Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പുതിയ ഗവർണർമാരുടെ പട്ടിക വന്നപ്പോഴും ഒ രാജഗോപാലിന് നറുക്ക് വീണില്ല; അമിത് ഷായുടെ ശ്രമം ഒരിക്കൽ കൂടി രാജേട്ടനെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കി താമര വിരിയിക്കാൻ; പാർട്ടിക്കുള്ളിലെ ചേരിപ്പോരും മുതിർന്ന നേതാവിന് വിനയായി

പുതിയ ഗവർണർമാരുടെ പട്ടിക വന്നപ്പോഴും ഒ രാജഗോപാലിന് നറുക്ക് വീണില്ല; അമിത് ഷായുടെ ശ്രമം ഒരിക്കൽ കൂടി രാജേട്ടനെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കി താമര വിരിയിക്കാൻ; പാർട്ടിക്കുള്ളിലെ ചേരിപ്പോരും മുതിർന്ന നേതാവിന് വിനയായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ എല്ലാമെല്ലാമാണ് ഒ രാജഗോപാൽ എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദങ്ങളും ജനസ്വാധീനവും ഉള്ള നേതാവാണ് അദ്ദേഹം. കേന്ദ്രത്തിൽ റെയിൽവേ മന്ത്രിയായിരിക്കുമ്പോൾ കേരളത്തിന് വേണ്ടി ചെയ്ത് കാര്യങ്ങൾ തന്നെയാണ് അടുപ്പക്കാർ രാജേട്ടൻ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ ഏവരുടെയും പ്രിയങ്കരനാക്കിയത്. എന്നാൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോഥയിൽ മത്സരിച്ച് പാർട്ടിയുടെ ചാവേർ ആകാൻ തന്നെയാണ് അദ്ദേഹത്തിന്റെ വിധി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയത്തിന്റെ ഘട്ടത്തിൽ നിന്നുമാണ് അദ്ദേഹം പിന്നോട്ടു പോയത്.

ജയിച്ചാലും തോറ്റാലും രാജഗോപാൽ മന്ത്രിയാകുമെന്നും അതല്ല ഗവർണ്ണറാകുമെന്നുമൊക്കെ പറഞ്ഞുകേട്ടു. എന്നാൽ, അതൊട്ട് ഉണ്ടായതുമില്ല. പഴയ അദ്വാനി പക്ഷക്കാരനെന്ന പരിഗണന മോദിക്ക് മുന്നിൽ വന്നപ്പോൾ കേരളത്തിൽ നിന്നുള്ള ഈ നേതാവ് ഒഴിവാക്കപ്പെട്ടു. അപ്പോൾ പ്രതീക്ഷ ഗവർണ്ണറായി നിയമനം ലഭിക്കുമെന്നതായിരുന്നു. കർണ്ണാടക ഗവർണ്ണർ സ്ഥാനം ലഭിക്കുമെന്ന സൂചനയും ഉണ്ടായിരുന്നെങ്കിലും ആ പ്രതീക്ഷയും വെറുതേ ആയി. ഇന്നലെ പുതിയ ഗവർണ്ണർമാരുടെ പട്ടിക പുറത്തുവന്നപ്പോൾ കേരളം കാതോർത്തത് രാജേട്ടൻ ലിസ്റ്റിൽ ഉണ്ടാകുമോ എന്നായിരുന്നു. ഉത്തരവ് ഇറങ്ങിയപ്പോൾ നിരാശയായിരുന്നു ഫലം.

ജാർഖണ്ഡ്, ത്രിപുര, മേഘാലയ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ പുതു മുഖങ്ങളെ പ്രഖ്യാപിച്ചപ്പോൾ രണ്ട് സംസ്ഥാനങ്ങളിൽ ഗവർണർമാരെ കേന്ദ്ര സർക്കാർ മാറ്റി നിയോഗിക്കുകയായിരുന്നു. എന്നിട്ടും കേരളത്തിലെ മുതിർന്ന നേതാവിന്റെ പേര് ബിജെപി കേന്ദ്രനേതൃത്വം ഒഴിവാക്കി. ബിജെപി നേതാവും ഒഡീഷാ മുൻ മന്ത്രിയുമായും ആദിവാസി നേതാവുമായ ദ്രൗപതി മുർമുവിനെ ജാർഖണ്ഡ് ഗവർണറായും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം തഥാഗതാ റോയിയെ ത്രിപുര ഗവർണറായും നിയമിച്ചു.

അരുണാചലിൽ ജെ.പി. രാജ്‌ഖോവയാണ് പുതിയ ഗവർണർ. അസം മുൻ ചീഫ് സെക്രട്ടറിയാണ് 1968 ബാച്ച് ഐ.എ.എസുകാരനായ രാജോഖോവ. ബിജെപി പാർലമെന്രറി പാർട്ടി മുൻ അഡീ.സെക്രട്ടറിയും തമിഴ്‌നാട്ടുകാരനുമായ വി.ഷൺമുഖാനന്ദനാണ് മേഖാലയയുടെ പുതിയ ഗവർണർ. ഝാർഖണ്ഡ് ഗവർണറായിരുന്ന സയിദ് അഹമ്മദിന് മണിപ്പൂരിന്റെ ചുമതല നൽകി. അതേസമയം, അരുണാചൽ ഗവർണറായിരുന്ന നിർഭയ ശർമ്മയെ മിസോറാമിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു.

നിലവിൽ ഗവർണ്ണറായി നിയമിക്കപ്പെട്ടവർ ബിജെപി നേതാക്കൾ ആയിരുന്നവരായിരുന്നു. എന്നാൽ, ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് ഒരു അക്കൗണ്ടും തുറക്കാൻ സാധിക്കാത്ത സംസ്ഥാനത്തെ പരിഗണിക്കേണ്ടെന്ന് അമിത് ഷായുടെ തീരുമാനമാണ് ഒ രാജഗോപാലിന് തിരിച്ചടിയായത്. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ഏത് നിമിഷവും നിയമസഭാ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയേക്കാമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ ഒ രാജഗോപാലിനെ പോലുള്ള മുതിർന്ന നേതാവിനെ ഒരിക്കൽ കൂടി തെരഞ്ഞെടുപ്പ് ഗോഥയിൽ ഇറക്കി താമര വിരിയിക്കാമെന്ന പ്രതീക്ഷയാണ് പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ വച്ചുപുലർത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പോടുകൂടി ബിജെപിയുടെ കേരളത്തിലെ വോട്ടിൽ വൻ വർദ്ധനയാണ് ഉണ്ടായത്. ഇത് നിയമസഭയിൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് നാല് നിയമസഭാ മണ്ഡലങ്ങളിൽ ഒ രാജഗോപാൽ ലീഡ് നേടിയിരുന്നു. അതുകൊണ്ട് സംസ്ഥാനത്തെ ബിജെപിയുടെ ആചാര്യനെ ഒരിക്കൽ കൂടി തെരഞ്ഞെടുപ്പ് രംഗത്ത് ഇറക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് രാജഗോപാലിന് ഗവർണ്ണർ സ്ഥാനം നൽകാതിരുന്നത്.

നിലവിൽ ബിജെപി സംസ്ഥാന രാഷ്ട്രീയത്തിലെ ചേരിപ്പോരും ഒ രാജഗോപാലിന് ഗവർണർ സ്ഥാനം ലഭിക്കാൻ തടസമായി. പി കെ കൃഷ്ണദാസ് വിഭാഗവും വി മുരളീധരൻ വിഭാഗവും തമ്മിൽ ഏറെക്കാലമായി ശീതയുദ്ധത്തിലാണ്. ഈ സാഹചര്യത്തിൽ രണ്ട് കൂട്ടരോടും ഒരുപോലെ ഇടപെടാൻ കഴിവുള്ള നേതാവിനെ ഗവർണറാക്കി ഒതുക്കാൻ സാധിക്കില്ലെന്നാണ് അമിത് ഷാ പറയുന്നത്. നേരത്തെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ സ്ഥാനാർത്ഥിയാകണമെന്ന വിധത്തിൽ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ ഇത്തവണ ഓടാൻ തന്നെ കിട്ടില്ലെന്നാണ് രാജേട്ടന്റെ നിലപാട്.

സംസ്ഥാനത്തെ ചില നേതാക്കൾ തന്നെ ഗ്രൂപ്പിന്റെ ആളാക്കിയതു കൊണ്ടാണ് ഗർണ്ണർ പദവി കിട്ടാതെ പോയതെന്ന് രാജഗോപാൽ കരുതുന്നു. സംസ്ഥാന നേതൃത്വം തനിക്ക് വേണ്ടി സമ്മർദ്ദം ചെലുത്തിയുമില്ല. ഈ സാഹചര്യത്തിൽ അരുവിക്കരയിൽ താൻ വരില്ലെന്നാണ് രാജേട്ടൻ അടുപ്പക്കാരോട് സൂചിപ്പിക്കുന്നത്. പ്രായമുയർത്തി തന്നെ ഒതുക്കാൻ സംസ്ഥാന നേതൃത്വത്തിൽ ശ്രമമുണ്ട്. പിന്നെ എന്തിനാണ് ഉപതെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കുന്നത്. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നാണ് രാജഗോപാലിന്റെ നിലപാട്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ബാക്കിയുള്ള കാലം കഴിയാമെന്നാണ് വിശദീകരണം.

ഇനിയും തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നത് തനിക്ക് പ്രതിച്ഛായാ നഷ്ടവും ഉണ്ടാക്കും. ജയിക്കുമെന്ന് ഉറപ്പു തരാൻ ആർക്കും കഴയില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെടുത്തുന്നവർക്ക് സന്തോഷിക്കാനായി അരുവിക്കരയിൽ മത്സരിക്കാൻ എത്തില്ലെന്ന് നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. എന്തായാലും അരുവിക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരകന്റെ റോളിൽ രാജേട്ടൻ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിന്റെ വിടവാങ്ങൽ തെരഞ്ഞെടുപ്പെന്ന വിധത്തിൽ പ്രചരണം നടത്തി അക്കൗണ്ട് തുറക്കാനാണ് ബിജെപി പദ്ധതി തയ്യാറാക്കുന്നത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP