Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോർജിന്റെ കത്തിലുള്ളത് തന്നോടു പറയാത്ത കാര്യങ്ങളെന്ന് ഉമ്മൻ ചാണ്ടി; സരിതയുടെ കത്തിൽ പല മഹാന്മാരും കാണുമെന്ന് മാണി; ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ തോൽപ്പിക്കാൻ പിള്ള: ജോർജ്-സരിത കത്തുകളിൽ കേരള രാഷ്ട്രീയം കീഴ്‌മേൽ മറിയുന്നതിങ്ങനെ

ജോർജിന്റെ കത്തിലുള്ളത് തന്നോടു പറയാത്ത കാര്യങ്ങളെന്ന് ഉമ്മൻ ചാണ്ടി; സരിതയുടെ കത്തിൽ പല മഹാന്മാരും കാണുമെന്ന് മാണി; ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ തോൽപ്പിക്കാൻ പിള്ള: ജോർജ്-സരിത കത്തുകളിൽ കേരള രാഷ്ട്രീയം കീഴ്‌മേൽ മറിയുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരുടെയും പുറത്താക്കപ്പെട്ട ചീഫ് വിപ്പ് പി സി ജോർജിന്റെയും കത്തുകളിൽ കുരുങ്ങിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്ട്രീയം നീങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നതാണോ വിശ്വസിക്കേണ്ടത് അതോ പി സി ജോർജിന്റെയും സരിതയുടെയും വെളിപ്പെടുത്തലുകളാണോ കണക്കിലെടുക്കേണ്ടത് എന്ന തരത്തിലാണ് ചർച്ചകൾ കൊഴുക്കുന്നത്.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി.ജോർജിനെ നീക്കിയത് മാണിക്ക് മുമ്പിലുള്ള കീഴടങ്ങലല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ജോർജിന്റെ കാര്യത്തിൽ മുന്നണിയുടെ പൊതുതത്വം പാലിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജോർജിന്റെ കത്തുകിട്ടിയപ്പോൾ ഞെട്ടിയെന്നും കത്തിൽ പറയുന്നത് തന്നോട് ഇതുവരെ പറയാത്ത കാര്യങ്ങളെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ആർ ബാലകൃഷ്ണപിള്ളയും രംഗത്തെത്തിയത്. സരിതയുടെ കത്തു താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ താനല്ല അത് ജോർജിനു കൈമാറിയതെന്നും പറഞ്ഞ പിള്ള പൂഞ്ഞാറിൽ ഉപതെരഞ്ഞെടുപ്പു വന്നാൽ ജോർജിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. അടുത്തു നടക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി ഇറങ്ങുമെന്ന സൂചന തന്നെയാണ് ബാലകൃഷ്ണ പിള്ള നൽകിയത്.

സരിതയുടെ കത്തിൽ പല മഹാന്മാരുടെയും പേരുകൾ കാണുമെന്നും എന്നാൽ ഇക്കാര്യങ്ങൾ പലരും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയുമാണെന്ന തരത്തിലാണ് കെ എം മാണി പ്രതികരിച്ചത്.

കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും അഴിമതികളെക്കുറിച്ചെല്ലാം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് പി സി ജോർജ് നേരത്തെ തന്നെ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം സത്യമാണെങ്കിൽ എല്ലാമറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്നും അഴിമതിക്ക് അനുമതി നൽകുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ.

എന്നാൽ, പിന്നീട് ജോർജിനെ തള്ളി മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ജോർജ് കത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം താൻ ആദ്യമായി കേൾക്കുകയാണെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞ പല കാര്യങ്ങളും പച്ചക്കള്ളമാണെന്നാണ് കഴിഞ്ഞ ദിവസം സരിത എസ് നായരുടെ കത്തുവന്നപ്പോൾ വെളിപ്പെട്ടത്. ഇന്നു പി സി ജോർജ് നൽകിയ കത്തും പരോക്ഷമായി മുഖ്യമന്ത്രിയെത്തന്നെ ഉന്നംവയ്ക്കുന്നതാണ്. ബാർ കോഴക്കേസിലെ കാര്യങ്ങൾ ബിജു രമേശ് വെളിപ്പെടുത്തുന്നതിന് ഒരു മാസം മുമ്പേ തന്നെ താൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നുവെന്നു ബാലകൃഷ്ണപിള്ളയും പറഞ്ഞിരുന്നതാണ്. എന്നാൽ, ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന തരത്തിലാണ് ഇന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോടു സംസാരിച്ചത്.

പി സി ജോർജിനെ പുറത്താക്കിയത് മുന്നണിയുടെ പൊതുതത്വം അനുസരിച്ചുള്ള നടപടി മാത്രമാണെന്നും മാദ്ധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. ജോർജിനെ മുന്നണിയിൽ നിന്നോ, പാർട്ടിയിൽ നിന്നോ പുറത്താക്കിയിട്ടില്ല. ജോർജിനെ പുറത്താക്കണോ എന്ന് തീരുമാനിക്കേണ്ടത് കേരള കോൺഗ്രസ് എമ്മാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നണിയെ നല്ല നിലയിൽ കൊണ്ടു പോവേണ്ട ഉത്തരവാദിത്വം യു.ഡി.എഫ് ചെയർമാനെന്ന നിലയിൽ തനിക്കുണ്ട്. അത് നിറവേറ്റുന്നതിന് എന്റേതായ ഒരു പ്രവർത്തന ശൈലിയുണ്ട്. അത് മറ്റാരെക്കാളും നന്നായി അറിയാവുന്നത് ജോർജിനാണ്. മുന്നണിയുടെ പൊതുതത്വം അനുസരിച്ചാണ് ജോർജിനെതിരെ നടപടി എടുത്തത്. മുന്നണിയാവുമ്പോൾ പല പാർട്ടികളുണ്ടാവും. അപ്പോൾ അതാത് പാർട്ടികളാണ് ആരൊക്കെ സ്ഥാനങ്ങളിൽ തുടരണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത്.

ജോർജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി കത്തു നൽകിയ ശേഷം നിരവധി തവണ ചർച്ച നടത്തി. അത് ശരിയാണോ എന്ന് പോലും ചോദിക്കുന്നവരുണ്ട്. പക്ഷേ അത് ശരിയാണെന്നാണ് എന്റെ വിശ്വാസം. അതിനെ കീഴടങ്ങലായി കാണരുത് മുഖ്യമന്ത്രി പറഞ്ഞു.

ജോർജിനെ തനിക്ക് ഭയമില്ല. മാണിക്കെതിരായി ജോർജ് തന്ന കത്ത് വായിച്ച താൻ ഞെട്ടിപ്പോയി. ഇതുവരെ തന്നോട് പറയാത്ത കാര്യങ്ങളാണ് കത്തിലുള്ളത്. കത്ത് കിട്ടിയപ്പോൾ തന്നെ ജോർജിനെ വിളിച്ച് എന്തൊക്കെയാ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മാണി ചർച്ചയ്ക്ക് തയ്യാറല്ലെന്ന ജോർജിന്റെ ആരോപണം ശരിയല്ല. ഒത്തുതീർപ്പിന് തയ്യാറാവത്തതിന് മാണിയെ കുറ്റപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തോട് പലതവണ ചർച്ച നടത്തിയതാണ്. പിന്നീട് ചർച്ചയ്ക്ക് വിളിച്ചപ്പോൾ പാർട്ടിയുടെ തീരുമാനം നടപ്പാക്കണമെന്നാണ് മാണി ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനത്തിനു ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഒരു കാര്യത്തിലും വീഴ്ച വരുത്തിയിട്ടില്ല. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ട്. എല്ലാ കാര്യങ്ങളും ജനം വിലയിരുത്തട്ടെ. വിവാദങ്ങൾ മാത്രം മതിയെന്ന് ആരെങ്കിലും ധരിച്ചാൽ, അതിനു പുറകേ പോകില്ല. ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം ചെയ്യും. കടമകൾ നിർവഹിക്കും. ഒരു കാലതാമസവുമുണ്ടാക്കില്ല.

വിവാദങ്ങൾ ആഘോഷിക്കാൻ ആളുകളുണ്ടല്ലോ? എല്ലാം ആഘോഷിച്ചിട്ട് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എന്തു സംഭവിച്ചു. രാജ്യം മുഴുവൻ കോൺഗ്രസിനു തിരിച്ചടിയുണ്ടായപ്പോഴും കേരളത്തിൽ പിടിച്ചു നിന്നത് ജനങ്ങൾ കാര്യങ്ങൾ മനസിലാക്കുന്നതുകൊണ്ടാണ്. രാഷ്ട്രീയമായ പ്രശ്‌നങ്ങളുണ്ടാവുക സ്വാഭാവികമാണ് മുഖ്യമന്ത്രി പറഞ്ഞു.

വിവാദങ്ങൾ ഉണ്ടാക്കി ശ്രദ്ധ തിരിക്കാമെന്ന് ആരും കരുതേണ്ട. വിവാദങ്ങളുടെ പുറകെ ഈ സർക്കാർ പോവില്ല. കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റും. എല്ലാ കാര്യങ്ങളും ജനങ്ങൾ കാണുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ കോൺഗ്രസ് വിരുദ്ധ വികാരം ഉണ്ടായപ്പോൾ കേരളത്തിൽ കോൺഗ്രസ് പിടിച്ചു നിന്നു. ജനങ്ങൾ എല്ലാം നേരിട്ട് കണ്ടതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  സരിത എസ് നായരുടെ കത്തിന്റെ വിശ്വാസ്യതയെ കുറിച്ച് എല്ലാവർക്കും അറിയാം. കത്ത് ഇപ്പോൾ എങ്ങനെ പുറത്തുവന്നു എന്നതാണ് ആലോചിക്കേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

എന്തായാലും രണ്ടു കത്തുകളുടെ പേരിൽ കേരള രാഷ്ട്രീയം കലങ്ങി മറിയുന്ന കാഴ്ചയാണ് അടുത്തിടെ കാണുന്നത്. എല്ലാവരും താൻ പറയുന്നതാണു ശരിയെന്ന മട്ടിൽ വീറോടെ വാദിക്കുമ്പോൾ ഏതാണു ശരി, ഇനി എന്താണു ചെയ്യേണ്ടത് എന്നറിയാതെ കുഴങ്ങുന്നത് പാവം കേരള ജനതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP