Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാണ്ടിയുടെ ബെന്നി, ചെന്നിത്തലയുടെ സാദത്ത്, കെസിയുടെ റോജിയും ഹൈബിയും, വിഡിയുടെ ഷിയാസും! ഗ്രൂപ്പ് മറന്ന് കൈകൾ ഒന്നിച്ച് ചേർത്തു പിടിച്ചപ്പോൾ; സുധീറിന്റെ സസ്‌പെൻഷനും പിണറായിയുടെ ഫോൺ വിളിയും;'ആലുവ'യിൽ നീതി ഉറപ്പിച്ചത് കോൺഗ്രസ് പ്രതിഷേധ ചൂട് തന്നെ; ജോജുവിന് പിന്നാലെ ആലുവയിലും കേഡറായി സുധാകരൻ ബ്രിഗേഡ്!

ചാണ്ടിയുടെ ബെന്നി, ചെന്നിത്തലയുടെ സാദത്ത്, കെസിയുടെ റോജിയും ഹൈബിയും, വിഡിയുടെ ഷിയാസും! ഗ്രൂപ്പ് മറന്ന് കൈകൾ ഒന്നിച്ച് ചേർത്തു പിടിച്ചപ്പോൾ; സുധീറിന്റെ സസ്‌പെൻഷനും പിണറായിയുടെ ഫോൺ വിളിയും;'ആലുവ'യിൽ നീതി ഉറപ്പിച്ചത് കോൺഗ്രസ് പ്രതിഷേധ ചൂട് തന്നെ; ജോജുവിന് പിന്നാലെ ആലുവയിലും കേഡറായി സുധാകരൻ ബ്രിഗേഡ്!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ സമരവിജയം. ചരിത്രത്തിൽ ആലുവ കണ്ട ഏറ്റവും വലിയ തെരുവ് യുദ്ധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഗ്രൂപ്പ് മറന്ന് ഒന്നിച്ചുനിന്നാൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാം എന്നതിന് ഒടുവിലത്തെ ഉദാഹരണമായി ആലുവയിലെ സർക്കാർ തീരുമാനം.

പെട്രോൾ വിലവർദ്ധനവിലായിരുന്നു എറണാകുളത്തെ കോൺഗ്രസ് സമര ചൂടിലേക്ക് കടന്നത്. രോഡ് തടയൽ പ്രതിഷേധത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജിനേയും അവർ വെറുതെ വട്ടില്ല. ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കൾ തന്നെ ജയിലിലുമെത്തി. മാപ്പു പറഞ്ഞ് കേസ് പിൻവലിപ്പിക്കുന്ന ശൈലി വേണ്ടെന്ന് വച്ചായിരുന്നു ആ സമരം. ഇതിന് പിന്നാലെയാണ് ആലുവയിൽ മോഫിയയുടെ ആത്മഹത്യാ വിവാദം എത്തുന്നത്. അപ്പോൾ തന്നെ കൊച്ചിയിലെ കോൺഗ്രസുകാർ ഉണർന്നു.

ആത്മഹത്യക്കുറിപ്പിൽ പേരുണ്ടായിരുന്ന സിഐയ്ക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതിനെതിരെ വലിയ പ്രക്ഷോഭമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ആലുവയിൽ നടന്നത്. ആലുവ എംഎൽഎ അൻവർ സാദത്ത് ഒറ്റയ്ക്ക് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ആരംഭിച്ച സമരമാണ് മണിക്കൂറുകൾക്കുള്ളിൽ ആയിരംപേരിലേയ്ക്ക് കത്തിപ്പടർന്ന പ്രക്ഷോഭമായി വളർന്നത്. ഗ്രൂപ്പ് മറന്ന് നേതാക്കളെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി. ജലപീരേങ്കി പോലും വകയ്ക്കാതെ ഇരച്ച പ്രതിഷേധം.

ഗ്രൂപ്പ് വികാരങ്ങൾക്കും മറ്റ് വിഭാഗീയ താൽപര്യങ്ങൾക്കുമപ്പുറം എറണാകുളത്തെ കോൺഗ്രസ് നേതൃത്വം ആലുവയിൽ ഒന്നിച്ചുനിന്നപ്പോൾ ആലുവയിലെ മോഫിയാ സമരം ഒരു ജനകീയസമരമായി മാറി. രമേശ് ചെന്നിത്തലയുടെ അനുയായി അൻവർ സാദത്തിനൊപ്പം ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ബെന്നി ബെഹ്നാനും കെസി വേണുഗോപാലിനോട് ചായ്വുള്ള ഹൈബി ഈഡനും റോജി ജോണുമൊക്കെ കൈകോർത്ത് നിൽക്കുകയും വിഡി സതീശന്റെ വലംകൈയായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമരത്തിന് നേതൃത്വം നൽകുകയും ചെയ്തതോടെ ആലുവയിലെ സമരം കേരളമാകെ ശ്രദ്ധിക്കപ്പെട്ടു.

വളരെകാലത്തിന് ശേഷം കോൺഗ്രസിന്റെ ഏറ്റവും ശ്രദ്ധേയമായ സമരമായിരുന്നു ആലുവയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മോഫിയയുടെ അച്ഛനെ നേരിട്ട് വിളിക്കുകയും സിഐ സുധീറിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തതോടെ സമരനേട്ടമായി അത് മാറി. എംപിമാരായ ബെന്നി ബെഹ്നാനും ഹൈബി ഈഡനും എംഎൽഎമാരായ അൻവർ സാദത്ത് മുതൽ റോജി ജോൺ വരെയുള്ളവരും പ്രവർത്തകർക്കൊപ്പം സംഘർഷസ്ഥലങ്ങളിലും മുന്നിൽ നിലയുറപ്പിച്ചത് മാറുന്ന കോൺഗ്രസ് സംസ്‌കാരത്തിന്റെ നേരടയാളമായി. ഒത്തൊരുമയിൽ ഭരണസിരാകേന്ദ്രത്തെ അവർ വിറപ്പിച്ചു.

നേതാക്കൾ മുന്നിൽ നിന്ന് നയിച്ചപ്പോൾ പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടുതൽ കരുത്തോടെ ആലുവയിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. അങ്കമാലി അയ്യമ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ വർഗീസ് കുന്നത്തുപറമ്പൻ അടക്കമുള്ളവർ പ്രായവ്യത്യാസമില്ലാതെ ഗ്രനേഡുകൾക്കും ജലപീരങ്കിക്കും മുന്നിൽ നെഞ്ച് വിരിച്ചുനിൽക്കുന്നതും ഈ വികാരത്തിലാണ്. ജല പീരങ്കിക്ക് മുന്നിൽ മൂവർണപതാക നീട്ടി നിൽക്കുന്ന വർഗീസ് കുന്നത്തുപറമ്പന്റെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തരം വർഗീസ് ചേട്ടന്മാരായിരുന്നു ആലുവാ സമരത്തിന്റെ അടയാളങ്ങൾ.

ആലുവ- അങ്കമാലി റോഡ് തുടർച്ചയായി തെരുവ് യുദ്ധങ്ങൾക്ക് വേദിയായപ്പോൾ ആലുവയിലെ പൊതുജനങ്ങൾ കൂടി സമരക്കാർക്കൊപ്പം ചേരുന്ന അവസ്ഥയായിരുന്നു. ഭരണപക്ഷത്തിന് നേരിട്ടുനിൽക്കാനാകാത്ത ചെറുത്തുനിൽപ്പായി ആലുവ സമരം മാറിയെന്ന് സിപിഎമ്മുകാർ പോലും സമ്മതിക്കും. മോഫിയയുടെ മാതാപിതാക്കൾ കൂടി സമരപ്പന്തലിലെത്തി നേതാക്കളെ കാണുകയും അവിടെ വച്ച് പൊട്ടിക്കരയുകയും ചെയ്തത് ഈ സമരത്തിന് വൈകാരികപരിസരം കൂടി സൃഷ്ടിച്ചു. അതോടെയാണ് സിഐ സുധീറിനെതിരെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതരായത്.

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ഡിജിപിയാണ് സുധീറിനെ സസ്‌പെൻഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. സുധീറിന്റെ നടപടികളിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി.കമ്മീഷണർക്കാണ് അന്വേഷണ ചുമതല. ചുമതല ഒഴിഞ്ഞ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ സിഎൽ സുധീറിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാക്കൾ നടത്തിവരുന്ന സമരം മൂന്നാം ദിവസം തുടരുന്നതിനിടെയാണ് നടപടി. അതോടെ കോൺഗ്രസ് സമരം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. സമരം അവസാനിപ്പിക്കുകയാണെന്ന് നേതാക്കളും പ്രഖ്യാപിച്ചു.

ഇനി വേണ്ടത് മോഫിയയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനാവശ്യമായ നിയമപോരാട്ടമാണ്. അതിന് മോഫിയയുടെ മാതാപിതാക്കൾക്ക് ആവശ്യമായ പിന്തുണ നൽകി ഒപ്പമുണ്ടാകുമെന്ന് ജനപ്രതിനിധികളായ അൻവർ സാദത്തും ബെന്നി ബെഹ്നാനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഉറപ്പ് നൽകിയിട്ടുണ്ട്. സിഐ സുധീറിനെതിരെ മുഖ്യമന്ത്രി ഉറപ്പ് നൽകിയ വകുപ്പ്തല പരിശോധനയിലും സത്യം വെളിപ്പെടുമെന്നാണ് മോഫിയയുടെ വീട്ടുകാരുടെ പ്രതീക്ഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP