Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാസർഗോഡിനെ പരിഹസിച്ചവർക്ക് മറുപടിയായി ഉണ്ണിത്താനെ ഇറക്കി; വടകരയിൽ മുരളീധരനെ ഇറക്കി തരംഗം ഉണ്ടാക്കി; സോണിയയുടെ അടുക്കളക്കാരനായ കെവി തോമസിനെ വെട്ടി ആറ്റിൽ എറിഞ്ഞ് മാസായി; പൗരത്വ ഭേദഗതിയിലെ കാർക്കശ്യം ലക്ഷ്യമിടുന്നത് 'ചാണ്ടി' ഗ്രൂപ്പിനെ വെട്ടിവീഴ്‌ത്താൻ; ബെന്നി ബെഹന്നാനെ അടർത്തിയെടുത്ത് ചെന്നിത്തലയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ; മുരളീധരനും കളം മാറി; ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതി മുല്ലപ്പള്ളി; ആന്റണി ഭീതിയിൽ ഐ-എ ഗ്രൂപ്പുകൾ ഒരുമിക്കുമോ?

കാസർഗോഡിനെ പരിഹസിച്ചവർക്ക് മറുപടിയായി ഉണ്ണിത്താനെ ഇറക്കി; വടകരയിൽ മുരളീധരനെ ഇറക്കി തരംഗം ഉണ്ടാക്കി; സോണിയയുടെ അടുക്കളക്കാരനായ കെവി തോമസിനെ വെട്ടി ആറ്റിൽ എറിഞ്ഞ് മാസായി; പൗരത്വ ഭേദഗതിയിലെ കാർക്കശ്യം ലക്ഷ്യമിടുന്നത് 'ചാണ്ടി' ഗ്രൂപ്പിനെ വെട്ടിവീഴ്‌ത്താൻ; ബെന്നി ബെഹന്നാനെ അടർത്തിയെടുത്ത് ചെന്നിത്തലയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ; മുരളീധരനും കളം മാറി; ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതി മുല്ലപ്പള്ളി; ആന്റണി ഭീതിയിൽ ഐ-എ ഗ്രൂപ്പുകൾ ഒരുമിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൗരത്വ ഭേദഗതി നിയമത്തിലെ വിവാദങ്ങൾ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റി മറിക്കുന്നു. തീവ്ര സിപിഎം വിരുദ്ധരും അല്ലാത്തവരും എന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയാണ്. തീവ്ര സിപിഎം വിരുദ്ധരുടെ നേതാവ് ഇപ്പോൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്. മറുഭാഗത്ത് രമേശ് ചെന്നിത്തലയും. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഉമ്മൻ ചാണ്ടിക്ക് ചർച്ചകളിൽ സജീവമാകാൻ കഴിയുന്നില്ല. ഇതിനിടെ പൗരത്വ ഭേദഗതിയിൽ സിപിഎമ്മുമായി സഹകരിക്കാൻ ഉമ്മൻ ചാണ്ടിയും തയ്യാറായി. ഇതിൽ എ ഗ്രൂപ്പിലും രണ്ടഭിപ്രായമുണ്ട്. സിപിഎമ്മിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഈ സമീപനം ആത്മഹത്യാ പരമാണെന്നാണ് അവരുടെ പക്ഷം.

ഒരാൾക്ക് ഒരു പദവിയെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത് മുല്ലപ്പള്ളിയാണ്. ഇതും ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റി മറിക്കും. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടും ടി.എം. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, ബെന്നി ബഹനാൻ എന്നിവർ പാർട്ടി പദവികളിൽ തുടരുകയാണ്. ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടും ടി.ജെ. വിനോദ് എറണാകുളം ഡി.സി.സി. അധ്യക്ഷ സ്ഥാനത്ത് തുടരുന്നു. തൃശൂർ ഡി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ടി.എൻ. പ്രതാപൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. എംപി. സ്ഥാനത്തിനൊപ്പം പാലക്കാട് ഡി.സി.സിയുടെ ചുമതലയും വി.കെ. ശ്രീകണ്ഠനുണ്ട്. ഈ സാഹചര്യത്തെ അനുകൂലമാക്കാൻ ഐ ഗ്രൂപ്പും തക്കം പാർക്കുന്നു. ഇതിൽ പൗരത്വ ഭേദഗതിയോടെ ബെന്നി ബെഹന്നാൻ മുല്ലപ്പള്ളി പക്ഷത്തോട് അടുക്കുകയാണ് ബെന്നി.

വി എം.സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ സജീവമായിരുന്നു പ്രതാപൻ. പ്രതാപനെ പിണക്കാൻ ഐ ഗ്രൂപ്പിനും താൽപ്പര്യമില്ല. മുല്ലപ്പള്ളിയുമായി പ്രതാപൻ അടുക്കുമോ എന്ന സംശയമാണ് ഇതിന് കാരണം. നിലവിൽ സുധീരനൊപ്പം നിൽക്കുന്ന പ്രതാപനെ കൂടെ നിർത്താനാണ് ചെന്നിത്തലയുടെ ശ്രമം. സ്ഥാനമൊഴിയുകയാണെങ്കിൽ എല്ലാവരും ഒരുമിച്ചാകുമെന്നതിനാൽ പ്രതാപൻ തുടരുന്ന പക്ഷം ഐ ഗ്രൂപ്പിലെ വി.കെ. ശ്രീകണ്ഠനു ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തും തുടരാം. ഉമ്മൻ ചാണ്ടിയുടെ വലംകൈ ആയ ബെന്നി ബെഹനാൻ മുല്ലപ്പള്ളിക്കൊപ്പം പോയാൽ എ ഗ്രൂപ്പ് ദുർബ്ബലമാകും. കെപിസിസിയെ മുമ്പോട്ട് നയിക്കാൻ ബെന്നിയുടെ സഹായം തുണയാകുമെന്ന് മുല്ലപ്പള്ളിക്ക് അറിയാം. ഫണ്ട് റെയ്‌സിംഗിലും സംഘടനാ മികവിലും ബെന്നിയുടെ മികവ് തിരിച്ചറിഞ്ഞാണ് മുല്ലപ്പള്ളിയുടെ നീക്കം.

സജീവ രാഷ്ട്രീയത്തിൽനിന്ന് ഉമ്മൻ ചാണ്ടി മാറിനിൽക്കുന്നതാണ് ഇതിന് കാരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി സ്ഥാനത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും പോരാ തുടങ്ങി കഴിഞ്ഞു. മുല്ലപ്പള്ളിയും നിയമസഭയിലേക്ക് മത്സരിക്കും. കെപിസിസി അധ്യക്ഷനായിരിക്കുമ്പോൾ ചെന്നിത്തല മത്സരിച്ചിരുന്നു. ഇതേ രീതി തുടരാനാണ് മുല്ലപ്പള്ളിയുടെയും തീരുമാനം. ഗ്രൂപ്പുകളിൽ സജീവമല്ലാത്ത എല്ലാവരേയും ഒരുമിപ്പിക്കുന്നതിനൊപ്പം എ ഗ്രൂപ്പിനേയും അടർത്തിയെടുക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമം. എകെ ആന്റണിയുടെ മനസ്സും മുല്ലപ്പള്ളിക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ ആന്റണിയുടെ കൂടെ സഹായത്തോടെ പരമാവധി എ ഗ്രൂപ്പ് നേതാക്കളെ കൂടെ കൂട്ടാനാകും ശ്രമം.

വി എം സുധീരനും പ്രത്യേക സാഹചര്യത്തിൽ മുല്ലപ്പള്ളിയെ സഹായിക്കും. കെ മുരളീധരനും പൗരത്വ ഭേദഗതിയിൽ മുല്ലപ്പള്ളിയെ പിന്തുണച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷും ആന്റണിയുടെ താൽപ്പര്യം തിരിച്ചറിഞ്ഞ് കെപിസിസി അധ്യക്ഷനൊപ്പമാണ്. ഇതെല്ലാം ഗ്രൂപ്പ് സമവാക്യങ്ങളെ സാരമായി ബാധിക്കും. എ ഗ്രൂപ്പിൽ വിള്ളലുണ്ടാകുമ്പോൾ സ്വാഭാവികമായി അതിന്റെ ഗുണം ചെന്നിത്തലയ്ക്ക് കിട്ടും. എന്നാൽ ഹൈക്കമാണ്ടിന്റെ പിന്തുണയിൽ ഇതെല്ലാം തകർത്തെറിയാനാണ് മുല്ലപ്പള്ളിയുടെ നീക്കം. ഘടകകക്ഷികൾക്ക് വഴങ്ങാത്ത കരുത്തനായ നേതാവാണ് താനെന്ന് തെളിയിക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കം.

പൗരത്വബില്ലിനെതിരായ യോജിച്ച സമരവുമായി ബന്ധപ്പെട്ട വിവാദം ഇതിന്റെ ടെസ്റ്റ് ഡോസുമായി. പാർട്ടി കേരളാ ഘടകത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണു മുല്ലപ്പള്ളി. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ അണികൾ ശക്തിയായി കാണുന്നത്. കോൺഗ്രസ് താൽക്കാലിക അധ്യക്ഷ സോണിയയുമായി ചർച്ച നടത്തിയാണ് ചെന്നിത്തലയുടെ കരുനീക്കം. രാഹുലിനു നിലവിൽ പാർട്ടി സ്ഥാനങ്ങളൊന്നുമില്ലെങ്കിലും കേരളത്തിൽ നിന്നുള്ള എംപിയായതിനാൽ നിയമനങ്ങളിലും തീരുമാനങ്ങളിലും അഭിപ്രായം തേടേണ്ടതുണ്ട്. ഇതും മുല്ലപ്പള്ളിക്ക് കരുത്താണ്.

മുല്ലപ്പള്ളിയുടെ നീക്കത്തെ ഉമ്മൻ ചാണ്ടിയും ജാഗ്രതയോടെയാണു വീക്ഷിക്കുന്നത്. മുസ്ലിംലീഗിന്റെ മനമറിഞ്ഞ് ചെന്നിത്തല നടത്തിയ നീക്കമായിരുന്നു പൗരത്വ ബില്ലിനെതിരായ സംയുക്ത സമരമെങ്കിലും വിവാദത്തിൽ മുല്ലപ്പള്ളിയെ ഉമ്മൻ ചാണ്ടി തള്ളിയതും ഇതുകൊണ്ടായിരുന്നു. എന്നാൽ ഇതൊന്നും എ ഗ്രൂപ്പിനെ ബലപ്പെടുത്താൻ കാരണമായില്ല. കെ ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും സിപിഎം സഹകരണത്തെ പിന്തുണയ്ക്കുന്നില്ല. ഇതെല്ലാം അനുകൂലമാക്കാൻ മുല്ലപ്പള്ളി ശ്രമിക്കുന്നുണ്ട്. ലോക്‌സഭയിലെ മികവിന് പിന്നിൽ മുല്ലപ്പള്ളിയുടെ പിടിവാശിയാണെന്ന് കോൺഗ്രസ് ഹൈക്കമാണ്ട് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിയ്‌ക്കൊപ്പമാകും ഈ ഘട്ടത്തിലും ഹൈക്കമാണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷനെന്ന നിലയിൽ മുല്ലപ്പള്ളിയുടെ അപ്രമാധിത്യത്തെ അംഗീകരിക്കാൻ എ-ഐ ഗ്രൂപ്പുകളും തയ്യാറായിരുന്നില്ല. വയനാട് കിട്ടിയേ തീരൂവെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി കടുംപിടിത്തം പിടിച്ചതു മുതൽ സ്ഥാനാർത്ഥി നിർണ്ണയം മുല്ലപ്പള്ളിക്ക് വെല്ലുവിളിയായി. 20 സീറ്റിലും ജയിക്കാനാവുന്ന സ്ഥാനാർത്ഥികളെ നിർത്തുകയെന്നതായിരുന്നു മുല്ലപ്പള്ളിയുടെ മനസ്സിൽ. ഇതിന് വേണ്ടി പല പേരു ദോഷവും കേട്ടു. വടകരയിൽ നിന്ന് പേടിച്ചോടിയ നേതാവെന്ന് പോലും കളിയാക്കി. അപ്പോഴും എല്ലായിടത്തും തന്റെ കണ്ണെത്തണമെന്ന് മുല്ലപ്പള്ളിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ തിരുവനന്തപുരത്ത് ഇരുന്ന് മുല്ലപ്പള്ളി കാര്യങ്ങൾ നിയന്ത്രിച്ചു. തെറ്റുകൾ തിരുത്തി. അങ്ങനെ പാലക്കാട് പോലും അവിശ്വസനീയ വിജയം കോൺഗ്രസ് നേടിയെടുത്തു.

വയനാടിന് വേണ്ടിയുള്ള കടുംപിടത്തമാണ് മുല്ലപ്പള്ളിയെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏറെ വേദനിപ്പിച്ചത്. വയനാട് ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കാനായിരുന്നു രമേശ് ചെന്നിത്തലയുടെ താൽപ്പര്യം. ഉമ്മൻ ചാണ്ടിക്ക് ടി സിദ്ദിഖിനേയും. എന്നാൽ കാസർഗോഡ് നേരിയ മാർജിനിലെ കഴിഞ്ഞ തവണ തോറ്റ സിദ്ദിഖിനെ അങ്ങോട്ട് അയയ്ക്കാനായിരുന്നു മുല്ലപ്പള്ളിയുടെ ആഗ്രഹം. എന്നാൽ തോൽക്കുന്ന സീറ്റിലേക്ക് സിദ്ദിഖിനെ അയയ്ക്കില്ലെന്ന് ഉമ്മൻ ചാണ്ടി തീർത്തു പറഞ്ഞു. ഇതോടെ കാസർഗോട്ടെ സ്ഥാനാർത്ഥിയെ മുല്ലപ്പള്ളി സ്വയം തീരുമാനിച്ചു. അങ്ങനെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോട്ടേക്ക് വണ്ടി കയറിയത്. തുടക്കത്തിൽ എ ഗ്രൂപ്പ് ചില അസ്വാരസ്യങ്ങൾ ഉയർത്തി. ഒറ്റ രാത്രിക്കൊണ്ട് വിമതരെ വരച്ച വലയ്ക്ക് നിർത്തി ഗ്രൂപ്പ് പോരിന് അവസാനം കുറിച്ചു. രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രവർത്തനങ്ങൾ ദിവസവും നിരീക്ഷിച്ചു. അങ്ങനെ സ്വന്തം സ്ഥാനാർത്ഥിയെ ഇടത് കോട്ടയിൽ നിർത്തി മുല്ലപ്പള്ളി വിജയത്തിലേക്ക് കൊണ്ടു പോയി.

വടകരയ്ക്ക് പറയാനുള്ളത് ചുവപ്പു തേരോട്ടത്തിന്റെ കഥയായിരുന്നു. സിപിഎമ്മിന്റെ സതീദേവി ലക്ഷം വോട്ടിന് ജയിച്ചിരുന്ന മണ്ഡലം. ഇതിനെ പുഞ്ചിരിയുമായെത്തി വലത്തേക്ക് അടുപ്പിച്ചത് മുല്ലപ്പള്ളിയായിരുന്നു. കണ്ണൂരിലെ അട്ടിമറി വിജയത്തിന്റെ കുരത്തറിഞ്ഞ് മുല്ലപ്പള്ളിയെ പത്തുകൊല്ലം മുമ്പ് ആന്റണിയാണ് വടകരയിലെ സ്ഥാനാർത്ഥിയാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായി. പിന്നീട് എഐസിസി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ പ്രധാനിയായി. ഇതിനിടെയാണ് കേരളത്തിൽ മടങ്ങിയെത്താൻ മോഹമുദിച്ചത്. വി എം സുധീരന്റെ പരീക്ഷണം പരാജയമായെങ്കിലും ഗ്രൂപ്പിന് അതീതനായ മുല്ലപ്പള്ളിയെ കേരളത്തിൽ കൊണ്ടു വരാൻ രാഹുൽ തീരുമാനിച്ചു. ഇത് വെറുതെയുമായില്ല. ഹെഡ്‌മാസറ്ററുടെ കാർക്കശ്യത്തോടെ മുല്ലപ്പള്ളി കാര്യങ്ങൾ നോക്കാൻ തുടങ്ങി. ഇതിന്റെ വിജയമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ടതും. സോണിയയുടെ അടുപ്പക്കാരനായ കെവി തോമസിന് സീറ്റ് കി്ട്ടാത്തതിന് കാരണവും മുല്ലപ്പള്ളിയായിരുന്നു.

വയനാട്ടിൽ രാഹുലിനെ എത്തിച്ചത് ആന്റണിയുടെ ഓപ്പറേഷനായിരുന്നു. അമേഠിയിൽ രാഹുൽ തോൽക്കുമെന്ന വിലയിരുത്തൽ എത്തിയതോടെയായിരുന്നു ഈ നീക്കം. മുല്ലപ്പള്ളിക്കും ഇത് അറിയമായിരുന്നു. അതുകൊണ്ട് തന്നെ കാസർഗോഡ് സിദ്ദിഖിനായി വാദിച്ച തോറ്റപ്പോഴും എല്ലാം മനസ്സിൽ കുറിച്ച് ഉണ്ണിത്താനെ കാസർഗോട്ടെ സ്ഥാനാർത്ഥിയാക്കി. വടകരയിൽ മുരളീധരനെ എത്തിച്ചതായിരുന്നു അതി നിർണ്ണായകമായ മറ്റൊരു നീക്കം. മുരളീധരൻ സ്ഥാനാർത്ഥിയായതോടെ തന്നെ വടകരയിൽ സിപിഎം ഞെട്ടി. മുല്ലപ്പള്ളിയുടെ സിറ്റിങ് സീറ്റിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കിയത് തന്നെ വെല്ലുവിളി ഉയർത്തുന്ന സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്. ഇവിടെയാണ് മുരളീധരനെ വട്ടിയൂർക്കാവിൽ നിന്നെത്തിച്ച മുല്ലപ്പള്ളി മാജിക്ക് സിപിഎമ്മിനെ തകർത്തത്. മുരളീധരന്റെ തിളങ്ങുന്ന വിജയം മുല്ലപ്പള്ളിയുടെ തന്ത്രത്തിന്റെ വിജയമാണ്. ബിന്ദു കൃഷ്ണ മുതൽ സിദ്ദിഖ് വരെ നോ പറഞ്ഞ വടകരയിൽ കൈപ്പത്തി ജയിക്കുമ്പോൾ അത് മുല്ലപ്പള്ളിക്ക് ആശ്വാസമാണ്.

ആലപ്പുഴയിൽ മാത്രമാണ് കണക്കുകൂട്ടലുകൾ തെറ്റിയത്. വയനാട്ടിലേക്ക് ഷാനി മോളെ പരിഗണിച്ചിരുന്നു. വയനാട്ടിൽ രാഹുൽ എത്തിയതോടെയാണ് ഷാനി മോളെ ആലപ്പുഴയിലേക്ക് മാറ്റിയത്. കെസി വേണുഗോപാൽ മത്സരിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ അവിടേയും മാറി മറിഞ്ഞേനെ. ആലപ്പുഴയിൽ ഷാനിമോളെ നിർദ്ദേശിച്ചതും കെസി വേണുഗോപാലായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ നടത്തിയ നീക്കമാണ് ഷാനി മോൾക്ക് തുണയായത്. മുല്ലപ്പള്ളിയുടെ മനസ്സിൽ പ്രയാർ ഗോപാലകൃഷ്ണനായിരുന്നുവെന്നാണ് സൂചന. എന്നാൽ ഹൈക്കമാണ്ട് സമ്മർദ്ദം കാരണം പ്രയാറിന് സീറ്റില്ലാതെ പോയി. ഒരു ഹെഡ്‌മാസ്റ്ററെ പോലെയാണ് മുല്ലപ്പള്ളി 20 മണ്ഡലങ്ങളേയും നോക്കിയത്. വടകരയിൽ മത്സരിക്കുന്നില്ലെന്ന് പറഞ്ഞതും 20ൽ20ലും കോൺഗ്രസിന് ജയം ഉറപ്പിക്കാനാണ്. ഒരു റൺസിന് ഈ ലക്ഷ്യം നഷ്ടമായി. എങ്കിലും മുല്ലപ്പള്ളിയുടെ കാർക്കശ്യം ശരിക്ക് നേതാക്കളും പ്രവർത്തകരും തിരിച്ചറിഞ്ഞു. ഇതിനു പിന്നാലെ എത്തിയ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എല്ലാം സ്ഥാനാർത്ഥി നിർണ്ണയം ഗ്രൂപ്പ് വീതംവയ്ക്കലായിരുന്നു. കോന്നിയിലും തിരുവനന്തപുരത്തും ദുർബലരായ സ്ഥാനാർത്ഥികളെത്തി. അങ്ങനെ മേൽകൈ നഷ്ടമായി. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളി പൗരത്വ നിയമത്തിൽ കൂടുതൽ കരുത്ത് കാട്ടാൻ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP