Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ പഞ്ചായത്ത് രൂപീകരണം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടന്നാൽ മലബാറിൽ കോൺഗ്രസിനെ ലീഗ് വിഴുങ്ങും; നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വിലപേശി വാങ്ങാൻ അവസരം ഒരുങ്ങും; ഭരണ മാറ്റമുണ്ടായാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിൽ നിന്നും പിടിച്ചു വാങ്ങും

പുതിയ പഞ്ചായത്ത് രൂപീകരണം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടന്നാൽ മലബാറിൽ കോൺഗ്രസിനെ ലീഗ് വിഴുങ്ങും; നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വിലപേശി വാങ്ങാൻ അവസരം ഒരുങ്ങും; ഭരണ മാറ്റമുണ്ടായാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിൽ നിന്നും പിടിച്ചു വാങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളാ രാഷ്ട്രീയത്തിലെ അതിനിർണ്ണായകമായ ഗതിമാറ്റങ്ങൾക്ക് ഇടയാക്കുന്നതാകുമോ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്? ഹൈക്കോടതിയുടെ മുന്നിൽ എത്തിനിൽക്കുന്ന തെരഞ്ഞെടുപ്പ് വിഷയം അതിപ്രാധാന്യം അർഹിക്കുന്നുണ്ട് എന്നതാണ് പൊതുവേയുള്ള രാഷ്ട്രീയ വിലയിരുത്തൽ. പുതിയ വാർഡ് വിഭജനത്തെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടക്കണമെന്ന മുസ്ലിംലീഗിന്റെ പിടിവാശിയാണ് വിഷയത്തെ കോടതിയുടെ മുന്നിലേക്ക് എത്തിച്ചത്. എന്നാൽ, കോൺഗ്രസിനെ വരച്ച വരയിൽ നിർത്തിയുള്ള ലീഗിന്റെ വിലപേശലിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം അടുത്തതായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ്.

പുതിയതായി രൂപം നൽകിയ പഞ്ചായത്ത് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ മലബാറിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി മുസ്ലിംലീഗ് മാറും. ഇതോടെ മലബാറിൽ കോൺഗ്രസിനെ പൂർണ്ണമായും വിഴുങ്ങുന്ന വിധത്തിലേക്ക് ഇത് മാറുകയും ചെയ്യും. അതുകൊണ്ട് തന്നെ കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകരുതേയെന്നാണ് കോൺഗ്രസ് നേതാക്കളുടെ മനസിലിരുപ്പ്. കെപിസിസി അടക്കം ഈ വിഷയത്തിൽ പഴയ കണക്കുകൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്ന് വാദിക്കുന്നതിന്റെ പൊരുളും ഇതു തന്നെയാണ്. മലബാറിലെ യുഡിഎഫ് എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും ലീഗാണെന്ന വിധത്തിലേക്ക് മാറുന്ന അവസ്ഥയുണ്ട്. അവിടെ ലീഗ് നേതാക്കൾ പറയുന്നത് തന്നെയാണ് യുഡിഎഫിലെ അവസാന വാക്കും.

ഇപ്പോഴത്തെ വാർഡ് വിഭജനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മുസ്ലിംലീഗാണെന്ന കാര്യത്തിൽ ആർക്കുമൊരു തർക്കവുമില്ല. പുതുതായി രൂപീകരിച്ച 58 പഞ്ചായത്തുകളിൽ ഭൂരിപക്ഷവും മലബാർ മേഖലയിൽ ആണ്. ലീഗിന് സ്വാധീനമുള്ള മേഖലകളിലാണ് ഈ പഞ്ചായത്തുകളുടെ രൂപീകരണം. മുസ്ലിംലീഗിന്റെ പ്രത്യേക താൽപ്പര്യത്താലായിരുന്നു ഇങ്ങനെ വിഭജനം ഉണ്ടായത്. ഇതിനെതിരെ മലബാറിലെ കോൺഗ്രസ് നേതാക്കൾ ശ്ബദമുയർത്തിയിരുന്നു. എന്നാൽ, ലീഗിന്റെ പിന്തുണയാൽ ഭരിക്കുന്നതിനാൽ മന്ത്രിസതലത്തിൽ ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായില്ല. കോൺഗ്രസിന് ഗുണം ചെയ്യുമായിരുന്നത് തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകൾ വിഭജിച്ച് മുൻസിപ്പാലിറ്റികൾ രൂപീകരിച്ച കാര്യമായിരുന്നു. ഇതാകട്ടെ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിക്കാൻ ലീഗ് രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയപ്പോഴാണ് ലീഗ് ഉടനടി ഇടപെട്ടതും മുഖ്യമന്ത്രിയെ കണ്ട് സമ്മർദ്ദം ചെലുത്തിയതും ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്ന തീരുമാനത്തിലേക്ക് എത്തിയതും. വാർഡു വിഭജനത്തിനെതിരെ നിരവധി പരാതികളാണ് ഉയർന്ന് വന്നിട്ടുള്ളത്. സമുദായ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് വാർഡ് വിഭജനം ഉണ്ടായിട്ടുള്ളതെന്നായിരുന്നു പ്രധാന ആക്ഷേപം. ഹിന്ദുമുസ്ലിം പഞ്ചായത്തുകളെന്ന വിധത്തിലാണ് വിഭജനമെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു. ഇങ്ങനെയുള്ള ആരോപണങ്ങളോട് മൗനം പാലിക്കുകയാണ് ലീഗ് നേതാക്കൾ ചെയ്തത്. ഇപ്പോഴത്തെ അവസ്ഥയിൽ കോടതിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായി, പുതിയ പഞ്ചായത്തുകൾ രൂപീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടന്നാൽ മലപ്പുറത്തെ മിക്ക പഞ്ചായത്തുകളിലും ലീഗിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള അവസരം ഒരുങ്ങും. മലബാർ മേഖലയിൽ കൂടുതൽ പിടിമുറുക്കാനും സാധിക്കും.

ഇങ്ങനെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിൽ തന്നെയാണ് മുസ്ലിംലീഗ്. ഇങ്ങനെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്താൽ മലബാർ മേഖലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിച്ചു വാങ്ങാനുള്ള വിലപേശൽ ശേഷി ഇതോടെ ലീഗിന് കൈവരിക്കാൻ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളിൽ എല്ലാം വിജയിക്കുക എന്നതാണ് ലീഗിന്റെ തന്ത്രം. കഴിഞ്ഞ തവണ 22 സീറ്റുകളിലാണ് ലീഗ് മത്സരിച്ചതെങ്കിൽ ഇത്തവണ 30 സീറ്റെങ്കിലും വേണമെന്ന അവകാശവാദമായിരിക്കും ലീഗ് ഉന്നയിക്കുക. ഇതിൽ തന്നെ 27 ഇടങ്ങളിലെങ്കിലും വിജയിച്ചു കയറാമെന്നും ലീഗ് കണക്കൂട്ടുന്നു. രാഷ്ട്രീയ കാലാവസ്ഥ ഇടതിന് അനുകൂലമായി എൽഡിഎഫ് അധികാരത്തിൽ എത്തിയാലും അംഗബലത്തിൽ മുന്നിലെത്തുക എന്നതാണ് ലീഗ് തന്ത്രം.

അടുത്തിടെ പുറത്തുവന്ന ചാനൽ സർവേകളിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന സൂചനയാണ് നൽകുന്നത്. ഇതിന് സാധിച്ചാൽ ഒരുപക്ഷേ യുഡിഎഫ് പ്രതിപക്ഷ സ്ഥാനത്ത് ആയാൽ തന്നെയും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ തരത്തിൽ അംഗസംഖ്യ ഉണ്ടാക്കുക എന്നതാണ് ലീഗ് ലക്ഷ്യം. നേരത്തെ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന് പങ്കാളിത്തമുള്ള ടി വി ന്യൂ ചാനൽ നടത്തിയ സർവേയിൽ പി കെ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവാകുമെന്ന പ്രവചനം നടത്തിയിരുന്നു. ഗ്രൂപ്പ് യുദ്ധത്തിലും മറ്റും ഉഴറുന്ന കോൺഗ്രസിനാകും തെരഞ്ഞെടുപ്പിൽ ക്ഷീണമെന്നാണ് സർവേയിൽ വിലയിരുത്തിയത്. ബിജെപിയുടെ മുന്നേറ്റം കോൺഗ്രസിനെയാണ് ബാധിക്കുക. അതേസമയം ഇത് മുസ്ലിം വോട്ടുകൽ ഏകീകരിക്കാനും പാർട്ടിക്ക് കരുത്തു പകരുമെന്നും ലീഗ് വിലയിരുത്തുന്നു.

മറിച്ച് യുഡിഎഫിന് അധികാരം കിട്ടിയാൽ കടുതൽ ശക്തമായി തന്നെ ഭരണത്തെ നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലുള്ള വകുപ്പുകളും വിലപേശി നേടാമെന്നതാണ് ലീഗ് കണക്കു കൂട്ടൽ. എന്നാൽ, ലീഗിന്റെ മനസിലിരുപ്പ് അതേപടി നടത്തിക്കൊടുക്കാൻ മലപ്പുറത്തെ കോൺഗ്രസുകാർ തയ്യാറല്ല. ലീഗിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വഴിവിട്ട് സഹായിക്കുന്നു എന്ന പരാതി ആര്യാടൻ മുഹമ്മദിനെ പോലുള്ള നേതാക്കൾക്ക് ഉണ്ട്. മലബാർ മേഖലയിൽ കോൺഗ്രസ് വളരാതിരിക്കാനുള്ള പ്രധാന കാരണം ലീഗ് തന്നെയാണെന്നാണ് ആര്യാടന്റെ വാദം. മുസ്ലിം ചെറുപ്പക്കാരെയെല്ലാം തുടക്കത്തിൽ തന്നെ ലീഗ് പാർട്ടിയിലേക്ക് റാഞ്ചുകയാണ്. അതുകൊണ്ട് കോൺഗ്രസിൽ ന്യൂനപക്ഷ സ്വാധീനവും കുറയുന്നുവെന്ന പരാതിയുണ്ട്. അതുകൊണ്ട് ലീഗിന്റെ വളർച്ച തടയേണ്ടത് കോൺഗ്രസിന്റെ നിലനിൽപ്പിന് കൂടി അനിവാര്യമാണ്. യുഡിഎഫ് എന്ന് പൊതുവേ പറയുമെങ്കിലും ലീഗിന് മിടുക്ക് സ്വന്തം കാര്യം നോക്കുന്നതിൽ ആണെന്നും കോൺഗ്രസ് നേതാക്കൾക്ക് പരാതിയുണ്ട്.

അതേസമയം കോൺഗ്രസിനെ കുറിച്ച് ലീഗിനുള്ള പരാതിയും കുറവല്ല. കോൺഗ്രസുകാർ കാലുവാരുന്നവരാണെന്നാണ് ലീഗിന്റെ പരാതി. മലപ്പുറത്ത് അടക്കം കോൺഗ്രസുകാർ വോട്ട് മറിക്കുന്നുവെന്ന ആക്ഷേപതും ലീഗിനുണ്ട്. മലപ്പുറം ജില്ലയിൽ ലീഗ് ആധിപത്യം ഇല്ലാതാക്കാൻ ജനകീയ മുന്നണി എന്ന പേരിലും വികസന മുന്നണി എന്ന പേരിലും കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവർ സാമ്പാർ മുന്നണി രൂപീകരിച്ചതും മുസ്ലിം ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്.

എല്ലാ കാലത്തും ലീഗ് പ്രവർത്തകർ കോൺഗ്രസ് ഉൾപ്പടെയുള്ള ഘടകകക്ഷി സ്ഥാനാർത്ഥികളുടെ വിജയത്തിനായി അരമുറുക്കി പണിയെടുക്കുമെങ്കിലും ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ തിരിച്ച് ഈ സഹകരണമില്ലെന്നതാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. നഗരസഭാ രൂപീകരണവും വാർഡ് വിഭജനവും മലബാറിൽ ലീഗിന് തിരിച്ചടിയായ സാഹചര്യത്തിൽ മുന്നണി സംവിധാനത്തിൽ വിള്ളൽ വന്ന ഇടങ്ങളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിന് അടിയന്തിര ഇടപെടൽ യുഡിഎഫ് നേതൃത്വത്തിൽ നിന്നും ഉണ്ടാകണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. പഴയ നിലയിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ യുഡിഎഫ് ഒന്നായി നിന്ന് പ്രവർത്തിച്ചാൽ മാത്രമേ നേട്ടമുണ്ടാക്കാൻ സാധിക്കൂവെന്നുമാണ് വിലയിരുത്തൽ. എന്തായാലും മലബാറിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുന്ന വിധി യഥാർത്ഥത്തിൽ ഉണ്ടാകുക പുതിയ പഞ്ചായത്ത് രൂപീകരണ വിഷയത്തിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP