Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അണ്ണാഡിഎംകെയെ കൈപ്പിടിയിലാക്കിയ മന്നാർഗുഡി മാഫിയ ഇനി തമിഴ്‌നാട് ഭരിക്കും; എടപ്പാടി പളനിസാമിയെ നോക്കുകുത്തിയാക്കി ജയിലിൽ കിടന്ന് ശശികല സൂപ്പർ മുഖ്യമന്ത്രിയാകും; അഴിമതിക്കും ഗുണ്ടായിസത്തിനും കുപ്രസിദ്ധമായ മന്നാർഗുഡി മാഫിയയെ തുറന്നെതിർക്കാൻ ഉറച്ച് പനീർ ശെൽവവും

അണ്ണാഡിഎംകെയെ കൈപ്പിടിയിലാക്കിയ മന്നാർഗുഡി മാഫിയ ഇനി തമിഴ്‌നാട് ഭരിക്കും; എടപ്പാടി പളനിസാമിയെ നോക്കുകുത്തിയാക്കി ജയിലിൽ കിടന്ന് ശശികല സൂപ്പർ മുഖ്യമന്ത്രിയാകും; അഴിമതിക്കും ഗുണ്ടായിസത്തിനും കുപ്രസിദ്ധമായ മന്നാർഗുഡി മാഫിയയെ തുറന്നെതിർക്കാൻ ഉറച്ച് പനീർ ശെൽവവും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയലളിത ഏറെക്കാലമായി ഭരണരംഗത്തു നിന്നും അകറ്റി നിർത്തിയ മന്നാർഗുഡി മാഫിയ ഇനി തമിഴ്‌നാട് ഭരിക്കും. ശശികല ജയിലിൽ ആയെങ്കിലും ഭരണത്തിന്റെ കടിഞ്ഞാൺ പരപ്പന അഗ്രഹാര ജയിൽ തന്നെയാകും. ഇതോടെ ജയലളിതയെ പനീർശെൽവത്തെ മുന്നിൽ നിർത്തി എങ്ങനെയാണ് ഭരിച്ചത് അതുപോലെ തന്നെയാകും എടപ്പാടി പളനിസ്വാമിയുടെ അവസ്ഥയും. ചിന്നമ്മയുടെ അനുഗ്രഹാശിസ്സുകളോടെ പാർട്ടിുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായ ടിടിവി ദിനകരന്റെ നേതൃത്വത്തിൽ മന്നാർഗുഡി മാഫിയ തന്നെയാകും തമിഴ്‌നാടിനെ നിയന്ത്രിക്കുക.

മന്ത്രിസഭയിലും മന്നാർഗുഡി മാഫിയയിലെ പ്രമുഖർ ഇടം പിടിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായതോടെ സഹോദരൻ ടിടിവി ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കി പാർട്ടി ഭരണം ഏൽപിക്കുകയാണ് ശശികല ചെയ്തത്. ഇതോടെ ദിനകരനാകും ഇനി തമിഴ്‌നാട്ടിലെ ഭരണകാര്യങ്ങളെല്ലാം തീരുമാനിക്കുക. ജയലളിതയുടെ അപ്രീതിക്ക് പാത്രമായി പുറത്തുപോകേണ്ടി വന്ന വ്യക്തിയായിരുന്നു ദിനകരൻ. ജയ മരിച്ചതോടെ ഈ സംഘം വീണ്ടും സജീവമാകുകയാണ് ഉണ്ടായത്. ദിനകരൻ വഞ്ചകൻ എന്നു വിളിച്ചാണ് വർഷങ്ങൾക്ക് മുമ്പ് ജയലളിത അണ്ണാഡിഎംകെയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ, ജയയുടെ മരണത്തോടെ മന്നാർഗുഡി മാഫിയ വീണ്ടും സജീവമാകുകയായിരുന്നു. അമ്മയുടെ അപ്രീതിക്ക് പാത്രമായി മാറിയ ദിനകരന്റെ വിഷയം ഉയർത്തി കൊണ്ടുവന്ന് സജീവമാക്കാനാണ് പനീർശെൽവത്തിന്റെ നീക്കം. പാർട്ടിയും സർക്കാരും ഒരു കുടുംബത്തിന് കീഴിലാകുന്നത് അംഗീകരിക്കാനാവില്ലെന്ന് വിമതനായ ഒ പനീർശെൽവം അറിയിച്ചു കഴിഞ്ഞു.

ശശികലയുടെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് പനീർശെൽവം ക്യാമ്പ് ഒരുങ്ങുന്നത്. ധർമ്മയുദ്ധം തുടരുമെന്നാണ് പനീർശെൽവം പറഞ്ഞത്. അടുത്ത പ്രവർത്തനങ്ങൾ തീരുമാനിക്കാൻ ഒപിഎസ് ക്യാമ്പ് യോഗം ചേർന്നു. പളനിസാമിയെ അധികാരം ഏൽപ്പിക്കുന്നത് തടയാനായി ഒപിഎസ് പക്ഷത്തെ എംപി മൈത്രേയൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നിലപാടിൽ മാറ്റമില്ലെന്നും കുടുംബാധിപത്യത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഒപിഎസ് പക്ഷത്തുള്ള എംഎൽമാർ പറഞ്ഞു.

തമിഴ്‌നാട്ടിൽ അഴിമതിക്കും ഗുണ്ടായിസത്തിനും കുപ്രസിദ്ധമായ മന്നാർഗുഡി മാഫിയ ഭരണത്തിലും തലപ്പത്തെത്തുന്നത് ആശങ്കയ്ക്കും വഴിവെക്കുന്നുണ്ട്. ജയലളിത പുറത്താക്കിയ ശശികലയുടെ ബന്ധുസംഘമായ മന്നാർഗുഡി മാഫിയയിലെ ദിനകരനേയും ഡോ.വെങ്കടേശിനേയും കോടതിയിൽ കീഴടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പാർട്ടിയിലെ നിർണായക സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചത്. വെങ്കടേഷിനെ പാർട്ടിയുടെ യുവവിഭാഗത്തിന്റെ ചുമതലക്കാരനായാണ് ചിന്നമ്മ നിയമിച്ചത്. ചുരുക്കത്തിൽ എല്ലാ വിധത്തിലും സെൽഭരണത്തിലേക്ക് തമിഴ്‌നാട് പോകുമോ എന്ന ആശങ്കയും ശക്തമാണ്.

ജയലളിത തമിഴകം ഭരിച്ച കാലഘട്ടത്തിന്റെ തന്നെ ആയുസുണ്ട് ശശികലയുടെയും മന്നാർഗുഡി മാഫിയയുടേയും വളർച്ചയ്ക്ക്. ആ സംഘം ഒടുവിൽ തമിഴകം ഭരിക്കാനെത്തുമ്പോൾ ദീർഘ വീക്ഷണത്തിന്റെ കാര്യം പരാമർശിക്കാതിരിക്കാനാകില്ല. ഒരേസമയം തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി പന്നീർ ശെൽവമുൾപ്പെടെയുള്ള നേതാക്കളെ വരച്ചവരയിൽ നിർത്തുകയും ചെന്നൈ നഗരത്തിന്റെ, തമിഴകത്തിന്റെ നിർണായക ബിസിനസ് ഇടപാടുകളിൽ കൈവച്ച് പണമുണ്ടാക്കുകയും ചെയ്യുന്ന അധികാരകേന്ദ്രമായിരുന്നു ശശികലയും അവരുൾപ്പെട്ട മന്നാർഗുഡി മാഫിയയും. ഒന്നും രണ്ടും കൊല്ലമല്ല, മറിച്ച് നീണ്ട മൂന്നുദശാബ്ദത്തോളം ജയലളിതയെന്ന ഏകാധിപതിയുടെ ശ്വാസംപോലെ കൂടെയുണ്ടായിരുന്നു ശശികല. അവരെ തോഴിയാക്കി ജയയ്ക്കൊപ്പം വിട്ട് ബാക്കി ചരടുവലികൾ നടത്തിയിരുന്ന ഭർത്താവ് നടരാജന്റെ നേതൃത്വത്തിലുള്ള മന്നാർഗുഡി ടീമിനു തന്നെയാകും ഇനിയങ്ങോട്ട് തമിഴകത്തിന്റെ ഭരണം.

ജയലളിതയെന്ന കാർക്കശ്യക്കാരിയുടെ നിഴൽപോലെ നിൽക്കുമ്പോഴും സ്വന്തം താൽപര്യങ്ങൾ ശശികല നേടിയെടുത്തിരുന്നു. ഇതിനുദാഹരണമാണ് ഇത്രയും കാലത്തിനിടയ്ക്ക് അവർക്കുണ്ടായ വളർച്ചയും. 2011നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാർത്ഥികളെ നിർത്തുന്നതിന് തീരുമാനമെടുക്കുന്നതിൽ ശശികലയ്ക്ക് നിർണായക പങ്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ കോടികളുടെ പണപ്പിരിവും നടന്നിരുന്നു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ശശികലയായിരുന്നപ്പോഴും അദൃശ്യസാന്നിധ്യമായി അതിന് പിന്നിൽ പ്രവർത്തിച്ചത് അവരുടെ ഭർത്താവ് നടരാജൻ ആയിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ 30 കൊല്ലക്കാലത്തിനിടയ്ക്ക് രാഷ്ട്രീയത്തിലെ ചരടുവലികളിലൂടെയും ഇടപെടലുകളിലൂടെയും നേടിയ വൻ സമ്പത്തിന് ഉടമകളാണ് മന്നാർഗുഡി ടീം.

ജയലളിതയുടെ വസതിയിലുൾപ്പെടെ ഒരു ഈച്ചപോലും അറിവില്ലാതെ പറക്കാൻ അനുവദിക്കാത്തവിധം നെറ്റ് വർക്ക് ഒരുക്കിയാണ് ശശികലയും നടരാജനും ഓരോ നീക്കങ്ങളും നടത്തിയിരുന്നത്. അതേസമയം ജയലളിതയുടെ ആവശ്യങ്ങളെല്ലാം യഥാവിധി നിറവേറ്റുന്നതിൽ ഇവർ ഒരു വീഴ്ചയും വരുത്തിയില്ല. ഇടയ്ക്ക് ചില അസ്വാരസ്യങ്ങളുണ്ടായെങ്കിലും ഉറ്റതോഴിയെന്ന നിലയിൽ ശശികലയെ പിരിഞ്ഞിരിക്കാൻ വയ്യാതെ ജയതന്നെ അവരെ തിരിച്ചുവിളിച്ചു. പിന്നീട് ജയ മരണത്തിന് കീഴടങ്ങി യാത്രയാകുന്നതുവരെ വീണ്ടും കൂടെനിന്ന ശശികല ഇപ്പോൾ തമിഴ്‌നാടിന്റെ ചിന്നമ്മയായി മാറുകയായിരുന്നു മന്നാർഗുഡി മാഫിയയുടെ അകമ്പടിയോടെ.

വിദേശത്തും സ്വദേശത്തുമായി സഹസ്രകോടികളുടെ നിക്ഷേപം മന്നാർഗുഡി മാഫിയയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 2002ൽ കോയമ്പത്തൂരിൽ ശശികല മിഡാസ് ഗോൾഡൻ ഡിസ്റ്റിലറി തുടങ്ങി. ബിസിനസ് പാർട്ണറുടേതാണെന്നായിരുന്നു പ്രചരണമെങ്കിലും മന്നാർഗുഡി മാഫിയയുടേതാണ് ഡിസ്റ്റിലറിയെന്നത് താമസിയാതെ പരസ്യമായി. തുടർന്ന് ഈ മദ്യവ്യവസായം തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇതിനുപുറമെ നിരവധി തിയേറ്റർ കോംപൽക്സുകൾ, മാളുകൾ, മറ്റു വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി പരസ്യമായും രഹസ്യമായും അവർ ഉണ്ടാക്കിയ ആസ്തികളെപ്പറ്റി ആർക്കും ശരിയായ തിട്ടമില്ല. 5000 കോടിയുടെ ആസ്തി ശശികല ഉണ്ടാക്കിയെന്ന് മാദ്ധ്യമ വാർത്തകൾ വന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് 300 കോടി സീറ്റുവിൽപനയിലൂടെ ശേഖരിച്ചുവെന്നും വാർത്തവന്നു. പക്ഷേ, മന്നാർഗുഡി മാഫിയയുടെ ആസ്തിയെത്രയെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നു.

എന്തായാലും ജയിലിൽ കിടന്ന് ശശികലയുടെ ഭരണമാകും ഇനി തമിഴ്‌നാട് കാണാൻ പോകുന്നത്. അതിനിടെ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്നതും കണ്ടു തന്നെ അറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP