Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തദ്ദേശ തെരഞ്ഞെടുപ്പിനു വനിതകൾക്കായി നെട്ടോട്ടം; സിപിഎമ്മിന് കുടുംബശ്രീക്കാരെ കിട്ടാനില്ല; കോൺഗ്രസിനു ജനശ്രീ വനിതകളുടെ ഇടിയോടിടി; സർക്കാരുദ്യോഗം വേണ്ടെന്ന് പറഞ്ഞ് മത്സരിക്കാനും സ്ത്രീകൾ

തദ്ദേശ തെരഞ്ഞെടുപ്പിനു വനിതകൾക്കായി നെട്ടോട്ടം; സിപിഎമ്മിന് കുടുംബശ്രീക്കാരെ കിട്ടാനില്ല; കോൺഗ്രസിനു ജനശ്രീ വനിതകളുടെ ഇടിയോടിടി; സർക്കാരുദ്യോഗം വേണ്ടെന്ന് പറഞ്ഞ് മത്സരിക്കാനും സ്ത്രീകൾ

ആലപ്പുഴ : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വനിതാസ്ഥാനാർത്ഥികളെത്തേടി നെട്ടോട്ടം തുടങ്ങി. പ്രമുഖ രാഷ്ട്രീയപാർട്ടികളെല്ലാം തന്നെ വോട്ടർമാരുടെ മനസ് പിടിക്കാൻ കഴിയുന്ന വനിതകൾക്കായാണ് നെട്ടോട്ടമോടുന്നത്.

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എയ്ഡഡ് -അൺഎയ്ഡഡ് സ്‌കൂളുകളിലെ വനിതാ അദ്ധ്യാപകർ എന്നിവരെയാണ് പാർട്ടികൾ പ്രധാനമായും നോട്ടമിടുന്നത്. സർക്കാർ ഉദ്യോഗം രാജിവച്ചും തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയ്യാറെടുക്കുന്ന വനിതകളും ഇല്ലാതില്ല. പഞ്ചായത്തു മുതൽ കോർപ്പറേഷൻ വരെ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ പുരുഷസ്ഥാനാർത്ഥികളിൽനിന്നും കൈവിട്ടത്. അതേസമയം മുൻകരുതൽ എന്ന നിലയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ മെച്ചപ്പെടുത്തി ഇത്തരം സാഹചര്യങ്ങൾ തരണം ചെയ്യാൻ സി പി എം നടത്തിയ കണക്കുക്കൂട്ടലും തെറ്റി.

വായ്പകൾ വാങ്ങാനും വീടുകൾ സ്വന്തമായി ലഭിക്കാനുമാണ് പല വനിതകളും കുടുംബശ്രീകളിൽ അംഗത്വം നേടിയത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥിചർച്ച ചൂടുപിടിക്കുകയും പല വനിതകളും ഉൾവലിയുകയും പലരും തങ്ങളുടെ വലതുപക്ഷ രാഷ്ട്രീയഗതി വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് സി പി എമ്മിന് പണികിട്ടിയത്. ഇപ്പോൾ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ള സി ഡി എസ് ചെയർപേഴ്‌സണുകളെ നിർത്തി പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് സി പി എം. എന്നാൽ കോൺഗ്രസ് ജനശ്രീ രൂപീകരിച്ച് ഈ സാഹചര്യം തരണം ചെയ്യാൻ പദ്ധതിയിട്ടെങ്കിലും അതും പാളി. പാർട്ടിക്കുള്ളിലെ സ്ഥാനാർത്ഥി മോഹികളുടെ ക്രമാതീതമായ വർദ്ധനയാണ് കോൺഗ്രസിനെ വെട്ടിലാക്കിയത്.

സംവരണം ആകുന്നതോടെ പല പുരുഷന്മാർക്കും സ്വന്തം സീറ്റുകൾ നഷ്ടമാകും. എന്നാൽ വനിതകൾ മികവ് തെളിയിച്ച സീറ്റുകളിൽ കണ്ണുവച്ച് ചുളുവിൽ ജയിച്ചുകയറാൻ പദ്ധതിയിടുന്ന 'ഹൈക്കമാൻഡ്' പുരുഷന്മാരും ഉണ്ട്. അതുപോലെ തന്നെ വനിതകളുടെ നിലവിലെ സീറ്റുകൾ ജനറലായി മാറുമ്പോൾ പകരം ലഭിക്കുന്ന പല സീറ്റുകളും ജയസാദ്ധ്യത കുറവുള്ളതായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ സീറ്റുകൾ ഒഴിയുന്ന വനിതകൾ തങ്ങൾക്ക് ജയസാദ്ധ്യതയുള്ള സീറ്റുകൾ നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തങ്ങൾ അഞ്ചുവർഷം ജനങ്ങളെ സേവിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് പുരുഷന്മാർക്ക് ജനങ്ങൾ ഇപ്പോൾ വോട്ടുചെയ്യാൻ പോകുന്നതെന്ന വാദമാണ് വനിതകൾ നിരത്തുന്നത്. പകരം ലഭിക്കുന്ന പല സീറ്റുകളും ജയസാദ്ധ്യത കുറവായതുതന്നെയാണ് പല സിറ്റിങ് അംഗങ്ങളും സീറ്റിനായി കടിപിടികൂട്ടാത്തത്.

സീറ്റ് കൈവിടാതിരിക്കാൻ സ്ഥാനാർത്ഥിമോഹികൾ പല തന്ത്രങ്ങളും ആവിഷ്‌ക്കരിക്കുന്നുണ്ട്. ചിലർ ഭാര്യമാരെയൊ പെൺമക്കളെയോ മൽസരിപ്പിച്ച് സീറ്റ് നിലനിർത്താൻ ശ്രമം നടത്തുന്നുണ്ട്. ഭാര്യയുടെ ടേൺ അവസാനിക്കുമ്പോൾ സീറ്റിൽ തിരികെയെത്താനുള്ള എളുപ്പവഴിയായിട്ടാണ് ഇത്തരം നീക്കങ്ങൾ. കഴിഞ്ഞ മാസം തന്നെ നിലവിൽ വനിതകൾ മൽസരിക്കാൻ സാദ്ധ്യതയുള്ള വാർഡുകളിൽ ജയസാദ്ധ്യതയുള്ള വനിതകളെ കണ്ടെത്താനുള്ള നിർദ്ദേശം പാർട്ടിനേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിരുന്നു. കുടുംബബലവും വിദ്യാഭ്യാസവും പൊതുജനബന്ധവും നേതൃശേഷിയും ഉള്ളവർക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.

രാഷ്ട്രീയപ്രവർത്തകരായ പ്രമുഖവനിതകൾ ഉണ്ടെങ്കിൽ അവരുടെ പേരുകൾ മുൻഗണനാക്രമത്തിൽ രേഖപ്പെടുത്താനും അറിയിച്ചിരുന്നു. സ്ഥാനാർത്ഥികളെ കണ്ടെത്താനെത്തുന്ന പ്രാദേശികനേതാക്കൾക്ക് പലയിടത്തും നിരാശയാണ് ഫലം. തങ്ങൾ സ്ഥാനാർത്ഥിയായി നോട്ടമിടുന്നവരെ ദിവസങ്ങൾക്കുമുമ്പ് തന്നെ മറുകക്ഷികൾ സ്ഥാനാർത്ഥിയാക്കി ഒപ്പിടുവിച്ചുപോയ സംഭവങ്ങളും നടന്നുകഴിഞ്ഞു. നേരത്തെ ഉറപ്പിച്ച വനിതകളിൽ പലരും പി.എസ്.സിയുടെ റാങ്ക് പട്ടികയിൽ ഇടംതേടിയതും പാർട്ടികൾക്ക് തിരിച്ചടിയായി. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ 70 ശതമാനവും സർക്കാർ ഉദ്യോഗം ലഭിച്ച് അംഗത്വം രാജിവച്ചവരുടെ വിടവ് നികത്താനായിരുന്നുവെന്നതാണ് ഏറെ പ്രത്യകത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP