Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

ചിന്നക്കനാലിലെ അതിരാവിലെയുള്ള കളക്ടറുടെ ഒഴിപ്പക്കലിൽ സിപിഎമ്മിന് സംശയങ്ങൾ ഏറെ; പുലിക്കുട്ടികളെ കയ്യേറ്റം ഒഴിപ്പിക്കാൻ അയച്ച റവന്യു മന്ത്രിയുടെ നീക്കം രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് സഖാവിനുള്ള സിപിഐയുടെ നൂറാം പിറന്നാൾ സമ്മാനമോ?

ചിന്നക്കനാലിലെ അതിരാവിലെയുള്ള കളക്ടറുടെ ഒഴിപ്പക്കലിൽ സിപിഎമ്മിന് സംശയങ്ങൾ ഏറെ; പുലിക്കുട്ടികളെ കയ്യേറ്റം ഒഴിപ്പിക്കാൻ അയച്ച റവന്യു മന്ത്രിയുടെ നീക്കം രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് സഖാവിനുള്ള സിപിഐയുടെ നൂറാം പിറന്നാൾ സമ്മാനമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാർ എന്നും സിപിഎമ്മിനും ഇടതുപക്ഷത്തിനും തലവേദനയാണ്. മൂന്നാർ വിഷയത്തിൽ ഇടതുമുന്നണിയിലെ കലഹം സിപിഎമ്മിനകത്തെ പോരായി പലപ്പോഴും ഉരുണ്ടുകൂടി. എന്നാൽ ഇന്ന് ആ വിഷയം പാർട്ടിയിൽ ഇല്ല. സിപിഎം എന്നാൽ പിണറായി വിജയനാണ്. ആരും ചോദ്യം ചെയ്യാനാകാത്ത ശക്തി. ഇടുക്കിയിൽ എംഎം മണിയും. മുമ്പ് വി എസ് അച്യുതാനന്ദൻ സജീവമായിരുന്നപ്പോൾ അതായിരുന്നില്ല സ്ഥിതി. അന്ന് മൂന്നാറിലെ എംഎൽഎ രാജേന്ദ്രനായിരുന്നു. മണിയുടെ വലം കൈ. മണിയുമായി തെറ്റി ഇന്ന് രാജേന്ദ്രനും പാർട്ടിക്ക് പുറത്ത്. അപ്പോഴാണ് റവന്യൂ വകുപ്പിന്റെ രണ്ടാം മൂന്നാം ദൗത്യം തുടങ്ങുന്നത്. ഇതിലും 'വി എസ്' ഫാക്ടറുണ്ടോ എന്ന് സിപിഎം സംശയിക്കുന്നുണ്ട്. റവന്യു വകുപ്പ് സിപിഐയുടെ കയ്യിലാണ്. റവന്യൂ മന്ത്രി കെ രാജന്റെ വിഎസിനുള്ള നൂറാം പിറന്നാൾ സമ്മാനമാണോ ഈ രണ്ടാം കൈയേറ്റം ഒഴിപ്പിക്കലെന്ന സംശയം സിപിഎം കേന്ദ്രങ്ങൾക്കുണ്ട്.

മുൻ മുഖ്യമന്ത്രിയും ഇന്ന് ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും ജനകീയനുമായ വി എസ് അച്യുതാനന്ദന് വെള്ളിയാഴ്ചയാണ് നൂറാം ജന്മദിനം. പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പതിന്മടങ്ങ് ഊർജം കൈവരിക്കാറുന്ന വി എസ് കഴിഞ്ഞ കുറച്ചു കാലമായി വീട്ടിൽ തന്നെയാണ് കഴിയുന്നത്. 2019 ഒക്ടോബറിൽ പുന്നപ്ര- വയലാർ വാർഷിക ചടങ്ങുകളിൽ പങ്കെടുത്ത് തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ വി എസിനെ പിറ്റേന്ന് തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ ആശുപത്രി വിട്ടെങ്കിലും ഡോക്ടർമാർ അദ്ദേഹത്തിന് വിശ്രമം നിർദ്ദേശിച്ചു. കോവിഡ് വ്യാപനം കൂടിയായതോടെ സന്ദർശകർക്ക് കടുത്ത നിയന്ത്രണമുണ്ടായി. ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ ആ പദവി രാജിവെച്ചിരുന്നു.

ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളിൽ കിടക്കയിൽ തന്നെ ആയിരുന്ന വി എസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. വീട്ടിനകത്ത് നീങ്ങുന്നത് വീൽ ചെയറിൽ തന്നെയാണ്. പത്രം ദിവസവും വായിച്ചു കേൾക്കും. ടെലിവിഷൻ വാർത്തകളും കാണും. അതുകൊണ്ട് തന്നെ ഓരോ ചലനവും വി എസ് അറിയുന്നുണ്ട്. ആ വിഎസിന് ആവേശമാകും രണ്ടാം മൂന്നാർ ഒഴിപ്പിക്കൽ. മണിയാശാനല്ല ആരു വിചാരിച്ചാലും പിന്മാറില്ലെന്നാണ് റവന്യൂ മന്ത്രി കെ രാജൻ പറയുന്നത്. ഇടുക്കി കളക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ അനുവദിക്കാത്ത ഹൈക്കോടതി നിലപാടും ഈ ഒഴിപ്പിക്കലിൽ നിർണ്ണായകമായി. അങ്ങനെ വി എസ് ഏറ്റെടുത്ത പഴയ ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അതും വിഎസിന്റെ പിറന്നാൾ ആഘോഷക്കാലത്ത്.

സിപിഎമ്മിന്റെ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ കയ്യേറ്റക്കാർക്കു വേണ്ടിയാണു വാദിക്കുന്നതെന്നു വി എസ്. അച്യുതാനന്ദൻ തുറന്നടിച്ചത് 2018ലാണ്. വിഎസിന് ഓർമപ്പിശകാണെന്നും മൂന്നാറിൽ കയ്യേറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ എം.എം. മണി തിരിച്ചടിക്കുകയും ചെയ്തു. അന്ന് മൂന്നാർ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിനു തൊട്ടുപിറ്റേന്നാണു പഴയ മൂന്നാർ സമരനായകൻ കൂടിയായ വി എസ് അവിടെ പാർട്ടിയുടെ കൂടി ഒത്താശയോടെ കയ്യേറ്റം നടക്കുന്നുവെന്ന സൂചന നൽകി രംഗത്തെത്തിയത്. രാജേന്ദ്രനെ സംരക്ഷിച്ചുള്ള മുഖ്യമന്ത്രിയുടെയും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവനകൾ അതുവഴി വി എസ് തള്ളി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൂന്നാർ സന്ദർശനത്തെയും വി എസ് പരിഹസിച്ചു. പിണറായിയോടു പറയാൻ മടിയുള്ള കാര്യം തന്നോടായി വി എസ് പറയുകയാണെന്നു ചെന്നിത്തല മറുപടി നൽകി. അങ്ങനെ മൂന്നാറിലെ സിപിഎമ്മിലെ വേറിട്ട ശബ്ദമായി പതിറ്റാണ്ടുകൾ വി എസ് തുടർന്നു. വിഎസിന്റെ ജനകീയ മുഖത്തിന് പിന്നിലും മൂന്നാറിലെ സമര ചരിത്രങ്ങളുടെ പിൻബലമുണ്ടായിരുന്നുവെന്നതാണ് വസ്തുത.

മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ കൈ വെട്ടും കാൽ വെട്ടും രണ്ടുകാലിൽ നടക്കാൻ അനുവദിക്കില്ല എന്നെല്ലാം പറയുന്നവർ ഭൂമാഫിയ നേതാക്കളാണെന്ന് അച്യുതാനന്ദൻ 2018ൽ പ്രതികരിച്ചിരുന്നു. ഇത്തരക്കാർ എത്ര ഉന്നതരായാലും ഓരോ ഇഞ്ച് കയ്യേറ്റഭൂമിയും ഒഴിപ്പിക്കണം. ഭൂമാഫിയ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനം തിരിച്ചറിയുമെന്നും വി എസ് പലപ്പോഴും പറഞ്ഞു വച്ചു. അങ്ങനെ മൂന്നാറിലെ കൈയേറ്റത്തിൽ ഉറച്ച നിലപാട് എടുത്ത വിഎസിന്റെ നൂറാം ജന്മദിനാണ് വെള്ളിയാഴ്ച. അസുഖ കിടക്കിയിലാണ് വി എസ്. പൊതു സമൂഹത്തിന് മുന്നിലെത്തിയിട്ട് നാളെറെയായി. അങ്ങനൊരു നേതാവിന്റെ പഴയ പോരാട്ട കഥകൾ വീണ്ടും ചർച്ചയാകുന്നു. അങ്ങനെ റവന്യൂ വകുപ്പ് വീണ്ടും മൂന്നാറിൽ ഓപ്പറേഷൻ തുടങ്ങുന്നു. ഈ ഓപ്പറേഷനെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വിമർശിക്കില്ല. അത് സർക്കാരിന് കളങ്കമാകുമെന്നതും കൊണ്ടാണ് അത്.

മൂന്നാറിൽ കയ്യേറ്റമില്ലെന്ന് എനിക്കുറപ്പാണ്. മൂന്നാറിൽ പണ്ടു വന്ന പൂച്ചകളെയെല്ലാം ഞങ്ങൾ ഓടിച്ചതാണെന്ന് വീമ്പു പറയുന്ന എംഎം മണിക്ക് വലിയ തിരിച്ചടിയാണ് ചിന്നക്കനാലിലെ ഓപ്പറേഷൻ. ഒരു കാലത്ത് വിഎസിന്റെ വലം കൈയായിരുന്നു മണി. മൂന്നാർ ദൗത്യത്തോടെയാണ് പിണറായി പക്ഷത്തേക്ക് മണി മാറുന്നത്. ഇതോടെ സിപിഎമ്മിൽ വി എസ് പക്ഷത്തിന്റെ തളർച്ച പൂർണ്ണമായി എന്നതാണ് യാഥാർത്ഥ്യം. ടാറ്റായുടെ കൈവശമുള്ള അനധികൃത ഭൂമി സർക്കാരിലേക്ക് തിരിച്ചെടുക്കാനുള്ള വഴിയാണ് വി എസ് മുഖ്യമന്ത്രിയായിരിക്കെ ആലോചിച്ചത്. അന്ന് അത് അട്ടിമറിച്ചതിന് പിന്നിൽ സിപിഐയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സിപിഐ മാറി ചിന്തിക്കുന്നു. വിഎസിന് നൂറാം പിറന്നാൾ സമ്മാനമെന്നോണം രണ്ടാം മൂന്നാർ ദൗത്യം എത്തുകയും ചെയ്യുന്നു.

മന്ത്രിസഭ തകരാൻ പാടില്ലെന്നതിനാലാണ് വി എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തുള്ള മൂന്നാർദൗത്യം അവസാനിപ്പിച്ചതെന്ന വെളിപ്പെടുത്തലുമായി സിപിഐ. നേതാവും മുന്മന്ത്രിയുമായ സി ദിവാകരന്റെ പുസ്തകം ചർച്ചയായതും ഈയിടെയാണ്. 'കനൽവഴികളിലൂടെ' എന്നുപേരിട്ട ആത്മകഥയിലായിരുന്നു വെളിപ്പെടുത്തൽ. വി എസ്. മൂന്നുദ്യോഗസ്ഥരെ കണ്ടെത്തിയതടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ചാണ് മൂന്നാർ ദൗത്യത്തെക്കുറിച്ചുള്ള പുസ്തകഭാഗം വിവരിക്കുന്നത്. 'ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തതിൽ വി.എസിന്റെ കണ്ടെത്തലുകൾ പിഴച്ചില്ല. എന്നാൽ, കുറെക്കൂടി സംയമനവും സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനവും നടത്താൻ കഴിയാതെപോയി.

മൂന്നാറിൽ കേരളത്തിലെ പ്രമുഖരായ പലരും കൈയേറ്റംനടത്തി വൻകെട്ടിടങ്ങൾ പണിതെന്നത് യാഥാർഥ്യമാണ്. എന്തുകൊണ്ട് ബുൾഡോസർ രാഷ്ട്രീയപാർട്ടികളുടെ മന്ദിരങ്ങൾക്കുനേരെ ഉയരുന്നില്ലെന്ന ചോദ്യമുയർന്നു. മൂന്നാർവിഷയത്തിൽ സർക്കാരിൽത്തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയർന്നു. എൽ.ഡി.എഫ്. യോഗത്തിൽ വി എസ്. സ്ഥിതിഗതികൾ വിവരിച്ചു. എന്നാൽ, മൂന്നാറിൽത്തട്ടി മന്ത്രിസഭ തകരാൻ പാടില്ലെന്നു തീരുമാനിച്ചു. ഈ വിഷയത്തിൽ അഡ്വക്കേറ്റ് ജനറൽ എടുത്ത നിലപാടുകളെ ചോദ്യംചെയ്യാനും കടുത്തഭാഷയിൽ വിമർശിക്കാനും ഇടയായി. മൂന്നാർ അധ്യായം അവിടെ അവസാനിച്ചു - ഇതാണ് പുസ്തകത്തിലെ വിവരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP