Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ന് നായനാരുടെ മുന്നിൽ നിന്ന് പൊലീസിനെ നിയന്ത്രിച്ചു; ഇത്തവണ പിണറായിയുടെ പിന്നിൽ നിന്നും; മുഖ്യമന്ത്രി മയോക്ലീനിക്കിൽ മൂന്നാഴ്ച ചികിൽസയ്ക്ക് പോകുമ്പോൾ ഭരണ ചക്രം ശശിയെന്ന വിശ്വസ്തന്; പൊലീസിലെ അഴിച്ചു പണിയിലൂടെ നൽകുന്നത് താക്കോൽ സ്ഥാനം കണ്ണൂർ നേതാവിനെന്ന സന്ദേശം; ചെന്താരകത്തിന് മുകളിൽ ശശി വളരുമ്പോൾ

അന്ന് നായനാരുടെ മുന്നിൽ നിന്ന് പൊലീസിനെ നിയന്ത്രിച്ചു; ഇത്തവണ പിണറായിയുടെ പിന്നിൽ നിന്നും; മുഖ്യമന്ത്രി മയോക്ലീനിക്കിൽ മൂന്നാഴ്ച ചികിൽസയ്ക്ക് പോകുമ്പോൾ ഭരണ ചക്രം ശശിയെന്ന വിശ്വസ്തന്; പൊലീസിലെ അഴിച്ചു പണിയിലൂടെ നൽകുന്നത് താക്കോൽ സ്ഥാനം കണ്ണൂർ നേതാവിനെന്ന സന്ദേശം; ചെന്താരകത്തിന് മുകളിൽ ശശി വളരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമേരിക്കയിലെ മേയോ ക്ലിനിക്കിൽ ചികിത്സയ്ക്കും പരിശോധനകൾക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുലർച്ചെ തിരിക്കുമ്പോൾ സെക്രട്ടറിയേറ്റിൽ താക്കോൽ സ്ഥാനം പി ശശിയുടെ നിയന്ത്രണത്തിലാകും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ ശശിക്കാകും ഇനി പൂർണ്ണ അധികാരം. പൊലീസ് തലപ്പത്തെ അതിവേഗ മാറ്റങ്ങളിലൂടെ മുഖ്യമന്ത്രി നൽകുന്നതും ഈ സൂചനകളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശശിയാകും ഇനി പ്രധാന അധികാര കേന്ദ്രം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം നേതാവ് കെകെ രാഗേഷുണ്ട്. എങ്കിലും ശശിക്ക് അതിനും മുകളിലാകും സ്ഥാനം. പിണറായി വിജയന്റെ അതിവിശ്വസ്തനാണ് പണ്ടു മുതലേ ശശി. ഈ സാഹചര്യത്തിൽ കൂടിയാണ് ശശിയെ നിർണ്ണായക സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതല നൽകുന്നത്. പൊലീസിനെ കുറിച്ചുള്ള എല്ലാ തീരുമാനങ്ങളും ഇനി പൊളിറ്റിക്കൽ സെക്രട്ടറിയുടേതാകും. പുത്തലേത്ത് ദിനേശനായിരുന്നു മുമ്പ് ആ ചുമതലയിൽ. അന്നെല്ലാം കൂടിയാലോചനകളിലൂടെയാണ് പൊലീസിലെ തീരുമാനങ്ങൾ വന്നത്. ആരേയും പിണക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധയും നൽകി. എന്നാൽ ഇനി അതാകില്ല സംഭവിക്കുക.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല. 18 ദിവസത്തേക്കാണു യാത്ര. മെയ്‌ പത്തിനോ പതിനൊന്നിനോ മടങ്ങി എത്തും. ചികിത്സയ്ക്കായി നാളെ പോകുന്ന കാര്യം ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം അറിയിച്ചിരുന്നു. അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ 9ന് ഓൺലൈനായാണു ചേരുക. അമേരിക്കയിൽ നിന്നു മുഖ്യമന്ത്രി പങ്കെടുക്കും. ജനുവരിയിൽ അദ്ദേഹം അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കു മൂലമാണു വൈകിയത്.

ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കുന്നതിനെ പി ജയരാജൻ സിപിഎം സംസ്ഥാന സമിതിയിൽ എതിർത്തിരുന്നു. പിന്നീട് ജയരാജൻ ഇത് നിഷേധിച്ചു. കണ്ണൂരിലെ പാർട്ടിയിൽ ശശിയുടെ റോൾ കൂട്ടുന്നതാണ് പൊളിറ്റിക്കൽ സെക്രട്ടറി കസേര. ഇനി പൊലീസിനെ ശശി നിയന്ത്രിക്കുമ്പോൾ പി ജയരാജന് പാർട്ടി അണികളിലെ പിന്തുണ കുറയുമെന്ന ചിന്തയും പിണറായി ക്യാമ്പിനുണ്ട്. അങ്ങനെ കണ്ണൂരിലെ ചെന്താരക ചർച്ച ഇല്ലായ്മ ചെയ്യാനാണ് ശശിയിലൂടെ പിണറായിയുടെ ശ്രമം.

ഇതിന് മുമ്പ് തന്നെ ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കുന്നത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യത്തിലാണ്. സെക്രട്ടറിയേറ്റിലെ പ്രധാന അധികാര കേന്ദ്രമായി ശശി മാറും. ദിനീശ് പുത്തലേത്തിനെ പോലെ സമവായത്തിലൂടെയാകില്ല തീരുമാനങ്ങൾ. പാർട്ടിയോട് പോലും ആലോചിക്കാതെ പിണറായിയെ മാത്രം വിശ്വാസത്തിലെടുത്ത് ശശിക്ക് മുമ്പോട്ട് പോകാനും കഴിയും. സിപിഎമ്മിൽ പിണറായി വിജയന് സമ്പൂർണ്ണ ആധിപത്യമാണുള്ളത്. അതുകൊണ്ട് തന്നെ പിണറായിയുടെ വിശ്വസ്തനെ ചോദ്യം ചെയ്യാനുള്ള കരുത്ത് പാർട്ടിയിൽ ആർക്കും ഉണ്ടാകില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സർവ്വ ശക്തനാകും ശശി.

കഴിഞ്ഞ തവണ അമേരിക്കയിലേക്ക് പിണറായി പോയപ്പോൾ ഓൺലൈൻ മന്ത്രിസഭാ യോഗങ്ങളും ചർച്ചകളും എല്ലാം നടന്നിരുന്നു. എന്നാൽ ഇത്തവണ അജ്ഞാത രോഗത്തിനുള്ള ചികിൽസയ്ക്കിടെ അത്തരം ഇടപെടലൊന്നും ഉണ്ടാകില്ല. സമ്പൂർണ്ണമായി ശശിയുടെ തീരുമാനങ്ങളാകും നടപ്പാകുക. എല്ലാം വിശ്വസിച്ചാണ് ശശിയെ ഏൽപ്പിക്കുന്നതെന്ന സന്ദേശം മുഖ്യമന്ത്രി പാർട്ടിക്കും നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശശിയെ ആരും ചോദ്യം ചെയ്യാനും മുതിരില്ല. പുത്തലേത്ത് ദിനേശനിലൂടെ ദേശാഭിമാനിയിലും പിണറായി നിയന്ത്രണം ഉറപ്പിച്ചിട്ടുണ്ട്.

പൊലീസ് ഭരണത്തിലടക്കം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിശിതമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ശശി എത്തുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പൊലീസിലെ അഴിച്ചുപണി. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പി.ശശിയുടെ പരിചയസമ്പത്ത് ഉപയോഗിക്കാൻ സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു. പാർട്ടി നയമനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പാക്കുന്ന ചുമതലയിലേക്കാണ് പി.ശശിയുടെ തിരിച്ചുവരവ്. എന്നാൽ ഇത്തവണ പിണറായിക്ക് വേണ്ടിയാകും ശശിയുടെ ഇടപെടലുകൾ

ഇ.കെ.നായനാരുടെ കാലത്ത് മുഖ്യമന്ത്രിക്കൊപ്പം അധികാര കേന്ദ്രമായി പ്രവർത്തിച്ച പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി.ശശി. പിന്നീട് കണ്ണൂർ ജില്ലാ സെക്രട്ടറിയായി. അക്കാലത്താണ് പി.ശശിക്കെതിരെ സ്ത്രീപീഡന പരാതി ഉയരുന്നത്. പാർട്ടി സംഘടനാതത്വം ലംഘിച്ചതിന് 2011ൽ ശശി പാർട്ടിക്ക് പുറത്തായി. തുടർന്ന് അഭിഭാഷകനായി ജോലി തുടങ്ങുകയും ലോയേഴ്‌സ് യൂണിയൻ നേതാവാകുകയും ചെയ്തു. ടി.പി.കേസിലടക്കം പാർട്ടിക്കായി കോടതിയിൽ ഹാജരായി. 2018ൽ പാർട്ടിയിൽ തിരിച്ചെത്തി. സമ്മേളന പ്രതിനിധിയല്ലാതിരുന്നിട്ടും ഇത്തവണ സംസ്ഥാനസമിതിയിലേക്ക് പി.ശശിയെ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസിലെ അഴിച്ചുപണി ലക്ഷ്യമിട്ടായിരുന്നു.

നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് കൈമുതലാണ്. നായനാരുടെ മുന്നിൽ നിന്നായിരുന്നു അന്ന് ശശിയുടെ ഭരണം. എന്നാൽ ഇത്തവണ പിണറായിയുടെ പിന്നിൽ നിന്നാകും. അത് മാത്രമാകും ശശിയുടെ രണ്ടാം വരവിലെ മാറ്റം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP