Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയെ നിർത്തി തോറ്റതിന്റെ നാണക്കേട് ഒഴിവാക്കാനായെങ്കിലും മാണിയുടെ മരണത്തിന്റെ സഹതാപം പോലും നേടാൻ കഴിയാത്തത് ജോസ് കെ മാണിക്ക് തിരിച്ചടിയാകും; ജോസഫിനോട് നേരിട്ടു പാർട്ടിയുടെ അധികാരം പിടിക്കാനുള്ള നീക്കത്തിൽ ജോസിന് ഒരടി പിന്നോട്ടു മാറേണ്ടി വരും; കോൺഗ്രസിന്റെ വഞ്ചനക്കെതിരെയുള്ള വികാരം ശക്തമായാൽ വീണ്ടും കേരളാ കോൺഗ്രസ് - കോൺഗ്രസ് തർക്കം മുറുകും: പാലായിലെ തിരിച്ചടി കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഇങ്ങനെ

ഭാര്യയെ നിർത്തി തോറ്റതിന്റെ നാണക്കേട് ഒഴിവാക്കാനായെങ്കിലും മാണിയുടെ മരണത്തിന്റെ സഹതാപം പോലും നേടാൻ കഴിയാത്തത് ജോസ് കെ മാണിക്ക് തിരിച്ചടിയാകും; ജോസഫിനോട് നേരിട്ടു പാർട്ടിയുടെ അധികാരം പിടിക്കാനുള്ള നീക്കത്തിൽ ജോസിന് ഒരടി പിന്നോട്ടു മാറേണ്ടി വരും; കോൺഗ്രസിന്റെ വഞ്ചനക്കെതിരെയുള്ള വികാരം ശക്തമായാൽ വീണ്ടും കേരളാ കോൺഗ്രസ് - കോൺഗ്രസ് തർക്കം മുറുകും: പാലായിലെ തിരിച്ചടി കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കേരളാ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണ് പാല. അഞ്ച് പതിറ്റാണ്ട് കാലത്തോളം കെ എം മാണിയെന്ന അതികായൻ കൈവശം വെച്ചിരുന്ന പാല മണ്ഡലം കൈവിട്ടത് ജോസ് കെ മാണി വിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയാണ്. പി ജെ ജോസഫിനെ ഒതുക്കാൻ വേണ്ടി സ്വന്തം നിലയിലാണ് ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പി ജെ ജോസഫ് വിഭാഗത്തിന് എതിർപ്പുമുണ്ടായിരുന്നു. എന്നാൽ, ജോസഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ഘട്ടത്തിൽ പോലും ജോസഫിന് കൂക്കൽ കേൾക്കണ്ടി വന്നു. ഇതെല്ലാം ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചു. അവസാനം ഫലം വരുമ്പോൾ അത് ഷോക്കാകുന്നത് ജോസ് കെ മാണിക്കും. ഇനി കേരളാ കോൺഗ്രസിന്റെ നേതാവാകാനുള്ള ജോസ് കെ മാണിയുടെ നീക്കത്തിന് പുതിയ പ്രതിസന്ധികൾ ഉയരും.

പാലായിൽ നിഷാ ജോസ് കെ മാണിയെ മത്സരിപ്പിക്കുന്നത് കേരളാ കോൺഗ്രസ് ആലോചിച്ചിരുന്നു. ജോസ് കെ മാണിയുടെ ഭാര്യയ്ക്കായി പലവിധ സമ്മർദ്ദം ഉയർന്നു. രാജ്യസഭാ സ്ഥാനം രാജിവച്ച് ജോസ് കെ മാണി മത്സരിക്കുന്നത് പോലും ആലോചിച്ചു. ഇതെല്ലാം പൊളിച്ചത് കോൺഗ്രസിന്റെ നീക്കമായിരുന്നു. ഇതെല്ലാം ജോസ് കെ മാണിയെ ഒരു പരിധി വരെ രക്ഷിച്ചു. ഭാര്യയെ നിർത്തി തോൽപ്പിച്ചതിന്റെ നാണക്കേട് ജോസ് കെ മാണിക്കൊഴിവായി. എന്നാൽ മാണിയുടെ മരണത്തിന്റെ സഹതാപം പോലും ജോസ് ടോമിന് ലഭിച്ചില്ല. സ്ഥാനാർത്ഥിയാകുമെന്ന് കരുതിയ പലരും കേരളാ കോൺഗ്രസിലുണ്ട്. ഇവരെ സ്ഥാനാർത്ഥിയാക്കിയാൽ അത് പിജെ ജോസഫ് നേട്ടമായി അവകാശപ്പെടുമെന്ന് ജോസ് കെ മാണി കരുതി. അങ്ങനെയാണ് ജോസ് ടോമിലേക്ക് കാര്യങ്ങളെത്തിയത്. എന്തുവന്നാലും പാലായിൽ കേരളാ കോൺഗ്രസ് ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം.

രണ്ടില ചിഹ്നം നൽകാതെ ആദ്യം ജോസ് കെ മാണിക്ക് തിരിച്ചടി കൊടുത്ത ജോസഫ് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും വിവാദ പ്രസ്താവന നടത്തിയതോടെ സർക്കാറിനെതിരായ വിഷയങ്ങളൊന്നും മണ്ഡലത്തിൽ ചർച്ചയായില്ല. പകരം നിറഞ്ഞതാകട്ടെ കേരളാ കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളുമായി. നിഷയെ സ്ഥാനാർത്ഥി ആക്കണം എന്ന ആഗ്രഹം ജോസ് കെ മാണി വിഭാഗത്തിന് ഉണ്ടായിരുന്നു. എന്നാൽ, ഇവിടെയും ജോസഫിന്റെ എതിർപ്പാണ് പ്രശ്‌നമായി മാറിയത്. ഇതോടെ ജോസ് ടോമിനെ സ്ഥാനാർത്ഥി ആക്കുകയായിരുന്നു ജോസ് കെ മാണി. എന്തായാലും നിഷയെ നിർത്തിയാൽ ഇതിലും വലിയ തോൽവി നേരിടേണ്ട ഘട്ടം വരുമായിരുന്നു. ആ നാണക്കേട് ഒഴിവാക്കാൻ സാധിച്ചു എന്നതു മാത്രമാണ് ഏക ആശ്വാസം. മാണിയുടെ മരണത്തിന്റെ സഹതാപം പോലും വോട്ടാക്കി മാറ്റാൻ സാധിച്ചില്ലെന്നത് ജോസ് കെ മാണിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകും.

കേരളാ കോൺഗ്രസിലെ നേതാവ് താനാണെന്ന് പിജെ ജോസഫും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണിയും പറയുന്നു. വിഷയം കോടതിയുടെ മുന്നിലുമാണ്. ഭൂരിപക്ഷ പാർട്ടി അണികളേയും കൂടെ നിർത്തിയാണ് പിജെ ജോസഫിനെ നേരിടാൻ ജോസ് കെ മാണി കരുക്കൾ നീക്കിയത്. എന്നാൽ പാലായിലെ തോൽവിയോടെ കൂടുതൽ പേർ ജോസഫിനൊപ്പം അണിചേരാൻ സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ ശക്തിദുർഗമായ പാലായിൽ കേരള കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുന്നതായുള്ള വാർത്തകൾക്കു പിന്നാലെ പാർട്ടിയിൽ വാക്പോരും പഴിചാരലുകളും രൂക്ഷമായി. ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് ലഭിച്ചതെന്ന് പി. ജെ ജോസഫ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പി.ജെ ജോസഫിന്റെ പ്രതികരണം. ഇത് വരും ദിനങ്ങളിൽ ജോസ് കെ മാണിക്കെതിരെ പ്രചരണത്തിന് ഉപയോഗിക്കും.

പാലായിൽ മത്സരിക്കാൻ ജോസ് കെ മാണിയും ആഗ്രഹിച്ചിരുന്നു. എന്നാൽ രാജ്യസഭാ സീറ്റ് നഷ്ടമാകുമെന്ന് പറഞ്ഞ് കോൺഗ്രസാണ് ഇതിനെ തടഞ്ഞത്. പിജെ ജോസഫിന് വേണ്ടിയുള്ള നീക്കമായിരുന്നു ഇത്. അതുകൊണ്ട് തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ മാണി മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ജോസ് ടോം ജയിച്ചാൽ അതിന് കഴിയാതെ വരും. അതുകൊണ്ട് തന്നെ ജോസ് കെ മാണിയാണ് പാലായിലെ തോൽവിക്ക് കാരണമെന്ന് വരുത്താൻ ജോസഫ് ശ്രമിക്കും. എങ്കിലും ഈ വാദം പൊതു സമൂഹത്തിൽ നിലനിൽക്കില്ല. കോൺഗ്രസും ജോസഫും പാലം വലിച്ചതിന്റെ പ്രതിഫലനമാണ് തോൽവിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കേരളാ കോൺഗ്രസിനെ കോട്ടയത്ത് അപ്രസക്തമാക്കാൻ നടത്തിയ കള്ളക്കളിയാണ് തോൽവിക്ക് കാരണമെന്ന് ജോസ് കെ മാണി തിരിച്ചറിയുന്നു. പലപ്പോഴും പാലായിൽ മാണിയെ തോൽപ്പിക്കാൻ കോൺഗ്രസിലെ എ വിഭാഗം ശ്രമിച്ചിരുന്നു. അത് മാണിയുടെ വ്യക്തിപ്രഭാവത്തിൽ പൊളിഞ്ഞു. എന്നാൽ മാണി കളമൊഴിഞ്ഞതോടെ കോൺഗ്രസുകാർ കേരളാ കോൺഗ്രസിനെ കോട്ടയത്ത് തകർക്കുകയാണ്.

യുഡിഎഫിന്റെ ശക്തികേന്ദ്രമായ രാമപുരം പഞ്ചായത്തിലടക്കം മാണി സി കാപ്പന് ലഭിച്ചിരിക്കുന്ന വലിയ ലീഡ് കേരള കോൺഗ്രസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. രാമപുരത്ത് ബിജെപി വോട്ടുകൾ എൽഡിഎഫിന് ലഭിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചു. കള്ളൻ കപ്പലിൽത്തന്നെയാണെന്നും ജോസ് ടോം പ്രതികരിച്ചു. ഇത് കേരളാ കോൺഗ്രസിൽ വരാനിരിക്കുന്ന കലാപത്തിന്റെ സൂചനയാണ്. തനിക്ക് കിട്ടിയ ലീഡ് യുഡിഎഫിന്റെ വോട്ടുകളാണ് മാണി സി കാപ്പനും പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫിലെ ഭിന്നത ഗുണംചെയ്തെന്ന് മാണി സി കാപ്പൻ പറഞ്ഞു. ബിഡിജെഎസിന്റെയും ജോസഫ് വിഭാഗത്തിന്റെയും വോട്ട് തനിക്ക് കിട്ടി. വെള്ളാപ്പള്ളിയുടെ പിന്തുണ എസ്എൻഡിപി വോട്ട് ലഭിക്കാൻ ഇടയാക്കിയെന്നും മാണി സി കാപ്പനും പറയുന്നു. ഫലസൂചനകൾ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ളതാണെന്നും എന്താണ് സംഭവിച്ചതെന്ന് പറയാറായിട്ടില്ലെന്ന് ജോസ് കെ മാണി വിഭാഗവും വിലയിരുത്തുന്നു. ഏതായാലും ഇനി കരുതലോടെയാണ് ജോസ് കെ മാണി മുന്നോട്ട് പോകുക.

മാണിയെ അല്ലാതെ പാലാക്കാർ ഇതുവരെ ഇവിടെ നിന്ന് ജയിപ്പിച്ചിട്ടില്ല. മുമ്പ് കെ എം മാണി. ഇപ്പോൾ മാണി സി കാപ്പനും. വിവാദങ്ങൾ പലത് വന്നുപോയി. രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞുവീശി. പക്ഷേ പാലായുടെ മനസ്സ് മാണിക്കൊപ്പം അടിയുറച്ച് നിന്നു. ഈ മനസ്സാണ് ഇപ്പോൾ മാണി സി കാപ്പന് അനുകൂലമാകുന്നത്. ബാർകോഴ വിവാദം അലയടിച്ചിട്ടും 2016 ലും മാണിസാർ ജയിച്ചു. ഒരു മണ്ഡലം രൂപീകരിച്ച നാൾ മുതൽ അവിടെ മത്സരിക്കുക, എല്ലാ തിരഞ്ഞെടുപ്പും വിജയിച്ച് എംഎൽഎയായി മണ്ഡലത്തെ പ്രതിനിധീകരിക്കുക. ഒരുപക്ഷേ മറ്റൊരു ജനപ്രതിനിധിക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ റെക്കോഡ് മണിക്ക് സ്വന്തം. കേരളമാകെ ഇടതുകാറ്റ് ആഞ്ഞു വീശിയിട്ടും പാലായിൽ മാണി കുലുങ്ങിയില്ല. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് മാണിയെ മുന്നിൽ നിർത്തി അനായാസം ജയിക്കാമെന്ന് ജോസ് കെ മാണിയും കരുതി. ഇതാണ് തകരുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയെ തോൽപ്പിക്കാൻ ഇടതു പക്ഷം സകല അടവും പയറ്റി. കെ. ബാബുവും മാണിയും ബാർ കോഴയിൽ കുടുങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മാണി തോൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരിൽ പലരും വിധിയെഴുതി. എന്നിട്ടും പാലാ മാണിയെ കൈവിട്ടില്ല. കെ.എം.മാണി എന്നാൽ പാലായാണ് എന്ന് അരക്കിട്ടുറപ്പിച്ചതായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം.

1965 ലാണ് ആദ്യമായി കെഎം മാണി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോൺഗ്രസിന് 36ഉം കേരള കോൺഗ്രസിന് 23ഉം സീറ്റ് ലഭിച്ച തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭ സമ്മേളിച്ചില്ല. 1967 ലെ തിരഞ്ഞെടുപ്പിലും കെ.എം. മാണി പാലായിൽ സ്ഥാനാർത്ഥിയായി. 1975 ൽ പാലായ്ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം മന്ത്രി പദത്തിലെത്തി. പിന്നെ മാണി പാലായിലെ മാണിക്യമായി. മുക്കിലും മൂലയിലും റോഡുകളെത്തിച്ചു. പാലാക്കാരുടെ കണ്ണിലുണ്ണിയായി. പാലായുടെ എംഎൽഎയായി തന്നെ അദ്ദേഹം യാത്രയായി. ഇതോടെ പാലാ അനാഥവുമായി. ഈ വിടവാണ് ജോസ് കെ മാണിയെ പോലും ഞെട്ടിച്ച് മാണി സി കാപ്പനെ വിജയിപ്പിച്ച് പാലാക്കാർ നികത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP