Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

''മോടി മായാതെ മോദി''! മുന്നിൽ നിന്നു നയിക്കാൻ നേതാക്കന്മാരില്ലാത്ത ഗുജറാത്തിൽ ബിജെപിയുടെ രക്ഷകവേഷം കെട്ടിയത് മോദി തന്നെ; ജിഎസ്ടിയും നോട്ടു നിരോധനവും പാട്ടീദാർ സമരവും പ്രതിസന്ധി ആയെങ്കിലും ആറാം വിജയത്തിന്റെ ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രി തന്നെ; ഗുജറാത്തിലെ വിജയം കൈക്കലാക്കിയ ബിജെപി ഇനി നോട്ടമിടുന്നത് കർണാടകയിലേക്ക്

''മോടി മായാതെ മോദി''! മുന്നിൽ നിന്നു നയിക്കാൻ നേതാക്കന്മാരില്ലാത്ത ഗുജറാത്തിൽ ബിജെപിയുടെ രക്ഷകവേഷം കെട്ടിയത് മോദി തന്നെ; ജിഎസ്ടിയും നോട്ടു നിരോധനവും പാട്ടീദാർ സമരവും പ്രതിസന്ധി ആയെങ്കിലും ആറാം വിജയത്തിന്റെ ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രി തന്നെ; ഗുജറാത്തിലെ വിജയം കൈക്കലാക്കിയ ബിജെപി ഇനി നോട്ടമിടുന്നത് കർണാടകയിലേക്ക്

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ വിജയചിഹ്നം ഉയർത്തിക്കാണിച്ച് മോദി മാധ്യമങ്ങൾക്ക് മുന്നിലെത്തി. പാർലമെന്റ് സമ്മേളനത്തിനെത്തിയ മോദി കാറിൽ നിന്നിറങ്ങിയ ഉടനെ മാധ്യമപ്രവർത്തകരോട് നമസ്തേ പറഞ്ഞതിന് ശേഷമാണ് വിജയചിഹ്നം ഉയർത്തിക്കാണിച്ചത്. ഗുജറാത്തിൽ ബിജെപിക്ക് ഭൂരിപക്ഷം നിലനിർത്താനായെങ്കിലും കോൺഗ്രസ് കടുത്ത പ്രതിരോധം ഉയർത്തിയിരുന്നു. ഹിമാചലിൽ പക്ഷെ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപി നേടിയത്. മോദി പ്രഭാവം എന്ന ലേബലിലാണ് ബിജെപി ആറാം തവണയും ഗുജറാത്തിൽ അധികാരം പിടിച്ചത്. 22 വർഷമായി അധികാരത്തിലിരിക്കുന്ന ഒരു പാർട്ടി നേരിട്ടേക്കാമെന്ന ഭരണവിരുദ്ധ വികാരം ഗുജറാത്തിൽ ശക്തമായിരുന്നു. ഇതിനേയും മറികടക്കുകയാണ് മോദി പ്രഭാവം.

നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുണ്ടായ കാർഷിക പ്രതിസന്ധിയും ബിസിനസ് മേഖലയിലെ തളർച്ചയും മോദിക്ക് തിരിച്ചടിയാകുമെന്ന പ്രചരണങ്ങൾ ചർച്ചയാക്കിയായിരുന്നു കോൺഗ്രസ് കടന്നാക്രമണം. എന്നാൽ ഗുജറാത്ത് പുത്രന് വോട്ടെന്ന വാദം ബിജെപി ഉയർത്തി. പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ ഗുജറാത്തുകാരനെന്ന പ്രചരണം മോദിക്കും ബിജെപിക്കും തുണയായി. മുഖ്യമന്ത്രി വിജയ് രൂപാണിയായിരുന്നെങ്കിലും മോദിയുടെ പേരിലാണ് ബിജെപി വോട്ട് തേടിയത്. ഇതാണ് വിജയമൊരുക്കിയത്. ഇന്ത്യൻ രാഷ് ട്രീയം ഇനിയും മോദിയിൽ ചുറ്റിത്തിരിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് ആവേശത്തോടെ ബിജെപിക്ക് ഇനി തയ്യാറെടുക്കാം.

മോദി തരംഗത്തിൽ ഗുജറാത്തിലെ പതിവ് പോലെ നഗരപ്രദേശങ്ങൾ ബിജെപിയുടെ കോട്ടയായി തുടർന്നു. സൗരാഷ് ട്രയിലും കച്ചിലും അടക്കം കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയപ്പോൾ ദളിത് മേഖലയിലും ന്യൂനപക്ഷ മേഖലയിലും കടന്നുകയറിയാണ് ബിജെപി ആ കുറവ് പരിഹരിച്ചത്. പട്ടേന്മേർ കൈവിട്ടപ്പോൾ പുതിയ വോട്ടർമാർ ബിജെപിയിലേക്ക് ഒഴുകിയെത്തി. മോദിയുടെ കരങ്ങളുടെ ശ്ക്തി കുറയരുതെന്ന ഗുജറാത്തികളുടെ മനസ്സ് തന്നെയാണ് ഫലപ്രഖ്യാപനത്തിൽ നിർണ്ണായകമാകുന്നത്. അതുകൊണ്ട് കൂടിയാണ് ഇത് മോദിയുടെ മാത്രം വിജയമാകുന്നത്. ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രിയേയും മോദി തന്നെയാകും തിരഞ്ഞെടുക്കുക. വിജയ് രൂപാണിക്കൊപ്പമാകുമോ മോദിയുടെ മനസ്സ് എന്നതാണ് ഇനി അറിയാനുള്ളത്. ഈ വിജയത്തോടെ ബിജെപി അധ്യക്ഷ പദവിയിൽ ശക്തനായി തുടരാൻ അമിത് ഷായ്ക്കും കഴിയും.

ഗുജറാത്തിൽ മോദിയുടെ തോൽവി ആഗ്രഹിച്ചത് കോൺഗ്രസും പ്രതിപക്ഷവും മാത്രമായിരുന്നില്ല. ബിജെപിക്കാരായ ശത്രുഘനൻ സിൻഹയും യശ്വന്ത് സിൻഹയുമെല്ലാം ഗുജറാത്തിൽ ബിജെപിയുടെ പരാജയം പ്രവചിച്ചവരായിരുന്നു. ബിജെപിയിലെ അദ്വാനി ക്യാമ്പ് ഫലത്തെ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. മോദിയുടെ ഏകാധിപത്യത്തിനെതിരെ ആഞ്ഞെടിച്ച് ബിജെപിയിൽ പിടിമുറുക്കാൻ ഗുജറാത്തിൽ അവർ പലതും സ്വപ്നം കണ്ടു. ഇതെല്ലാം അസ്ഥാനത്താവുകയാണ്. മോദി തന്നെയാകും ഇനി ബിജെപിയിലും ഒന്നാമൻ. ആർഎസ്എസ് നിർദ്ദേശങ്ങൾ അംഗീകരിക്കുക മാത്രം മോദി ചെയ്താൽ മതിയാകും. അതിനപ്പുറത്തേക്ക് എല്ലാം മോദി ബിജെപിയിൽ നിശ്ചിയക്കും. ഈ വിജയത്തോടെ രാജ്യാന്തര തലത്തിലും മോദിയുടെ പ്രതിച്ഛായ ഉയരും.

ഗുജറാത്തിൽ വോട്ടെടുപ്പിന് തൊട്ട് മുമ്പ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ മോദി അഹമ്മദാബാദിലേക്ക് കൊണ്ടു വന്നിരുന്നു. വികസനം ചർച്ചയാക്കാനുള്ള തന്ത്രം. ഇതിനിടെ ജപ്പാനിൽ മോദിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകളെ ലോക രാജ്യങ്ങളും ഗൗരവത്തോടെ കണ്ടു. ആഗോള നേതാവെന്ന പ്രതിച്ഛായ്ക്ക് കോട്ടമുണ്ടാകാതെ നോക്കാൻ ഈ വിജയത്തിലൂടെ മോദിക്കായി. വിദേശകാര്യ നയത്തിൽ കാതലായ മാറ്റങ്ങൾ ഇനിയുണ്ടാകും. എല്ലാത്തിലും ഉപരി നോട്ട് നിരോധനവും ജിഎസ്ടിയും ചർച്ചയാക്കാൻ ഇനി പ്രതിപക്ഷത്തിന് പഴയതു പോലെ കഴിയുകയുമില്ല. ഈ നയങ്ങളെ ഗുജറാത്തും അംഗീകരിക്കുകയാണ്. അങ്ങനെ കരുത്തുള്ള നേതാവായി മോദി മാറുന്നു.

ഗുജറാത്തിൽ ബിജെപിക്ക് പ്രാദേശിക തലത്തിൽ വലിയൊരു നേതാവില്ലായിരുന്നു. അതുകൊണ്ട് തന്നെ ഗുജറാത്തിൽ മോദിയായിരുന്നു പ്രചരണത്തിലെ പ്രധാന താരം. മോദിക്കും ബിജെപിക്കും ഗുജറാത്ത് ഫലം നിർണായകമായിരുന്നു. അതിലേറെ അഭിമാനപ്രശ്‌നവുമായിരുന്നു. കോൺഗ്രസിന്റെ ആത്മവിശ്വാസം പലപ്പോഴും ബിജെപിയെ പോലും വെട്ടിലാക്കി. ഹാർദിക് പട്ടേലും ജിഗ്‌നേഷ് മേവാനിയും അൽപേഷ് താക്കൂറും എല്ലാം കടന്നാക്രമണം നടത്തി. പരമ്പരാഗത വോട്ട് ബാങ്കായ പട്ടേലന്മാർ ബിജെപിയെ കൈവിട്ടു. സ്വന്തം നാട് മോദിയെ കൈവിടുമെന്ന് ഏവരും സംശയിച്ചു. വോട്ടെണ്ണിലിന്റെ രണ്ടാം ഘട്ടത്തിൽ കോൺഗ്രസ് മുന്നിലെത്തി. ഇതോടെ മോദി ക്യാമ്പ് നിരാശയിലായി. മോദിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന പലതും സംഭവിച്ചു. വികാരഭരിതനായി ഇതെല്ലാം ചർച്ചയാക്കി മോദി കത്തികയറി. അപ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു.

മോദിയുടെ കാലത്ത് ഗുജറാത്തിൽ ബിജെപിയിൽ രണ്ടാം നിര ഉണ്ടായില്ല. ഡൽഹിയിലിരുന്ന് മോദിയും വിശ്വസ്തനായ അമിത് ഷായും കാര്യങ്ങൾ തീരുമാനിച്ചു. ആനന്ദി ബെന്നിനെ മുഖ്യമന്ത്രി കസേരയിൽ നിന്ന് മാറ്റി. പകരമെത്തിയ വിജയ് രൂപാണിക്ക് വ്യക്തിപരമായ മികവുണ്ടാക്കിയെടുക്കാൻ കഴിഞ്ഞതുമില്ല. പട്ടേൽ പ്രക്ഷോഭവും ബിജെപിയെ പിടിച്ചുലച്ചു. ഗുജറാത്തിൽ തോറ്റാൽ അത് രാഹുൽ മോദിയെ വീഴ്‌ത്തി എന്ന ടാഗ് ലൈനിലേക്ക് രാഷ് ട്രീയം വിശകലനം ചെയ്യപ്പെടുമായിരുന്നു. അത് മോദിക്കോ വലിയ തിരിച്ചടിയാകുമായിരുന്നു. ഗുജറാത്തിൽ തോറ്റാൽ മോദി യുഗം കഴിഞ്ഞെന്ന വിലയിരുത്തലെത്തുമായിരുന്നു. അതിനാൽ തന്നെ ഒരു പിഴവും വരുത്താതെ ബിജെപി തന്ത്രങ്ങൾ മെനഞ്ഞു. സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ ശ്രമിച്ചു.

പ്രധാനമന്ത്രിയായിരുന്നിട്ടും മോദി ഗുജറാത്തിൽ നിന്ന് മാറിനിന്നില്ല. 150 സീറ്റ് എന്ന ലക്ഷ്യം വച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനിറങ്ങിയത്. ഒക്ടോബറിലെ രാഷ് ട്രീയ സാഹചര്യവും അങ്ങിനെ തന്നെയായിരുന്നു. എന്നാൽ ഒറ്റ മാസം കൊണ്ട് രാഹുൽ ഗുജറാത്ത് രാഷ് ട്രീയം മാറ്റിയെഴുതുന്നു എന്ന തോന്നലുണ്ടാക്കി. ഹാർദിക് പട്ടേൽ രാഹുലിനൊപ്പം ചേർന്നു. വികസനം എന്ന വാക്ക് മാറ്റിവച്ച് മോദിയും ബിജെപിയും രാഷ്ട്രീയ വിവാദങ്ങൾ അഴിച്ചു വിട്ടു. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പോലും ഇല്ലാതിരുന്ന അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുക കോൺഗ്രസിന് വോട്ട് ചെയ്യൂ എന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡൽഹിയിൽ നടന്ന പാക്കിസ്ഥാൻ നയതന്ത്രജ്ഞരുമായി നടത്തിയ സായാഹ്ന കൂടിക്കാഴ്ചയെ ഗുജറാത്ത ഫലം അട്ടിമറിക്കാൻ മന്മോഹൻ സിങ് അടക്കം രഹസ്യകൂടിക്കാഴ്ച നടത്തി എന്ന തരത്തിലാക്കി.

ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ജനവിധിയിലുണ്ടായേക്കാമെന്ന ആശങ്ക ബിജെപി രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലൂടെ പരിഹരിച്ചു. മോദി വോട്ട് ചെയ്യാനെത്തി. ബിഹാറിൽ അമിത് ഷാ പ്രയോഗിച്ച അതേ തന്ത്രം രൂപാണി പ്രയോഗിച്ചു. ഗുജറാത്തിൽ കോൺഗ്രസ് ജയിച്ചാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കും എന്ന് രൂപാണി പറഞ്ഞു. 150 സീറ്റുകളിൽ വിജയിക്കണമെന്നതായിരുന്നു അമിത് ഷായുടെ ആഗ്രഹം. എന്നാൽ ഗുജറാത്തിൽ ജനം വോട്ട് ചെയ്യുന്നത് വിജയ് രൂപാണിയെ പോലൊരു നേതാവിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ 100 സീറ്റുകളിൽ അധികം മാത്രമേ മോദി പ്രഭാവത്തിൽ ബിജെപി പ്രതീക്ഷിച്ചിരുന്നുള്ളൂ. അത് ഗുജറാത്തിൽ സംഭവിക്കുകയും ചെയ്തു.

വലിയ ഒച്ചപ്പാടുമായി പ്രചരണത്തിനിറങ്ങിയിട്ടും ഹാർദിക് പട്ടേലിനെ പോലൊരു നേതാവിനെ കിട്ടിയിട്ടും കോൺഗ്രസിന് കൂടിയത് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ്. ബിജെപിക്ക് കുറഞ്ഞതും ചെറിയ തോതിലെ സീറ്റുകൾ. ഇതും ബിജെപിക്കും മോദിക്കും വലിയൊരു ആശ്വാസമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP