Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാ രാഷ്ട്രീയ മുന്നണികൾക്ക് നൽകുന്നത് തമ്മിലടിച്ചാൽ ഷോക്കടിക്കുമെന്ന രാഷ്ട്രീയ പാഠം തന്നെ; വിജയത്തിലും അമിതമായി അഹങ്കരിക്കാൻ ഒന്നുമില്ലാതെ ഇടതുമുന്നണി; പരാജയത്തിലും പതറേണ്ട കാര്യമില്ലെന്ന് വിലയിരുത്തി വലതു മുന്നണിയും; ശരിക്കും 'കിളി' പോയത് ബിജെപിക്ക് മാത്രം; ഇടതു മുന്നണിയുടെ രാഷ്ട്രീയ വിജയത്തിലും നിർണായകമായി എസ്എൻഡിപിയുടെ നിലപാടുകൾ; പാലാ തിരഞ്ഞെടുപ്പു മലയാളിയെ പഠിപ്പിക്കുന്നത് പുത്തൻ ജാതി രാഷ്ട്രീയം

പാലാ രാഷ്ട്രീയ മുന്നണികൾക്ക് നൽകുന്നത് തമ്മിലടിച്ചാൽ ഷോക്കടിക്കുമെന്ന രാഷ്ട്രീയ പാഠം തന്നെ; വിജയത്തിലും അമിതമായി അഹങ്കരിക്കാൻ ഒന്നുമില്ലാതെ ഇടതുമുന്നണി; പരാജയത്തിലും പതറേണ്ട കാര്യമില്ലെന്ന് വിലയിരുത്തി വലതു മുന്നണിയും; ശരിക്കും 'കിളി' പോയത് ബിജെപിക്ക് മാത്രം; ഇടതു മുന്നണിയുടെ രാഷ്ട്രീയ വിജയത്തിലും നിർണായകമായി എസ്എൻഡിപിയുടെ നിലപാടുകൾ; പാലാ തിരഞ്ഞെടുപ്പു മലയാളിയെ പഠിപ്പിക്കുന്നത് പുത്തൻ ജാതി രാഷ്ട്രീയം

പ്രത്യേക ലേഖകൻ

ലണ്ടൻ: പാലായിലെ തിരഞ്ഞെടുപ്പ് ഫലം അത്ര വലിയ പ്രവചനാതീത സ്വഭാവം ഉള്ളതല്ല, പ്രത്യേകിച്ചും കേരളത്തിൽ മൂന്നു മുന്നണികൾക്കും. സ്വാഭാവികമായും അരനൂറ്റാണ്ട് കൈവശം ഇരുന്ന മണ്ഡലം കൈവിടുമെന്നു കേരള കോൺഗ്രസും കേരളത്തിലെ ഉറപ്പുള്ള 20 മണ്ഡലങ്ങളിൽ ഒന്ന് എന്ന നിലയിൽ യുഡിഎഫ് കേന്ദ്രങ്ങളും അവസാനം വരെ നേരിയ ഭൂരിപക്ഷത്തോടെ ഒരു വിജയം പ്രതീക്ഷിച്ചിരുന്നതാണ്. അതവരുടെ നേതാക്കളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന സൂചനയുമാണ്. കേരള കോൺഗ്രസിന്റെ പടല പിണക്കം മനസിലാക്കി പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്തു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഒന്നിച്ചു നിന്നിട്ടും യുഡിഎഫിനു പാലായുടെ മനസ് ഒപ്പം നിർത്താൻ ആയില്ല എന്നതിന് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. ഈ വിജയത്തിൽ രാഷ്ട്രീയത്തേക്കാൾ ഉപരി കക്ഷി രാഷ്ട്രീയത്തിലെ ഉൾപ്പോരുകളിൽ ജനത്തിന്റെ മടുപ്പാണ് യുഡിഎഫിന്റെ കണ്ണ് തുറപ്പിക്കേണ്ടത്. ഈ കാഴ്ചപ്പാടിൽ കേരള കോൺഗ്രസിന് പ്രത്യേകിച്ചും, യുഡിഎഫിനു പൊതുവായും ജനം നൽകിയ ഷോക് ട്രീറ്റ്‌മെന്റ് തന്നെയാണ്.

എന്നാൽ ഇതിനേക്കാൾ പ്രധാനം എൽഡിഎഫ് വിജയം ആണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ കൗതുകത്തോടെ കാണുന്ന ഘടകം, കാരണം മികച്ച ഒരു രാഷ്ട്രീയ വിജയമായി മാണി സി കാപ്പന്റെ ഭൂരിപക്ഷം എൽ ഡി എഫ് നേതൃത്വം പോലും കാണുന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ അര നൂറ്റാണ്ടായി കെ എം മാണി കൈവശം വച്ച പാലാ മണ്ഡലം അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പോലും പടിപടിയായി ഭൂരിപക്ഷം കുറച്ചു മണ്ഡലത്തിന്റെ രാഷ്ട്രീയ വിധേയത്വം ഒരു പരിധി വരെ തങ്ങൾക്കു കൂടി അവകാശപ്പെട്ടതാക്കാൻ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പു വരെ ഇടതു മുന്നണിക്കു കഴിഞ്ഞിരുന്നു. അവസാന മൂന്നു തിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ തന്നെ തുടർച്ചയായി കെ എം മാണിയോട് പോരിന് ഇറങ്ങിയതും ഇതിൽ പ്രധാനമാണ്.

ഈ സാധ്യതയിൽ പതിനായിരം വോട്ടിൽ കുറഞ്ഞ ഭൂരിപക്ഷത്തോടെ വിജയത്തിൽ മതിമറന്നു ആഹ്ലാദിക്കാൻ എൽഡിഎഫിനും അവസരം നൽകുന്നില്ല പാലായിലെ ജനങ്ങൾ. രാഷ്ട്രീയക്കാർക്ക് പിടി തരാത്ത ജനമനസാണ് പാലായിലും എന്ന് തിരഞ്ഞെടുപ്പ് വിധിയെഴുത്തു തന്നെ തെളിയിക്കുന്നു. ഈ വിജയത്തിൽ തങ്ങളുടെ റോൾ ഏറെ ചെറുതാണ് എന്ന് വ്യക്തമാക്കി വാർത്ത സമ്മേളനം നടത്തിയത് സി പി എം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ്. ഫലം പുറത്തു വന്ന ഉടനെ അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് എസ്എൻഡിപി വോട്ടുകൾ തങ്ങൾക്കു തുണയായി എന്നാണ്.

ഇതിന്റെ ചുവട് പിടിച്ചാണ് പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടതും. കാര്യമായ ആവേശം ഒന്നും ഇല്ലാതെ ചെറു പുഞ്ചിരിയോടെ ഫലം വിലയിരുത്തിയ പിണറായി ലോക്‌സഭ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി എന്ന് പറയുമ്പോൾ അതിൽ പറയാതെ പറയുന്ന പല കാര്യങ്ങളുമുണ്ട്. ജാതി രാഷ്ട്രീയം കേരളത്തിൽ പിടി മുറുക്കുന്നതിന്റെ സൂചനകൾ ഇടതു നേതാക്കൾ തന്നെ വാക്കുകളിൽ ഒളിപ്പിച്ചു നൽകുമ്പോൾ അതിൽ ഇടതു, വലതു രാഷ്ട്രീയത്തിന്റെ സ്വാധീന ശക്തി കുറയുന്നതിന്റെ കൂടി സൂചനയാണ് ഒളിഞ്ഞിരിക്കുന്നത്.

എന്നാൽ ഇതിനേക്കാളൊക്കെ പ്രധാനമാണ് ബിജെപി കേരളത്തിൽ നേരിടുന്ന വെല്ലുവിളി. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ പാർട്ടിക്ക് തെറ്റ് പറ്റി എന്ന വിമർശനം നിലനിൽക്കെ കടന്നു വന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും വൻ കുതിച്ചു കയറ്റം നടത്തുകയും ഒരു പരിധി വരെ ഇടതു മുന്നണിയുടെ വൻ പരാജയത്തിലേക്ക് നയിക്കുകയും ചെയ്ത സാഹചര്യം അമ്പേ മാറിയോ എന്ന് ചിന്തിപ്പിക്കാൻ കൂടി പ്രേരിപ്പിക്കുകയാണ് പാലായിലെ ഫലം ബിജെപിക്ക് നൽകുന്ന പാഠം. കഴിഞ്ഞ നിയമസഭാ ഇലക്ഷനിലും ലോക് സഭ ഇലക്ഷനിലും നേടിയ വോട്ടുകളേക്കാൾ വൻ തോതിൽ വോട്ടു കുറഞ്ഞതിന്റെ സാഹചര്യം ബിജെപിക്ക് ഒരുപാട് ഗൃഹപാഠം ചെയ്യാൻ ഉള്ള സന്ദർഭം കൂടിയാണ് സമ്മാനിക്കുന്നത്.

ഇതിനൊപ്പം കാലങ്ങളായി കേരളം കേൾക്കുന്ന വോട്ടു മറിച്ചു വിൽപനയുടെ പഴിയും ബിജെപി കേട്ടുകൊണ്ടിരിക്കുന്നു. ഇടതും വലതും മാറിമാറി ഇക്കാര്യത്തിൽ ബിജെപിയെ പഴിക്കുന്നു. ഇതിലൂടെ വരും തിരഞ്ഞെടുപ്പുകളിൽ ബിജെപി തങ്ങളിൽ നിന്നും വലിച്ചൂരാൻ സാധ്യതയുള്ള വോട്ടൊഴുക്കു തടയുകയാണ് ലക്ഷ്യം. ഇതിലൂടെ നർമം ചലിച്ചു വിലയിരുത്തിയാൽ ''കിളി'' പോയ അവസ്ഥയിലാണ് സംസ്ഥാന ബിജെപി നേതൃത്വം. മൂന്നു വർഷം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നു ശതമാനം വോട്ടാണ് ബിജെപിക്ക് കുറഞ്ഞിരിക്കുന്നത്.

ഇതോടെ പാലാ ഫലം മലയാളികൾക്ക് നൽകുന്ന ചില മുന്നറിയിപ്പുകളും ചർച്ച ചെയ്യപ്പെടുകയാണ്, അതും സിപിഎം സെക്രട്ടറിയുടെ വാക്കുകളുടെ ചുവടു പിടിച്ചു. ഒരു തിരഞ്ഞെടുപ്പ് വിജയത്തിന്റെ നേട്ടം സ്വന്തം പാർട്ടിക്ക് നൽകാതെ ഒരു ജാതി സംഘടനക്ക് നൽകാൻ തയ്യാറാകുന്ന കോടിയേരി ബാലകൃഷ്ണൻ വരും നാളുകളിലെ കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചനകൾ അടിവരയിട്ടു വ്യക്തമാക്കുകയാണ്. ഇതാണ് ഇനിയുള്ള നാളുകളിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ആയുധമാക്കുന്ന വജ്രായുധം എങ്കിൽ ചുരുങ്ങിയ പക്ഷം വരുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഫലപ്രവചനത്തിനു വോട്ടു എണ്ണേണ്ട കാര്യമില്ല.

മണ്ഡലത്തിൽ മേൽക്കോയ്മയുള്ള ജാതിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥി നിഷ്പ്രയാസം ജയിക്കും എന്നുറപ്പിക്കാം. ഒടുവിൽ പാലാ നൽകുന്ന ഫലസൂചനയിൽ ഒന്ന് മാത്രമാണ് മലയാളി ഇപ്പോൾ ശ്രദ്ധിക്കുന്നത്, കേരളം എന്നന്നേക്കുമായി രാഷ്ട്രീയ വോട്ടുകൾ അവസാനിപ്പിക്കുകയാണോ? പകരം ജാതി വോട്ടുകൾ ആ സ്ഥാനം ഏറ്റെടുക്കുകയാണോ? ഈ ചോദ്യങ്ങൾക്കു ഒരു രാഷ്ട്രീയ പ്രസ്ഥാനവും നേരിട്ട് ഉത്തരം നൽകില്ല എന്നതാണ് സമകാലിക രാഷ്ട്രീയ ചിത്രം നൽകുന്ന കാഴ്‌ച്ചകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP