Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അണിയറയിൽ ചരട് വലിച്ചും പാർട്ടിയെ നയിച്ചും മാത്രം നിന്ന അമിത് ഷാ ഇക്കുറി ഗോദയിൽ ഇറങ്ങിയത് എന്തുകൊണ്ട്? ഉപപ്രധാനമന്ത്രിയായോ ആഭ്യന്തര-പ്രതിരോധ മന്ത്രിയായോ മോദിയുടെ രണ്ടാമാനാകുമെന്ന് സൂചനകൾ; അഞ്ചു കൊല്ലത്തെ ഭരണ പരിചയത്തിന് ശേഷം മോദി ഇന്ത്യൻ ഭരണം അമിത് ഷായ്ക്ക് വച്ചു നീട്ടി റിട്ടയർ ചെയ്യുമോ? മോദിയെ മുമ്പിൽ നിർത്തി ഇന്ത്യയെ വീണ്ടും കാവിപുതപ്പിച്ച അമിത് തന്നെ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയെന്ന വാർത്ത പുറത്ത്; മോദിയുടെ എല്ലാ പദ്ധതികളും ഇനി ദീർഘകാലത്തേക്കുള്ളവ മാത്രം

അണിയറയിൽ ചരട് വലിച്ചും പാർട്ടിയെ നയിച്ചും മാത്രം നിന്ന അമിത് ഷാ ഇക്കുറി ഗോദയിൽ ഇറങ്ങിയത് എന്തുകൊണ്ട്? ഉപപ്രധാനമന്ത്രിയായോ ആഭ്യന്തര-പ്രതിരോധ മന്ത്രിയായോ മോദിയുടെ രണ്ടാമാനാകുമെന്ന് സൂചനകൾ; അഞ്ചു കൊല്ലത്തെ ഭരണ പരിചയത്തിന് ശേഷം മോദി ഇന്ത്യൻ ഭരണം അമിത് ഷായ്ക്ക് വച്ചു നീട്ടി റിട്ടയർ ചെയ്യുമോ? മോദിയെ മുമ്പിൽ നിർത്തി ഇന്ത്യയെ വീണ്ടും കാവിപുതപ്പിച്ച അമിത് തന്നെ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയെന്ന വാർത്ത പുറത്ത്; മോദിയുടെ എല്ലാ പദ്ധതികളും ഇനി ദീർഘകാലത്തേക്കുള്ളവ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്തിൽ വഗേലയെ സ്വീകരിച്ച എൻ.സി.പി.യും പ്രവീൺ തൊഗാഡിയയുടെ പുതിയ പാർട്ടിയും ഭസ്മമായി. നരേന്ദ്ര മോദിയെ വെല്ലുവിളിക്കാനെത്തിയ തൊഗാഡിയയുടെ രാഷ്ട്രീയ മോഹങ്ങളെ ഗുജറാത്തിൽ തകർത്തെറിഞ്ഞ അമിത് ഷാ ബിജെപിയിലെ ഉഗ്രപ്രതാപിയായി മാറുകയാണ്. ബംഗാളിൽ ബിജെപിക്ക് ചലനമുണ്ടാക്കാനയതും അമിത് ഷായുടെ കഠിനാധ്വാനം. ഉത്തർ പ്രദേശ് പിടിച്ച് നോർത്ത് ഈസ്റ്റിലൂടെ ത്രിപുരയിൽ കടന്നു കയറിയ അമിത് ഷാ മോദിയുടെ തുടർഭരണത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. തന്റെ ജന പിന്തുണയും അമിത് ഷാ തെളിയിക്കുകയാണ്. ഗുജറാത്തിലെ ഒരു സീറ്റുപോലും എതിരാളികൾക്ക് നൽകാതെ ആകെയുള്ള 26-ഉം തുടർച്ചയായ രണ്ടാംവട്ടവും ബിജെപി. തൂത്തുവാരുന്നതിനൊപ്പം ഗാന്ധിനഗറിൽ അമിത് ഷായുടെ ഭൂരിപക്ഷം എൽ.കെ. അദ്വാനിയുടെ റെക്കോഡും മറികടന്ന് അഞ്ചുലക്ഷത്തിനുമുകളിലേക്ക് കുതിച്ചു. ഇനി അമിത് ഷാ കേന്ദ്ര മന്ത്രിയാകുമെന്നാണ് സൂചന.

അമിത് ഷാ പുതിയ എൻഡിഎ സർക്കാർ ഒരു സുപ്രധാന വകുപ്പ് കൈയാളുമെന്ന് ഏതാണ്ടുറപ്പാണ്. അമിത് ഷാ താൽപ്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ സഹാചര്യം മാറൂ. ഗുജറാത്തിൽ മുൻപ് ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷായ്ക്ക് കേന്ദ്രത്തിലും അതേ വകുപ്പുതന്നെ ലഭിക്കാനാണു സാധ്യത. 54കാരനായ ഷാ കേന്ദ്രമന്ത്രിസഭയിൽ ചേരുകയാണെങ്കിൽ അദ്ദേഹം തന്നെയായിരിക്കും രണ്ടാം സ്ഥാനത്ത്. ഭാവി പ്രധാനമന്ത്രിയായും ഉയർത്തിക്കാണിക്കും. മോദിയുടെയും ഷായുടെയും ജന്മനാടായ ഗുജറാത്തിൽ പകുതി മണ്ഡലങ്ങളിലും കഴിഞ്ഞതവണത്തേക്കാൾ ഭൂരിപക്ഷം നേടാനും ബിജെപി.ക്ക് കഴിഞ്ഞിരുന്നു. ഒരുവട്ടംകൂടി ഒരു ഗുജറാത്തിയെ പ്രധാനമന്ത്രിയാക്കുകയെന്ന അഭ്യർത്ഥനയോട് വോട്ടർമാർ ഒറ്റക്കെട്ടായി പ്രതികരിക്കുകയായിരുന്നു. കാർഷികപ്രതിസന്ധിയും ഹാർദിക് പട്ടേലിന്റെ പിന്തുണയും തുണയ്ക്കുമെന്ന് കരുതിയ സൗരാഷ്ട്രയിലെ എട്ടുമണ്ഡലവും ബിജെപി. നേടി. അങ്ങനെ സ്വന്തം തട്ടകം നിലനിർത്തിയാണ് മോദിയും അമിത് ഷായും പടയോട്ടം തുടരുന്നത്.

ഗാന്ധിനഗറിൽ അദ്വാനിയെ മാറ്റി അമിത് ഷായെ സ്ഥാനാർത്ഥിയാക്കിയത് വോട്ടർമാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. 2014-ൽ അദ്വാനിയുടെ ജയം 4,83,121 വോട്ടിനായിരുന്നെങ്കിൽ അമിത് ഷാ അഞ്ചര ലക്ഷത്തിലേറെ വോട്ടാണ് കോൺഗ്രസിന്റെ സി.ജെ. ചവഡയെക്കാൾ നേടിയത്. 2017-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഭരണത്തിന് അടുത്തെത്തിയ കോൺഗ്രസിന്റെ നിഴൽമാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. രാജസ്ഥാനിലും മദ്യപ്രദേശിലും ചത്തീസ് ഗഡിലും ബിജെപിയെ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചിരുന്നു. ഇത് മനസ്സിലാക്കി തന്ത്രപരമായി അമിത് ഷാ മുന്നോട്ട് നീങ്ങി. ഉത്തരേന്ത്യയിൽ ആകെ കാര്യങ്ങൾ അനുകൂലമാക്കിയതിനൊപ്പം നോർത്ത് ഈസ്റ്റും പിടിച്ചു. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ 23 സീറ്റ് അധികവും കിട്ടി. എൻഡിഎയിൽ നേട്ടമുണ്ടാക്കിയതും ബിജെപി തന്നെ.

ഈ നേട്ടങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചാണ് അമിത് ഷാ കേന്ദ്ര മന്ത്രി പദത്തിലേക്ക് നടന്നെത്തുന്നത്. അതുകൊണ്ട് മോദി കഴിഞ്ഞാൽ രണ്ടാമൻ അമിത് ഷാ തന്നെയാകും. രാജ്‌നാഥ് സിംഗിനും നിഥിൻ ഗഡ്ഗരിക്കും പോലുള്ള വമ്പന്മാരെ വെട്ടിമാറ്റിയാണ് അമിത് ഷാ രണ്ടാമനാകുന്നത്. 1964 ഒക്ടോബർ 22 നു ബോംബെയിലെ ഒരു ഗുജറാത്തി-ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്. പിതാവ് അനിൽചന്ദ്ര ഷാ ഒരു ബിസിനസ്സുകാരനായിരുന്നു. ബോംബെയിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ഉപരിപഠനത്തിനായി ഗുജറാത്തിലേക്കു പോയി. അഹമ്മദാബാദിലെ യു.സി.ഷാ കോളേജിൽ ബയോകെമിസ്ട്രിയിൽ അദ്ദേഹം പ്രവേശനം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം, പിതാവിനെ വ്യാപാരത്തിൽ സഹായിക്കാൻ തുടങ്ങി. അഹമ്മദാബാദിലെ സഹകരണ സംഘങ്ങളിൽ ഓഹരി ദല്ലാളായും അമിത് ജോലി ചെയ്തിട്ടുണ്ട്. അന്ന് തന്നെ ആർ എസ് എസിലും സജീവമായിരുന്നു. ആർ.എസ്സ്.എസ്സ് പ്രവർത്തനകാലഘട്ടത്തിലാണ് 1982 ൽ അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കാണുന്നത്. അഹമ്മദാബാദിലെ യുവതലമുറയെ സംഘടിപ്പിക്കാനുള്ള ചുമതലയുള്ള ആർ.എസ്സ്.എസ്സ് പ്രചാരക് ആയിരുന്നു അക്കാലത്ത് നരേന്ദ്ര മോദി. അന്ന് മുതൽ മോദിയുടെ വിശ്വസ്തനായി അമിത് ഷാ മാറി.

75 വയസ്സു കഴിഞ്ഞവർ ആരും തന്റെ മന്ത്രിസഭയിൽ വേണ്ടെന്നതാണ് മോദിയുടെ പ്രഖ്യാപിത നിലപാട്. അതായത് അധികാര രാഷ്ട്രീയത്തിൽ നിന്ന് മോദി റിട്ടയർമെന്റിന് മുന്നോട്ട് വയ്ക്കുന്നത് 75 വയസ്സാണ്. മോദിക്കിപ്പോൾ 68 വയസ്സായി. അഞ്ച് കൊല്ലം ഭരണം പൂർത്തിയാക്കുമ്പോൾ വയസ്സ് 73ആകും. അതായാത് അഞ്ച് കൊല്ലം കഴിയുമ്പോൾ മോദി റിട്ടർമെന്റ് ഡേറ്റിന് തൊട്ടടുത്തെത്തും. ഈ സമയം പ്രധാനമന്ത്രി പദം അമിത് ഷായ്ക്ക് മോദി കൈമാറുമെന്നും വിലയിരുത്തലുണ്ട്. അതിന് വേണ്ടികൂടിയാണ് അമിത് ഷായെ ഇത്തവണ കേന്ദ്രമന്ത്രിയാക്കാൻ മോദി മുൻകൈയെടുക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപി അധ്യക്ഷനാകാൻ അമിത് ഷായ്ക്ക് പുതിയൊരു വ്യക്തിയെ കണ്ടെത്തേണ്ടി വരും. മോദിക്ക് കൂടി താൽപ്പര്യമുള്ള മുഖത്തിനായുള്ള തെരച്ചൽ അമിത് ഷാ തുടങ്ങിയിട്ടുണ്ട്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ, തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1986 ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി. ഭാരതീയ ജനതാ പാർട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവ മോർച്ചയുടെ സജീവ പ്രവർത്തകനായിരുന്നു ഷാ. പാർട്ടിയിലെ നേതൃത്വപടവുകൾ ഷാ, അതിവേഗം കീഴടക്കി. 1991 ലെ പൊതു തിരഞ്ഞെടുപ്പിൽ അദ്വാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചത് ഷാ ആയിരുന്നു. ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു, അവിടത്തെ സഹകരണപ്രസ്ഥാനങ്ങൾ. ഈ സഹകരണസംഘങ്ങളിലെല്ലാം കോൺഗ്രസ്സിനായിരുന്നു സ്വാധീനം. മോദിയും, ഷായും മുൻ തന്ത്രമുപയോഗിച്ചു തന്നെ, ഇവിടങ്ങളിൽ കോൺഗ്രസ്സിന്റെ സ്വാധീനം കുറച്ചു. 1999 ൽ ഇന്ത്യയിലെ തന്നെ വലിയ സഹകരണസ്ഥാപനങ്ങളിലൊന്നായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. 1990 കളിൽ നരേന്ദ്ര മോദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായതോടെ, ഷായുടെ ഉയർച്ചകൾ തുടങ്ങി. നരേന്ദ്ര മോദിയുടെ അനുഗ്രാഹിശ്ശിസുകളോടെ, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. ശങ്കർസിങ് വഗേല മുതലായ വിമതർ പാർട്ടിയിൽ മോദിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ, ഭാരതീയ ജനതാ പാർട്ടി, മോദിയെ ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്കു മാറ്റി.

1997 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാ സാർകേജ് മണ്ഡലത്തിൽ നിന്നും ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തി. മോദിയുടെ സ്വാധീനം മൂലമാണ് ഷാക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 1998 തിരഞ്ഞെടുപ്പിൽ ഷാ ഇതേ മണ്ഡലത്തിൽ നിന്നും ജയിച്ചു. 2001 ൽ ഭരണ കെടുകാര്യസ്ഥത ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി, കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി പകരം നരേന്ദ്ര മോദിയെ അവരോധിച്ചു. 2002 മോദി മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഷാ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിനു വിവിധ വകുപ്പുകളുടെ ചുമതലകളുണ്ടായിരുന്നു. ഒരു കാലയളവിൽ 12 വകുപ്പുകൾ ഷാ കൈകാര്യം ചെയ്തിരുന്നു. ഷൊറാബ്ദീൻ കൊലക്കേസിൽ അമിത് ഷാ പൊലീസന്വേഷണത്തിനു വിധേയമായിരുന്നു. ഷൊറാബ്ദീൻ എന്ന ഗുണ്ടയുടെ ശല്യം സഹിക്ക വയ്യാതെ, ഗുജറാത്തിലെ രണ്ടു മാർബിൾ വ്യാപാരികൾ അമിത് ഷാക്കു മേൽ സമ്മർദ്ദം ചെലുത്തി പൊലീസിന്റെ സഹായത്തോടെ ഷൊറാബ്ദീനെ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ഈ കേസെല്ലാം പിന്നീട് മാഞ്ഞു പോയി.

2002 ഗുജറാത്ത് കലാപത്തിലും, വ്യാജ ഏറ്റുമുട്ടൽ കേസിലും, ഗുജറാത്ത് സർക്കാരിനെതിരേ മൊഴി കൊടുത്ത സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരോട് അമിത് ഷാ പ്രതികാര നടപടിയെടുത്തത് ഏറെ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു. 2009 ൽ അമിത് ഷാ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്ത്, അനധികൃതമായി ഒരു വനിതയെ നിരീക്ഷിക്കാൻ പൊലീസിനോടാവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഇതോടെ ഗുജറാത്തിൽ നിന്ന് അമിത് ഷാ മാറി. പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ച മോദി അമിത് ഷായെ ഡൽഹിയിൽ സജീവമാക്കി. ബിജെപിയുടെ ജനറൽ സെക്രട്ടറിയാക്കി. ഉത്തർപ്രദേശിന്റെ ചുമതല നൽകി. തന്ത്രങ്ങളുടെ ചാണക്യൻ 80ൽ 72 സീറ്റുകൾ ഉത്തർ പ്രദേശിൽ നിന്ന് നേടി മോദിയെ പ്രധാനമന്ത്രിയാക്കി. അതിന് ശേഷം പാർട്ടി അധ്യക്ഷനായി ബിജെപിയുടെ തന്ത്രങ്ങളുടെ അമരക്കാരനുമായി. ഇനി കേന്ദ്രമന്ത്രിസഭയിൽ അംഗമായി മോദിയുടെ രണ്ടാമനാകുകയാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP