Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാമപുരം മേലുകാവും പാലാ നഗരസഭയും കൈവിട്ടപ്പോൾ പിന്തുണച്ചത് മുത്തോലിയും മീനച്ചിലും മാത്രം; യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് അനുഗ്രഹമായത് കേരള കോൺഗ്രസിലെ തമ്മിലടി തന്നെ; ജോസ്.കെ.മാണിയുടെ സ്വന്തം ബൂത്തിൽ പോലും ജോസ് ടോമിന് ലീഡില്ല; രണ്ടില ചിഹ്നം കിട്ടിയില്ലെങ്കിലും ജയിച്ചുകയറാമെന്ന് കരുതിയെങ്കിലും അടവുകൾ പാളിയപ്പോൾ പൊള്ളുന്നത് യുഡിഎഫിന് തന്നെ

രാമപുരം മേലുകാവും പാലാ നഗരസഭയും കൈവിട്ടപ്പോൾ പിന്തുണച്ചത് മുത്തോലിയും മീനച്ചിലും മാത്രം; യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് അനുഗ്രഹമായത് കേരള കോൺഗ്രസിലെ തമ്മിലടി തന്നെ; ജോസ്.കെ.മാണിയുടെ സ്വന്തം ബൂത്തിൽ പോലും ജോസ് ടോമിന് ലീഡില്ല; രണ്ടില ചിഹ്നം കിട്ടിയില്ലെങ്കിലും ജയിച്ചുകയറാമെന്ന് കരുതിയെങ്കിലും അടവുകൾ പാളിയപ്പോൾ പൊള്ളുന്നത് യുഡിഎഫിന് തന്നെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: രാഷ്ട്രീയ കൗശലങ്ങളിൽ അഗ്രഗണ്യനായിരുന്ന കെ.എം.മാണി 54 വർഷം കാത്ത മണ്ഡലം അപ്രതീക്ഷിതമായി കൈവിട്ടതിന്റെ ഷോക്കിലാണ് മകൻ ജോസ്.കെ.മാണി. പാർട്ടി വർക്കിങ് ചെയർമാൻ സ്ഥാനത്തിരുന്ന് പി.ജെ.ജോസഫ് പയറ്റിയ അടവുകൾ ഫലം കണ്ടപ്പോൾ, ജോസ്.കെ.മാണിയുടെ തന്ത്രങ്ങൾ പാഴായി. വെറും ഒരുഉപതിരഞ്ഞെടുപ്പ് എന്നതിനേക്കാൾ പാലാ ശ്രദ്ധാകേന്ദ്രമായത് ആരായിരിക്കും കെ.എം.മാണിയുടെ പകരക്കാരൻ എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരമായിരുന്നു. ആ ഉ്ത്തരം വന്നപ്പോൾ മാണിയുടെ മകന് നിരാശയാണ് ഫലം.

ജോസ്.കെ.മാണിയുടെ ബൂത്തിൽ പോലും ജോസ് ടോമിന് ലീഡ് കിട്ടിയില്ല. പാലാ നഗരസഭയിൽ ഉൾപ്പെടുന്ന ബൂത്തിൽ മാണി സി കാപ്പനേക്കാൾ 10 വോട്ടിന് പിന്നിലാണ് ജോസ് ടോം. കേരള കോൺഗ്രസ് ഭരിക്കുന്ന ഭരണങ്ങാനം പഞ്ചായത്തിലും മാണി സി കാപ്പൻ വ്യക്തമായ ഭൂരിപക്ഷം നേടി. വോട്ടെണ്ണൽ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പൻ പാലായിൽ ജയിച്ചു കയറിയത്. രാമപുരം, മേലുകാവും പാലാ നഗരസഭയുമൊക്കെ യു.ഡി.എഫിനെ കൈവിട്ടപ്പോൾ മുത്തോലിയും മീനച്ചിലും മാത്രമാണ് പിന്തുണച്ചത്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്‌നങ്ങൾ മൂലമുണ്ടായ വോട്ടു ചോർച്ചയാണ് നേട്ടമായി മാറിയതെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു.

54 വർഷം മാണി കൈപ്പിടിയിലാക്കിയിരുന്ന മണ്ഡലം വിട്ടുപോയത് യുഡിഎഫിനേക്കാളേറെ ജോസ്.കെ.മാണിക്ക് വൻതിരിച്ചടിയാണ്. പി.ജെ.ജോസഫുമായുള്ള ഏറ്റുമുട്ടലും, സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും തിരിച്ചടിയായി. പി.ജെ.ജോസഫ് നിഷ ജോസ്.കെ.മാണിയുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാതെ വന്നപ്പോഴും കാര്യമായൊന്നും ചെയ്യാനായില്ല. പാലാ കൺവൻഷനിൽ ജോസഫിനെ അണികൾ കൂക്കി വിളിച്ചതും നയതന്ത്രത്തിലെ പാളിച്ചയായി. പാർട്ടി ചിഹ്നമായ രണ്ടില ജോസ് ടോമിന് ജോസഫ് നിഷേധിക്കുന്നതിലേക്ക് അത് നയിച്ചു. കെ.എം.മാണിക്ക് മണ്ഡലത്തോടുള്ള വൈകാരിക ബന്ധം വോട്ടായി മാറുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. മണ്ഡലത്തിൽ എന്തുകൊണ്ടും ജയം അനിവാര്യമായിരുന്ന യുഡിഎഫിന് ഈ തോൽവി വിശദമായി ചർച്ച ചെയ്യേണ്ടി വരും. മുന്നണിയിൽ തന്നെ എതിർപ്പുണ്ടായിട്ടും ജോസ്.കെ.മാണി ജോസ് ടോമിനായി നിലയുറപ്പിച്ചതും ഇനി ചോദ്യം ചെയ്യപ്പെടും. മണ്ഡലത്തിൽ സഹതാപ തരംഗം അലയടിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

പരാജയം യുഡിഎഫിൽ ചർച്ച ചെയ്യണമെന്ന് ജോസഫ് ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, ജോസ്.കെ.മാണി വിഭാഗം ജോസഫിനെയും കൂട്ടരെയും പഴിക്കുന്നു. തോൽവിക്ക് പ്രധാനകാരണം ജോസ്.കെ.മാണിയുടെ പക്വതയില്ലായ്മയാണെന്നാണ് ജോസഫ് തുറന്നടിച്ചു.
'മാണിസാറുള്ളപ്പോൾ അംഗീകരിച്ച ഭരണഘടനയിൽ ഉള്ള പ്രധാനപ്പെട്ട കാര്യങ്ങൾ (ചെയർമാൻ/വർക്കിങ് ചെയർമാൻ എന്നുള്ള ഭാഗം) അംഗീകരിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. മാണി സാറിന്റെ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് പാർട്ടിയുടെ ചുമതല. അത് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല.'\

സി.എഫ് തോമസ് പറഞ്ഞിട്ടും ജോസ് കേൾക്കാൻ തയ്യാറായില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.'ജോമോനെ.... ഇതുവരെ പാർട്ടി കാര്യങ്ങൾ തീരുമാനിച്ചത് പാർലമെന്ററി കാര്യസമിതിയാണ്. നിന്നെ രാജ്യസഭാ എംപിയാക്കിയതും അങ്ങനെയാണ്. അതു തന്നെയാണ് ഇവിടെയും വേണ്ടതെന്ന് സി.എഫ് തോമസ് പറഞ്ഞിരുന്നു.'എന്നാൽ ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടായില്ല. സംസ്ഥാന കമ്മിറ്റി എന്ന പേരിൽ ആൾക്കൂട്ടത്തെ മറയാക്കി ജോസ്.കെ.മാണിയാണ് ചെയർമാൻ എന്ന് പ്രഖ്യാപിച്ചുവെന്നും ജോസഫ് കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാൻ വർക്കിങ് ചെയർമാനാണ് അധികാരമെന്നും ഇക്കാര്യം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും ജോസഫ് പറയുന്നു. കെ.എം മാണി സ്വീകരിച്ച കീഴ്‌വഴക്കങ്ങൾ ജോസ് തെറ്റിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലായിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ജയസാധ്യതയും സ്വീകാര്യതയും മാനദണ്ഡമാക്കണമെന്നാണ് ജോസ് പറഞ്ഞത്. മാണി സാറിനെതിരെ പരസ്യമായി രംഗത്ത് വന്നയാളെ തന്നെ ജോസ് സ്ഥാനാർത്ഥിയാക്കിയെന്നും ജോസഫ് പറഞ്ഞു. പ്രതിച്ഛായ എന്ന പത്രത്തിൽ പരുഷമായ ഭാഷയിൽ എന്നെ വിമർശിച്ചു.

'മധ്യസ്ഥ സാധ്യത ലംഘിച്ച് സ്വയം ചെയർമാനായി അവരോധിക്കപ്പെട്ടത് ആരാണ്? ചിഹ്നമില്ലെങ്കിലും ജയിക്കാം എന്ന നിലപാടിലായിരുന്നു അവർ, ആരാണ് പ്രശ്നമുണ്ടാക്കിയതെന്ന് യു.ഡി.എഫ് പരിശോധിക്കണം'പി.ജെ ജോസഫ് ഇങ്ങനെ പറയുമ്പോൾ കേരള കോൺ്ഗ്രസിലെ പ്രശ്‌നങ്ങളുടെ കാതലിലേക്ക് വിരൽ ചൂടുന്നു. തമ്മിലടിച്ചാൽ തോൽവി ഫലമെന്ന തിരിച്ചറിവ് യുഡിഎഫിനെയും പൊള്ളിക്കും.

പരാജയകാരണം വസ്തുതാപരമായി പരിശോധിക്കുമെന്നായിരുന്നു ജോസ്.കെ.മാണിയുടെ പ്രതികരണം. രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് തെരഞ്ഞെടുപ്പിൽ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചകൾ തിരുത്തുമെന്നും ജനവിശ്വാസം വീണ്ടെടുക്കുമെന്നും പരാജയം കൊണ്ട് പതറില്ലെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫിന് 10000 ത്തിലേറെ വോട്ട് കുറഞ്ഞത് അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ ബിജെപിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വോട്ട് വിറ്റുവെന്നും അദ്ദേഹം ആരോപിച്ചു.

ചിഹ്നം കിട്ടാതിരുന്നത് തിരിച്ചടിയായെന്ന് ജോസ് കെ.മാണി സമ്മതിക്കുമ്പോൾ ജോസഫിന്റെ അടവുകൾ വിജയിച്ചെന്ന പരോക്ഷമായ അംഗീകാരം കൂടിയാണ്. താൽക്കാലിക അദ്ധ്യക്ഷനായ ജോസഫിനാണ് ചിഹ്നം നൽകാനുള്ള അധികാരമെന്ന് വ്യക്തമായിട്ടും, അനുനയശ്രമങ്ങളിലൂടെ അദ്ദേഹത്തെ പാട്ടിലാക്കാനും തിരഞ്ഞെടുപ്പ് ജയത്തിലേക്ക് പാർട്ടിയെ നയിക്കാനും കഴിയാത്തത് കോട്ടമായി. രണ്ടില ചിഹ്നമില്ലാതെ പാർട്ടി സ്ഥാനാർത്ഥിക്ക് ഒടുവിൽ മത്സരിക്കേണ്ടി വന്നതും വീഴ്ചയായി. വോട്ടെടുപ്പ് നാളിലും ഭിന്നത മറനീക്കി പുറത്തുവന്നു. മാണിയുടെ പിന്തുടർച്ചാവകാശം ജോസഫ് വിഭാഗത്തിനാണെന്ന തുറന്നടിക്കൽ എത്ര മാത്രം ദോഷം ചെയ്തുവെന്നും ഫലം തെളിയിക്കുന്നു.

കെഎം മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ കുതന്ത്രങ്ങളാണ് ഭരിക്കുന്നതെന്നും ജോയ് എബ്രഹാം പറഞ്ഞുവച്ചു. ജോസ് കെ. മാണിയുടെ പക്വതയെയും അദ്ദേഹം ചോദ്യം ചെയ്തു. ദുരഭിമാനം മൂലം രണ്ടില ചിഹ്നം നഷ്ടപ്പെടുത്തിയെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജോയ് എബ്രഹാം മുന്നറിയിപ്പ് നൽകിയത് തിരഞ്ഞെടുപ്പ് നാളിൽ തന്നെയായത് തമ്മിലടിയുടെ രൂക്ഷത വ്യക്തമാക്കുന്നു. ഏതായാലും സ്വന്തം ബൂത്തിൽ പോലും ലീഡ് നേടാൻ കഴിയാത്തത് ജോസ്.കെ.മാണിയെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് ഉറപ്പ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP