Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂജ്യത്തിൽ നിന്ന് സർക്കാരുണ്ടാക്കുമെന്നും ത്രിപുര കേരളത്തിൽ ആവർത്തിക്കുമെന്നും മാസ് ഡയലോഗ് വന്നെങ്കിലും ആവേശക്കൊടുമുടി കയറാൻ പോന്നതായില്ല; ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഓർഡിനൻസ് പ്രതീക്ഷകൾ നൽകിയില്ല; ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതുമില്ല; പിണറായി സർക്കാരിന്റെ നിലപാട് വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പു നൽകിയെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസ് എൻട്രി ആയില്ല; ബിജെപി പ്രവർത്തകരെ നിരാശപ്പെടുത്തി മോദിയുടെ മടക്കം

പൂജ്യത്തിൽ നിന്ന് സർക്കാരുണ്ടാക്കുമെന്നും ത്രിപുര കേരളത്തിൽ ആവർത്തിക്കുമെന്നും മാസ് ഡയലോഗ് വന്നെങ്കിലും ആവേശക്കൊടുമുടി കയറാൻ പോന്നതായില്ല; ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഓർഡിനൻസ് പ്രതീക്ഷകൾ നൽകിയില്ല; ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതുമില്ല; പിണറായി സർക്കാരിന്റെ നിലപാട് വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പു നൽകിയെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസ് എൻട്രി ആയില്ല; ബിജെപി പ്രവർത്തകരെ നിരാശപ്പെടുത്തി മോദിയുടെ മടക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ കേരള സന്ദർശനവും എൻഡിഎ മഹാസംഗമത്തിലെ സാന്നിധ്യവും പ്രഭാഷണവും ബിജെപിയുടെ ലോക്‌സഭാതിരഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ, പ്രതീക്ഷിച്ചത് പോലെ പ്രവർത്തകരിൽ ആവേശം ഉണർത്താൻ മോദിക്കായില്ല. വലിയ പ്രതീക്ഷകളോടെയാണ് സംഘപരിവാർ പ്രവർത്തകർ സ്റ്റാർ ക്യാമ്പെയിനറിന്റെ വരവ് കാത്തിരുന്നത്. ശബരിമല വിഷയം കത്തിനിൽക്കുകയും, യുവതി പ്രവേശനം അടക്കം നടക്കുകയും ചെയ്ത് സാഹചര്യത്തിൽ അക്കാര്യം മോദി പരാമർശിക്കുമെന്ന് ഉറപ്പായിരുന്നു. ഇരുമുന്നണികളെയും പ്രതിക്കൂട്ടിൽ നിർത്തിയ മോദി പരിധി വിട്ട് ഒന്നും പറയാതിരിക്കാൻ ശ്രമിച്ചു. സുപ്രധാന പ്രഖ്യാപനങ്ങളൊന്നും ശബരിമലയുടെ കാര്യത്തിൽ ഉണ്ടായതുമില്ല. ടൂറിസം സർക്യൂട്ടുകളെ ബന്ധിപ്പിക്കുന്ന സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമാണ് ശബരിമലയെങ്കിലും ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനൊപ്പം യുവതീപ്രവേശനം തടയുന്ന വിധം ഓർഡിനൻസ് ഇറക്കുമെന്ന പ്രഖ്യാപനവും ബിജെപി-ആർഎസ്എസ് പ്രവർത്തകർ ആഗ്രഹിച്ചിരുന്നു.

സുപ്രീംകോടതി ഈ മാസം 22 നി ശബരിമലക്കേസ് പരിഗണിക്കുന്നതുകൊണ്ടാവണം പരിധി ലംഘിച്ച് ഒന്നും പറയാൻ മോദി തയ്യാറായില്ല.
ശബരിമലയിൽ കേരള സർക്കാർ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മോദി മുന്നറിയിപ്പു നൽകി. കമ്യൂണിസ്റ്റുകൾ വിശ്വാസങ്ങളെയും ഭാരതീയ സംസ്‌കാരത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. പക്ഷേ, ഇത്രയേറെ വെറുപ്പോടെ ഇക്കാര്യത്തിൽ അവർ തീരുമാനം എടുക്കുമെന്നു കരുതിയില്ലെന്നും മോദി പറഞ്ഞു.

ശബരിമല വിഷയത്തിൽ യുഎഡിഎഫിനു വ്യക്തമായൊരു നിലപാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ അവർ പാർലമെന്റിൽ ഒന്നു പറയും. പത്തനംതിട്ടയിൽ മാറ്റിപ്പറയും. കൃത്യമായ നിലപാടു വ്യക്തമാക്കാൻ അവരെ വെല്ലുവിളിക്കുകയാണ്. വർഗീയത, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രാഷ്ട്രീയ കലാപങ്ങളുണ്ടാക്കുന്നതിലും അങ്ങനെത്തന്നെ. ബിജെപിയുടെ നിലപാട് എപ്പോഴും സുവ്യക്തമാണ്. കേരളീയ സംസ്‌കാരത്തോടൊപ്പം നിന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു.

ലിംഗനീതിയുടെയും സാമൂഹ്യനീതിയുടെയും കാര്യത്തിൽ കോൺഗ്രസും ഇടതുപക്ഷവും കാട്ടുന്ന ഇരട്ടത്താപ്പും മോദി ചൂണ്ടികാട്ടി. സാമ്പത്തിക സംവരണ നിയമം പാസാക്കിയതിലെ നേട്ടവും എടുത്തുപറഞ്ഞു. യുഡിഎഫും ഇടതുപക്ഷവും ലിംഗനീതിയുടെ കാര്യത്തിൽ വലിയ വീരവാദം മുഴക്കിയിരുന്നു. എന്നാൽ മുത്തലാഖ് നിരോധനത്തെ ഇവർ എതിർക്കുകയാണ്. ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ ഇതു നിരോധിച്ചിട്ടുണ്ട്. പക്ഷേ വോട്ട് ബാങ്ക് നോക്കി എൽഡിഎഫും യുഡിഎഫും ഇത് അംഗീകരിക്കാൻ തയാറാകുന്നില്ല. അഴിമതി, ജാതീയത എന്നീ കാര്യങ്ങളിൽ ഇവർക്ക് ഒരേ നിലപാടാണ്. കേരളത്തിന്റെ സംസ്‌കാരിക അടിത്തറ നശിപ്പിക്കുന്നത് ഇരുവരുമാണ്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പേരുകൾ വ്യത്യസ്തമാണ്. പക്ഷേ അവർ യുവാക്കളെ അവഗണിക്കുന്നു, ജനങ്ങളെ വഞ്ചിക്കുന്നു, ഇക്കാര്യങ്ങളിലെല്ലാം അവർ ഒന്നാണ്, മോദി പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ നാലുവർഷം കൊണ്ടു വന്ന വികസനമാറ്റങ്ങൾ എടുത്തുപറഞ്ഞ് തങ്ങൾ മുൻസർക്കാരുകളേക്കാൾ എത്രേയോ കാതം മുന്നിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യം ദ്രുതഗതിയിൽ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അധ്വാനം, കഴിവ് എന്നിവകൊണ്ടു മാത്രമല്ല ഇത്. നാലു വർഷം മുൻപ് ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?. നാലു വർഷം മുൻപ് ദുർബലമായ സമ്പദ്ഘടന എന്ന നിലയിൽ നിന്ന് ഇത്രയും വളർച്ചയുണ്ടാകുമെന്ന് കരുതിയിരുന്നോ? കഴിഞ്ഞ നാലു വർഷത്തിനിടെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂല സാഹചര്യമുള്ള കേന്ദ്രമായി ഇന്ത്യ മാറി.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്ത്യയിൽ നടപ്പാക്കും എന്ന് നാലു വർഷം മുൻപ് ആരെങ്കിലും കരുതിയോ? 50 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കി. കേന്ദ്രസർക്കാർ അധികാരത്തിൽ വന്നശേഷം ഉണ്ടായ ഈ മാറ്റം അദ്ഭുതാവഹമാണ്. കേരളത്തിലെ ജനങ്ങൾക്കു വേണ്ടിയാണു കേന്ദ്രസർക്കാർ പകലും രാത്രിയും പ്രവർത്തിക്കുന്നത്. എന്നാൽ, കേരളത്തിലെ സമാധാനാന്തരീക്ഷത്തിനു വിഘാതം സൃഷ്ടിച്ച് എൽഡിഎഫും യുഡിഎഫും ഈ നാടിനെ വർഗീയതയുടെയും അഴിമതിയുടെയും തടവിലാക്കി. അധികാരക്കൊതി മൂത്തതോടെ ജനങ്ങളുടെ ശബ്ദം കേൾക്കാൻപോലും അവർ മറന്നു.

രാജ്യത്തു പരിവർത്തനം ഉണ്ടാക്കുന്നതിൽ കേന്ദ്രസർക്കാർ നിർണായക പങ്ക് വഹിക്കുന്നു. കാർഷിക വിളകളുടെ താങ്ങുവിലയുടെ കാര്യത്തിൽ എല്ലാ പാർട്ടികളും സംസാരിക്കാറുണ്ട്. പക്ഷേ ഒന്നും നടന്നിട്ടില്ല. എൻഡിഎ സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനുള്ള വലിയ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. വായ്പ, ജലസേചന സൗകര്യം, സാങ്കേതിക വിദ്യ എന്നിവ കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള നീക്കമാണിത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി സർക്കാർ അധികാരം ഒഴിഞ്ഞതോടെ യൂറിയയ്ക്കു വേണ്ടി ക്യൂ നിൽക്കുന്ന കർഷകരുടെ വലിയ നിരയാണു കണ്ടത്. കൊല്ലത്തെ കശുവണ്ടി കർഷകർക്കു വേണ്ടി എൽഡിഎഫും യുഡിഎഫും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? കരളത്തിൽ ബിജെപി സർക്കാർ വന്നാൽ ഇക്കാര്യമായിരിക്കും നടപ്പാക്കുക.

ശബരിമല വിഷയത്തിൽ മാത്രമല്ല വികസനകാര്യത്തിലും ഇരുമുന്നണികളും നാടിനെ പിന്നോട്ടടിക്കുന്ന നയസമീപനമുള്ളവരാണെന്ന രാഷ്ട്രീയ സന്ദേശമാണ് മോദി നൽകിയത്. എന്നാൽ, ശബരിമല വിഷയത്തിലൂടെ ബിജെപി നേടിയ ഉണർവ് തിരഞ്ഞടുപ്പ് വരെയെങ്കിലും നിലനിർത്താൻ കഴിയുന്ന പ്രഖ്യാപനങ്ങൾ മോദിയിൽ നിന്നുണ്ടാവാതിരുന്നതാണ് പ്രവർത്തകരിൽ നിരാശ പടർത്തിയത്. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, യുവതി പ്രവേശനത്തിൽ ഓർഡിനൻസ് ഇറക്കുമെന്ന പ്രതീക്ഷ നൽകുകയോ ചെയ്തിരുന്നെങ്കിൽ അത് രാഷ്ട്രീയമേൽക്കൈ നൽകുമായിരുന്നു എന്നാണ് നേതാക്കളും കരുതുന്നത്. കൊല്ലം ബൈപാസ് ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കവേ ശരണം വിളിച്ച് ചിലർ പ്രതിഷേധിച്ചത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. മുഖ്യമന്ത്രി താക്കീത് ചെയ്തതോടെ, ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന പഴിയും കേൾക്കേണ്ടി വന്നു. സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളും മറിച്ചല്ല. 'ബിജെപിയെ എഴുതിത്ത്ത്തള്ളരുത്. നിങ്ങൾ എത്ര ആക്രമിച്ചാലും ബിജെപി തിരികെ വരും. ത്രിപുരയിലെന്ത് സംഭവിച്ചെന്ന് അറിയാമല്ലോ? പൂജ്യത്തിൽ നിന്നാണ് ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരണത്തിലേക്കെത്തിയത്. ത്രിപുരയിലെന്ത് സംഭവിച്ചോ, അത് കേരളത്തിൽ സംഭവിക്കും.' അതാവും ബിജെപി പ്രവർത്തകരെ ഇന്ന് ആവേശത്തിലേറ്റിയ സൂപ്പർ ഡയലോഗ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP