Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭയിലെ ക്ലീൻ സ്വീപ്പ് ലോക്‌സഭയിൽ ആവർത്തിച്ചില്ല; കൊല്ലത്തിന്റെ `പ്രേമ`ചന്ദ്ര പ്രണയം കൂടുന്നു; ഇടത് കോട്ടകളിലും ഞെട്ടിപ്പിക്കുന്ന ലീഡ്; കെഎൻ ബാലഗോപാൽ ഒന്നരലക്ഷം വോട്ടിന് തോറ്റതിൽ ഞെട്ടി സിപിഎം നേതൃത്വം; പരനാറി പ്രയോഗം ആവർത്തിച്ച പിണറായിക്ക് കൊല്ലത്തെ തോൽവി വ്യക്തിപരമായും തിരിച്ചടി; പ്രസ്റ്റീജ് മണ്ഡലത്തിലും നാണക്കേട് പേറി സിപിഎം; കരുത്ത് കാട്ടി ആർഎസ്‌പിയുടെ ഒറ്റയാൻ

നിയമസഭയിലെ ക്ലീൻ സ്വീപ്പ് ലോക്‌സഭയിൽ ആവർത്തിച്ചില്ല; കൊല്ലത്തിന്റെ `പ്രേമ`ചന്ദ്ര പ്രണയം കൂടുന്നു; ഇടത് കോട്ടകളിലും ഞെട്ടിപ്പിക്കുന്ന ലീഡ്; കെഎൻ ബാലഗോപാൽ ഒന്നരലക്ഷം വോട്ടിന് തോറ്റതിൽ ഞെട്ടി സിപിഎം നേതൃത്വം; പരനാറി പ്രയോഗം ആവർത്തിച്ച പിണറായിക്ക് കൊല്ലത്തെ തോൽവി വ്യക്തിപരമായും തിരിച്ചടി; പ്രസ്റ്റീജ് മണ്ഡലത്തിലും നാണക്കേട് പേറി സിപിഎം; കരുത്ത് കാട്ടി ആർഎസ്‌പിയുടെ ഒറ്റയാൻ

എം മനോജ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമുള്ള വിജയങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുകയാണ് കൊല്ലത്ത് ആർഎസ്‌പിയുടെ എൻ.കെ.പ്രേമചന്ദ്രന്റെ വിജയം. 1,49,772 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥിയായ കെ.എൻ.ബാലഗോപാലിനെ പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് കൃത്യമായ മുൻതൂക്കം നേടിയാണ് പ്രേമചന്ദ്രൻ വിജയിയായതും. ചവറ 74000 വോട്ടുകൾക്കും പുനലൂർ 73000 വോട്ടുകൾക്കും , ചടയമംഗലത്ത് 70000 വോട്ടുകൾ, കുണ്ടറ 68000 വോട്ടുകൾ, കൊല്ലത്ത് 67000 വോട്ടുകൾ, ചാത്തന്നൂർ 63000 വോട്ടുകൾ എന്നിങ്ങനെ വ്യക്തമായ മുൻതൂക്കങ്ങൾ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ പ്രേമചന്ദ്രന് ലഭിക്കുകയും ചെയ്തു.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പോരാട്ടത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായ ഒരു തിരിച്ചടി കൂടിയാണ് പ്രേമചന്ദ്രന്റെ ഈ തിളക്കമുള്ള വിജയം. മുഖ്യമന്ത്രിയുടെ പരനാറി പ്രയോഗമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന് വിജയം സമ്മാനിച്ചത് എന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ഉൾപ്പെടെ ആരോപണങ്ങൾ വന്നത്. അന്ന് പ്രേമചന്ദ്രന്റെ എതിരാളിയായ എം.എ.ബേബി കൂടി ഈ ആരോപണം ഏറ്റുപിടിച്ചിരുന്നു. ഇക്കുറിയും പ്രേമചന്ദ്രന് എതിരെ പരനാറി പ്രയോഗമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു.എന്നാൽ ഈ പരനാറി വിളി ഏറ്റില്ലെന്നും കൊല്ലത്തുകാർ പ്രേമചന്ദ്രന് പരവതാനി തന്നെ നൽകിയെന്നുമാണ് കൊല്ലത്തെ കോൺഗ്രസുകാർ ഇപ്പോൾ പറയുന്നത്. ഇതിൽ വാസ്തവം ഇല്ലാതെയുമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലേക്ക് കേരളത്തിൽ സിപിഎം ഒതുങ്ങിയ തിരിച്ചടിക്ക് പുറമെയാണ് പ്രേമചന്ദ്രന്റെ തിളങ്ങുന്ന വിജയം കൂടി സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്നിലേക്ക് വരുന്നത്. പ്രേമചന്ദ്രനെ ഏറ്റവും എതിർത്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു എന്ന് വരുമ്പോഴാണ് പ്രേമചന്ദ്രന്റെ വിജയം സിപിഎമ്മിനും മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയായി മാറുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ആർഎസ്‌പി ഇടത് മുന്നണി വിട്ടപ്പോൾ കുറ്റക്കാരനായി മുഖ്യമന്ത്രി കണ്ടത് എൻ.കെ.പ്രേമചന്ദ്രനെ മാത്രമായിരുന്നു. ഈ വിദ്വേഷത്തിൽ നിന്നാണ് പിന്നീട് വിവാദം സൃഷ്ടിച്ച പരനാറി പ്രയോഗം മുഖ്യമന്ത്രി എൻ.കെ.പ്രേമചന്ദ്രനെതീരെ ഉതിർക്കുന്നത്. അന്ന് നിയമസഭംഗമായ എം.എ.ബേബി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെതിരെ മത്സരിച്ചപ്പോൾ ബേബി പരാജയപ്പെടാൻ കാരണം അന്ന് പാർട്ടി സെക്രട്ടറിയായി പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗമായിരുന്നു. ഇപ്പോൾ പോളിറ്റ് ബ്യുറോ അംഗമായ എം.എ.ബേബി തന്നെ ഈ കാര്യത്തിൽ പിണറായിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. അന്ന് കുണ്ടറ എംഎൽഎയായ ബേബി തോറ്റ എംഎൽഎയായിമാറാൻ കാരണവും ഈ പ്രയോഗമാണ് എന്നാണ് അടുപ്പമുള്ളവരോട് ബേബി പറഞ്ഞിരുന്നത്. ഈ പ്രശ്‌നങ്ങൾ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു.

അന്ന് പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗം കൊല്ലം ലോക്‌സഭാ സീറ്റിൽ എൻ.കെ.പ്രേമചന്ദ്രനെ ജയിപ്പിക്കാനുള്ള കാരണങ്ങളിൽ ഒന്നായി മാറിയപ്പോൾ അതെ തനിയാവർത്തനമാണ് ഇക്കുറിയും നടന്നത്. പ്രേമചന്ദ്രൻ പരനാറിയാണോ എന്ന് ചോദിച്ചപ്പോൾ ഇക്കുറിയും അതേ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് മുഖ്യമന്ത്രി ഇക്കുറിയും പറഞ്ഞത്. ഇതോടെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പരനാറി പ്രയോഗം വിഷയമായി വന്നു. കഴിഞ്ഞ തവണ പരനാറി പ്രയോഗം പ്രേമചന്ദ്രനെ തുണച്ചപ്പോൾ ഇത്തവണ ശക്തമായി നിലനിന്ന ശബരിമല വികാരത്തിനൊപ്പം പരനാറി പ്രയോഗം കൂടി കടന്നുവന്നു. കഴിഞ്ഞ തവണ 40000-ൽ താഴെ വോട്ടുകൾക്ക് പ്രേമചന്ദ്രൻ എംഎ.ബേബിയെ പരാജയപ്പെടുത്തിയപ്പോൾ ഇക്കുറി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊല്ലത്ത് നിന്ന് പ്രേമചന്ദ്രൻ വിജയിയായത്. ഇതാണ് പ്രേമചന്ദ്രന്റെ തിളക്കമുള്ള വിജയം മുഖ്യമന്ത്രിക്കും സിപിഎമ്മിനും കടുത്ത തിരിച്ചടിയാകുന്നത്.

പ്രേമചന്ദ്രൻ സംഘിയാണെന്നു പറഞ്ഞാണ് പരനാറിയ്‌ക്കൊപ്പം ഇക്കുറി പ്രേമചന്ദ്രന് എതിരെ സിപിഎം രംഗത്ത് വന്നത്. ഇങ്ങിനെ നിരത്താവുന്ന ആരോപണങ്ങൾ മുഴുവൻ നിർത്തിയിട്ടും പ്രേമചന്ദ്രന്റെ കുതിപ്പിന് സിപിഎമ്മിന് തടയിടാൻ കഴിഞ്ഞില്ല. അതുതന്നെ ഇരട്ടി പ്രഹരമായി പ്രേമചന്ദ്രന്റെ വിജയം സിപിഎമ്മിന് മുന്നിൽ നിൽക്കുന്നു. ഇപ്പോൾ പ്രേമചന്ദ്രന്റെ വിജയത്തിന്റെ തിളക്കം കുറയ്ക്കാൻ ബിജെപി വോട്ടു മറിച്ചു എന്ന ആക്ഷേപവും സിപിഎം ഉയർത്തി തുടങ്ങിയിട്ടുണ്ട്. പക്ഷെ എല്ലാത്തിലും മീതെയായി തിളക്കമുള്ള വിജയമായി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് പ്രേമചന്ദന്റെ വിജയം നടന്നു കയറുക തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP