Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടിക്ക് മുകളിൽ പറക്കുന്ന പരുന്തായി പിണറായി ഇനി മാറില്ല; തിരുത്തൽ ശക്തിയായി എംവി ഗോവിന്ദൻ; മുഖ്യമന്ത്രിയുടെ ചിറകരിയാൻ ഒരുങ്ങുന്ന പാർട്ടി സെക്രട്ടറിയെ രഹസ്യമായി പിൻതുണച്ച് പാർട്ടി ശക്തി കേന്ദ്രത്തിലെ നേതാക്കളും; കണ്ണൂരിൽ അടിയൊഴുക്കുകൾ ഇനി സിപിഎം അധികാര കേന്ദ്രങ്ങളെ സ്വാധീനിച്ചേക്കും; കോടിയേരിയുടെ പകരക്കാരൻ മാറ്റമുണ്ടാക്കുമോ?

പാർട്ടിക്ക് മുകളിൽ പറക്കുന്ന പരുന്തായി പിണറായി ഇനി മാറില്ല; തിരുത്തൽ ശക്തിയായി എംവി ഗോവിന്ദൻ; മുഖ്യമന്ത്രിയുടെ ചിറകരിയാൻ ഒരുങ്ങുന്ന പാർട്ടി സെക്രട്ടറിയെ രഹസ്യമായി പിൻതുണച്ച് പാർട്ടി ശക്തി കേന്ദ്രത്തിലെ നേതാക്കളും; കണ്ണൂരിൽ അടിയൊഴുക്കുകൾ ഇനി സിപിഎം അധികാര കേന്ദ്രങ്ങളെ സ്വാധീനിച്ചേക്കും; കോടിയേരിയുടെ പകരക്കാരൻ മാറ്റമുണ്ടാക്കുമോ?

അനീഷ് കുമാർ

കണ്ണൂർ: പെൻഷൻപ്രായമുയർത്തൽ വിവാദത്തിൽ സി.പി. എമ്മിലെ അഭിപ്രായഭിന്നത പാർട്ടി ശക്തി കേന്ദ്രമായ കണ്ണൂരിലും ചേരിതിരിവ് സൃഷ്ടിക്കുന്നു. പാർട്ടിയിലും ഭരണത്തിലും അപ്രമാദിത്വം തുടരുന്ന മുഖ്യമന്ത്രിപിണറായി വിജയന്റെ ഏകഛത്രാധിപതി യുഗത്തിനെതിരെയുള്ള അതൃപ്തരാണ് കണ്ണൂരിൽ പുതിയ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നീക്കങ്ങളെ പ്രതീക്ഷയോടെ നോക്കി കാണുന്നത്. പാർട്ടിയിൽ കഴകിഞ്ഞ ആറരവർഷക്കാലം കൊണ്ടു തഴയപ്പെട്ട ഉന്നത നേതാക്കൾ ഉൾപ്പെടെ വരുംദിനങ്ങളിൽ സി.പി. എമ്മിൽ നടക്കുന്ന ശുദ്ധികലശത്തിൽ പങ്കാളികളാവുമെന്നാണ് വിവരം. തഴയപ്പെട്ടവരും അതൃപ്തരുമായി ഒട്ടേറെ നേതാക്കൾ കണ്ണൂരിലുണ്ട്.

ഇവർ മാനസികമായി ഇപ്പാൾ എം.വി ഗോവിന്ദനെ അനുകൂലിക്കുന്നവരുമാണ്. നേരത്തെ കോടിയേരി സംസ്ഥാന സെക്രട്ടറിയായിരുന്ന വേളയിൽ പിണറായിയുടെ ഇഷ്ടാനിഷ്ടങ്ങളാണ് പാർട്ടിയിൽ നടപ്പിലായിരുന്നുവെങ്കിൽ ഇപ്പോൾ തൽസ്ഥാനത്ത് എം.വി ഗോവിന്ദൻ പി.ബി അംഗവും സംസ്ഥാനസെക്രട്ടറിയുമായ സാഹചര്യത്തിൽ പാർട്ടി നയങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നുവെന്ന പ്രതീതിസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതു വരും നാളുകളിൽ വന്മാറ്റങ്ങൾ കണ്ണൂർ പാർട്ടിയിലുമുണ്ടായേക്കാം. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായ പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി സ്ഥാനത്തിരുന്ന് പാർട്ടി താൽപര്യങ്ങൾ പരിഗണിക്കാതെ ഏകാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്ന വിമർശനം ജില്ലാകമ്മിറ്റിയിലെ ചില നേതാക്കൾക്കുണ്ട്.

പി. പി. ഇ കിറ്റ് വിവാദത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പാർട്ടിയോ മുഖ്യമന്ത്രിയോ ഫലപ്രദമായി പ്രതിരോധിച്ചില്ലെന്ന അതൃപ്തി കെ.കെ ശൈലജയ്ക്കുണ്ട്. സംസ്ഥാനസെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും സ്ഥാനം നിലനിർത്തിയിട്ടുണ്ടെങ്കിലും പാർട്ടി ഭരണകാലത്ത് താൻ അരികുവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്ന തോന്നൽ പി.കെ ശ്രീമതിക്കുണ്ട്. മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജന് എൽ. ഡി. എഫ് കൺവീനർ സ്ഥാനംലഭിച്ചിട്ടുണ്ടെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറി, പി.ബി അംഗം സ്ഥാനങ്ങൾ നിഷേധിച്ചതിൽ അമർഷമുണ്ട്. മാത്രമല്ല രണ്ടു ടേം നിബന്ധനവെച്ചു മട്ടന്നൂരിൽ വീണ്ടും തന്നെ മത്സരിപ്പിക്കാത്തതിൽ ഇ.പി ജയരാജൻ നേരത്തെ തന്റെ അതൃപ്തി തുറന്നുപറഞ്ഞതുമാണ്.

ഇത്തവണ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും തഴയപ്പെടുകയായിരുന്നു. കണ്ണൂരിലെ ജനകീയ മുഖങ്ങളിലൊന്നായ പി.ജയരാജൻ ഇപ്പോഴും ഖാദി ബോർഡ് വൈസ് ചെയർമാനും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായി തന്നെ തുടരുകയാണ്. തങ്ങളെക്കാൾ പാർട്ടിയിൽ ജൂനിയർമാരായ പി.രാജീവും എ. സ്വരാജും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചപ്പോൾ വെറും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തുടരുകയാണ് എം.വിയും പി.ജെയും. കോടിയേരി സംസ്ഥാന സെക്രട്ടറിയായിരുന്ന വേളയിൽ മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾ മാനിക്കാതെ പാർട്ടിയിൽ ഒരിലപോലും അനങ്ങുമായിരുന്നില്ല.

എന്നാൽ പകരം എം.വി ഗോവിന്ദൻ വന്നപ്പോൾ പാർട്ടിതാൽപര്യം ഉയർത്തിപിടിക്കുന്നുവെന്ന തോന്നൽ കണ്ണൂരിലെ ചില നേതാക്കൾക്കുമുണ്ട്. മാത്രമല്ല കണ്ണൂരിലെ സി.പി. എമ്മിന് പാർട്ടി സെക്രട്ടറിയാണ് മുഖ്യഅധികാര കേന്ദ്രം. അതിന്റെ കൂടെ നിൽക്കാതെ മുഖ്യമന്ത്രിയുടെ താൽപര്യത്തിനൊപ്പം നിൽക്കുക അചിന്തനീയമായണ്. കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാവർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം അസോ. പ്രൊഫസർ നിയമനപട്ടികയിൽ പിൻവാതിലൂടെ ഒന്നാം റാങ്കുകാരിയാക്കിയത്് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന വാദം ഇപ്പോൾ പല നേതാക്കളും ഉയർത്തുന്നുണ്ട്. പരസ്യമായി പറയാതെ രഹസ്യമായി ഈക്കാര്യം മർമ്മരം പോലെ പാർട്ടി വേദികളിൽ ചർച്ച ചെയ്യാനാണ് ഇവർ ഒരുങ്ങുന്നത്.

മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തരിലൊരാളായ കെ.കെ രാഗേഷിന്റെ പ്രവർത്തന ശൈലിയോട് കണ്ണൂരിലെ മിക്ക നേതാക്കൾക്കും വിയോജിപ്പുണ്ട്. അതുകൊണ്ടു തന്നെ വരും നാളുകളിൽ സി.പി. എമ്മിന്റെ ഉൾപാർട്ടി പോരുകളിൽ ഇതും വിഷയമായി മാറിയേക്കാം. എന്തുതന്നെയായാലും കോടിയേരിയല്ല എം.. വിഗോവിന്ദനെന്ന് വ്യക്തമാക്കികൊണ്ടു മുഖ്യമന്ത്രിക്ക് മേൽ പാർട്ടികുരുക്ക് മുറുകുന്നതിന്റെ ലക്ഷണങ്ങളായാണ് ഇപ്പോഴുള്ള സംഭവവികാസങ്ങളെ ഒരുവിഭാഗം നേതാക്കൾ വീക്ഷിക്കുന്നത്. ഭരണത്തിനു മേൽപൂർണമായും അധീശ്വതം സ്ഥാപിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോയകാലത്തിന് തടയിടുന്നതിനുള്ള ഒരുക്കങ്ങളാണ് പുതിയ സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ഇവരിൽ പലരും രഹസ്യമായി പറയുന്നത്.

സംസ്ഥാനസർക്കാരിന്റെ നയപരമായ കാര്യങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യുന്നതിൽ വീഴ്ച പാടില്ലെന്ന വ്യക്തമായ സന്ദേശമാണ് എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കഴിഞ്ഞ ദിവസം ഉയർന്നുവന്നത്. ഒരു പരിധികൂടി കടന്നു എല്ലാത്തിനും മീതെ പാർട്ടിയാണെന്ന് സ്ഥാപിക്കുന്നതിനായി സർക്കാരിന് വീഴ്ചപറ്റിയെന്നും പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സംബന്ധിച്ച വിവരം പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്നും കടത്തി പറയാനും എം.വി ഗോവിന്ദൻതയ്യാറായി. കോടിയേരി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തിൽ നിന്നുമുള്ള വളരെ പ്രകടമായ മാറ്റമാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. നേരത്തെ മുഖ്യമന്ത്രിപറയുന്നതും ചെയ്യുന്നതുമായ എന്തുകാര്യത്തിനെയും ന്യായീകരിക്കുകയെന്ന ജോലി മാത്രമേ പാർട്ടിക്കും സംസ്ഥാന സെക്രട്ടറിക്കുമുണ്ടായിരുന്നുള്ളൂ.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വളരെ ഗുരുതരമായ സ്വർണക്കടത്ത് ആരോപണം ഉയർന്നപ്പോഴും അതുപാർട്ടി വേദികളിൽ പോലും ചർച്ചയാകാതെ ഇലപൊഴിയുന്ന നിശബ്ദതയോടെ ഒതുങ്ങുകയായിരുന്നു. എന്നാൽ പിണറായി സർക്കാരിന്റെ രണ്ടാം ടേമിൽ പാർട്ടിയും സർക്കാരും തമ്മിൽ അകലുന്നതായുള്ള സന്ദേശം ജനങ്ങൾക്കോ പാർട്ടി പ്രവർത്തകർക്ക് നൽകുന്നതിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് സൂചന. എങ്കിലും പാർട്ടിയിൽ വ്യക്തമായ ധ്രുവീകരണത്തിന്റെ സൂചനകൾ ഇതിനകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയന്റെ ഏകാധിപത്യം പാർട്ടിയിൽ ഇപ്പോഴും തുടരുന്നതിൽ അതൃപ്തിയുള്ള ഒരു വിഭാഗം നേതാക്കൾ എം.വി ഗോവിന്ദന്റെ നീക്കങ്ങളെ പ്രതീക്ഷകളോടെയാണ് വീക്ഷിക്കുന്നത്. ഇതിൽ പഴയ വി. എസ്. അനുകൂലികളും വെട്ടിനിരത്തപ്പെട്ട സി. ഐ.ടി.യുക്കാരുമുണ്ട്. പാർട്ടിയിൽ പിണറായി വിജയനെ ഏകഛത്രാധിപതിയുടെ പിടി അയയുകയാണെങ്കിൽ പുതിയ ധ്രുവീകരണമുണ്ടായേക്കും.

എന്നാൽ വി. എസ് -പിണറായി പോരു പോലെ പരസ്യമായ വിഭാഗീയതയിലേക്ക് പോകാതെ അതു അടിയൊഴുക്കുകളായി മാറാനാണ് സാധ്യത. പാർട്ടിയിലും ഭരണത്തിലും അപ്രമാദിത്വം ഉറപ്പിക്കണമെങ്കിൽ ഇനി പിണറായിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. പിണറായി വൈര്യനിര്യാതന ബുദ്ധിയോടെ കാണുന്ന നേതാക്കളെ പോലും പാർട്ടിയുടെ ഭാഗമാക്കി ഒന്നിച്ചു കൊണ്ടുപോകാനുള്ള നീക്കം എം.വി ഗോവിന്ദൻ നടത്തി തുടങ്ങിയ സാഹചര്യത്തിൽ അതു ഏറെ ശ്രമകരമായ ദൗത്യമായി മാറിയേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP