Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

പ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനും

പ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ പ്രതിസന്ധിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. അധികാരം ഇല്ലാത്ത പത്ത് വർഷങ്ങളാണ് കോൺഗ്രസിനെ ശരിക്കും വെല്ലുവിളിയിലാക്കുന്നത്. ഈ ഘട്ടത്തിലാണ് അണികളുടെ ആഗ്രഹപ്രകാരം കെ സുധാകരനെ കെപിസിസി അധ്യക്ഷനായും വി ഡി സതീശനെ പ്രതിപക്ഷ നേതാവായും പാർട്ടി ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. കെ സുധാകരൻ അധ്യക്ഷനാതോടെ അണികൾ ആവേശത്തിലാണെങ്കിലും ഗ്രൂപ്പുകൾ കടുത്ത എതിർപ്പിലാണ്.

കോൺഗ്രസിലെ കേഡർ എന്നു പറയാവുന്ന ഉമ്മൻ ചാണ്ടി നയിക്കുന്ന എ വിഭാഗമാണ് ഇവരുടെ ഗ്രൂപ്പു ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത വിധത്തിൽ ദുർബലമായി മാറിയിരിക്കുന്നത്. പ്രധാനപ്പെട്ട പദവികളിൽ മുമ്പ് ചെന്നിത്തല നയിച്ച ഐ ഗ്രൂപ്പിന്റെ നേതാക്കളായിരുന്ന സുധാകരനും സതീശനും എത്തിയതോടെ എ വിഭാഗം നേതാക്കൾക്ക് യാതൊരു പദവിയും ഇല്ലാത്ത അവസ്ഥയിലാണ്. പ്രായമായെങ്കിലും ഗ്രൂപ്പുകളിയിൽ എന്നും മുമ്പനായിരുന്ന ഉമ്മൻ ചാണ്ടി ഇതോടെ കടുത്ത അമർഷത്തിലാണ്. ഹൈക്കമാൻഡ് ഇടപെട്ടിടടും ഉമ്മൻ ചാണ്ടിയുടെ കോപം ശമിപ്പിക്കാൻ സാധിച്ചിട്ടില്ല.

അരനൂറ്റാണ്ടായി പോറ്റി വളർത്തിയ ഗ്രൂപ്പന് പ്രസക്ത നഷ്ടപ്പെട്ടതോടെ ഉമ്മൻ ചാണ്ടി എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സതീശനും സുധാകരനുമുണ്ട്. തന്നെ കൂടെ നിന്നവർ ചരിച്ചെന്ന് രമേശ് ചെന്നിത്തല വിലപിക്കുമ്പോഴും ഇത് ഐ ഗ്രൂപ്പിനുള്ളിലെ കുടുംബപ്രശ്‌നമായി ഒതുങ്ങി തീരാനാണ് സാധ്യത കൂടുതൽ. കാരണം ഏകീകൃത ഐ ഗ്രൂപ്പിനെ നയിച്ച നേതാവായിരുന്നു ചെന്നിത്തല. അദ്ദേഹത്തിന് വ്യക്തിപരമായി നഷ്ടം സംഭവിച്ചെങ്കിലും വിശാല ഐ ഗ്രൂപ്പിൽ രണ്ട് സുപ്രധാന പദവികളാണ് ലഭിച്ചിരിക്കുന്നത്. മറുവശച്ച് കേഡറായ എ ഗ്രൂപ്പിൽ ആകെ ഇപ്പോൾ ഉള്ളത് യുഡിഎഫ് കൺവീനർ പദവി മാത്രം. ഈ പദവിയിലേക്ക് ഐ ഗ്രൂപ്പിലെ തന്നെ കെ മുരളീധരൻ എത്തിയാൽ ഒരു സ്ഥാനവും ഇല്ലാത്ത അവസ്ഥ വരും.

അതേസമയം ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് ഇപ്പോൾ നേതൃസ്ഥാനത്തുള്ള സുധാകരനും സതീശനുമുള്ളത്. അതുകൊണ്ട് തന്നെ പൊതു രാഷ്ട്രീയത്തിൽ ഇവർക്ക് തിളക്കം കൂടുകയും ചെയ്യും. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ എ ഗ്രൂപ്പിനെ തീർത്തും ഛിന്നഭിന്നമാക്കിയിരുന്നു. ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തിക്കാൻ ഉമ്മൻ ചാണ്ടി ശ്രമം നടത്തി. ഇവിടെ മുതലാണ് ഉമ്മൻ ചാണ്ടിക്ക് കളി പിഴച്ചത്. എ ഗ്രൂപ്പിലെ തന്നെ പ്രമുഖരായ യുവ നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യത്തിനും വിരുദ്ധമായി സതീശൻ മതിയെന്ന നിലപാട് എടുത്തു. മുതിർന്ന നേതാക്കളായ തിരുവഞ്ചൂരും ബാബുവും പി ടി തോമസും അടക്കമുള്ളവർക്ക് അവരെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി പിന്തുണക്കാത്തതിന്റെ പരിഭവവുമായിരുന്നു.

ഇതിനിടെയാണ് മുമ്പ് തന്നെ സതീശനുമായി ബന്ധം പുലർത്തിയിരുന്ന ഷാഫി പറമ്പിലും സിദ്ധിഖും അടക്കമുള്ളവർ സതീശനോട് എതിർപ്പില്ലെന്ന നിലപാട് സ്വീകരിച്ചത്. ഇത് ഗ്രൂപ്പിന്റെ കെട്ടുറപ്പിനെ ബാധിച്ചതിന് പിന്നാലെയാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷനാകുന്നതും. ഭൂരിപക്ഷത്തിന്റെ പിന്തുണയോടും ഹൈക്കമാൻഡിന്റെ താൽപ്പര്യവുമാണ് സുധാകരനെ നേതാവാക്കിയത്. ചെന്നിത്തല ഇന്നലെ പൊട്ടിത്തെറിച്ചത് അദ്ദേഹത്തിന് മാന്യമായ പദവി ലഭിക്കാൻ വേണ്ടി കൂടിയാണ്. അധികം താമസിയാതെ എ കെ ആന്റണി ഡൽഹി രാഷ്ട്രീയം മതിയാക്കി കേരളത്തിലേക്ക് മടങ്ങും. അപ്പോൾ വർക്കിങ് കമ്മറ്റിയിലേക്ക് രമേശ് ചെന്നിത്തലയെ എത്തിക്കാനും സംഘടനാ ചുമതല നൽകാനും രാഹുൽ ഗാന്ധി തന്നെ ശ്രമിക്കുന്നുണ്ട്. ഇതോടെ ഐ ഗ്രൂപ്പിലെ പ്രശ്‌നങ്ങൾ തീരും.

അതേസമയം മറുവശച്ച് ഉമ്മൻ ചാണ്ടിക്ക് ശരിക്കും മുറിവേറ്റിരിക്കയാണ്. അദ്ദേഹം എന്തു തീരുമാനം കൈക്കൊള്ളുമെന്ന സംശയം കോൺഗ്രസിന്റെ ഇരു നേതാക്കൾക്കുമുണ്ട്. ഇപ്പോൾ ഉമ്മൻ ചാണ്ടിയുമായി ചേർന്നു പോകാനാണ് സുധാകരനും തീരുമാനിക്കുന്നത്. വർക്കിങ് പ്രസിഡന്റ് നിയമനത്തിൽ എ ഗ്രൂപ്പിൽ നിന്നും രണ്ട് നേതാക്കളുണ്ട്. ടി സിദ്ദിഖും പി ടി തോമസും. മലബാറിൽ നിന്നുള്ള ന്യൂനപക്ഷ പ്രതിനിധിയും യുവ സാന്നിധ്യവും എന്ന നിലയിൽ ടി. സിദ്ദിഖിനും നറുക്കുവീണു. അതായത് എ ഗ്രൂപ്പിന്റെ നോമിനി ആയല്ല, കെ സി വേണുഗോപാൽ കൂടി താൽപ്പര്യമെടുത്താണ് സിദ്ദിഖിനെ നിയമിച്ചത്. ഇതോടെ സിദ്ദിഖ് മറുകണ്ടം ചാടിയെന്ന വികാരമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്.

മുമ്പ് സതീശൻ പാച്ചേനി എ ഗ്രൂപ്പ് വിട്ടപ്പോഴും ഉമ്മൻ ചാണ്ടി പൊറുത്തിരുന്നില്ല. ഇതാണ് രണ്ട് തവണ കണ്ണൂരിൽ തോൽക്കാൻ ഇടയാക്കിയതെന്നും കോൺ്ഗ്രസുകാർ അടക്കം പറയുന്നുണ്ട്. ഈ പാതയിലാണ് ഷാഫിയും സിദ്ധിഖുമെന്ന അടക്കം പറച്ചിലുണ്ട്. അതേസമയം എ ഗ്രൂപ്പ് ചിഹ്നഭിന്നമാകുമ്പോഴും ഐ ഗ്രൂപ്പ് കെ സി വേണുഗോപാലിന്റെ തണലിൽ കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. അതേസമയം ഉമ്മൻ ചാണ്ടിയുടെ നീക്കം എന്താകുമെന്ന ആശങ്ക കെ സുധാകരന് ഉണ്ടുതാനും.

3 വർക്കിങ് പ്രസിഡന്റുമാരെ നിശ്ചയിച്ചതും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുൻകൂട്ടി അറിഞ്ഞിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായം ചോദിച്ചപ്പോൾ നേതാക്കൾ സഹകരിക്കാത്തതിൽ ഹൈക്കമാൻഡിന് ഉമ്മൻ ചാണ്ടിയോടുള്ള കടുത്ത നിലപാടിനും കാരണമായത്. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നു എന്നല്ലാതെ വർക്കിങ് പ്രസിഡന്റുമാരെ ഒപ്പം നിയോഗിക്കുമെന്ന് ഈ ഉന്നത നേതാക്കളെ അറിയിച്ചിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിയെ വരെ ഇരുട്ടിൽ നിർത്തി കേരളത്തിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രീതിയോടുള്ള അനിഷ്ടം ചെന്നിത്തലയും മുല്ലപ്പള്ളിയും നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.

സുധാകരന്റെയും 3 വർക്കിങ് പ്രസിഡന്റുമാരുടെയും നിയമനം സംബന്ധിച്ച കത്തിൽ മെയ് 8 എന്ന തീയതി കണ്ടതും ചർച്ചാവിഷയമായി. ഇത് നേരത്തെ എടുത്ത തീരുമാനമായിരുന്നു എന്നായിരുന്നു ഉയർന്ന വികാരം. അതേസമയം മുറിവേറ്റ നേതാക്കളെ കണ്ട് സഹകരണം തേടിയാണ് സുധാകരൻ മുന്നോട്ടു പോകുന്നത്. ഇനി ഡിസിസി അധ്യക്ഷന്മാരുടെ നിയമനമാണ്. ഇത് ഗ്രൂപ്പു വടംവലിയിൽ കുരുങ്ങനാണ് സാധ്യത കൂടുതൽ. ഉമ്മൻ ചാണ്ടി അടക്കം കരുത്തുകാട്ടുക ഈ ഘട്ടത്തിലാകുമെന്ന വികാരം ശക്തമായി ഉയർന്നിട്ടുണ്ട്.

ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന രീതി ഇക്കുറി വേണ്ടെന്നു രാഹുൽ നിർദ്ദേശിച്ചിരുന്നു. തീരുമാനം അടിച്ചേൽപിക്കുന്നത് ഒഴിവാക്കാനും താൽപര്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണു ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ ഗ്രൂപ്പ് നേതാക്കളെയും ജനപ്രതിനിധികളെയും ഭാരവാഹികളെയും ഫോണിൽ വിളിച്ച് അഭിപ്രായം തേടിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരുടെയും പേരു നിർദ്ദേശിച്ചില്ല. സുധാകരനെ എതിർക്കാത്തത് സമ്മതം മൂളലായി ഹൈക്കമാണ്ട് വിലയിരുത്തി. അപ്പോഴും വർക്കിങ് പ്രസിഡന്റുമാരുടെ നിയമനം ആരും പ്രതീക്ഷിച്ചില്ല.

വർക്കിങ് പ്രസിഡന്റുമാരിൽ പി ടി തോമസിന് ഗ്രൂപ്പില്ലെന്നാണ് വയ്പ്. എന്നാൽ ഉമ്മൻ ചാണ്ടിയോടായിരുന്നു എന്നും രാഷ്ട്രീയ അടുപ്പം. അതുകൊണ്ട് തോമസിന് ചാർത്തിക്കൊടുക്കുന്ന എ ഗ്രപ്പിന്റെ പരിവേഷമാണ്. കൊടിക്കുന്നിലിന് എകെ ആന്റണിയോടാണ് താൽപ്പര്യം. അതിനാൽ കൊടിക്കുന്നിലിനേയും എ ഗ്രൂപ്പിന്റെ പട്ടികയിൽ ഉൾപ്പെടുത്താം. വയനാട് ലോക്സഭാ സീറ്റ് രാഹുലിന് വേണ്ടി മത്സരിക്കാൻ വിട്ടുകൊടുത്ത നേതാവാണ് സിദ്ദിഖ്. കൽപ്പറ്റയിൽ നിന്ന് സിദ്ദിഖ് ജയിച്ച് എംഎൽഎയുമായി. ഈ നേതാവിനെ ചേർത്തു നിർത്താനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ ചിറകിൽ നിന്നും സിദ്ധിഖും പതിയെ വഴിമാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP