Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

മുഖ്യമന്ത്രി കസേര പോകാതിരിക്കാൻ ഉമ്മൻ ചാണ്ടി പയറ്റുന്നത് ആന്റണിയെ താഴെ ഇറക്കിയ ആ പഴയ ചാണക്യതന്ത്രം തന്നെ; മുസ്ലിംലീഗിനെയും കേരളാ കോൺഗ്രസിനെയും ഇറക്കി ഐ ഗ്രൂപ്പ് നീക്കത്തിന് തടയിട്ടു; ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം അടുത്തെങ്ങും പൂവണിയില്ല

മുഖ്യമന്ത്രി കസേര പോകാതിരിക്കാൻ ഉമ്മൻ ചാണ്ടി പയറ്റുന്നത് ആന്റണിയെ താഴെ ഇറക്കിയ ആ പഴയ ചാണക്യതന്ത്രം തന്നെ; മുസ്ലിംലീഗിനെയും കേരളാ കോൺഗ്രസിനെയും ഇറക്കി ഐ ഗ്രൂപ്പ് നീക്കത്തിന് തടയിട്ടു; ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം അടുത്തെങ്ങും പൂവണിയില്ല

ബി രഘുരാജ്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യൻ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ. അത് ഉമ്മൻ ചാണ്ടി എന്നു തന്നെയാണ്. കളമറിഞ്ഞു കളിക്കുക എന്ന തന്ത്രം പയറ്റി രാഷ്ട്രീയത്തിൽ നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഉമ്മൻ ചാണ്ടി തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേരിടുന്ന ഏറ്റവും കടുത്ത പരീക്ഷണമാണ് ഇപ്പോൾ നേരിടുന്നത്. എന്നാൽ, എല്ലാം തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുത്ത് പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഈ പുതുപ്പള്ളിക്കാരൻ. സോളാർ, ബാർകോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാറിന്റെ പ്രതിച്ഛായ നഷ്ടം ഉണ്ടായ കാര്യം ചൂണ്ടിക്കാട്ടി ഐ ഗ്രൂപ്പ് നേതൃമാറ്റ ആവശ്യവുമായി രംഗത്തെത്തിയതോടെ ഘടകകക്ഷികളെ കൂട്ടുപിടിച്ചാണ് ഉമ്മൻ ചാണ്ടി തന്റെ കസേര ഒരിക്കൽ കൂടി ഉറപ്പിച്ചത്. ഇതോടെ രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം അടുത്തകാലത്തെങ്ങും പൂവണിയില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശൻ ഉന്നയിച്ച ആരോപണവും അതിന് മറുപടിയുമായി സുരേഷ് കൊടിക്കുന്നിൽ എംഎൽഎ രംഗത്തെത്തിയതുമാണ് കോൺഗ്രസിലെ സ്ഥിതിവിശേഷങ്ങളെ മോശമാക്കിയത്. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഐ ഗ്രൂപ്പ് സംഘടിതമായി മുഖ്യമന്ത്രിയെ ആക്രമിച്ചതോടെ പ്രതിരോധിക്കാനാണ് കെ സി ജോസഫിനെ മുഖ്യമന്ത്രി രംഗത്തിറക്കിയത്. എന്നാൽ, അത് ഫലപ്രദമാകാതെ വന്നതോടെ മുസ്ലിംലീഗിന്റെ സഹായം തേടുകയായിരുന്നു ഉമ്മൻ ചാണ്ടി. മുമ്പ് എം കെ ആന്റണിയെ കാലാവധി പൂർത്തിയാക്കുന്നതിന് രണ്ട് വർഷം മുമ്പ് പടിയിറക്കുന്നതിൽ ഘടകകക്ഷികളെ കൂട്ടുപിടിച്ച് ഉമ്മൻ ചാണ്ടി നടത്തിയ നീക്കം എല്ലാവർക്കും അറിവുള്ളതാണ്. ഇപ്പോൾ അങ്ങനെയൊരു നീക്കം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഐ ഗ്രൂപ്പിൽ നിന്നും ഉണ്ടായപ്പോൾ അതിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി ആദ്യം തേടിയത് ലീഗിന്റെ സഹായമായിരുന്നു.

Stories you may Like

ഇതോടെയാണ് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നത്തിൽ ഇടപെട്ട് മുഖ്യമന്ത്രി രംഗത്തെത്തിയതും. കോൺഗ്രസിലെ തമ്മിലടി മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അതു നിർത്തണമെന്ന ആവശ്യവുമായി ലീഗ് രംഗത്തെത്തിയത് ഉമ്മൻ ചാണ്ടിയുടെ കസേര കൂടി നിലനിർത്തുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ്സിലെ ആരോപണപ്രത്യാരോപണങ്ങൾ മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തി ഉടനടിയാണ് ലീഗ് ഇടപെട്ടത്. ഇത് കൂടാതെ ബാർകോഴയിലെ അന്വേഷണം നീളുന്നു എന്ന ആരോപണത്തെ കുറ്റം പറയാൻ സാധിക്കില്ലെന്ന് പറഞ്ഞ് കേരളാ കോൺഗ്രസിനെയും ഉമ്മൻ ചാണ്ടി കൈയിലെടുത്തു. കേസ് അന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയുടെ നീക്കങ്ങളെ തുടക്കത്തിൽ തന്നെ സംശയത്തോടെ കാണുന്ന കേരളാ കോൺഗ്രസ് ഇതോടെ ഐ ഗ്രൂപ്പിന് എതിരായ നിലപാടും സ്വീകരിക്കുകയായിരുന്നു.

കോൺഗ്രസിൽ നിന്നും തനിക്ക് പിന്തുണ കുറഞ്ഞുവരുന്നു എന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രി ഘടകകക്ഷികളെ രംഗത്തിറക്കിയത്. അഴിമതിക്കെതിരെ ആന്റണി ഉന്നയിച്ച വിമർശനം തനിക്കെതിരെയാണ് നീങ്ങുന്നതെന്ന ബോധ്യവും അദ്ദേഹത്തിനുണ്ട്. വി എം സുധീരനും അനുകൂല നിലപാടിൽ അല്ല. ഫലത്തിൽ ഒരു വിഭാഗം എ ഗ്രൂപ്പുകാർ മാത്രമാണ് ഉമ്മൻ ചാണ്ടിയെ പിന്തുണക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ പിന്തുണ ആർജ്ജിക്കാനുള്ള തന്ത്രം മുഖ്യമന്ത്രി പയറ്റിയത്. ഡൽഹിയിൽ പോയ സുധീരൻ സർക്കാറിന്റെ ഭരണത്തെ കുറിച്ചുള്ള നല്ല റിപ്പോർട്ടല്ല നൽകിയിട്ടുള്ളത്. അതുകൊണ്ട് ഹൈക്കമാൻഡ് ഇടപെടൽ വരുമെന്ന ഭയവും ഉമ്മൻ ചാണ്ടിക്കുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പിന്തുണ ആർജ്ജിക്കുന്നതിന്റെ ഭാഗമായാണ് താൻ മുഖ്യമന്ത്രി കസേരയിൽ അഞ്ച് വർഷം തികയ്ക്കുമെന്ന് ഉറപ്പില്ലെന്ന കാര്യവും ഉമ്മൻ ചാണ്ടി പറഞ്ഞത്.

കെപിസിസി പ്രസിഡന്റ് വി എം സുധീരനും രമേശ് ചെന്നിത്തലയും ഒരുമിച്ച് കൈകോർത്ത് നീങ്ങുമോ എന്ന സംശയവും ഉമ്മൻ ചാണ്ടിക്കുണ്ട്. എന്നാൽ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഇടപെട്ട് ഇമേജ് കളയാനില്ലെന്ന് നിലപാടിലാണ് സുധീരൻ. അതിനിടെ രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള വിഡി സതീശൻ ഐ ഗ്രൂപ്പിനൊപ്പം പോയതിനെ ആശങ്കയോടെയാണ് എ വിഭാഗം കാണുന്നത്. തിരുത്തൽവാദത്തിന്റെ ഭാഗമായി ചെന്നിത്തലയ്ക്ക് കാർത്തികേയനും ഒപ്പം നിന്ന നേതാവാണ് സതീശൻ. കാർത്തികേയനോടായിരുന്നു കൂടുതൽ അടുപ്പം. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്ന് കാർത്തികേയൻ വിട്ടുനിന്നതോടെ സതീശനും നിശബ്ദമായി.

നിയമസഭയിലെ മികച്ച പ്രവർത്തനത്തിലൂടെ സതീശൻ ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരനായി. അങ്ങനെ രാഹുൽ ഗാന്ധി നേരിട്ട് സതീശനെ കെപിസിസി അധ്യക്ഷനാക്കി. ഈ ബന്ധം തന്റെ മുഖ്യമന്ത്രി പദമോഹത്തിന് അനിവാര്യമാണെന്ന് ചെന്നിത്തല തിരിച്ചറിഞ്ഞു. അതിന്റെ ഭാഗമായാണ് സതീശന്റെ അഴിമതി വിരുദ്ധ പ്രസ്താവനയും ഐഗ്രൂപ്പിന്റെ പിന്തുണയും. പണ്ട് ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് എ കെ ആന്റണിക്ക് മുഖ്യമന്ത്രി കസേര നഷ്ടമായത്. അന്ന് സ്വന്തം ഗ്രൂപ്പുകാരനായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയായിരുന്നു ഘടകകക്ഷികളെ കൂട്ടുപിടിച്ച് ആന്റണിയെ ചാടിച്ചത്.

ഇപ്പോൾ വിമർശനങ്ങളുമായി ആന്റണി രംഗത്തെത്തിയതിനെ ഉമ്മൻ ചാണ്ടി സംശയത്തോടെയാണ് കാണുന്നത്. പഴയകാര്യങ്ങൾ മനസിൽ ഉള്ളതുകൊണ്ടാണ് ആന്റണി വീണ്ടും കേരളത്തിൽ സജീവമാകുന്നതെന്നും വിലയിരുത്തലുകളുണ്ട്. അതുകൊണ്ട് ഉമ്മൻ ചാണ്ടിയെ മാറ്റാനുള്ള നീക്കത്തെ മനസ്സുകൊണ്ട് ആന്റണി അനുകൂലിക്കുമെന്നാണ് കരുതൽ. എന്നാൽ പതിവുപോലെ തന്ത്രങ്ങളുടെ രാജാവായ ഉമ്മൻ ചാണ്ടി നേതൃമാറ്റ നീക്കത്തിന് ഘടകകക്ഷികളെ ഉപയോഗിച്ച് തടയിട്ടു കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP