Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഐയിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി ലൈൻ; സെക്രട്ടറി ആക്കുന്നത് കെ എം മാണിക്ക് ബദലായി യുഡിഎഫിനെ കാക്കാൻ മുഖ്യമന്ത്രി കണ്ടെത്തിയ നേതാവ്; ഇനി സിപിഎമ്മിന് സിപിഐ മുന്നണി വിടുന്ന നേരം നോക്കി കാത്തിരിക്കാം

സിപിഐയിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി ലൈൻ; സെക്രട്ടറി ആക്കുന്നത് കെ എം മാണിക്ക് ബദലായി യുഡിഎഫിനെ കാക്കാൻ മുഖ്യമന്ത്രി കണ്ടെത്തിയ നേതാവ്; ഇനി സിപിഎമ്മിന് സിപിഐ മുന്നണി വിടുന്ന നേരം നോക്കി കാത്തിരിക്കാം

ബി രഘുരാജ്

തിരുവനന്തപുരം: സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത് ഇടത് - വലത് ബന്ധത്തിൽ വമ്പൻ പൊളിച്ചെഴുത്തിന് കാരണമായേക്കാം. ഏറെനാളായി തുടർന്ന കാരണവരെ തെറി പറഞ്ഞ് കുടുംബത്തിലെ വീതം പിടിച്ചുവാങ്ങുന്ന സിപിഐ ശൈലി പൂർവ്വാധികം ശക്തിയായി തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ടാണ് കാനം തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മും സിപിഐയും കൂടുതൽ സഹകരണത്തോടെ മുൻപോട്ട് പോകണമെന്ന് വിശ്വസിക്കുന്ന അണികളെ നിരാശരാക്കുന്ന തീരുമാനമാണ് കോട്ടയത്ത് നിന്നും കേട്ടത്. അണികളുടെ വികാരത്തേക്കാൾ നേതൃത്വത്തിന്റെ വികാരത്തിന് മുൻഗണന ലഭിച്ചതോടെ കാനം രാജേന്ദ്രൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

യുഡിഎഫുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കാനം രാജേന്ദ്രൻ എന്നത് ഏറെ ശ്രദ്ധേയമാണ്. കെ എം മാണി മുന്നണി വിടാനുള്ള നീക്കം സജീവമാക്കിയപ്പോൾ ഒക്കെ ഉമ്മൻ ചാണ്ടി ബലമായി കരുതിയത് കാനം രാജേന്ദ്രനെ തന്നെയാണ്. മാണി മുന്നണി വിട്ടാൽ സഹായിക്കാമെന്ന കാനത്തിന്റെ ഉറപ്പിലായിരുന്നു പല നീക്കങ്ങളും. കാനം സിപിഐയിൽ ശക്തനായി മാറുന്നത് പോലും ഈ ഉമ്മൻ ചാണ്ടി സ്‌റ്റൈലിന്റെ പേരിലായിരുന്നു. സിപിഐയുമായി നടത്തിയ ഒത്തുതീർപ്പിന്റെ പേരിലാണ് കെ എം മാണി കടുംകൈ കാണിക്കാതെ അവസാനം മാറി നിന്നത്. മുന്നണി വിട്ടാലും സർക്കാറിന് ക്ഷീണിപ്പിക്കാൻ സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് മാണി ഇടക്ക് പിൻവലിഞ്ഞതും പിന്നീട് ബാർകോഴ വിവാദത്തിൽ പെടുന്നതും.

സിപിഐ ദേശീയ തലത്തിൽ തന്നെ എടുത്ത ഒരു ലൈനിന്റെ ഭാഗമാണ് കാനത്തെ മുൻനിർത്തി നടത്തിയ നീക്കം. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് കരുതുന്നവരുടെ കൂടെയാണ് സിപിഐ. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഒഴികേ മറ്റെല്ലാ സംസ്ഥാനങ്ങളും സിപിഎമ്മിനേക്കാൾ ശക്തമാണെങ്കിലും ഇനി കോൺഗ്രസുമായി ചേർന്ന് ഒരു നവ ഇടതുപക്ഷ കെട്ടിപ്പെടുത്താൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്നാണ് സിപിഐ നേതൃത്വവും കരുതുന്നത്. ഈ ലൈനിന്റെ ഭാഗമായാണ് സിപിഐ സിപിഎമ്മിനോട് അകലുന്നത്. ബിജെപി വലത് ശക്തി പ്രാപിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർക്ക് അനുകൂലമായ ഒരു സഖ്യമാണ് സിപിഐ ലക്ഷ്യമിടുന്നത്. ഈ ലൈനിന് ദേശീയ തലത്തിൽ തന്നെ അംഗീകാരം ഉണ്ട്. കേരളത്തിലെ പാർട്ടിയുടെ താൽപ്പര്യവും ഇതുതന്നെയാണെന്നാണ് വിലയിരുത്തൽ.

കെ എം മാണിയെ കുരുക്കിയ ബാർകോഴ വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ കേരളാ കോൺഗ്രസ് എം ഇപ്പോൾ എൽഡിഎഫിൽ ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാണിയുമായി സിപിഎമ്മിന് അടുക്കാൻ സാധിക്കില്ല. എന്നാൽ, വിവാദങ്ങൾ അടങ്ങിയ ശേഷം തിരുവിതാംകൂറിൽ എൽഡിഎഫിനെ ശക്തിപ്പെടുത്താൻ ഭാവിയിൽ വീണ്ടുമൊരു നീക്കം സിപിഐ(എം) നടത്തിയേക്കാം. അങ്ങനെ ഒരു സാഹചര്യമുണ്ടായിൽ ആദ്യം എതിർക്കുന്നത് സിപിഐ തന്നെയാകും. ഇത് ഉരസലായി വളർന്നാൽ യുഡിഎഫിലേക്കുള്ള വഴി തുറക്കാൻ പറ്റിയ നേതാവ് കാനമാണെന്നാണ് സിപിഐ കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നത്.

അടുത്തിടെ തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ കോൺഗ്രസുമായി സഖ്യം ചേർന്നിരുന്നു. എന്നിട്ടു കൂടി കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ കോൺഗ്രസുമായി ഇനിയും കൂട്ടുകൂടാൻ വൈകേണ്ട എന്ന നിലപാടാണ് സിപിഐ ദേശീയ നേതൃത്വത്തിന്. കേരളത്തിലും ബിജെപി ഭീഷണി ആയാൽ യുഡിഎഫിലേക്ക് ചേക്കേറാനുള്ള പാലമിടുക കൂടിയാണ് സിപിഐ ദേശീയ നേതൃത്വം കാനത്തെ സെക്രട്ടറിയാക്കി ഉയർത്തിയതിലൂടെ ചെയ്തിരിക്കുന്നത്. കെ എം മാണിയുടെ ഇടതുപ്രവേശനത്തിന് തടസമിട്ടത് സിപിഐ ആണെന്നാണ് സ്ഥാനമൊഴിഞ്ഞ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കിയിരുന്നത്. ഈ വേളയിൽ തന്നെയാണ് മാണിയെ സിപിഐ(എം) അടർത്തിയെടുത്താൽ സിപിഐയെ അടർത്തിയെടുക്കാൻ ഉമ്മൻ ചാണ്ടി തന്ത്രം മെനഞ്ഞതും കാനം രാജേന്ദ്രനുമായി സംസാരിച്ചതും.

മുന്നണിയിൽ സിപിഐ(എം) കാട്ടുന്ന വല്യേട്ടൻ മനോഭാവത്തെ തുറന്നെതിർക്കുന്ന ശൈലിക്ക് തുടക്കമിട്ടത് സി കെ ചന്ദ്രപ്പനായിരുന്നു. പക്ഷേ, അന്നൊന്നും മുന്നണി വിട്ടൊരു കളിക്കും അദ്ദേഹം തയ്യാറായിരുന്നില്ല. സിപിഎമ്മിനെ എതിർക്കുന്ന കാര്യത്തിൽ കാനം രാജേന്ദ്രനും ചന്ദ്രപ്പന്റെ പാതയിലാണ്. എന്നാൽ, വേണ്ടി വന്നാൽ മറുകണ്ടം ചാടുകയും വേണമെന്ന പക്ഷക്കാരനാണ് കാനം രാജേന്ദ്രൻ. പാർട്ടിയുടെ സമുന്നതനായ നേതാവ് സി അച്യുതമേനോനെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചത് കോൺഗ്രസ് ആയിരുന്നു എന്ന കാര്യം ഓർക്കണമെന്നാണ് അദ്ദേഹം തന്നെ അനുകൂലിക്കുന്നവരോട് പറയാറ്. അതുകൊണ്ട് സിപിഐ(എം) കൈയഴിഞ്ഞാലും സിപിഐ അനാഥമാകില്ലെന്ന പക്ഷക്കാരൻ കൂടിയാണ് കാനം.

അടുത്തിടെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സഹകരണബാങ്ക് ഭരണം പിടിക്കാൻ സിപിഐ- കോൺഗ്രസ് സഖ്യം രൂപപ്പെട്ട സംഭവം ഉണ്ടായിരുന്നു. അന്ന് സിപിഎമ്മിനെ തോൽപിക്കാനാണ് മുന്നണി ബന്ധങ്ങൾ മറന്ന് സഖ്യമുണ്ടായത്. പുതിയ സഖ്യം തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയുമുണ്ടായി. അന്ന് കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുന്നതിന് അനുകൂലമായി നിന്ന നേതാക്കളുടെ പക്ഷത്തായിരുന്നു കാനം രാജേന്ദ്രൻ. കോടിയേരി ബാലകൃഷ്ണൻ എന്ന ശാന്തപ്രകൃതക്കാരൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായതോടെ എൽഡിഎഫുമായി ഒത്തുപോകാൻ കാനത്തിന് കഴിയുമെന്നാണ് സിപിഐ അണികൾ പ്രതീക്ഷിക്കുന്നതും. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും കാനത്തിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് വിലയിരുന്നു. സിഐടിയു പോലും ഇടപാടാൻ മടിച്ചു നിന്ന അസംഘടിത തൊഴിലാളി മേഖലയിൽ സജീവമായി ഇടപെടൽ നടത്തിയ പാർട്ടിക്ക് വേരുകളുണ്ടാക്കിയ നേതാവെന്ന ഖ്യാതിയോടെയാണ് കാനം ഇപ്പോൾ പാർട്ടിയുടെ സെക്രട്ടറി പദവിയിലേക്ക് എത്തിയത്. കാനത്തിന്റെ സെക്രട്ടറി സ്ഥാനം കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

1950 നവംബർ 10ന് കോട്ടയത്തെ കാനത്താണ് അദ്ദേഹം ജനിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയുമായിരുന്നു കാനം രാജേന്ദ്രന്റെ വളർച്ച. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി. തുടർന്ന് സിപിഐയിലേക്കും ദേശീയ നേതൃത്വത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ട്രേഡ് യൂണിയൻ രംഗത്തെ സമരങ്ങൾ ഏറ്റെടുത്ത് പ്രശസ്തി നേടി. 1978ൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയുമായി. 1982ലും 87 ലും കോട്ടയം വാഴൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ എ.ഐ.ടി.യു.സി സംസ്ഥാന ജന സെക്രട്ടറിയായി. 2012 ൽ സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായി. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ പ്രസിഡന്റുമാണ്. 1982ൽ കാനം രാജേന്ദ്രൻ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെ തുടർന്നാണ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP