Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുർമുവിനെ കേരളവും കൈവിട്ടില്ല! എല്ലാ സംസ്ഥാനത്തും വോട്ടു കിട്ടി പ്രസിഡന്റായി ആദ്യ ഗോത്ര വർഗ്ഗ വനിത; കൂറുമാറിയത് 2 സംസ്ഥാനങ്ങളിൽനിന്നായി 17 എംപി.മാരും 126 നിയമസഭാംഗങ്ങളും; ജയം ഉറപ്പായിട്ടും ബിജെപി ശ്രമിച്ചത് പരമാവധി വോട്ട് എല്ലായിടത്തു നിന്നും നേടാൻ; ഉത്തരേന്ത്യയിലെ ആദിവാസി വോട്ടുകളെല്ലാം പിടിക്കാൻ മോദി; മുർമുവിന്റേത് അസാധാരണ നേട്ടമാകുമ്പോൾ

മുർമുവിനെ കേരളവും കൈവിട്ടില്ല! എല്ലാ സംസ്ഥാനത്തും വോട്ടു കിട്ടി പ്രസിഡന്റായി ആദ്യ ഗോത്ര വർഗ്ഗ വനിത; കൂറുമാറിയത് 2 സംസ്ഥാനങ്ങളിൽനിന്നായി 17 എംപി.മാരും 126 നിയമസഭാംഗങ്ങളും; ജയം ഉറപ്പായിട്ടും ബിജെപി ശ്രമിച്ചത് പരമാവധി വോട്ട് എല്ലായിടത്തു നിന്നും നേടാൻ; ഉത്തരേന്ത്യയിലെ ആദിവാസി വോട്ടുകളെല്ലാം പിടിക്കാൻ മോദി; മുർമുവിന്റേത് അസാധാരണ നേട്ടമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദ്രൗപതി മുർമു ഇന്ത്യയുടെ പ്രസിഡന്റാകുമെന്ന് ഏവർക്കും ഉറപ്പായിരുന്നു ഓഡീഷക്കാരിയെ സ്ഥാനാർത്ഥിയാക്കിയതോടെ തന്നെ ബിജു ജനതാദള്ളും ആന്ധ്രയിലെ വൈഎസ് ആർ കോൺഗ്രസും മുർമുവിന് പിന്തുണ അറിയിച്ചു. മഹാരാഷ്ട്രയിലെ ഓപ്പറേഷനോടെ ജയം ഉറപ്പായി. എന്നിട്ടും ബിജെപി കരുനീക്കങ്ങൾ തുടർന്നു. എല്ലാ സംസ്ഥാനത്തും ദ്രൗപതിക്ക് വോട്ട് കിട്ടുക. അതായിരുന്നു ലക്ഷ്യം. കേരളത്തിൽ അതിന് സാധ്യതയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. ഒടുവിൽ അതും വിജയിച്ചു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന്റെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. പ്രതിപക്ഷത്തുണ്ടായ ഭിന്നിപ്പും കൂറുമാറിയുള്ള വോട്ടും എതിർസ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ വോട്ടുമൂല്യത്തിൽ കനത്ത ഇടിവുണ്ടാക്കി. ഭൂരിപക്ഷമുറപ്പിക്കാൻ തുടക്കത്തിൽ ഒമ്പതിനായിരത്തിലേറെ വോട്ടുമൂല്യം കുറവുണ്ടായിരുന്ന എൻ.ഡി.എ. ഇതോടെ അനായാസജയം ഉറപ്പിച്ചു. പ്രതിപക്ഷനിരയിൽനിന്ന് 12 സംസ്ഥാനങ്ങളിൽനിന്നായി 17 എംപി.മാരും 126 നിയമസഭാംഗങ്ങളും കൂറുമാറി വോട്ടുചെയ്തതായാണ് സൂചന. ഇതിൽ ഒരാൾ കേരളത്തിലും.

കഴിഞ്ഞ മാസം 20നായിരുന്നു ദ്രൗപദി മുർമുവിനു പ്രായം 63ൽനിന്ന് 64ലേക്കു കടന്നത്. ഗോത്ര വിഭാഗത്തിൽനിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റായി ദ്രൗപദി തിരഞ്ഞെടുക്കപ്പെടുമ്പോൾ കേരളത്തിലും അത് പ്രതിഫലിച്ചു. അറുപത്തിനാല് വയസ്സുള്ള ദ്രൗപതിക്ക് 64% വോട്ടാണ് ല്രഭിച്ചതെന്നതും കൗതുകമായി. യശ്വന്ത് സിൻഹയ്ക്ക് 36 ശതമാനവും. വോട്ടുമൂല്യത്തിന്റെ കണക്കുകൾ വച്ച് വിദഗ്ദ്ധർ വിലയിരുത്തിയിരുന്നത് ദ്രൗപദിക്ക് 61.1% വോട്ട് ഉറപ്പായും ലഭിക്കുമെന്നായിരുന്നു. എന്നാൽ അതും മറികടന്നാണ് വോട്ടുശതമാനം 64ൽ എത്തിയത്.

'ക്രോസ് വോട്ടിങ്' വ്യാപകമായി നടന്നു. ബിജെപിക്ക് ഒരു എംഎൽഎ പോലുമില്ലാത്ത കേരളത്തിൽനിന്ന് ദ്രൗപദിക്ക് ഒരു വോട്ടു ലഭിച്ചതു തന്നെ ബിജെപി എത്രത്തോളം കരുതലും തന്ത്രങ്ങളും ദ്രൗപതിക്കു വേണ്ടി എടുത്തുവെന്നതിന് തെളിവാണ്. ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു വനിതയെ രാഷ്ട്രപതി പദത്തിലേക്ക് ബിജെപി കൊണ്ടുവരുന്നതിന്റെ രാഷ്ട്രീയത്തിൽ ഏറെ സാധ്യതകളുണ്ട്.

ദ്രൗപദിയെ നിശ്ചയിച്ചപ്പോൾ വ്യാപകമായി വിലയിരുത്തപ്പെട്ടതുപോലെ ഗോത്രവർഗ മേഖലയിൽ സ്വാധീനമുണ്ടാക്കിയെടുക്കുക, തിരഞ്ഞെടുപ്പുകളിൽ ജയിക്കുക എന്നതു മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിക്കൂടി സംസാരിക്കുന്ന പാർട്ടിയാണിത് എന്ന സന്ദേശമാണു നൽകുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നു മുദ്രകുത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരെ പരിഗണിക്കുന്നതും ഭരണഘടനാപരമായ പരമോന്നത പദവികൾവരെ പ്രാപ്യമാക്കുന്നതും ബിജെപി ആണെന്ന സന്ദേശവും നൽകുന്നു. എൻഡിഎയുടെ കണ്ടെത്തിയ 3 രാഷ്ട്രപതിമാരും. എ.പി.ജെ.അബ്ദുൽകലാം, റാം നാഥ് കോവിന്ദ് ഇപ്പോൾ ദ്രൗപദി മുർമു ഇവരെല്ലാം ചില പ്രത്യേകതകൾ ഉള്ളവരാണ്.

മോദിയുടെ 'സബ് കാ സാഥ്, സബ്കാ വികാസ്, സബ് കാ വിശ്വാസ്' എന്ന മുദ്രാവാക്യത്തിന്റെ പ്രതീകമായാണ് ദ്രൗപദിയുടെ സ്ഥാനാർത്ഥിത്വം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഗോത്രവർഗ വനിത പരമോന്നത പദവിയിലേക്കെത്തുന്നത്, ബംഗാളിലും ഒഡീഷയിലും ഝാർഖണ്ഡിലും പാർശ്വവൽക്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങളിലെ വനിതകളെയും സ്വാധീനിക്കുമെന്നാണു പാർട്ടി കണക്കുകൂട്ടുന്നത്. ബിജെപിയെ അധികാരത്തിൽ നിന്നു മാറ്റിനിർത്താൻ മാത്രം ശക്തിയുള്ള പ്രാദേശിക കക്ഷികളാണ് ഇവിടെ ഭരിക്കുന്നത്. ഇവർക്കെല്ലാം അദിവാസി ഗോത്ര വിഭാഗത്തിന്റെ പിന്തുണയുണ്ട്.

തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഛത്തീസ്‌ഗഡിൽ 32%, മധ്യപ്രദേശിൽ 21%, ഗുജറാത്തിൽ 15%, രാജസ്ഥാനിൽ 30% എന്നിങ്ങനെ ഗോത്രവർഗക്കാരുണ്ടെന്നാണു കണക്ക്. ഭരണം തിരിച്ചുപിടിക്കാൻ ബിജെപി ആഞ്ഞുശ്രമിക്കുന്ന രാജസ്ഥാനിൽ, ബൻസ്വാഡ മേഖലയിൽ ജനസംഖ്യയുടെ 70 ശതമാനത്തിലേറെ ഗോത്രവർഗക്കാരാണ്. ഈ 4 സംസ്ഥാനങ്ങളിലും കൂടി ഗോത്രവർഗക്കാർക്കായി 128 സീറ്റുകളാണു സംവരണം ചെയ്തിരിക്കുന്നത്. ഇതിൽ 86 സീറ്റുകളും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനാണു ലഭിച്ചത്. ബിജെപിക്കു 35 എണ്ണം കിട്ടി. ബാക്കി പ്രാദേശിക പാർട്ടികൾ പങ്കിട്ടു. ഇതു മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വിശാലമായ പദ്ധതിയുടെ ഭാഗമാണ് ദ്രൗപദിയുടെ രംഗപ്രവേശം.

ഫലപ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി. ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡ, എൻ.ഡി.എ. നേതാക്കൾ തുടങ്ങിയവർ ദ്രൗപദി മുർമുവിന്റെ ഡൽഹിയിലെ താത്കാലികവസതിയായ പണ്ഡിറ്റ് ഉമാശങ്കർ മാർഗിലെ നാലാംനമ്പർ വീട്ടിലെത്തി ആശംസകളർപ്പിച്ചു. പാർലമെന്റ് മന്ദിരത്തിൽ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിലാണ് വോട്ടെണ്ണൽ നടന്നത്. രാവിലെ 11-ന് മുഖ്യവരണാധികാരി പി.സി. മോദിയുടെ മേൽനോട്ടത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. പാർലമെന്റ് അംഗങ്ങളുടെ വോട്ടാണ് ആദ്യമെണ്ണിയത്. ഉച്ചയ്ക്ക് രണ്ടരയോടെ ആദ്യഫലം വന്നു. 771 എംപി.മാർ വോട്ടുചെയ്തതിൽ 748 എണ്ണം സാധുവായി. വോട്ടുമൂല്യം 5,23,600. ഇതിൽ ദ്രൗപദി മുർമു 540 വോട്ടും (വോട്ടുമൂല്യം 3,78,000) യശ്വന്ത് സിൻഹ 208 വോട്ടും (വോട്ടുമൂല്യം 1,45,600) നേടി. തുടർന്ന് അക്ഷരമാലാക്രമത്തിൽ സംസ്ഥാനങ്ങളിൽനിന്നുള്ള ബാലറ്റ് പേപ്പറുകൾ എണ്ണി.

ആന്ധ്രപ്രദേശ് മുതൽ ജാർഖണ്ഡ് വരെയുള്ള 10 സംസ്ഥാനങ്ങളുടെ വോട്ടുകൾ എണ്ണിയശേഷം അഞ്ചരയോടെ രണ്ടാംഘട്ടം ഫലം പ്രഖ്യാപിച്ചു. ദ്രൗപദി മുർമുവിന് 1349 വോട്ടും (വോട്ടുമൂല്യം 4,83,499 )യശ്വന്ത് സിൻഹയ്ക്ക് 537 വോട്ടും (വോട്ടുമൂല്യം 1,89,876 )ലഭിച്ചു. എട്ടുമണിയോടെ 20 സംസ്ഥാനങ്ങളിലെ വോട്ടുകളും മൂന്നാം റൗണ്ടോടെ എണ്ണിക്കഴിഞ്ഞു. ഇതോടെ ദ്രൗപദി ഭൂരിപക്ഷം ഉറപ്പിച്ചു. 50 ശതമാനത്തിലേറെ വോട്ടുനേടി. ദ്രൗപദിയുടെ വോട്ടുനില 2161 വോട്ടായും (മൂല്യം 5,77,777) യശ്വന്ത് സിൻഹയുടേത് 1058 വോട്ടായും (മൂല്യം 2,61,062) ഉയർന്നു. രാത്രി ഒമ്പതോടെ എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ദ്രൗപദിയുടെ വോട്ട് 2824 ആയി (മൂല്യം 6,76,803). യശ്വന്ത് സിൻഹയ്ക്ക് 1877 വോട്ടാണ് (മൂല്യം 3,80,177) ലഭിച്ചത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP