Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസിലേത് ഉമ്മൻ ചാണ്ടിയുടെ മൗനത്തിൽ പിറന്ന ഭൂമികുലുക്കം..! പ്രതിസന്ധിയിൽ ഘടകകക്ഷികളെ കൂട്ടിയുള്ള പഴയ ഒളിപ്പോര് വീണ്ടും പയറ്റുമ്പോൾ ആടിയുലഞ്ഞ് യുഡിഎഫ്; കെ മുരളീധരന് പിന്തുണയുമായി എ വിഭാഗക്കാർ എത്തിയതോടെ വ്യക്തമാകുന്നത് ഗ്രൂപ്പ് സമവാക്യങ്ങളിലെ സാരമായ മാറ്റം; ഡിസിസി പുനഃസംഘടനയിലെ തഴയപ്പെട്ടതിന്റെ കണക്കു തീർക്കാൻ രണ്ടും കൽപ്പിച്ച് ഉമ്മൻ ചാണ്ടി

കോൺഗ്രസിലേത് ഉമ്മൻ ചാണ്ടിയുടെ മൗനത്തിൽ പിറന്ന ഭൂമികുലുക്കം..! പ്രതിസന്ധിയിൽ ഘടകകക്ഷികളെ കൂട്ടിയുള്ള പഴയ ഒളിപ്പോര് വീണ്ടും പയറ്റുമ്പോൾ ആടിയുലഞ്ഞ് യുഡിഎഫ്; കെ മുരളീധരന് പിന്തുണയുമായി എ വിഭാഗക്കാർ എത്തിയതോടെ വ്യക്തമാകുന്നത് ഗ്രൂപ്പ് സമവാക്യങ്ങളിലെ സാരമായ മാറ്റം; ഡിസിസി പുനഃസംഘടനയിലെ തഴയപ്പെട്ടതിന്റെ കണക്കു തീർക്കാൻ രണ്ടും കൽപ്പിച്ച് ഉമ്മൻ ചാണ്ടി

ബി രഘുരാജ്

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിലെ രാഷ്ട്രീയ ചാണക്യനായ ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞെന്ന് വിമർശിച്ചവർ പോലും അദ്ദേഹത്തെ എഴുതി തള്ളേണ്ടെന്ന നിലപാടുകാരായിരുന്നു. ഡിസിസി പുനഃസംഘടനയോടെ ഇപ്പോൾ കോൺഗ്രസിൽ ഉരുണ്ടുകൂടുന്ന പ്രശ്‌നങ്ങൾ ചുരുക്കത്തിൽ ഉമ്മൻ ചാണ്ടിയുടെ മൗനത്തിൽ നിന്നും പിറന്ന ഭൂമികുലുക്കമാണ്. മുൻകാലത്ത് കെ കരുണാകരനെയും പിന്നീട് എ കെ ആന്റണിയുടെയും കസേര തെറിപ്പിച്ച ഉമ്മൻ ചാണ്ടി തന്ത്രത്തിൽ ഇത്തവണ ഉന്നം വെക്കുന്നത് രണ്ട് തലകളാണ്. ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രണ്ടാമതായി കെപിസിസി അധ്യക്ഷൻ വി എം സുധീരനും. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിൽ ആണെങ്കിലും ഇരുവരുടെയും നിലപാടുകളാണ് ഉമ്മൻ ചാണ്ടിയെയും എ ഗ്രൂപ്പിനെയും ഇപ്പോഴത്തെ നിലയിൽ എത്തിച്ചത്. ഡിസിസി പുനഃസംഘടനയിൽ ഇക്കാര്യം ശരിക്കും വ്യക്തമാകുകയും ചെയ്തു ഇതോട രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയിരിക്കയാണ് ഉമ്മൻ ചാണ്ടി.

യുഡിഎഫിലെ മുസ്ലിംലീഗിനെയും ഇപ്പോൾ വിട്ടുപോയ കെ എം മാണിയെയും കൂട്ടു പിടിച്ചു കൊണ്ട് തന്നെയായിരുന്നു എക്കാലവും ഉമ്മൻ ചാണ്ടിയുടെ ഒളിയുദ്ധങ്ങൾ. ഈ യുദ്ധമുറ തന്നെയാണ് ഇപ്പോൾ അദ്ദേഹം സുധീരനും ചെന്നിത്തലയ്ക്കും എതിരെ പ്രയോഗിക്കുന്നത്. ഇതിന് വേണ്ടി ഉമ്മൻ ചാണ്ടി സ്വീകരിച്ചിരിക്കുന്ന മാർഗ്ഗം വിഘടിച്ചു നിൽക്കുന്ന ഐ ഗ്രൂപ്പിനെ ശിഥിലമാക്കുക എന്നതാണ്. കരുത്തു ചോർന്നിരിക്കുന്ന ഐ ഗ്രൂപ്പിൽ നിന്നും നേതാക്കളെ ഒപ്പം നിർത്താനുള്ള നീക്കത്തിന്റെ ഭാഗം തന്നെയാണ് ഇന്ന് കെ മുരളീധരനെ പിന്തുണച്ച് സുധീരന് കത്തയച്ചിരിക്കുന്നതും. വിഷയത്തിൽ സുധീരന്റെ നിലപാടിനൊപ്പം നിൽക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെയാണ് മുരളിയുടെ എതിരാളിയെന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് കത്തയച്ചതും.

മുൻ കാലങ്ങളിൽ ഒപ്പമുണ്ടായിരുന്ന കെ എം മാണി ഇപ്പോഴില്ലെങ്കിലും ജോണി നെല്ലൂരും ഇ ടി മുഹമ്മദ് ബഷീറും രംഗത്തിറങ്ങിയതിന് പിന്നിൽ സുധീരൻ-ചെന്നിത്തല വിരുദ്ധ വികാരമാണെന്നാണ് വ്യക്തമാണ്. ചെന്നിത്തലയുടെ ആർഎസ്എസ് അനുകൂല നിലപാടായിരുന്നു എന്നും ലീഗിന് പ്രശ്‌നം. ഈ വിഷയം പലതവണ ചൂണ്ടിക്കാട്ടിയ ഇ ടി തന്നെയാണ് യുഡിഎഫ് പ്രതിഷേധങ്ങൾക്ക് മൂർച്ച പോരെന്ന പറഞ്ഞു രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ, രണ്ട് പേർക്കെതിരെയും പരസ്യമായി രംഗത്തിറങ്ങാൻ ഉമ്മൻ ചാണ്ടിയില്ല, അണികളെ പാർട്ടി നേതൃത്വത്തിന് എതിരാക്കി മാറ്റുക എന്നതാണ് ഉമ്മൻ ചാണ്ടിയുടെ തന്ത്രം. ഇതിനായി പലകാരണങ്ങൾ അവർ നിരത്തുന്നു.

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനും വി എം സുധീരനുമെതിരെ ആഞ്ഞടിച്ച കെ മുരളീധരൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തെന്ന സൂചനയാണ് പാർട്ടി പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്. സിപിഎമ്മിനും ഇടത് രാഷ്ട്രീയത്തിനുമെതിരെ കോൺഗ്രസ് അണികൾക്കിടയിൽ കെ കരുണാകരൻ വളർത്തിക്കൊണ്ടു വന്ന വിദ്വേഷം ആളിക്കത്തിച്ച് സാധാരണ പാർട്ടി പ്രവർത്തകരെ സംസ്ഥാന നേതൃത്വത്തിനെതിരാക്കുകയെന്ന ശൈലിയാണ് കെ മുരളീധരൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കൾ അഭിപ്രായപ്രകടനം നടത്തുമ്പോൾ പക്വത കാണിക്കണമെന്ന പ്രസ്താവനയുമായി കെപിസിസി ഉപാധ്യക്ഷനായ വി.ഡി സതീശൻ എം.എൽഎ രംഗത്തെത്തിയെങ്കിലും തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നെന്ന പ്രതികരണമാണ് മുരളിയിൽ നിന്നുണ്ടായത്.

ഇതിനിടെ ഘടകകക്ഷിനേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എംപി, ജോണിനെല്ലൂർ എന്നിവരും കോൺഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞതും മുരളിയുടെ പ്രതികരണം ശരി വച്ചതും ഉമ്മൻ ചാണ്ടി പക്ഷത്തിന് കരുത്ത് നൽകുന്നതാണ്. മുരളീധരന്റെ സുധീരൻ വിരുദ്ധ പ്രസ്താവന എ വിഭാഗത്തെ ശരിക്കും ആവേശത്തിലാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിനൊപ്പം നിന്നിരുന്ന വി ഡി സതീശനും ഡിസിസി പുനഃസംഘടനയോടെ ഐ വിഭാഗത്തോട് കൂറു കുറവാണ്. തലമുറ മാറ്റത്തെ അനുകൂലിച്ച് യുവാക്കളായ നേതാക്കളുടെ പിന്തുണ തേടാനാണ് സതീശന്റെ ശ്രമം. കെപിസിസി അധ്യക്ഷ പദവി കൂടി ഈ നീക്കത്തിലൂടെ സതീശനുണ്ട്.

കെ കരുണാകരന്റെ അവസ്ഥ ഉമ്മൻ ചാണ്ടിക്കുണ്ടാകുമെന്ന തരത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്നലെ ചാനൽചർച്ചയ്ക്കിടെ പറഞ്ഞത് നിലവിലെ അഭിപ്രായഭിന്നത ഗുരുതരമാക്കിയെന്ന വിലയിരുത്തലിലാണ് സുധീര പക്ഷത്തെ നേതാക്കൾ. ഐ ഗ്രൂപ്പിൽ നിന്നും പരമാവധി പേരെ അടർത്തിയെടുത്ത് ഗ്രൂപ്പ് പ്രവർത്തനം ഊർജ്ജിമാക്കാനുള്ള നീക്കം ഉമ്മൻ ചാണ്ടി നേരിട്ട് തന്നെ നടത്തിയിരുന്നു. സോഷ്യൽ മീഡിയ വഴിയും സജീവമാകാനാണ് ഉമ്മൻ ചാണ്ടി അണികളുടെ നീക്കം. സംഘടനാ തിരഞ്ഞെടുപ്പിൽ മൃഗീയമായ ആധിപത്യം പിടിക്കുക എന്നതാണ് ഇതുവഴി ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത്. പാർട്ടി അധ്യക്ഷപദവിതന്നെയാണ് ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും നയിക്കാൻ താൻ തന്നെ ഉണ്ടാകുമെന്നു ഉമ്മൻ ചാണ്ടി അണികളോട് ഉറച്ചു പറഞ്ഞിട്ടുണ്ട്. ഫലത്തിൽ പ്രതിപക്ഷ നേതാവ് ചെന്നിത്തല ആണെങ്കിലും അതിനെയും കവച്ചുവെക്കുക എന്നതാണ് ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുക.

പാർട്ടി സംവിധാനത്തിൽ നിന്നുകൊണ്ട് എ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിപാടികളിൽ തനിക്ക് പകരക്കാരനായി കെ മുരളീധരനെ പങ്കെടുപ്പിക്കണമെന്ന നിർദ്ദേശവും നേതാക്കൾക്ക് ഉമ്മൻ ചാണ്ടി നൽകിയിട്ടുണ്ടെന്നും അറിയുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ന് പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഉദ്ഘാടകനായി കെ മുരളീധരൻ എത്തിയതെന്നും അറിയുന്നു. ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ച് കെ സുധാകരനും രംഗത്തുണ്ട്.

ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതിൽ തഴയപ്പെട്ടുവെന്ന വികാരമുയർത്തി എ ഗ്രൂപ്പ് നേരത്തേതന്നെ നിസ്സഹകരണ പാതയിലാണ്. കെപിസിസി പ്രസിഡന്റ് മുൻകൈയെടുത്ത് നിശ്ചയിക്കുന്ന പരിപാടികളിൽനിന്ന് ഉമ്മൻ ചാണ്ടി വിട്ടുനിൽക്കുന്നു. അദ്ദേഹം പങ്കെടുക്കാത്തതിനാൽ പാർട്ടിയുടെ രാഷ്ട്രീയകാര്യസമിതിയോഗം പോലും ചേരാനായിട്ടില്ല. സംഘടനാതിരഞ്ഞെടുപ്പിലൂടെ കെപിസിസി നേതൃത്വത്തിലാണ് എ ഗ്രൂപ്പിന്റെ കണ്ണ്. എ ഗ്രൂപ്പിന്റെ നിസ്സഹകരണം പ്രതിപക്ഷ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തുന്നത്.

സുധീരനെതിരെ വേറെയും കുറ്റപത്രം ഐ പക്ഷം അവതരിപ്പിക്കുന്നുണ്ട്. കെപിസിസി. എക്‌സിക്യുട്ടീവ് ചേർന്നിട്ട് മാസങ്ങളായി, രാഷ്ട്രീയകാര്യസമിതി ചേരാനാകുന്നില്ല, ജയ്ഹിന്ദ് ടി.വി.യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു, നെയ്യാറിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർസ്ഥാനവും ഏറ്റെടുക്കുന്നില്ല, നാടക, പുസ്തക പ്രസിദ്ധീകരണസമിതികളും നിർജീവമായി തുടങ്ങിയ ആരോപണങ്ങളുടെ മുന സുധീരനുനേർക്കാണ്. എന്നാൽ, ഐ ഗ്രൂപ്പിൽതന്നെ ഇക്കാര്യങ്ങളെച്ചൊല്ലി വിള്ളലുണ്ട്. കെപിസിസി. വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ ഡി.സി.സി.പുനഃസംഘടനയെ ചോദ്യംചെയ്ത് അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന നിലപാടിലാണ്. തലമുറമാറ്റം ഹൈക്കമാൻഡിന്റെ നയമാണെന്നും ഇത്തരത്തിൽ നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പരസ്യമായ പൊട്ടിത്തെറിയിലേക്ക് കോൺഗ്രസിലെ കാര്യങ്ങളെത്തിയത് ഹൈക്കമാൻഡും നിരീക്ഷിക്കുന്നുണ്ട്. താഴെ തട്ടിൽ വരെ ഗ്രൂപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. താഴെ തട്ടിൽ അണികളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാക്കാനാണ് എ ഗ്രൂപ്പ് മാനേജർമാരുടെ നിർദ്ദേശം. ബെന്നി ബെഹനാനും ഗ്രൂപ്പിന്റെ തലവന്മാരും നേരിട്ടു തന്നെ ഓപ്പറേഷന് രംഗത്തുണ്ട്. ഇനിയും ഗ്രൂപ്പിനെ ക്ഷീണിപ്പിക്കുന്ന വിധത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണഅ ബെന്നിയുടെ നിലപാട്. അതുകൊണ്ട് തന്നെ എ ഗ്രൂപ്പിലെ കേഡറുകളോട് ഉണർന്നു പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങൾ പോയിക്കഴിഞ്ഞു. എന്നാൽ, പാർട്ടിയിലും പാർലമെന്റ് തലത്തിലും ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ളവർക്ക് തീർത്തും സ്വാധീനമില്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് താഴെ തട്ടില്ലുള്ള ഗ്രൂപ്പുകാർക്ക് താൽപ്പര്യം കുറവാണ്. എങ്കിലും ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം കൊണ്ട് പ്രവർത്തിക്കൂ എന്നാണ് ഗ്രൂപ്പു നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ, പഴയതു പോലെ പരസ്യമായ ഗ്രൂപ്പുകളി ഇപ്പോൾ സാധ്യമല്ലെന്ന ബോധ്യം ഉമ്മൻ ചാണ്ടിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രവർത്തനങ്ങൾ പഴയതു പോലെ ഊർജ്ജിതമാക്കാൻ സാധിക്കാത്തതും. ഹൈക്കമാൻഡ് നേരിട്ട് കേരളത്തിലെ വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. ഇതാണ് ഉമ്മൻ ചാണ്ടിക്ക് കൂടുതൽ തിരിച്ചടിയാകുന്നത്. രാഹുൽ ഗാന്ധിയുമായി സ്വരച്ചേർച്ച ഇല്ലായമയാണ് എ ഗ്രൂപ്പിന്റെ തകർച്ചയ്ക്ക് കാരണമായതും. എന്നാൽ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ വേണ്ടിയുള്ള ശ്രമത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കൂടി സമർത്ഥമായി ഉപയോഗിക്കാനാണ് എ ഗ്രൂപ്പുകാരുടെ നീക്കം. ഇതിനായി പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പുകളും രൂപം കൊടുത്തിട്ടുണ്ട്. ഉമ്മൻ ചാണ്ടി സാറിനെ ഇഷ്ടപ്പെടുന്നവർ ഗ്രൂപ്പിൽ അംഗമാകുക എന്ന പേരിലാണ് വാട്‌സ് ആപ്പിലെ പ്രചരണങ്ങൾ നടക്കുന്നത്.

ആയിരക്കണക്കിന് ഗ്രൂപ്പുകൾ ഉണ്ടാക്കാനാണ് ഇതുവഴി കൂടുതൽ സജീവമാകാനും ഉദ്ദേശിക്കുന്നു. ഉമ്മൻ ബ്രിഗേഡ് എന്ന പേരിൽ ഫേസ്‌ബുക്കിൽ പ്രത്യേകം ഗ്രൂപ്പുണ്ടാക്കുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സോഷ്യൽ മീഡിയ പ്രചരണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് മകൻ ചാണ്ടി ഉമ്മൻ നേരിട്ടാണ്. ചാണ്ടി ഉമ്മന്റെ നിർദ്ദേശ പ്രകാരമാണ് സോഷ്യൽ മീഡിയയിൽ എ ഗ്രൂപ്പിനെ സജീവമാക്കാനുള്ള നീക്കങ്ങൾ. ഇത് കൂടാതെ മുഖ്യമന്ത്രി ആയിരുന്ന വേളയിൽ ജനസമ്പർക്ക പരിപാടിയിലൂടെ ആയിരങ്ങൾക്ക് സഹായം ഒരുക്കി നൽകിയ ഉമ്മൻ ചാണ്ടി ഓരോ ഇടങ്ങളിലും നേരിട്ടെത്തി ഇടപെടൽ നടത്താനും ഉദ്ദേശിക്കുന്നുണ്ട്.

കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് താഴെ തട്ടിലുള്ള നേതാക്കളെ കാണാനാണ് ഉമ്മൻ ചാണ്ടി ഉദ്ദേശിക്കുന്നത്. ഇങ്ങനെ നേതാക്കളെ കാണുമ്പോൾ ഗ്രൂപ്പ് നോക്കുകയുമില്ല. ഉമ്മൻ ചാണ്ടി നേരിട്ട് കൂടുക്കാഴ്‌ച്ച നടത്തുമ്പോൾ ഐ ഗ്രൂപ്പുകാർ പോലും മറുകണ്ടം ചാടുമെന്നും വിശ്വസിക്കുന്നു. പൊതുവേ വിദേശ യാത്രകൾക്ക് താൽപ്പര്യക്കുറവുള്ള വ്യക്തിയാണ ഉമ്മൻ ചാണ്ടി. എന്നാൽ, പദവി ഒന്നുമില്ലെങ്കിലും പ്രവാസികളെ കാണാൻ അദ്ദേഹം യാത്രകൾ നടത്താനും തീരുമാനിച്ചു. അടുത്തിടെ തന്നെ വീണ്ടും ഉമ്മൻ ചാണ്ടി ഗൾഫ് സന്ദർശനത്തിന് പദ്ധതിയിടുന്നുണ്ട്. ഇത്തരം യാത്രകളിലൂടെ ഫണ്ട് ശേഖരണം കൂടി ലക്ഷ്യമിടുന്നുണ്ടെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP