Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ഖമറുദ്ദീന്റെ തട്ടിപ്പിനടക്കം ഉത്തരദേശത്തിൽ ലീഗ് കൊടുക്കേണ്ടി വന്നത് വൻ വില; പച്ചക്കോട്ടകൾ പിലതും തകർന്നപ്പോൾ നേട്ടം ബിജെപിക്ക്; കഷ്ടിച്ച് രക്ഷപ്പെട്ടത് കാസർകോട് നഗരസഭയിൽ മാത്രം; ജില്ലാ പഞ്ചായത്തും, ഉദുമ, മുളിയാർ, മൊഗ്രാൽ പൂത്തൂർ ,കുമ്പള തുടങ്ങിയ കോട്ടകളും കൈവിട്ടു; കാസർകോട് ലീഗ് നേതൃത്വത്തിനെതിരെ അണികൾ

ഖമറുദ്ദീന്റെ തട്ടിപ്പിനടക്കം ഉത്തരദേശത്തിൽ ലീഗ് കൊടുക്കേണ്ടി വന്നത് വൻ വില; പച്ചക്കോട്ടകൾ പിലതും തകർന്നപ്പോൾ നേട്ടം ബിജെപിക്ക്; കഷ്ടിച്ച് രക്ഷപ്പെട്ടത് കാസർകോട് നഗരസഭയിൽ മാത്രം; ജില്ലാ പഞ്ചായത്തും, ഉദുമ, മുളിയാർ, മൊഗ്രാൽ പൂത്തൂർ ,കുമ്പള തുടങ്ങിയ കോട്ടകളും കൈവിട്ടു; കാസർകോട് ലീഗ് നേതൃത്വത്തിനെതിരെ അണികൾ

ബുർഹാൻ തളങ്കര

കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ കാസർകോട് ലീഗ് കേന്ദ്രങ്ങളിലുണ്ടായ ഞെട്ടലിൽ നിന്നും അണികളോ നേതൃത്വമോ ഇതുവരെ മോചിതരായിട്ടില്ല. പച്ച കോട്ടകൊത്തളങ്ങളായി കരുതിപ്പോന്ന പല സീറ്റുകളും കൈവിട്ടപ്പോൾ പഞ്ചായത്തുകളിൽ ഭരണം തുലാസിലായി വിമത മാരുടെയും സ്വാതന്ത്ര്യത്തെയും കാൽക്കൽ വീഴേണ്ട ഗതികേടിലാണ് ലീഗ് നേതൃത്വം. ഷാനവാസ് പാദൂറിന്റെ വിജയത്തോടുകൂടി ജില്ലാ പഞ്ചായത്തിൽ നേരിട്ട തിരിച്ചടി കരണത്ത് കിട്ടിയ അടി പോലെയായി. ഇതോടെ കാസർകോട് ലീഗ് നേതൃത്വത്തിനെതിരെ അണികൾ തിരിഞ്ഞിരിക്കയാണ്.

കാസർകോട് ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടും കച്ചവട താല്പര്യങ്ങളുമാണ് ലീഗ് കോട്ടകൾ കുലുങ്ങാൻ കാരണമെന്നാണ് പൊതു വിലയിരുത്തൽ. മാത്രമല്ല മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീന്റെ വിഷയത്തിൽ സത്യത്തിന്റെകൂടെ നിൽക്കാതെ ഇരകളായ ലീഗ് പ്രവർത്തകരെയും കുടുംബങ്ങളെയും ആക്ഷേപിച്ചതും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. നേതൃത്വത്തിന്റെ സ്വജന താൽപര്യങ്ങളും അഹങ്കാരവുമാണ് കാസർകോടുനിന്നും ലീഗ് ഒഴുകി പോകാൻ ഉണ്ടായ കാരണമെന്ന് പ്രവർത്തകർ തീർത്തു പറയുന്നു. വാർഡ്തലം മുതൽ ജില്ലാതലം വരെയുള്ള കമ്മിറ്റികളിൽ യഥാർത്ഥ പ്രവർത്തകരെ ഉൾപ്പെടുത്താത്ത വ്യവസായികളെ തിരിക്കി കയറ്റിയതും മറ്റൊരു തിരിച്ചടിയാണ്. നേതൃത്വത്തിൽ അടിമുടി മാറ്റങ്ങൾ ആവശ്യമാണെന്നും എല്ലാകാലവും ബിജെപിയെ ചൂണ്ടിക്കാണിച്ച് വിജയിച്ചു വരാമെനുള്ള സൂത്രവിദ്യ ഉപേക്ഷിച്ച് വികസന കാര്യങ്ങളിലും ക്ഷേമ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും അണികൾ പറയുന്നു.

ജില്ലയിൽ മൊഗ്രാൽ പുത്തൂർ, കുമ്പള ചെങ്കള എന്നീ പഞ്ചായത്തുകൾ ലീഗിന്റെ കോട്ടകളാണ്. ഇതിൽ മൊഗ്രാൽ പുത്തൂരും കുമ്പളയും ആര് ഭരിക്കണം എന്ന് ഇനി സ്വതന്ത്രരോ എസ്ഡിപിഐയോ പോലുള്ള ചെറുകക്ഷികൾ തീരുമാനിക്കും. കുമ്പളയിൽ ഏഴ് സീറ്റുകളുണ്ടായിരുന്ന ബിജെപി അത് ഒൻപതാക്കി ഉയർത്തിയിട്ടുണ്ട്. എട്ട് സീറ്റുണ്ടായിരുന്ന ലീഗിന് നിലവിൽ ഏഴ് സീറ്റുകൾ മാത്രമേ ഉള്ളൂ. കോൺഗ്രസിന് മൂന്ന് സീറ്റുണ്ടായിരുന്നിടത്ത് ഇത് രണ്ടായി കുറഞ്ഞു. ഉജാർ സീറ്റാണ് കോൺഗ്രസിന് നഷ്ടമായത്. ഇവിടെ രണ്ട് സ്വതന്ത്രസ്ഥാനാർത്ഥികൾ കോൺഗ്രസിന്റെ പരാജയം ഉറപ്പ് വരുത്തി. സിപിഎമ്മിന്റെ കയ്യിലുണ്ടായിരുന്ന കളത്തൂർ വാർഡ് ബിജെപി നേരിയ ഭൂരിപക്ഷത്തിനാണ് പിടിച്ചെടുത്തത്. കോൺഗ്രസ് നൂറിൽ പരം വോട്ടുകൾ നേടിയതും ബിജെപിക്ക് തുണയായി. കഴിഞ്ഞ തവണ ലീഗിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി വിജയിച്ച് വന്ന കൊടിയമ്മ വാർഡ് ഇത്തവണ വിമത സ്ഥാനാർത്ഥി പിടിച്ചെടുത്തത് ലീഗിന് കനത്ത പരാജയമായി.

ലീഗിന്റെ തട്ടകമായ അറിയപ്പെടുന്ന വാർഡാണ് കൊടിയമ്മ. ബിജെപിയുടെ സീറ്റായ ഇച്ചിലമ്പാടി വളരെ ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് കോൺഗ്രസിന് കൈവിട്ടത്. ബദ്രിയ നഗറിൽ ലീഗിന് കടുത്ത വെല്ലുവിളി ഉയർത്തി വിമത സ്ഥാനാർത്ഥി ഉണ്ടായിരുന്നുവെങ്കിലും വലിയ ചലനം സൃഷ്ടിക്കാനായില്ല. എന്നാൽ ലീഗിന്റെ തന്നെ മൊഗ്രാൽ വാർഡ് വമ്പൻ ഭൂരിപക്ഷത്തിനാണ് സ്വതന്ത്രനായി മത്സരിച്ച അബ്ദുൽ റിയാസ് പിടിച്ചെടുത്തത്. റിയാസ് 738 വോട്ടുകൾ നേടിയപ്പോൾ ലീഗിന്റെ സുഹൈബിന് 388 വോട്ടുകൾ മാത്രമാണ് നേടാനായത്. കൊപ്പളത്ത് ലീഗിന്റെ ഫാത്തിമത് റിസാന മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൊഗ്രാലും കൊപ്പളവും കൈവിട്ടതോടെ പ്രതിസന്ധിയുടെ ചുഴിയിലാണ് ലീഗ് വന്ന് ചേർന്ന് നിൽക്കുന്നത്, ഇനി വിമത പിന്തുണ ഉണ്ടാവുകയാണെങ്കിൽ മാത്രമേ ലീഗിന് ഇവിടെ ഭരണസമിതി രൂപീകരിക്കാൻ സാധിക്കുകയുള്ളൂ, വിമതർ ലീഗിന് പിന്തുണ നൽകാൻ സമ്മതിച്ചാലും അതിന് നൽകേണ്ട വില എന്തായിരിക്കും എന്നതും നിർണായകമാണ്.

ഏറെക്കുറെ നല്ല ഭരണം കാഴ്ച വെക്കുകയും തുടർ ഭരണം ഉണ്ടാകുമെന്നും ഉറപ്പിച്ച മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്. 2010ൽ യുഡിഎഫ് സംവിധാനം പോലുമില്ലാതെ എരിയാൽ ബ്ലോക്ക് ഡിവിഷനിലേക്ക് വരെ ലീഗ് ഒറ്റക്ക് ജയിച്ച് വെന്നിക്കൊടി പാറിച്ച പഞ്ചായത്താണിത്. എന്നാൽ ഇത്തവണ ഭരണസമിതി രൂപീകരിക്കാൻ വേണ്ട കേവലഭൂരിപക്ഷം പോലുമില്ലതെ പ്രതിസന്ധിയിലാണ് ലീഗ് നേതൃത്വം ഇവിടെ. കല്ലങ്കൈ വാർഡിൽ എസ്ഡിപിഐ ഉയർത്തിയ ഭീഷണിയെ തൃണവൽക്കരിച്ചതും മജൽ, ബെള്ളൂർ വാർഡുകൾ അപ്രതീക്ഷിതമായി കൈവിട്ടതും ലീഗിനെ വലിയ പ്രതിസന്ധിയിലാക്കി. ചൗക്കി കുന്നിൽ വാർഡിൽ ലീഗിന്റെ സുഹറ കരീം പരാജയപ്പെടും എന്ന് നേരത്തെ നിരീക്ഷിക്കപ്പെട്ടിട്ടും മറുതന്ത്രങ്ങൾ മെനയാൻ ലീഗ് നേതൃത്വത്തിന് സാധിച്ചില്ല.

ലീഗിൽ നിന്ന് ബിജെപി സ്വതന്ത്ര നേടിയ ബെള്ളൂർ വാർഡിൽ എസ്ഡിപിഐ മുന്നൂറിൽ പരം വോട്ടുകൾ നേടി എന്നതും ശ്രദ്ധേയമാണ്. 18 വോട്ടുകൾക്കാണ് ഈ വാർഡ് ലീഗിന് നഷ്ടമായത്. സിറാജുദ്ധീൻ മൂപ്പയെ മുൻനിർത്തി പിടിച്ചെടുക്കാമെന്ന് പ്രതീക്ഷിച്ച ഉജിർക്കര ശാസ്താ നഗർ വാർഡ് നേടാനും സാധിച്ചില്ല. ഒപ്പം ലീഗിന് ശക്തമായ വെല്ലുവിളി ഉയർത്തി ബാവ ഹാജി വിമത സ്ഥാനാർത്ഥിയായ മൊഗ്രാൽ പുത്തൂർ ടൗൺ വാർഡിൽ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. ഇവിടെ സ്വതന്ത്രനായി മത്സരിച്ച മൊയ്ദീൻ പാദാർ പിടിച്ച 79 വോട്ടുകൾ ബാവാഹാജിയുടെ പെട്ടിയിൽ വീണിരുന്നുവെങ്കിൽ വാർഡ് ലീഗിന് നഷ്ടമായേനെ. ലീഗിന് മൂന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച കുളങ്കര വാർഡിൽ കേവലം 72 വോട്ടുകളുടെ ലീഡ് മാത്രമേ നേടാനായുള്ളൂ എന്നതും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷം ഇല്ലാതെ എങ്ങനെ ഭരണം നേടും എന്ന പ്രതിസന്ധിയിലാണ് ലീഗ് ഇവിടെ, ഒപ്പം പതിറ്റാണ്ടുകളായി ലീഗിലെ അതികായനായി കരുതിപ്പോന്ന അബ്ദുല്ലകുഞ്ഞിയുടെ മജൽ വാർഡ് സിപിഎം സ്ഥാനാർത്ഥി നേടിയതിന്റെ അമ്പരപ്പും. സ്ഥാനാർത്ഥി നിർണയത്തിൽ പിഴവ് പറ്റിയോ എന്ന് സൂക്ഷമായി പരിശോധന നടത്തേണ്ട ഒരു പഞ്ചായത്താണ് മൊഗ്രാൽ പുത്തൂർ.

ഭരണം നേടാൻ പ്രതിസന്ധി ഇല്ലെങ്കിലും ലീഗിന് കാര്യമായ പരിക്കുപറ്റിയ പഞ്ചായത്താണ് ചെങ്കള, പ്രസിഡണ്ട് സ്ഥാനാർത്ഥിയായിരുന്ന അബ്ദുല്ലക്കുഞ്ഞി ചെർക്കള നാരംപാടി വാർഡിൽ പരാജയപ്പെട്ടു. കഴിഞ്ഞ തവണ പ്രസിഡണ്ടായിരുന്ന ഷാഹിന സലിം വിജയിച്ച് വന്ന വാർഡാണ് നാരംപാടി. അബ്ദുല്ലകുഞ്ഞിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ വിവിധ കേന്ദ്രങ്ങളിൽ എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും അതൊക്കെയും മറികടന്നാണ് ലീഗ് അദ്ദേഹത്തെ ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. സ്വതന്ത്രനായി മത്സരിച്ച ലത്തീഫ് സി കെ നാരമ്പാടിയാണ് ഇവിടെ വിജയമറിഞ്ഞത്.

ലീഗിന് സാധ്യത കൽപിച്ചിരുന്ന പിലാങ്കട്ട വാർഡിലും വിജയം നേടാനായില്ല, ഇവിടെ സ്വാതന്ത്ര്യ സ്ഥാനാർത്ഥിയാണ് വിജയിച്ചത്, കഴിഞ്ഞ തവണയും സ്വാതന്ത്ര്യൻ നേടിയ വാർഡാണിത്. ലീഗിന്റെ മറ്റൊരു സിറ്റിങ് സീറ്റായ പടിഞ്ഞാർമൂല ഇത്തവണ കൈവിട്ടു, ഈ വാർഡ് എൽഡിഎഫാണ് നേടിയത്. കഴിഞ്ഞ തവണ ലീഗ് നേടിയത് 15 സീറ്റാണെങ്കിൽ ഇത്തവണ അത് 14 ആണ്, കോൺഗ്രസിന് രണ്ട് സീറ്റുണ്ടായിരുന്നിടത്ത് അത് ഒന്നായി കുറഞ്ഞു, ബാലടുക്ക സീറ്റിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയാണ് വിജയം കണ്ടത്. എൽഡിഎഫ് ഒരു സീറ്റ് വർധിപ്പിച്ച് അംഗബലം അഞ്ച് ആക്കി ഉയർത്തി.

ഒപ്പം മധുർ പഞ്ചായത്തിൽ എക്കാലവും ലീഗിനൊപ്പം നിലകൊണ്ട ഹിദായത്ത് നഗർ, പട്‌ള വാർഡുകൾ ലീഗിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു, അറന്തോട് ബിജെപിയെ തറപറ്റിച്ച ലീഗിന് രണ്ട് കുത്തക വാർഡുകൾ നഷ്ടമായത് ലീഗിന് വലിയ നഷ്ടമായി.ലീഗിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായി എന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇത്. വിശിഷ്യാ സ്വന്തമെന്ന് കരുതിപ്പോന്ന പഞ്ചായത്തുകൾ തന്നെ കൈവിട്ടതും ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷൻ കൈവിട്ടതും ഏറെ ക്ഷീണം ചെയ്യും.

വിജയം നിലനിർത്താൻ സാധിച്ച കാസർകോട് നഗരസഭയിലാകട്ടെ ശക്തമായ പോരാട്ടമാണ് ലീഗ് സ്ഥാനാർത്ഥികൾക്ക് നേരിടേണ്ടിവന്നത്. ബധിര, ചാല , തളങ്കര പടിഞ്ഞാറ് 6 ബാങ്കോട്, വാസിലൈൻ, ചേരങ്കൈ തുടങ്ങിയ വാർഡുകളിൽ കഷ്ടിച്ചാണ് ലീഗ് കടന്നുകൂടിയത്. നേരത്തെ ഇവിടങ്ങളിൽ അഞ്ഞൂറ് അറുന്നൂറ് വോട്ടുകൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന ഇടങ്ങളിൽ ഇതിൽ പത്തൊൻപതും നൂറിനും ഇടയിലാണ് ഇത്തവണ ഭൂരിപക്ഷം. കഴിഞ്ഞകാലങ്ങളിൽ തൊള്ളായിരം വോട്ട് ഭൂരിപക്ഷത്തിനോ പേരിന് എതിർസ്ഥാനാർതിയോ മാത്രമുണ്ടായിരുന്ന തളങ്കര പടിഞ്ഞാറിൽ ഇത്തവണ ലീഗ് കടന്നു കൂടിയത് 19 വോട്ടിനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP