Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2019-ൽ ഇന്ത്യ ആർക്കൊപ്പമെന്ന് മധ്യപ്രദേശിലെ ഫലം പറയും; തുടർച്ചയായി നാലാം തവണയും ഭരണം തിരിച്ചുപിടിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ മധ്യപ്രദേശിലേക്ക് കണ്ണുംനട്ട് ഇന്ത്യൻ രാഷ്ട്രീയം; കേന്ദ്ര നയങ്ങളിൽ നടുവൊടിഞ്ഞ കർഷകരുടെ പ്രതികാരം ചൗഹാന്റെ വ്യക്തിപ്രഭാവത്തെയും തോൽപ്പിക്കുമെന്ന് വിലയിരുത്തൽ; അഞ്ച് സംസ്ഥാനങ്ങളിൽ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമാകുന്നത് എന്തുകൊണ്ട്?

2019-ൽ ഇന്ത്യ ആർക്കൊപ്പമെന്ന് മധ്യപ്രദേശിലെ ഫലം പറയും; തുടർച്ചയായി നാലാം തവണയും ഭരണം തിരിച്ചുപിടിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ മധ്യപ്രദേശിലേക്ക് കണ്ണുംനട്ട് ഇന്ത്യൻ രാഷ്ട്രീയം; കേന്ദ്ര നയങ്ങളിൽ നടുവൊടിഞ്ഞ കർഷകരുടെ പ്രതികാരം ചൗഹാന്റെ വ്യക്തിപ്രഭാവത്തെയും തോൽപ്പിക്കുമെന്ന് വിലയിരുത്തൽ; അഞ്ച് സംസ്ഥാനങ്ങളിൽ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമാകുന്നത് എന്തുകൊണ്ട്?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നതെങ്കിലും മറ്റു നാലു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മധ്യപ്രദേശിലേക്കാണ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഭരണത്തിലേറുന്നത് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. പ്രത്യേകിച്ച മധ്യപ്രദേശിൽ ഏതു പാർട്ടി വിജയിക്കും എന്നതിനെയാണ് ഇത് ആശ്രയിച്ചിരിക്കുന്നത്. കാർഷികമേഖലയുടെ തകർച്ച, കർഷകരുടെ ഭരണവിരുദ്ധ വികാരം, നോട്ടു നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി എല്ലാം ഏറ്റവും കൂടുതൽ പ്രതിഫലിച്ച സംസ്ഥാനവും മധ്യപ്രദേശ് തന്നെയാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പു കാലത്തെ മധ്യപ്രദേശിനെ പ്രാധാന്യമുള്ളതാക്കി മാറ്റുന്നത്.

മറ്റു മൂന്നു വടക്കൻ സംസ്ഥാനങ്ങളിൽ വച്ച് ലോക്‌സഭയിലേക്ക് ഛത്തീസ്‌ഗഡിൽ നിന്ന് വെറും 11 എംപിമാരാണുള്ളത്. മധ്യപ്രദേശിൽ നിന്നാകട്ടെ 29 എംപിമാരാണ് ലോക്‌സഭയിലേക്കുള്ളത്. രാജസ്ഥാനിൽ നിന്നും 26 ലോക്‌സഭാംഗങ്ങളുണ്ട്. രാജസ്ഥാനിൽ ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഭരണമാറ്റം ഉള്ളതിനാൽ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരിക്കും മുൻതൂക്കമെന്ന് ഇപ്പോഴേ പറയപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വീര്യമേറിയ പോരാട്ടമെന്നൊന്നും ഇവിടെ വിശേഷിപ്പിക്കാൻ സാധിക്കില്ല. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയാൽ അത് രാഷ്ട്രീയ പ്രതിഫലനമെന്ന് വിശേഷിപ്പിക്കാൻ സാധിക്കാത്തത് അതുകൊണ്ടാണ്.

2013-ൽ 230 അസംബ്ലി സീറ്റുകലിൽ 165 സീറ്റും നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 2008-ൽ 143ഉം 2003-ൽ 173 സീറ്റും നേടി ബിജെപി വിജയമുറപ്പിച്ചു. ഇതിൽ 2013-ൽ 44.87 ശതമാനവും 2008-ൽ 37.64 ശതമാനവും 2003-ൽ 43.5 ശതമാനവും പോളിംഗും ഇവിടെ രേഖപ്പെടുത്തിയിരുന്നു. 2014-ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടിങ് ശതമാനം 54.03 ശതമാനമായിരുന്നു, ഇന്ത്യയിൽ തന്നെ വളരെ വിരളമാണ് ഇത്.

നാലാം തവണയും വിജയത്തേരിലേറാൻ ബിജെപി തയാറായിരിക്കുമ്പോൾ സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം മുതലെടുത്ത് ഭരണം പിടിക്കാനാണ് കോൺഗ്രസും ഇവിടെ ശ്രമിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിന് വൻ തിരിച്ചടിയുണ്ടായപ്പോൾ ഒരു രാഷ്ട്രീയ പാർട്ടി തനിയെ ഭൂരിപക്ഷം നേടി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിൽ കുറവായിരുന്നു. ആ സ്ഥാനത്താണ് കോൺഗ്രസിനെ തച്ചുടച്ചുകൊണ്ട് മധ്യപ്രദേശിൽ ബിജെപി അരങ്ങുവാഴുന്നത്. തെരഞ്ഞെടുപ്പു ഗോദയിൽ മാത്രമല്ല, ബിജെപി തങ്ങളുടെ ശക്തി കാട്ടിയത്. അതിനുമപ്പുറം സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രത്തിൽ കോൺഗ്രസിനുള്ള പ്രാധാന്യം ഏറെ കുറയ്ക്കുകയും ചെയ്തു. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടേയും സംസ്ഥാനത്ത് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്റേയും വ്യക്തിപ്രഭാവത്തിൽ ബിജെപി മധ്യപ്രദേശിൽ വളരെ ആഴത്തിലുള്ള സാമൂഹികാടിത്തറ നേടിയെടുക്കുകയായിരുന്നു.

പതിനഞ്ചു വർഷമായി കോൺഗ്രസ് ഭരണത്തിൽ നിന്നു മാത്രമല്ല മാറ്റിനിർത്തപ്പെട്ടത്. എല്ലാ അർഥത്തിലും ഇവിടെ കോൺഗ്രസിന് ശബ്ദമില്ലാതെ പോകുകയായിരുന്നു. ബിജെപിക്ക് ഏറെ പിന്നിലായിപ്പോയി കോൺഗ്രസിന്റെ സ്ഥാനം. 2013-ലെ തെരഞ്ഞെടുപ്പിൽ 36.38 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. ബിജെപിയെക്കാളും ഒമ്പതു ശതമാനം കുറവായിരുന്നു ഇത്. ബിജെപിക്കെതിരേ വിജയം നേടുകയെന്നത് വലിയൊരു ടാസ്‌ക് ആണെന്ന് അറിയാമെങ്കിലും നിലവിൽ ഉരുത്തിരിഞ്ഞിരിക്കുന്ന സാമുഹികാന്തരീക്ഷം മുതലെടുക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റെ ഭാഗത്തുള്ളത്. മധ്യപ്രദേശിൽ ബിജെപിയെ തോത്പ്പിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും കാർഷിക മേഖല പാടേ തകർന്നതും കഴിഞ്ഞ വർഷം അഞ്ചു കർഷകർ ജീവനൊടുക്കിയതുമെല്ലാം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് കോൺഗ്രസും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ജാതിസമവാക്യങ്ങൾ ഉന്നയിച്ചും ബിജെപിയും കോൺഗ്രസും വോട്ടുപിടിക്കുന്നതും സാധാരണമാണിവിടെ. ഒബിസി വിഭാഗമാണ് കർഷകർക്കിടയിൽ ഭൂരിപക്ഷവും. മൊത്തം വോട്ടർമാരിൽ 42 ശതമാനം വരുമിത്. മുഖ്യമന്ത്രി ചൗഹാനും ധകഡ എന്നൊരു ഒബിസി വിഭാഗത്തിൽപെട്ടതിനാൽ ജാതിയുടെ പേരിലും ബിജെപിയെ തളയ്ക്കാൻ കോൺഗ്രസിന് ബുദ്ധിമുട്ടാണ്. 2013-ൽ യാദവ് വിഭാഗക്കാരുടെ 67 ശതമാനം വോട്ടും ബിജെപി നേടിയെടുത്തു എന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. അതേസമയം 25 ശതമാനം മാത്രമാണ് കോൺഗ്രസിന് നേടാനായത്.

എന്നാൽ അടുത്തകാലത്ത് നിലവിൽ വന്ന എസ് സി/ എസ് ടി (പ്രിവൻഷൻഓഫ് അട്രോസിറ്റീസ്) ആക്ടിൽ സുപ്രീം കോടതി വിധി മധ്യപ്രദേശിലെ സവർണർക്കിടയിൽ അപ്രീതിയാണ് ഉളവാക്കിയിരിക്കുന്നത്. 2013-ൽ എസ് സികൾക്കായി റിസർവ് ചെയ്തിരിക്കുന്ന 35 സീറ്റുകളിൽ 28 എണ്ണവും എസ്ടികൾക്കായി റിസർവ് ചെയ്തിരുന്ന 47 എണ്ണത്തിൽ 31 എണ്ണവും ബിജെപി നേടിയിരുന്നു. ഒബിസിയും സവർണരും ചേർന്ന് 65 ശതമാനത്തോളം വോട്ടുകളാണ് ബിജെപിക്ക് നേടിക്കൊടുത്തത്. പുതിയ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സവർണർ ബിജെപിയെ പിന്തുണയ്ക്കുമോയെന്ന കാര്യത്തിലും ഇത്തവണ ഉറപ്പില്ല.

സവർണ വിഭാഗത്തിൽ 57 ശതമാനം ബ്രാഹ്മണരും 60 ശതമാനം രജപുത്രരും 43 ശതമാനം മറ്റു സവർണ വിഭാഗവുമാണുള്ളത്. ഈ സാഹചര്യത്തിൽ ഹിന്ദുകാർഡ് ഇറക്കി കളിക്കാനും ഇവിടെ കോൺഗ്രസ് ശ്രമിക്കും. രാഹുൽ ഗാന്ധിയുടെ ഹിന്ദുപാരമ്പര്യവും ഇതിൽ പ്രധാനഘടകമായിരിക്കും. ബഹുജൻ സമാജൻ പാർട്ടിയുമായി കോൺഗ്രസ് ഇവിടെ സഖ്യത്തിന് ഒരുങ്ങാത്തതും ഇതേ ജാതികാർഡിന്റെ അടിസ്ഥാനത്തിലാണ്.

മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയായതിന് മുഖ്യകാരണം നോട്ടുനിരോധനവും ജിഎസ്ടിയുമാണ്. 2013-ൽ ബിജെപിക്ക് സമ്പന്നരുടെ ഇടയിൽ നിന്ന് 42 ശതമാനം വോട്ടും മധ്യവർഗക്കാരുടെ ഇടയിൽ നിന്ന് 46 ശതമാനവും താഴ്ന്ന വരുമാനക്കാരുടെ ഇടയിൽ നിന്ന് 45 ശതമാനവും തീരെ ദരിദ്രരുടെ 44 ശതമാനവും വോട്ട് നേടിയെടുക്കാനായി. അതേസമയം കോൺഗ്രസിന് യഥാക്രമം 27, 34, 38, 44 ശതമാനം വോട്ടാണ് നേടിയെടുക്കാൻ സാധിച്ചത്. നോട്ടുനിരോധനം മധ്യവർഗക്കാരുടേയും താഴ്ന്ന വരുമാനക്കാരുടേയും വയറ്റത്തടിച്ചത് ബിജെപിയുടെ പ്രധാന വോട്ടുബാങ്കിനെ സാരമായി ബാധിക്കുകയും ചെയ്യും. മോദിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ പ്രതിഫലനമായി മധ്യപ്രദേശ് തെരഞ്ഞെടുപ്പ് മാറുന്നത് ഇതുകൊണ്ടാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ബിജെപിയെ നേരിടുന്നത് പ്രധാനമായും നോട്ടുനിരോധനം എന്ന ആയുധം കൊണ്ടു തന്നെയാണ്.

സംസ്ഥാനത്ത് ബിജെപിക്ക് ഉത്തരം നൽകാൻ ബുദ്ധിമുട്ടുള്ള ഏറെ കാര്യങ്ങളുമായാണ് ഇത്തവണ കോൺഗ്രസ് നേരിടുക. പുതിയ സാമൂഹിക പശ്ചാത്തലത്തിൽ ബിജെപിയെ കാത്തിരിക്കുന്നത് ഒട്ടേറെ വെല്ലുവിളികളാണ്. മധ്യപ്രദേശിൽ ബിജെപിക്ക് എന്തുസംഭവിക്കും എന്നതു തന്നെയാണ് കേന്ദ്രത്തിൽ പ്രതിഫലിക്കുക. മറ്റു സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ചു പോരാട്ടം പേരിനു മാത്രമാണെങ്കിൽ ബിജെപിക്ക് മധ്യപ്രദേശ് ജീവന്മരണ പോരാട്ടമാണ്. ഭരണവിരുദ്ധവികാരം ഏറെ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് സംസ്ഥാനം തിരിച്ചുപിടിക്കാൻ സാധിച്ചെങ്കിൽ അതൊരു മഹാകാര്യമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP