Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെങ്ങന്നൂരിൽ വിജയം ആർക്കൊപ്പം? സാമുദായിക ധ്രുവീകരണം ഉൾപ്പെടെ ചർച്ചയായ ഉപതിരഞ്ഞെടുപ്പിൽ മറുനാടൻ അഭിപ്രായ സർവേഫലം നാളെ; ജനങ്ങളുടെ മനസ്സറിഞ്ഞ റാൻഡം സർവേയുടെ കണ്ടെത്തലുകൾ പുറത്തുവിടുക പകൽ 11 ന്; ലൈവ് ചർച്ചയ്ക്കിടെ ഫലം വായനക്കാരിലേക്ക് എത്തിക്കുമ്പോൾ വ്യക്തമാകുക അടിയൊഴുക്കുകളുടെ നേർച്ചിത്രം

ചെങ്ങന്നൂരിൽ വിജയം ആർക്കൊപ്പം? സാമുദായിക ധ്രുവീകരണം ഉൾപ്പെടെ ചർച്ചയായ ഉപതിരഞ്ഞെടുപ്പിൽ മറുനാടൻ അഭിപ്രായ സർവേഫലം നാളെ; ജനങ്ങളുടെ മനസ്സറിഞ്ഞ റാൻഡം സർവേയുടെ കണ്ടെത്തലുകൾ പുറത്തുവിടുക പകൽ 11 ന്; ലൈവ് ചർച്ചയ്ക്കിടെ ഫലം വായനക്കാരിലേക്ക് എത്തിക്കുമ്പോൾ വ്യക്തമാകുക അടിയൊഴുക്കുകളുടെ നേർച്ചിത്രം

ടീം മറുനാടൻ

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കെ ആർക്കാവും വിജയം? അവസാന വട്ട തന്ത്രങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ വിജയത്തിനായി കനത്ത പോരാട്ടം കാഴ്ചവയ്ക്കവെ മറുനാടൻ നടത്തിയ അഭിപ്രായ സർവേയുടെ ഫലം വെള്ളിയാഴ്ച പുറത്തുവിടും. ഓരോ മേഖലയിലും ആർക്കൊക്കെയാണ് മുന്നേറ്റമുള്ളതെന്നും ഭരണവിരുദ്ധ വികാരം അലയടിച്ചോയെന്നും എല്ലാം സമഗ്രമായി വിലയിരുത്തിയാണ് മറുനാടൻ സർവേ നടത്തിയത്.

ഭരണാനുകൂല വികാരം ആരെയാണ് തുണയ്ക്കുക? അതോ ഭരണവിരുദ്ധ തരംഗമാണോ അവിടുള്ളത്? അന്തരിച്ച ചെങ്ങന്നൂരിലെ എംഎൽഎ രാമചന്ദ്രൻ നായരോടുള്ള ഇഷ്ടം ഇടത് മുന്നണിക്ക് ഗുണം ചെയ്യുമോ? നായർ വോട്ടുകൾ ബിജെപിക്കാണോ പോവുക? അതോ അയ്യപ്പ സേവാസംഘം നേതാവായ വിജയകുമാറിനു കിട്ടുമോ? ക്രിസ്ത്യൻ വോട്ടുകൾ സജി ചെറിയാന് അനുകൂലമാകുമോ? സഭാ തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? എന്നിങ്ങനെ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായ ഓരോ ഘടകവും പരിശോധിച്ചാണ് സർവേ തയ്യാറാക്കിയത്.

നാളെ രാവിലെ പതിനൊന്നുമണിയോടെ സർവേ പുറത്തുവിടുമ്പോൾ വ്യക്തമാകുക ചെങ്ങന്നൂരിന്റെ നേർച്ചിത്രമാകും. രാഷ്ട്രീയ വിശകലനവും ഉൾപ്പെടുത്തി മറുനാടൻ നടത്തുന്ന ലൈവ് ചർച്ചയിലാവും സർവേയിലെ ഫലം ജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്. തിരഞ്ഞെടുപ്പു ചൂടിലേക്ക് ചെങ്ങന്നൂർ ഇറങ്ങിയതിനൊപ്പമാണ് മറുനാടൻ മലയാളി അഭിപ്രായ സർവേ നടത്തിയത്. മറുനാടൻ ടീമിലെ അഞ്ചുപേർ അഞ്ച് ദിവസം തുടർച്ചയായി മണ്ഡലത്തിലെ എല്ലാ സ്ഥലങ്ങളിലും പര്യടനം നടത്തിയാണ് സാമ്പിൾ ശേഖരിച്ചത്. ഈ റാൻഡം സർവ്വേ ഫലമാണ് വെള്ളിയാഴ്ച പുറത്തുവിടുന്നത്.

ദേശീയ മാധ്യമങ്ങൾ അവലംബിച്ച അതേ സർവേ രീതി

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രമുഖ ദേശീയ മാധ്യമങ്ങൾ അവലംബിച്ച റാൻഡം സർവേ രീതിയാണ് ഞങ്ങളും അവലംബിച്ചത്. ഒരു ചെമ്പിലെ അരിമുഴുവൻ വെന്തോ എന്നറിയാൻ ഓരോ മണിയും പെറുക്കിനോക്കേണ്ടതില്ലെന്നും ഒന്നെടുത്ത് ഞെക്കിനോക്കിയാൽ മതിയെന്നും പറയുന്ന പോലെയാണ് റാൻഡം സർവേയുടെ മെത്തഡോളജി. സാമ്പിൾ സർവേയിൽ പലപ്പോഴും നിരവധി ചോദ്യങ്ങൾ ഉണ്ടാവുമെങ്കിലും റാൻഡം സർവേ ഡയറക്ടായാണ് ചെയ്യുന്നത്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ശക്തികേന്ദ്രങ്ങളോ ആരാധനാലയങ്ങളോ തുടങ്ങി ഒരുവിഭാഗമാളുകൾ ഒന്നിച്ചുകൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കി എല്ലാത്തരും ആളുകളും ഒത്തുചേരുന്നിടങ്ങളാണ് പ്രധാനമായും സർവേക്കായി തെരഞ്ഞെടുത്തത്. അങ്ങനെ ഓരോ ദിവസവും ഓരോ പ്രദേശങ്ങൾ.. വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ. ഉദ്യോഗസ്ഥർ, കൂലിപ്പണിക്കാർ, ഡ്രൈവർമാർ, കച്ചവടക്കാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലും പെട്ട ആളുകളെ പരമാവധി ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു സർവേ. ഇതിനായി മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഞങ്ങൾ സഞ്ചരിച്ചു.

മറുനാടൻ ടീം പിന്നിട്ട വഴികൾ

മറുനാടൻ മലയാളിയുടെ റിപ്പോർട്ടർമാരുൾപ്പെടെ അഞ്ചംഗ സംഘം അഞ്ചുദിവസം കൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. ഇതിനായി അവർ ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്തു. എല്ലാത്തരം ആളുകളെയും കണ്ടു, പ്രതികരണങ്ങൾ തേടി അതോടൊപ്പം ചോദ്യാവലിയും പൂരിപ്പിച്ചു. സംഭവബഹുലമായിരുന്നു സർവേ ദിനങ്ങൾ. തുടക്കം റെയിൽ വേ സ്റ്റേഷനിലായിരുന്നു. ചെങ്ങന്നൂരുകാർ ഒരേ സമയം എത്തുന്ന ഓഫീസ് സമയത്തോടനുബന്ധിച്ച് സർവേ ആരംഭിച്ചു. ഉദ്യോഗസ്ഥ വിഭാഗമായിരുന്നു ഇതിൽ പങ്കെടുത്തവരിൽ കൂടുതലും. ഒരു സംഘം ഇവിടെ സർവേ നടത്തിയപ്പോൾ മറ്റൊരു സംഘം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ടൗണിലും സർവേ നടത്തി. തുടർന്ന് ടൗണിലെ വ്യാപാരികളും സർവേ പൂരിപ്പിച്ചു. ഇതിനിടെ ജനങ്ങളുടെ പ്രതികരണങ്ങളും വീഡിയോ റെക്കോർഡ് ചെയ്തു.

പലരും ആവേശത്തോടെ പ്രതികരിച്ചപ്പോൾ ചിലർ നമ്മളില്ലേ എന്ന മട്ടിൽ മാറിനിൽക്കുന്നതും കാണാമായിരുന്നു. ആദ്യദിനം ടൗണിൽ മാത്രമായി ഒതുങ്ങി. രണ്ടാംദിനം മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള യാത്രയായിരുന്നു. പലതരം തൊഴിൽ ചെയ്യുന്നവരെയും വിവിധ പ്രായത്തിലുള്ളവരെയും ഞങ്ങൾ കണ്ടു. ആല, പെണ്ണുക്കര, ചെറിയനാട്, കൊല്ലകടവ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രണ്ടാംദിനം. തുടർന്നുള്ള ഓരോ ദിനങ്ങളിലും പ്രതികരണങ്ങളും സർവേ പൂരിപ്പിക്കലുമായി മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലുമെത്തി. ചെറിയനാട്, വെൺമണി, പുലിയൂർ, തിരുവൻവണ്ടൂർ, മുളക്കുഴ, പാണ്ടനാട്, കോടുകുളഞ്ഞി, തുടങ്ങിയ സ്ഥലങ്ങളിലും ഞങ്ങളെത്തി.

നിങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നതായിരുന്നു ഒറ്റച്ചോദ്യം, ആറ് ഉപചോദ്യങ്ങളും

ഒറ്റച്ചോദ്യത്തിന് രണ്ടായിരം പേരിൽ നിന്നും പത്ത് ഉപചോദ്യങ്ങൾക്ക് 200 പേരിൽ നിന്നുമാണ് ഞങ്ങൾ മറുപടി തേടിയത്. നിങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നതായിരുന്നു ഒറ്റച്ചോദ്യം. എൽഡിഎഫ്, യുഡിഎഫ്, ബിജെപി, മറ്റുള്ളവർ എന്നീ ഓപ്ഷനുകളും നൽകി. സംസ്ഥാനസർക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു, കേന്ദ്രസർക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു, കേരളത്തെ പ്രതിപക്ഷത്തെ വിലയിരുത്തുന്നു, കേരളസർക്കാരിന്റെ മദ്യനയത്തെക്കുറിച്ച് എന്താണ് അഭിപ്രായം, മുൻ എംഎൽഎയുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു, കേരള പൊലീസിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നീ ആറ് ഉപചോദ്യങ്ങൾക്ക് മികച്ചത്, മോശം, അഭിപ്രായമില്ല എന്നീ ഓപ്ഷനുകൾ നൽകി. കത്വ പീഡനം ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമോ, കെഎം മാണിയുടെ നിലപാട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ, മണ്ഡലത്തിലെ വികസനത്തിന് വേണ്ടി ഇടപെടുന്നത് ഏതുമുന്നണിയാണ്, ബിഡിജെഎസ് ആർക്കൊപ്പം നിൽക്കും എന്നിവയും അടങ്ങുന്നതായിരുന്നു ഉപചോദ്യങ്ങൾ.

ക്രോഡീകരണത്തിന് ചുക്കാൻ പിടിച്ച് വിദഗ്ദ്ധർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മറുനാടൻ മലയാളി നടത്തിയ സർവേയ്ക്ക് മേൽനോട്ടം നൽകിയ വിദഗ്ദ്ധർ തന്നെയാണ് ഈ സർവേക്കും ചുക്കാൻ പിടിച്ചത്. അന്ന് മറുനാടൻ സർവേ 80 ശതമാനത്തിലേറെ ശരിയുമായിരുന്നു. സർവേ ഫലങ്ങളുപയോഗിച്ച് മറുനാടൻ എഡിറ്റർമാരുടെ കൂടി സാന്നിധ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്നതായിരുന്നു സർവേയുടെ ക്രോഡീകരണം. ഓരോ ചോദ്യങ്ങളുടെയും മറുപടികൾ പട്ടികകൾ നിരത്തി എഴുതിയായിരുന്നു ക്രോഡീകരണം. ഇതിൽ മുന്നിൽ നിൽക്കുന്ന കക്ഷിക്കാണ് വിജയസാധ്യത. സർവേയിൽ കിട്ടിയ 2000 സാമ്പിളുകളുടെ ഉത്തരവും 200 ഉപചോദ്യങ്ങളുടെ ഉത്തരവും പൊരുത്തപ്പെട്ടാൽ മാത്രമാണ് സർവേ വിജയമാകൂ.

ഞങ്ങളുടെ ടീം നടത്തിയ ക്രോഡീകരണത്തിൽ അത് പൊരുത്തപ്പെട്ടതിനാൽ സർവേ വിജയമാണെന്നുറപ്പിക്കാം. മാണി യുഡിഎഫിനെ സഹായിക്കുമെന്ന പ്രഖ്യാപനം വരുന്നതിന് മുമ്പാണ് സർവേ പൂർത്തിയാക്കിയതെന്നതും സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന കുറവായിരുന്നുവെന്നതുമാണ് സർവേയുടെ ആകെയുള്ള ന്യൂനത. എങ്കിലും മണ്ഡലത്തിന്റെ മനസ്സറിയാൻ മറുനാടന്റെ അഭിപ്രായ സർവേ കൊണ്ട് സാധിച്ചുവെന്ന് തന്നെയാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP