Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരുവിക്കര ജോർജിനെ പാഠം പഠിപ്പിച്ചോ? അനുനയ നീക്കങ്ങളുമായി പിസി ജോർജ് യുഡിഎഫ് നേതാക്കളുടെ വീടുകളിൽ കയറി ഇറങ്ങുന്നു; മാപ്പ് നൽകിക്കൂടെ എന്ന ചോദ്യം ഉന്നയിച്ച് ചെന്നിത്തലയും; തിരിഞ്ഞു നോക്കാതെ കെഎം മാണി; കേരളാ കോൺഗ്രസ് സെക്യൂലർ വഴിയാധാരമാകുന്നു

അരുവിക്കര ജോർജിനെ പാഠം പഠിപ്പിച്ചോ? അനുനയ നീക്കങ്ങളുമായി പിസി ജോർജ് യുഡിഎഫ് നേതാക്കളുടെ വീടുകളിൽ കയറി ഇറങ്ങുന്നു; മാപ്പ് നൽകിക്കൂടെ എന്ന ചോദ്യം ഉന്നയിച്ച് ചെന്നിത്തലയും; തിരിഞ്ഞു നോക്കാതെ കെഎം മാണി; കേരളാ കോൺഗ്രസ് സെക്യൂലർ വഴിയാധാരമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ പിസി ജോർജ് നല്ല പിള്ളയായോ? ആയെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പക്ഷം. നിയമസഭയിൽ പ്രതിപക്ഷത്തിന് കരുത്താകുന്നത് ഒന്നും മുൻ ചീഫ് വിപ്പ് പറയില്ല. എങ്ങനേയും യുഡിഎഫിനൊപ്പം സഹകരിക്കാനുള്ള അണിയറ നീക്കത്തിന്റെ ഭാഗമണിത്. എന്നാൽ കേരളാ കോൺഗ്രസ് ചെയർമാൻ കെഎം മാണി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് അനുനയ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. ബാർ കോഴയുമായി ബന്ധപ്പെട്ട കേസിൽ മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ ജോർജുമായി ഒത്തു തീർപ്പ് വേണ്ടെന്നാണ് കേരളാ കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗത്തിന്റെ നിലപാട്.

ബാർ കോഴയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് ജോർജ് പ്രവർത്തിച്ചതെന്ന് വ്യക്തമായിരുന്നു. പ്രതിച്ഛായ കൂട്ടാനുള്ള ചെന്നിത്തലയുടെ നീക്കമാണ് ബാർ കോഴയുടെ പിറവിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ മന്ത്രി അടൂർ പ്രകാശിന്റെ അടുത്ത ബന്ധു കൂടിയായ ബിജു രമേശിനെ അതിസമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. എന്നാൽ ഗൂഢാലോചനക്കാരെ മാണി തിരിച്ചറിഞ്ഞതോടെ കരുനീക്കങ്ങൾ പൊളിഞ്ഞു. അങ്ങനെയാണ് ജോർജിന് ചീഫ് വിപ്പ് സ്ഥാനം നഷ്ടമായത്. പിന്നീട് കേരളാ കോൺഗ്രസിൽ നിന്ന് പിണങ്ങി മാറി അഴിമതി വിരുദ്ധ മുന്നണിയുമായി ജോർജ് നീങ്ങി. കേരളാ കോൺഗ്രസിൽ നിന്ന് പിണങ്ങിയപ്പോൾ കേരളാ കോൺഗ്രസ് സെക്കുലർ പുനരുജ്ജീവിപ്പിച്ച് യുഡിഎഫിൽ തുടരനായിരുന്നു നീക്കം. ചെന്നിത്തല തന്നെയാണ് ഇതിനായും കരുക്കൾ നീക്കയത്. എന്നാൽ മാണിയുടെ എതിർപ്പുമൂലം നടന്നില്ല.

ഇതോടെ ജോർജ് അതി ശക്തമായി ഭരണത്തിനെതിരെ രംഗത്ത് വന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തി. എന്നാൽ വിജയം യുഡിഎഫിനൊപ്പമായിരുന്നു. ജോർജിന്റെ സ്ഥാനാർത്ഥിക്ക് നോട്ടയ്ക്ക് പിന്നിൽ അഞ്ചാം സ്ഥാനത്തേക്ക് പോകേണ്ടിയും വന്നു. ഇതോടെ ഇടതു മുന്നണിയുടെ ജോർജിന്റെ കാര്യത്തിൽ മൗനത്തിലായി. യുഡിഎഫിൽ നിന്നിട്ടേ കാര്യമുള്ളൂ എന്ന അവസ്ഥയിലേക്ക് ജോർജ് എത്തി. അതുകൊണ്ട് തന്നെ അരുവിക്കരയിലെ വിജയത്തിൽ ശബരിനാഥനെ അഭിനന്ദിക്കാൻ ജോർജ് മുന്നിൽ നിന്നു. താനിപ്പോഴും യുഡിഎഫിലുള്ള കേരളാ കോൺഗ്രസുകാരനാണെന്നും പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമെതിരെ ഒന്നും പറയാതെയുമായി. നിലവിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് ജോർജ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ജോർജിന് അറിയാം. ഇത് വലിയ തോതിൽ അണികളുടെ കൊഴിഞ്ഞു പോക്കിന് കാരണമാകും. ജോർജ് പക്ഷത്തെ പല പഞ്ചായത്ത്, മുൻസിപ്പൽ അംഗങ്ങളും യുഡിഎഫ് പക്ഷത്ത് ഉറച്ചു നിൽക്കാനുള്ള സാധ്യതകൾ തേടുന്നുണ്ട്. അതുകൊണ്ട് തന്നെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ സഹായം ജോർജ് തേടിയത്. ആവുന്നതെല്ലാം ചെയ്യാമെന്ന് ചെന്നിത്തല അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയിൽ ജോർജിനെ ഒപ്പം നിർത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. തെറ്റു തിരുത്തിയാൽ കൂടെ നിർത്താമെന്ന നിലപാട് മുന്നണിക്ക് ഗുണകരമാകുമെന്നാണ് ചെന്നിത്തല സ്ഥാപിച്ചെടുക്കാൻ നോക്കുന്നത്.

എന്നാൽ മാണിയെ പിണക്കി ജോർജിനെ കൊള്ളാൻ മുഖ്യമന്ത്രി തയ്യാറല്ല. ഈ സാഹചര്യത്തിൽ ചെന്നിത്തല തന്നെ കേരളാ കോൺ്ഗ്രസുമായുള്ള ചർച്ചകൾക്ക് മുൻകൈയുമെടുത്തു. എന്നാൽ ജോർജിനെ കേരളാ കോൺഗ്രസിന് വേണ്ടെന്നാണ് മാണിയുടെ നിലപാട്. കേരളാ കോൺഗ്രസ് സെക്യുലറിനെ മുന്നണിയിൽ എടുക്കുന്നത് യുഡിഎഫ് തീരുമാനിക്കട്ടേ എന്നും വ്യക്തമാക്കി. എന്നാൽ യുഡിഎഫിൽ ജോർജിനേയും സെക്യുലറിനേയും എതിർക്കുമെന്നും മാണി വ്യക്തമാക്കി കഴിഞ്ഞു. മാണി എതിർത്താൽ മുസ്ലിം ലീഗിന്റെ പിന്തുണയും കിട്ടില്ല. അതുകൊണ്ട് തന്നെ യുഡിഎഫിലേക്കുള്ള ജോർജിന്റെ മടങ്ങി വരവ് കീറാമുട്ടിയാകുന്നു. എന്നാലും പ്രതീക്ഷ കൈവിടാതെയാണ് ജോർജിന്റെ നീക്കം. മുസ്ലിം ലീഗ്, ജനതാദൾ എന്നിവയുടെ മനസ്സ് അനുകൂലമാക്കാമെന്ന പ്രതീക്ഷ കൈവിട്ടിട്ടുമില്ല.

ഇതിനിടെയാണ് ആശങ്ക വ്യക്തമാക്കി കേരള കോൺഗ്രസ് സെക്യുലർ ചെയർമാൻ ടി. എസ്. ജോൺ ്്പ്രസ്താവനയുമായെത്തിയത്. ത്രിതല പഞ്ചായത്തുകളിൽ യുഡിഎഫിൽ നിന്നു ജയിച്ച അംഗങ്ങളും സർക്കാർ നിയോഗിച്ച കമ്മിറ്റി അംഗങ്ങളും യുഡിഎഫ് നിർദ്ദേശത്തിന് അനുസരിച്ചു പ്രവർത്തിക്കാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്നു ടി. എസ്. ജോൺ വ്യക്തമാക്കുന്നു. അതേസമയം, മൂന്നു മുന്നണികളിൽ അഴിമതിയില്ലാത്ത മുന്നണിയുമായി മാത്രമേ യോജിച്ചു പ്രവർത്തിക്കൂ എന്നു പി. സി. ജോർജ് എംഎൽഎ പറഞ്ഞു. ഇതെല്ലാം പഞ്ചായത്ത് മെമ്പർമാരെ ഒപ്പം നിർത്താനുള്ള തന്ത്രമാണെന്നും കരുതുന്നു.

കേരള കോൺഗ്രസ് സെക്യുലർ ഇപ്പോൾ ഒരു മുന്നണിയുടെയും ഭാഗമല്ല. യോജിക്കാവുന്ന കക്ഷികളുമായി ചേർന്നു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ടി. എസ്. ജോൺ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരങ്ങളിൽ പലതും അക്രമസമരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പൊതുമുതൽ നശിപ്പിക്കുകയും രാജ്യത്തെ നിശ്ചലമാക്കുകയും ചെയ്യുന്ന ഹർത്താലുകളും മിന്നൽ പണിമുടക്കും രാജ്യപുരോഗതിക്കും സമാധാന അന്തരീക്ഷത്തിനും തടസ്സമാണ്. അധികാരികളെ ബോധ്യപ്പെടുത്തുന്നതിനും പൊതുജനാഭിപ്രായം നേടിയെടുത്തു പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഗാന്ധിയൻ മാർഗത്തിലുള്ള സമരമാർഗങ്ങൾ സ്വീകരിക്കണമെന്നും ടി. എസ്. ജോൺ പറഞ്ഞു.

ഇവിടെ പ്രതിക്കൂട്ടിൽ നിർത്തുന്നത് ഇടതുപക്ഷത്തേയാണ്. യുഡിഎഫുമായി അടുക്കാനുള്ള ജോർജിന്റേയും ജോണിന്റേയും തന്ത്രമായി ഈ പ്രസ്താവനയേയും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP