Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ തലത്തിൽ എൻസിപി കോൺഗ്രസിനൊപ്പം; കേരളത്തിൽ സിപിഎമ്മിനൊപ്പവും; പാലാ പ്രശ്‌നത്തിൽ ഉടക്കി മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയാൽ തീരുന്നത് പവാറിന്റെ തലവേദന; കാപ്പൻ ഉടക്കുന്നത് പവാറിന്റെ മനസറിഞ്ഞെന്നു പാർട്ടിയിൽ സംസാരം; വിവാദത്തിനു എരിവു കൂട്ടി പാലാ സീറ്റ് വിട്ടു നൽകേണ്ടതില്ലെന്ന് ശരദ് പവാറും; തീരുമാനം പ്രഖ്യാപിച്ചതുകൊച്ചിയിലെ ഇന്നത്തെ നേതൃയോഗത്തിൽ; ജോസ് കെ മാണിയുടെ വരവ് ഇടത് മുന്നണി ബന്ധങ്ങളെ ഉലയ്ക്കുമ്പോൾ ആശങ്കയോടെ ശശീന്ദ്രൻ പക്ഷവും

ദേശീയ തലത്തിൽ എൻസിപി കോൺഗ്രസിനൊപ്പം; കേരളത്തിൽ സിപിഎമ്മിനൊപ്പവും; പാലാ പ്രശ്‌നത്തിൽ  ഉടക്കി മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയാൽ തീരുന്നത് പവാറിന്റെ തലവേദന;  കാപ്പൻ ഉടക്കുന്നത് പവാറിന്റെ മനസറിഞ്ഞെന്നു പാർട്ടിയിൽ സംസാരം; വിവാദത്തിനു എരിവു കൂട്ടി പാലാ സീറ്റ് വിട്ടു നൽകേണ്ടതില്ലെന്ന് ശരദ് പവാറും; തീരുമാനം പ്രഖ്യാപിച്ചതുകൊച്ചിയിലെ  ഇന്നത്തെ നേതൃയോഗത്തിൽ; ജോസ് കെ മാണിയുടെ വരവ് ഇടത് മുന്നണി ബന്ധങ്ങളെ ഉലയ്ക്കുമ്പോൾ ആശങ്കയോടെ ശശീന്ദ്രൻ പക്ഷവും

എം മനോജ് കുമാർ

കൊച്ചി: പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു നൽകേണ്ടെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറും. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടു പാലാ നിയമസഭാ സീറ്റ് ഇടതുമുന്നണിയിൽ വിവാദമായി തുടരവേയാണ് മുന്നണി ബന്ധങ്ങളിൽ ഉലച്ചിൽ സൃഷ്ടിക്കുന്ന കടുത്ത തീരുമാനം ശരദ് പവാറിന്റെ ഭാഗത്ത് നിന്നും വന്നത്. കൊച്ചിയിൽ ഇന്നു ചേർന്ന എൻസിപി നേതൃയോഗത്തിലാണ് പാല സീറ്റ് വിട്ടു നൽകേണ്ടെന്ന ശരദ് പവാറിന്റെ തീരുമാനം അറിയിച്ചത്. പാലാ സീറ്റ് പ്രശ്‌നത്തിൽ മാണി സി കാപ്പനു ഒപ്പമെന്ന സന്ദേശമാണ് പവാറും നൽകിയത്. ഇതോടെ പാലാ സീറ്റിന്റെ കാര്യത്തിൽ ഉറച്ച തീരുമാനവുമായി എൻസിപി മുന്നോട്ടു പോവുകയാണ്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് വേണ്ടന്ന മാണി സി കാപ്പന്റെ തീരുമാനത്തിനു അനുസൃതമായാണ് പാല വിട്ടുകൊടുക്കേണ്ടതില്ലെന്ന ശരദ് പവാറിന്റെ തീരുമാനം വന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഒരു സീറ്റും വിട്ടുനൽകില്ലെന്നാണ് എൻസിപിയുടെ കൊച്ചിയിൽ ചേർന്ന ഇന്നത്തെ നേതൃയോഗത്തിൽ തീരുമാനിച്ചത്. ഇതോടെ പാലാ സീറ്റുമായി ബന്ധപ്പെട്ടു ഇടതുമുന്നണിയിൽ ഉടലെടുത്ത പ്രതിസന്ധി മൂർച്ചിക്കുകയാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നു മാണി സി. കാപ്പൻ പറഞ്ഞുകഴിഞ്ഞു. എന്നാൽ പാലാ സീറ്റ് കിട്ടാതെ ഒരു ഒത്തുതീർപ്പിന് കേരള കോൺഗ്രസും തയ്യാറാകില്ല. ഇതാണ് ഇടതുമുന്നണിയുടെ തലവേദനയാക്കി പാലായെ മാറ്റുന്നത്. ഇടതുമുന്നണിയിലേക്കെന്നു ഉറപ്പിച്ച ശേഷം പാലാ കേരള കോൺഗ്രസിന്റെ ഹൃദയ വികാരമാണ് എന്ന് പറഞ്ഞു ജോസ് കെ മാണി പൊട്ടിച്ച വെടിയാണ് ശക്തമായ തുടർന്നിരുന്ന ഇടതുമുന്നണിയുടെ മുന്നണി ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കിയത്. ജോസ് കെ മാണി വരുമോ പോകുമോ എന്നൊന്നും എൻസിപിക്ക് പ്രശ്‌നമില്ല. ഇതുവരെ മത്സരിച്ച നാല് സീറ്റും നൽകേണ്ടതില്ല എന്നാണ് ഇന്നത്തെ നേതൃയോഗത്തിൽ എടുത്ത തീരുമാനം. പാലാ സീറ്റ് വേണമെന്ന് ഇടതുമുന്നണിയോ സിപിഎമ്മോ ആവശ്യപ്പെട്ടിട്ടില്ല. ഈ സന്ദർഭത്തിൽ ഇങ്ങനെ ഒരു തീരുമാനം വന്നാൽ എന്ത് ചെയ്യണം എന്ന ചർച്ച അനാവശ്യമാണെന്നാണ് നേതാക്കൾ വാദിച്ചത്. ഉപാധിയില്ലാതെയാണ് വരുന്നതെന്നു ജോസ് കെ മാണി പറഞ്ഞതും നേതാക്കൾ ചർച്ചയ്ക്ക് വിധേയമാക്കി. ''നിലവിലെ സീറ്റുകൾ വിട്ടുകൊടുക്കേണ്ട എന്ന് തന്നെയാണ് ഞങ്ങളുടെ ദേശീയ തലത്തിൽ എടുത്ത തീരുമാനം. പാലാ സീറ്റ് കൈമാറണമെന്ന് ഞങ്ങളോട് ആരും ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. പാല എൻസിപിയുടെ സിറ്റിങ് സീറ്റ് ആണ്. അത് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല- എൻസിപി ജനറൽ സെക്രട്ടറി സലിം.പി.മാത്യു മറുനാടനോട് പറഞ്ഞു. വർഷങ്ങളായി ഇടതുമുന്നണിയിൽ തുടരുന്ന പാർട്ടിയാണ് എൻസിപി. പാലാ സീറ്റിന്റെ കാര്യത്തിൽ സിപിഎമ്മിൽ നിന്ന് ഒരാവശ്യം വന്നാൽ അപ്പോൾ ആലോചിക്കും-സലിം.പി.മാത്യു പറഞ്ഞു.

അതേസമയം പാലാ സീറ്റ് ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന് നൽകാനാണ് സിപിഎം തത്വത്തിൽ എടുത്ത തീരുമാനം. ഭരണത്തുടർച്ചയ്ക്ക് കേരളാ കോൺഗ്രസിന്റെ എമ്മിന്റെ വരവ് അനിവാര്യമാണെന്നാണ് സിപിഎം കണക്കുകൂട്ടൽ. ഇത് മനസിലാക്കിയാണ് ജോസ് കെ മാണിയുടെ കാര്യത്തിൽ എതിർ നിലപാട് സിപിഐയും കൈക്കൊള്ളാത്തത്. പാലാ സീറ്റിന്റെ കാര്യത്തിൽ ശക്തമായ ഒരു നിലപാട് സ്വീകരിച്ചാൽ എൻസിപിയിൽ വരുന്ന പിളർപ്പ് സിപിഎം മുന്നിൽ കാണുന്നുണ്ട്. എ.കെ.ശശീന്ദ്രൻ പക്ഷം ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കുമെന്നും മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്നുമാണ് സിപിഎം കണക്കുകൂട്ടുന്നത്. പവാർ തീരുമാനിക്കുന്നതാണ് എൻസിപി തീരുമാനം എന്നതിനാൽ ശശീന്ദ്രൻ പക്ഷത്തിനു എൻസിപിയായി തുടരാൻ കഴിയില്ലെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്. പിളർപ്പ് മുന്നിൽ കണ്ടു പാലാ സീറ്റിന്റെ കാര്യത്തിൽ കടുംപിടുത്തം വേണ്ടെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പക്ഷെ മറ്റു നേതാക്കൾ ഈ വാദത്തെ ശക്തമായി എതിർക്കുന്നുണ്ട്. കഷ്ടി ഒരു വർഷം ആയതേയുള്ളൂ. പാലയുടെ വിജയത്തിനു. ഈ ഘട്ടത്തിൽ സീറ്റ് വിട്ടുകൊടുക്കുക രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല എന്ന വാദം മാണി സി കാപ്പൻ വിഭാഗം ഉയർത്തിയിട്ടുണ്ട്.

പാലായുടെ പ്രശ്‌നത്തിൽ പവാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്. ദേശീയ തലത്തിൽ എൻസിപി കോൺഗ്രസിന് ഒപ്പമാണ്. ഈ പതിവ് തെറ്റിച്ചാണ് കേരളത്തിലെ പാർട്ടി ഇടതുമുന്നണിക്ക് ഒപ്പം നിന്ന് കോൺഗ്രസിന് എതിരായ നിലപാട് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലും എൻസിപി കോൺഗ്രസിന് ഒപ്പമാണ് നല്ലതെന്ന വികാരമാണ് ശരദ് പവാറിന് ഉള്ളത്. അതുകൊണ്ട് തന്നെയാണ് മാണി സി കാപ്പനു അനുകൂലമായ നിലപാട് പവാർ സ്വീകരിക്കുന്നതും. പാല സീറ്റിന്റെ കാര്യത്തിൽ ഉടക്കി എൻസിപി യുഡിഎഫിലേക്ക് പോയാലും പവാറിന് എതിർപ്പില്ല. ദേശീയ തലത്തിൽ കോൺഗ്രസിന് ഒപ്പം നിന്ന് കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്ന സമീപനമാണ് പവാറിന്റെ പാർട്ടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എൻസിപി യുഡിഎഫിൽ എത്തിയാൽ പവാറിനെ സംബന്ധിച്ചിടത്തോളം നല്ലതാണ്. ഇത് സിപിഎമ്മും മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ തന്ത്രപരമായ നിലപാടാണ് സിപിഎം പാലാ സീറ്റിന്റെ കാര്യത്തിൽ സ്വീകരിക്കുന്നത്.

കോൺഗ്രസ് നേതൃത്വവുമായി മാണി സി.കാപ്പൻ പാല പധപ്രശ്‌നത്തിൽ ചർച്ച നടത്തിയെന്ന് വാർത്തകൾ വന്നിട്ടുമുണ്ട്. ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും മാണി സി.കാപ്പൻ കണ്ടെന്നാണ് പുറത്ത് വന്ന വിവരം. വാർത്ത മാണി സി.കാപ്പൻ നിഷേധിച്ചു. തിരുവഞ്ചൂരിനെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് കണ്ടെങ്കിലും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് കാപ്പൻ പറയുന്നു. പാല സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കാൻ തീരുമാനിച്ച കാര്യം ചർച്ചയാക്കാൻ സിപിഎം മടിക്കുന്നുണ്ട്. മാണി സി കാപ്പൻ യുഡിഎഫിൽ പോയി പാല സീറ്റ് സ്വന്തമാക്കിയാലും സിപിഎമ്മിന് വൻ തിരിച്ചടിയാണ് ലഭിക്കുക. 54 വർഷത്തെ മാണിയുടെ പാലായിലെ തേരോട്ടമാണ് മാണിയുടെ അഭാവത്തിൽ മാണി സി കാപ്പൻ തകർത്തത്. മാണിയെക്കാളും ജനകീയനാണ് മാണി സി കാപ്പൻ പാലായിൽ. ഇത് സിപിഎമ്മിനും വ്യക്തമാണ്. കാപ്പൻ യുഡിഎഫിൽ പോയി വീണ്ടും പാലാപിടിച്ചാൽ അത് സിപിഎമ്മിന് രാഷ്ട്രീയമായി ക്ഷീണവുമാകും. അതുകൊണ്ട് തന്നെ കാപ്പനെയും എൻസിപിയെയും അനുനയിപ്പിച്ച് പാലാ സീറ്റിന്റെ കാര്യത്തിൽ തീരുമാനം എടുക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP