Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭരണത്തിലും തുടരുന്ന 'സെക്രട്ടറി' സ്വഭാവം പിണറായിക്ക് വിനയാകുമോ? പൊതുവികാരം മാനിക്കാതെ സ്വന്തം പിടിവാശികൾ വിജയിപ്പിക്കാനുള്ള ശ്രമം ഉലയ്ക്കുന്നത് പാർട്ടിയുടെ അടിത്തറ; ഒരു വർഷം തികയുന്ന എൽഡിഎഫ് സർക്കാറിന്റെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; ഇതുവരെ സംരക്ഷിച്ച കാരാട്ടും കൈവിടുന്നു

ഭരണത്തിലും തുടരുന്ന 'സെക്രട്ടറി' സ്വഭാവം പിണറായിക്ക് വിനയാകുമോ? പൊതുവികാരം മാനിക്കാതെ സ്വന്തം പിടിവാശികൾ വിജയിപ്പിക്കാനുള്ള ശ്രമം ഉലയ്ക്കുന്നത് പാർട്ടിയുടെ അടിത്തറ; ഒരു വർഷം തികയുന്ന എൽഡിഎഫ് സർക്കാറിന്റെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; ഇതുവരെ സംരക്ഷിച്ച കാരാട്ടും കൈവിടുന്നു

ബി രഘുരാജ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ അഴിമതി ഭരണത്തിൽ മനം മടുത്ത കേരള ജനതയാണ് എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവുമായി എത്തിയ എൽഡിഎഫിനെ അധികാരത്തിൽ കയറ്റിയത്. പിണറായി വിജയനെന്ന കാർക്കശ്യക്കാരൻ മുഖ്യമന്ത്രിയാകുമ്പോൾ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാൽ ഭരണത്തിൽ കയറി ഒരു വർഷം തികയും മുമ്പ് പ്രതീക്ഷയോടെ ഇടതിനെ അധികാരത്തിലേറ്റിയ ജനത കടുത്ത നിരാശയിലാണ്. രണ്ട് മന്ത്രിമാരുടെ രാജിയും പൊലീസ് വകുപ്പിനെതിരെ ഉയർന്ന ആരോപണങ്ങളും ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോരും കൂടിയായപ്പോൾ പ്രതിപക്ഷത്തിന് വെറുതേ വടികൊടുക്കുന്ന അവസ്ഥയായി. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം കൂടിയായപ്പോൾ ഇടതു അനുഭാവം പുലർത്തുന്ന നല്ലൊരു ശതമാനം ആളുകൾക്കും സർക്കാറിൽ പ്രതീക്ഷ നശിച്ചിരുന്നു. വീഴ്‌ച്ചകളെ വീഴ്‌ച്ചകളായി കാണാതെ അതിനെ ന്യായീകരിക്കുന്ന സ്വഭാവം പിണറായി വിജയൻ തുടരുമ്പോൾ തന്നെ വിക്രമാകുന്നത് സർക്കാറിന്റെയും പാർട്ടിയുടെയും മുഖമാണ്. ഏറ്റവും ഒടുവിൽ ജിഷ്ണു വധകേസിൽ മുള്ളുകൊണ്ടു എടുക്കേണ്ട സംഭവം ജെസിബി കൊണ്ട് എടുക്കേണ്ട അവസ്ഥയിൽ എത്തിച്ചതിൽ പ്രധാനമായത് മുഖമന്ത്രിയുടെ പിടിവാശിയായിരുന്നു.

പാർട്ടി സെക്രട്ടറി എന്ന നിലയിൽ കാർക്കശ്യക്കാരനായ പിണറായി മുഖ്യമന്ത്രയായപ്പോഴും ഈ കാർക്കശ്യം തുടരുന്നുണ്ട്. ഇത് ആദ്യം സർക്കാർ ഉദ്യോഗസ്ഥരെ എതിരാക്കി. പിന്നീട് സർക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ച വിധത്തിൽ ഉയർന്നു വന്ന മൂന്ന് സമരങ്ങളിലും വിനയായത് മുഖ്യമന്ത്രിയുടെ കടുംപിടുത്തവും വാശിയുമായിരുന്നു. ഇതിൽ ഒന്നാമത്തെ സംഭവം സ്വാശ്രയ പ്രശ്‌നത്തിൽ പ്രതിപക്ഷ എംഎൽഎമാർ നിരാഹാരം കിടന്ന വേളയിൽ മുഖ്യമന്ത്രിയുടെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടായിരുന്നു. സ്വാശ്രയ മാനേജ്‌മെന്റുകൾക്ക് ഫീസ് കൊള്ളക്ക് വഴിയൊരുക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ സമരത്തോട് ചർച്ച പോലും നടത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. വിട്ടുവീഴ്‌ച്ചക്ക് തയ്യാറായി സ്വാശ്രയ മാനേജ്‌മെന്റുകൾ രംഗത്തെത്തിയപ്പോൾ അവസാന നിമിഷം ചർച്ചയിൽ നിന്നും കോപാകുലനായി പിന്മാറിയ മുഖ്യമന്ത്രി പ്രതിപക്ഷത്തോട് തോൽക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു.

ഈ പ്രശ്‌നത്തിന് ശേഷമാണ് തിരുവനന്തപുരം ലോ അക്കാദമിയിൽ സമരം നടന്നത്. ലക്ഷ്മി നായരെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള സമരം സർക്കാർ ഇടപെട്ടിരുന്നെങ്കിൽ തുടക്കത്തിൽ തീരുമായിരുന്നു. എന്നാൽ മുഖ്യമന്ത്രി പോലും പരസ്യമായി ലക്ഷ്മി നായരെ പിന്തുണച്ച് രംഗത്തുവന്നതോടെ കോൺഗ്രസിനേക്കാൾ ഏറെ ബിജെപി ശരിക്കും മുതലെടുത്തു. ഈ വിഷയത്തിലും മുഖ്യമന്ത്രിയുടെ പിടിവാശി വിജയിപ്പിക്കാൻ വേണ്ടി പാർട്ടിയും സർക്കാറും അനാവശ്യമായി പഴി കേൾക്കേണ്ടി വന്നു. ഈ വിഷയത്തിന്റെ പേരിൽ സിപിഐയുമായി സി.പി.എം ഉടക്കേണ്ട അവസ്ഥയും ഉണ്ടായി. സർക്കാറിന് ഏറെ ക്ഷീണമുണ്ടാക്കിയ ലോ അക്കാദമി വിഷയത്തേക്കാൾ ജനരോഷം നേരിട്ട സംഭവമായിരുന്നു ജിഷ്ണു കേസിലെ സർക്കാർ ഇടപെടൽ.

ജിഷ്ണു കേസിൽ സർക്കാറിന് തൊട്ടതെല്ലാം പിഴക്കുകയും ന്യായീകരിക്കാൻ സ്വന്തം അണികൾ പോലും തയ്യാറായില്ല എന്നതുമാണ് എത്രത്തോളം ജനരോഷം ഉണ്ടായിരുന്നു എന്നറിയാൻ. ഒരു ഘട്ടത്തിൽ മുല്ലപ്പൂ വിപ്ലവത്തിന്റെ തുടക്കത്തിന് സമാനമായ സാഹചര്യം പോലും കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്ന് ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോൾ പോലും പറയുകയുണ്ടായി. ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളെയും വിഷയത്തിൽ സമരവുമായി ഡിജിപി ഓഫീസിലേക്ക് എത്തിച്ചത് പോലും സർക്കാർ വീഴ്‌ച്ചയായി വ്യാഖ്യാനിക്കപ്പെട്ടു. ഡിജിപി ഓഫീസിന് മുമ്പിൽ മഹിജയെ വലിച്ചിഴച്ച സംഭവം കൂടിയായപ്പോൾ ജനവികാരം ശക്തമായി സർക്കാറിന് എതിരായി. ഭരണ വിരുദ്ധ വികാരത്തെ മുതലെടുക്കാൻ പാർട്ടിയിലെ തന്ന ഒരു വിഭാഗം ശ്രമിക്കുന്നുണ്ട് എന്ന് ബോധ്യമാകേണ്ടി വന്നു പിണറായിക്ക് ഈ വിഷയത്തിൽ കടും പിടുത്തം ഉപേക്ഷിക്കാൻ.

മഹിജയെ കാണാൻ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഒടുവിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി നേരിട്ട ് ഇടപെട്ടിരുന്നെങ്കിൽ സർക്കാറിന്റെ പ്രതിച്ഛായ വർദ്ധിക്കാൻ ഉപകരിക്കുമായിരുന്ന ഈ സംഭവം ചുരുക്കത്തിൽ മറിച്ചുള്ള അനുഭവമാണ് വരുത്തിവെച്ചത്. ഈ വിഷയത്തിലും ഒരു പരിധി വരെ സർക്കാറിനെ രക്ഷിച്ചത് കാനം രാജേന്ദ്രന്റെ ഇടപെടലായിരുന്നു. ഇടതു സർക്കാർ ഭരിക്കുമ്പോൾ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഉണ്ടാകുന്ന എന്ന വിധത്തിൽ ആരോപണങ്ങൾ ഉയരുന്നു എന്നു മാത്രം മതി എത്രത്തോളം അതൃപ്തി സർക്കാറിനെതിരെ ഉണ്ടെന്ന് വ്യക്തമാകാൻ. മുൻകൂറായി ഒരു നിലപാടു സ്വീകരിക്കുകയും അതിനെ ന്യായീകരിക്കാൻ വേണ്ടി പാർട്ടിയെയും സർക്കാറിനെയും കൂട്ടുപിടിക്കുകയും ചെയ്യുന്നു എന്ന ആരോപണമാണ് സി.പി.എം നേതാക്കൾക്കിടയിൽ തന്നെ പിണറായിക്കെതിരെ ഉയരുന്നത്.

പൊലീസ് വകുപ്പു ഭരിക്കുന്ന മുഖ്യമന്ത്രി ആ വകുപ്പ് ഒഴിയണമെന്ന വിധത്തിൽ പോലും ആവശ്യങ്ങൾ ഉയരുന്നുണ്ട്. ലാവലിൻ കേസിലെ കോടതി നടപടികൾ തുടങ്ങാനിരിക്കുന്നതുകൊണ്ടാണ് ബഹ്‌റയെ അദ്ദേഹം കൈവിടാതിരിക്കുന്നതെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. സിബിഐയിൽ ദ്വീർഘകാലം പ്രവർത്തിച്ചിരുന്ന ബഹ്‌റയിലൂടെ ചില നേട്ടങ്ങൾ അദ്ദേഹം ലക്ഷ്യമിടുന്നുണ്ടെന്ന കാര്യവും ഉറപ്പാണ്. അതുകൊണ്ടാണ് പല ഇതിനോടകം പൊലീസുമായി ബന്ധപ്പെട്ട പല വിവാദങ്ങൾ ഉണ്ടായിട്ടും അദ്ദേഹം ബഹ്‌റയെ കൈവിടാത്തത്.

ഒരു വർഷം പോലും തികയാത്ത പിണറായി സർക്കാറിനെതിരെ ആരോപണങ്ങളുടെ പെരുമഴ തന്നെ ഉയരുമ്പോൾ മാധ്യമങ്ങളെല്ലാം പ്രതിപക്ഷത്താണ്. വിവരാവകാശ നിയമത്തെ പോലും അട്ടിമറിക്കാൻ പിണറായി തയ്യാറെടുക്കുന്നു എന്ന ആരോപണം ശക്തമാണ്. സുതാര്യമല്ലാത്ത ഭരണമാണെന്ന ആരോപണത്തെ ശക്തമാകുന്നതാണ് മാധ്യമങ്ങളോട് അദ്ദേഹം അകൽച്ച പാലിക്കുന്നത്. വാർത്താസമ്മേളനങ്ങൾ ഒഴിവാക്കിയതാണ് ഈ വിമർശനത്തിന് ശക്തി പകരുന്നത്. അതേസമയം മുഖ്യമന്ത്രിയായ പിണറായിക്ക് പാർട്ടിക്ക് മേലുള്ള അപ്രമാദിത്തവും ജിഷ്ണു പ്രണോയി വിഷയത്തോടെ നഷ്ടമായെന്ന വിലയിരുത്തലുണ്ട്. കേന്ദ്ര നേതൃത്വത്തിൽ സീതാറാം യെച്ചൂരിക്ക് പിണറായി ഇടതുഭരണത്തിലെ നിലപാടുകളോട് കടുത്ത അതൃപ്തിയുണ്ട്. നിലപാട് തിരുത്തി ഇമേജുണ്ടാക്കണമെന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര നേതൃത്വത്തിൽ പ്രകാശ് കാരാട്ടായിരുന്നു പിണറായി വിജയനെ പിന്തുണച്ചിരുന്നത്. എന്നാൽ, ജിഷ്ണു വിഷയത്തിലെ ജനവികാരം പ്രതികൂലമായതോടെ കാരാട്ടിനും പിണറായിയെ പഴയതു പോലെ പിന്തുണക്കാൻ തയ്യാറല്ല. പിണറായിയുടെ ജനപ്രിയതയുടെ ഗ്രാഫ് ഇടിയുകയാണെന്ന് അണികൾക്കും നേതാക്കൾക്കും വ്യക്തമായ ബോധ്യമുണ്ട്. ഇതോടെ സിപിഎമ്മിനുള്ളിലും എതിർപ്പുകൾ സജീവമാകുന്നുണ്ട്. മിടുക്കന്മാരായ പലരേയും ഒഴിവാക്കിയായിരുന്നു തന്റെ ക്യാബിനറ്റിനെ നിശ്ചയിച്ചത്. തോമസ് ഐസക്കും എകെ ബാലനും മാത്രമായിരുന്നു പരിചയമ്പന്നരായ മന്ത്രിമാർ. വിവാദങ്ങളിലൂടെ നീങ്ങുമ്പോൾ തോമസ് ഐസക്കിന് പോലും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. ഏതായാലും ഭരണത്തിന് ദിശാ ബോധം നഷ്ടമായെന്ന വിലയിരുത്തൽ മന്ത്രിമാർക്ക് പോലും ഉണ്ട്. തോമസ് ഐസക്കും എകെ ബാലനും ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കേന്ദ്ര കമറ്റിയിൽ ചർച്ച വന്നാൽ നിലപാട് അവിടേയും വിശദീകരിക്കും.

അച്യുതാനന്ദനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും അടക്കമുള്ളവർ ഭരണത്തിൽ അസംതൃപ്തരാണ്. സിപിഎമ്മിലെ കണ്ണൂർ ലോബി പോലും പിണറായിക്ക് അനുകൂലമല്ല. അതുകൊണ്ട് തന്നെ തിരുത്തൽ വേണമെന്ന് സിപിഎമ്മിലെ ബഹുഭൂരിഭാഗവും ആവശ്യപ്പെടുന്നു. ഉടൻ തിരുത്തൽ നടപടി ഉണ്ടായില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും സിപിഎമ്മിന് തിരിച്ചടികുമെന്നത് ഉറപ്പാണ്. അതുകൊണ്ട് രണ്ട് മാസത്തിനുള്ളിൽ മന്ത്രിസഭയുടെ പ്രതിച്ഛായ വീണ്ടെടുക്കാനായില്ലെങ്കിൽ കടുത്ത നടപടിയെന്ന നിലപാടിലാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗം. ഇപ്പോഴത്തെ സംഭവ വികാസങ്ങളോട് പിണറായിയിൽ നിന്ന് ആഭ്യന്തര വകുപ്പെങ്കിലും മാറ്റിയേ മതിയാകൂവെന്ന നിഗമനത്തിലേക്ക് ഭൂരിപക്ഷം സി.പി.എം കേന്ദ്ര നേതാക്കളും എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP