ.

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ നഷ്ടമായത് 7786 വോട്ടുകൾ. 2016 ൽ ഉമ്മൻ ചാണ്ടിക്ക് 71597 വോട്ടു കിട്ടിയെങ്കിൽ 2019ൽ ചാഴിക്കാടന് ലഭിച്ചത് 63811 വോട്ടുകൾ മാത്രം. ചോർന്നത് 7786 വോട്ടുകൾ. മോൻസിന്റെ കടുത്തുരുത്തിയിലും ചോർന്നു 7916 വോട്ട്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ തകർക്കാൻ പിജെ ജോസഫും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നാണ് കോട്ടയംകാരും പാലാക്കാരും പറയുന്നത്. എന്തായാലും കോട്ടയം ജില്ലയിൽ കോൺഗ്രസ് കേരളാ കോൺഗ്രസ് ബന്ധങ്ങളിൽ ശക്തമായ വിള്ളൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് ശക്തമാക്കുന്നതാണ് പാലായിലെ തോൽവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP