Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് അനുഭാവമുള്ള മുന്നോക്ക വോട്ടുകൾ കൂട്ടമായി ബിജെപിയിലേക്ക്; ഭൂരിപക്ഷ സമുദായത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത്; എൻഡിഎക്ക് ജയസാധ്യതയുള്ള 8 സീറ്റുകളിൽ 7ഉം യുഡിഎഫിന്റെ സിറ്റിംങ്ങ് സീറ്റുകൾ; അടുത്ത തെരഞ്ഞെടുപ്പിൽ ഹൈന്ദവ ഭൂരിപക്ഷ മേഖലകളിൽ പോരാട്ടം എൽഡിഎഫും എൻഡിഎയും തമ്മിൽ: മറുനാടൻ സർവേയിലെ സാമുദായിക ധ്രൂവീകരണ സൂചനകൾ ഇങ്ങനെ

കോൺഗ്രസ് അനുഭാവമുള്ള മുന്നോക്ക വോട്ടുകൾ കൂട്ടമായി ബിജെപിയിലേക്ക്; ഭൂരിപക്ഷ സമുദായത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത്; എൻഡിഎക്ക് ജയസാധ്യതയുള്ള 8 സീറ്റുകളിൽ 7ഉം യുഡിഎഫിന്റെ സിറ്റിംങ്ങ് സീറ്റുകൾ; അടുത്ത തെരഞ്ഞെടുപ്പിൽ ഹൈന്ദവ ഭൂരിപക്ഷ മേഖലകളിൽ പോരാട്ടം എൽഡിഎഫും എൻഡിഎയും തമ്മിൽ: മറുനാടൻ സർവേയിലെ സാമുദായിക ധ്രൂവീകരണ സൂചനകൾ ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: ഹൈന്ദവ ഭൂരിപക്ഷ ജില്ലകളിൽ അടുത്ത തെരഞ്ഞെടുപ്പിൽ പോരാട്ടം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാവുമോ? യങ്ങ് മീഡിയ കോഴിക്കോടും മറുനാടൻ മലയാളിയും ചേർന്ന് നടത്തിയ അഭിപ്രായ സർവേയിലെ സാമുദായികമായ വോട്ടിങ്ങ് പാറ്റേണിൽ വന്ന വൻ വ്യത്യാസം നൽകുന്ന സൂചന അതാണ്. ഹിന്ദു വോട്ടർമാരിൽ 40 ശതമാനത്തോളം പേർ എൽ.ഡി.എഫിന് വോട്ടുചെയ്യുമ്പോൾ 33 ശതമാനം പേർ തുണക്കുന്നത് എൻ.ഡി.എയെആണ്. എന്നാൽ ഹൈന്ദവ വോട്ടുകളിൽ യു.ഡി.എഫിന്റെ സ്വാധീനം വെറും 26 ശതമാനമായി കുറഞ്ഞിരിക്കയാണ്. സിപിഐ.എമ്മിന് നഷ്ടമാവുന്ന ഈഴവ വോട്ടുകളേക്കാൾ ഈ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാവുക കോൺഗ്രസിന് നഷ്ടമാവുമെന്ന നായർ വോട്ടുകളാവുമെന്ന് ചുരുക്കം.

ചരിത്രത്തിൽ ആദ്യമായാണ് ഹിന്ദുവോട്ടർമാർക്കിടയിൽ യു.ഡി.എഫ് മൂന്നാമതായിപ്പോവുന്നത്. എൻ.ഡി.എക്ക് ജയസാധ്യതയുണ്ടെന്ന് സർവേ കണ്ടത്തെിയ എട്ടുമണ്ഡലങ്ങളിൽ നേമം ഒഴികെ ഏഴും യു.ഡി.എഫിന്റെ സിറ്റിംങ്ങ് സീറ്റുകളാണ്. സർവേയിൽ നേമം, വട്ടിയൂർക്കാവ്, ചെങ്ങന്നൂർ, പാലക്കാട് എന്നീ നാലുസീറ്റുകളിൽ എൻഡിഎ ഒന്നാമതും, മഞ്ചേശ്വരം, കാസർകോട്, കഴക്കൂട്ടം, കാട്ടാക്കട എന്നിവിടങ്ങയിൽ ബിജെപി രണ്ടാം സ്ഥാനത്തുമാണ്. ഈ 8 മണ്ഡലങ്ങളിൽ 5 ഇടത്തും യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. എൻ.ഡി.എ വലിയ പ്രതീക്ഷയർപ്പിക്കുന്ന തിരുവനന്തപുരം സെൻ്രട്രലിൽ സ്ഥാനാർത്ഥി ശ്രീശാന്ത് മാത്രമാണ് ഇനിയും ഫോമിലേക്ക് ഉയരാത്തത്. ശ്രീശാന്തിന്റെ വോട്ടുശതമാനം ഉയർന്നാൽ അത് ഭീഷണിയാവുക യു.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി ശിവകുമാറിനാണ്. അതുപോലെ തന്നെ നെടുമങ്ങാട് വി.വി രാജേഷിന് കിട്ടുന്ന വലിയ പിന്തുണ യു.ഡി.എഫ് സ്ഥാനാർത്ഥി പാലോട് രവിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുപോലൊരു ത്രികോണ മൽസരമുള്ള ആറന്മ്മുളയിൽ സർവേ സൂചനകൾ പ്രകാരം വീണാജോർജ് മുന്നിട്ടു നിൽക്കുന്നതും ഇതേ വോട്ടിംങ് പാറ്റേണിന്റെ പ്രതിഫലനമാണ്.

അതായത് കോൺഗ്രസിന്റെ വോട്ടുകൾ വലിയതോതിൽ ബിജെപിയിലേക്ക് ഒലിച്ചുപോവുന്നതായ സർവേ വ്യക്തമാക്കുന്നു. ബിജെപിയും ബി.ഡി.ജെ.സും ചേർന്നുള്ള എൻ.ഡി.എ മുന്നണി എൽ.ഡി.എഫിന്റെയും വോട്ടു ചോർത്തുന്നുണ്ടെങ്കിലും അത് 1:4 എന്ന അനുപാതത്തിലാണെന്ന് സർവേ സൂചിപ്പിക്കുന്നു.അതായത് എൻ.ഡി.എ അധികമായി പിടിക്കുന്ന അഞ്ചുവോട്ടുകളിൽ നാലെണ്ണം യു.ഡി.എഫിന്റെതും ഒന്ന് എൽ.ഡി.എഫിന്റെതുമാണെന്ന് ചുരുക്കും.

സർവേ സംഘത്തിന്റെ കാസർകോടുമുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിലും ഈ സാമുദായിക ധ്രുവീകരണം നേരിട്ട് കാണാനായി. മഞ്ചേശ്വരത്തെയും,തിരുവനന്തപുരത്തെും പത്തനംതിട്ടയിലെയും പഴയ തറവാട് കോൺഗ്രസ് വീടുകൾ പലയിടത്തും ഒന്നടങ്കം ബിജെപിയിലേക്ക് മാറിയിരിക്കയാണ്. സിപിഎമ്മിൽനിന്ന് ബിജെപിയിലേക്ക് മാറിയ നിരവധിപേരെയും സർവേ സംഘം കണ്ടെങ്കിലും അതിനുതുല്യമായി ബിജെപി വിട്ട് സിപിഐ.എമ്മിൽ ചേർന്നവരെയും കാണാനായി. എന്നാൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു എന്നു പറയുന്നവരെ ഒരിടത്തും കാണാനായില്ല. അടുത്തകാലത്തായി ബിജെപിയിൽ ചേർന്ന സെലിബ്രിറ്റികളിൽ പലരുടെയും ഭൂതകാലം കോൺഗ്രസിനൊപ്പമായിരുന്നെന്നും വ്യക്തമാണ്.

ബിജെപിയുടെ വെല്ലുവിളി നേരിടാൻ സിപിഐ.എം കേഡർമാരെ സജ്ജരാക്കിയപ്പോൾ മൃദുഹിന്ദുത്വനയങ്ങളുമായി മിണ്ടാതിരുന്നത് കോൺഗ്രസിനും വിനയായി.തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.എൻ.ഡി.പി കിണഞ്ഞു പരിശ്രമിച്ചിട്ടും സിപിഐ.എം വോട്ടുകളിൽ കാര്യമായ ഭിന്നത ഉണ്ടാക്കാനായില്ല.അതുപോലെതന്നെ ബിജെപിയെ എതിർക്കുന്നതിൽ ഇടതുപക്ഷത്തിനാണ് ആത്മാർതഥയുള്ളതെന്ന വിശ്വാസത്തിൽ ന്യൂനപക്ഷവോട്ടുകൾ തദ്ദേശത്തിൽ ഇടതുമുന്നിക്ക് കാര്യമായി കിട്ടിയിരുന്നു.ഈ തെരഞ്ഞെടുപ്പിലും ഏതാണ്ട് അതേഅവസ്ഥ തുടരുമെന്ന് സർവേ സൂചന നൽകുന്നു.മുസ്ലിം വോട്ടുകളിൽ 49ശതമാനം എൽ.ഡി.എഫിന് ലഭിക്കുമ്പോൾ യു.ഡി.എഫിന് 47ശതമാനമാണ് യു.ഡി.എഫിന് ലഭിക്കുക. എന്നാൽ ക്രസ്ത്യൻവോട്ടുകളിൽ ബഹുദൂരം മുന്നിട്ടുനിൽക്കുന്നുവെന്നതാണ് യു.ഡി.എഫിന് ആശ്വാസമാകുന്നത്.

അരുവിക്കര തെരഞ്ഞെടുപ്പിൽ മൽസരം യു.ഡി.എഫും ബിജെപിയും തമ്മിലാണെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയുടെ തന്ത്രം തിരച്ചടിക്കയാണെന്ന് ചുരുക്കം. ഈ ആപത്ത് മനസ്സിലാക്കിക്കൊണ്ടാണ് എ.കെ ആന്റണി അടക്കമുള്ളവർ ഇപ്പോൾ ബിജെപിക്കെതിരെ ശക്തമായി രംഗത്തിറങ്ങിയത്.എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷാ അടക്കമുള്ള പ്രമുഖരെ രംഗത്തിറക്കിയുമുള്ള പ്രചാരണം വഴികൂടുതൽ മണ്ഡലങ്ങൾ അനുകൂലമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

നരേന്ദ്ര മോദിതരംഗം ദേശീയതലത്തിൽ അലയടിച്ച കാലത്ത് തുടങ്ങിയ കേരളത്തിലെ ബിജെപിയുടെ ദ്രുത വളർച്ച ഇപ്പോഴും തുടരുകയാണെന്നും സർവേ വ്യക്തമാക്കുന്നു. കുമ്മനം രാജശേഖരൻ നേതൃത്വത്തിലേക്ക് വന്നതും പാർട്ടി അണികളുടെ ആത്മവിശ്വാസം വർധിച്ചു. സർവേയിൽ ഒ.രാജഗോപാലിനേക്കാൾ വലിയ ജനപ്രീതിയാണ് കുമ്മനത്തിന് കിട്ടിയത്്. അഞ്ചാമന്ത്രിയടക്കമുള്ള വിവാദങ്ങളും ന്യൂനപക്ഷങ്ങൾ സംഘടിതശക്തയായി കേരളം ഭരിക്കുന്നു എന്ന പ്രചാരണവും ബിജെപി വോട്ടുകൾ വർധിപ്പിക്കാൻ ഇടയാക്കി.

അതേസമയം എൻ.ഡി.എക്ക് ഈ സഹചര്യത്തിൽ ഒരിക്കലും കേരളം ഭരിക്കാവുന്ന ഭൂരിപക്ഷത്തിലേക്ക് ഒരുകാലത്തും എത്താനും കഴിയില്ല. ന്യൂനപക്ഷ സമുദായങ്ങൾ ഒറ്റക്കെട്ടായി ബിജെപിയെ പ്രതിരോധിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിലുള്ളത്. മുസ്ലിം വോട്ടർമാരിൽ എൻ.ഡി.എയുടെ പിന്തുണ വട്ടപൂജ്യമാണ്. ക്രിസ്ത്യൻ സമുദായത്തിൽ ഏതാണ്ട് 2 ശതമാനംപേർ എൻ.ഡി.എയെ പിന്തുണക്കുന്നു.ന്യൂനപക്ഷ സമുദായങ്ങളിൽ സ്വാധീനമുള്ള ഘടകകക്ഷികളെ അടുത്തകാലത്തെന്നും എൻ.ഡി.എക്ക് കിട്ടുമെന്നും തോനുന്നില്ല. മാത്രമല്ല ദേശീയതലത്തിൽ ഉണ്ടായ അസഹിഷ്ണുതാ വിവാദം ഉൾപ്പെടെയുള്ളവയിൽപെട്ട ബിജെപിയെ എന്തുവിലകൊടുത്തും തോൽപ്പിക്കണമെന്ന ചിന്തയും ഈ സമുദായങ്ങളിൽ ശക്തമാണെന്ന് സർവേയിൽ പങ്കെടുത്തവർ സൂചന നൽകിയിട്ടുണ്ട്. വരും ദിനങ്ങളിൽ ആ രീതിയിലുള്ള അടിയൊഴുക്കുകൾ കൂട്ടിയായിരക്കും സ്ഥാനാർത്ഥികളുടെ സാധ്യത തെളിയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP