Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിയിലേക്ക് പോകുമോയെന്നതിന് രാഷ്ട്രീയമല്ലേ.. അത് കാലാകാലം മാറി വരുമെന്ന് മറുപടി; ഇപ്പോൾ പോകുമോ എന്ന ചോദ്യത്തിന് പറയാൻ പറ്റില്ല എന്ന ഉത്തരം; അവസരം കിട്ടിയാൽ പോകുമോ എന്നതിന് അവസരം എല്ലാവർക്കും വരില്ലേ എന്ന പ്രതികരണവും; കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി ആര്? മർമുവിന്റെ വോട്ടിൽ ചർച്ച സജീവം; മാണി സി കാപ്പന്റെ പ്രതികരണവും രാഷ്ട്രീയ കൗതുകം

ബിജെപിയിലേക്ക് പോകുമോയെന്നതിന് രാഷ്ട്രീയമല്ലേ.. അത് കാലാകാലം മാറി വരുമെന്ന് മറുപടി; ഇപ്പോൾ പോകുമോ എന്ന ചോദ്യത്തിന് പറയാൻ പറ്റില്ല എന്ന ഉത്തരം; അവസരം കിട്ടിയാൽ പോകുമോ എന്നതിന് അവസരം എല്ലാവർക്കും വരില്ലേ എന്ന പ്രതികരണവും; കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി ആര്? മർമുവിന്റെ വോട്ടിൽ ചർച്ച സജീവം; മാണി സി കാപ്പന്റെ പ്രതികരണവും രാഷ്ട്രീയ കൗതുകം

മറുനാടൻ മലയാളി ബ്യൂറോ

പാലാ: ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി.കാപ്പൻ എത്തുമ്പോൾ ദ്രൗപതി മുർമുവിന് കിട്ടിയ ആ വോട്ട് ആരുടേതെന്ന ചർച്ച കൂടുതൽ സജീവമാകും. ബിജെപിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരുമെന്നുമായിരുന്നു കാപ്പന്റെ മറുപടി. ബിജെപിയിലേക്ക് ഇപ്പോൾ പോകുമോ എന്ന ചോദ്യത്തിന് പറയാൻ പറ്റില്ല എന്നായിരുന്നു മറുപടി. അവസരം കിട്ടിയാൽ പോകുമോ എന്നു ചോദിച്ചപ്പോൾ അവസരം എല്ലാവർക്കും വരില്ലേ എന്നായിരുന്നു കാപ്പന്റെ പ്രതികരണം. ഈ പ്രതികരണത്തിനൊപ്പം കഴിഞ്ഞ ദിവസത്തെ വാർത്തകൾ കൂടി വായിക്കുമ്പോൾ ആ എംഎൽഎ ആരെന്ന സംശയം ശക്തമാകും.

പാലായിൽ എൽ.ഡി.ഫ് സ്ഥാനാർത്ഥിയായിരുന്ന ജോസ് കെ.മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപാണ് കാപ്പൻ എൻ.സി.പി വിട്ടത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു നടപടി. ഇതിനുശേഷം നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പാർട്ടി രൂപീകരിച്ച കാപ്പൻ, പാലായിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്. എന്നാൽ യുഡിഎഫിൽ അംഗമല്ല. യുഡിഎഫുമായി അത്ര രസത്തിലുമല്ല. ഇതിനിടെയാണ് എൻഡിഎ ക്യാമ്പ് പുതിയ ചർച്ചകൾ ഉയർത്തുന്നത്. അതിനെ നിരാകരിക്കാതെ പ്രതികരിക്കുകയാണ് മാണി സി കാപ്പൻ.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സിറ്റിങ് എംഎൽഎ. കോട്ടയത്ത് എൻ.ഡി.എ. സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചനകൾ പുറത്തു വന്നത്. ഇതിനായുള്ള ചർച്ചകൾ അണിയറയിൽ അവസാന ഘട്ടത്തിലാണ്. ഈ എംഎൽഎയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപിക്ക് അനുകൂലമായി കേരളത്തിൽ വോട്ട് ചെയ്തതെന്നാണ് സൂചന. ക്രൈസ്തവ സഭയിൽ സ്വാധീനമുള്ള വ്യക്തിയാകും കോട്ടയത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കുക എന്നാണ് സൂചന. ഇതിനിടെയാണ് സാധ്യതകൾ നിലനിർത്തുന്ന പ്രതികരണവുമായി കാപ്പൻ എത്തുന്നതും. ഇതോടെ ചർച്ചകൾ പുതിയ തലത്തിലെത്തുന്നു.

ഇത്രയും കാലം യു.ഡി.എഫിലുണ്ടായിരുന്ന ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാൾ സീറ്റില്ലാതെ ഇപ്പുറത്തുവന്നു...കാപ്പൻ പറഞ്ഞു. മാണി സി.കാപ്പൻ യു.ഡി.എഫിൽ തൃപ്തനല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യു.ഡി.എഫിന്റെ പരിപാടികളിൽ നിന്നും തന്നെ അകറ്റി നിർത്തുന്നുവെന്ന് കാപ്പൻ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു. പല തവണ രേഖാമൂലം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇടത്, വലതു മുന്നണികളിലുള്ള ചില പ്രമുഖരെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തങ്ങളുടെ പക്ഷത്തേക്കു കൊണ്ടുവരാനുമുള്ള ശ്രമങ്ങളും ബിജെപി. ആരംഭിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവു മുഖങ്ങൾ ആയിരിക്കില്ല അവരുടെ സ്ഥാനാർത്ഥികളെന്നുമാണു സൂചന. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കും. ആറ്റിങ്ങലിൽ വി മുരളീധരനും. തിരുവനന്തപുരത്തും പാലക്കാട്ടും അടക്കം പൊതു സമ്മതരെ കണ്ടെത്താനാണ് നീക്കം. തിരുവനന്തപുരത്ത് നമ്പി നാരായണൻ അടക്കമുള്ളവർ പരിഗണനയിലുണ്ട്. ഇക്കാര്യങ്ങളിൽ ചർച്ചകൾ ഒന്നും തുടങ്ങിയിട്ടില്ല. എന്നാൽ കോട്ടയത്തെ സ്ഥാനാർത്ഥിയുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി എന്നാണ് സൂചന.

മധ്യ കേരളത്തിൽ സിറോ മലബാർ സഭയിൽ നിർണായക സ്വാധീനമുള്ള ഈ എംഎൽഎയുടെ മണ്ഡലത്തിൽ ഇതിന്റെ ഭാഗമായി കൂടുതൽ കേന്ദ്ര ഫണ്ട് അനുവദിക്കാനും നീക്കമുണ്ട്. ഇദ്ദേഹത്തെ മറ്റു ക്രൈസ്തവ സഭകളുമായി കൂടുതൽ അടുപ്പിക്കാൻ ഭരണഘടനാ ചുമതലയിലുള്ള ബിജെപിയിലെ ഒരു ഉന്നതൻ ഉടൻ മധ്യകേരളത്തിൽ പര്യടനത്തിനെത്തും. കേരളാ കോൺഗ്രസി(എം)നെ യു.ഡി.എഫിലേക്കു തിരിച്ചെത്തിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങിയതോടെ തങ്ങളുടെ രാഷ്ട്രീയ നീക്കത്തിനു ബിജെപിയും വേഗം കൂട്ടിയെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ കേരളത്തിലെ നേതാക്കൾക്ക് പോലും ഒന്നും അറിയില്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് സംസ്ഥാനത്തുനിന്ന് ലഭിച്ച വോട്ട് ആകസ്മികമായിരുന്നില്ലെന്നാണു സൂചന. യു.ഡി.എഫും എൽ.ഡി.എഫും ദ്രൗപദി മുർമുവിനെ എതിർത്തപ്പോൾ ഇരുമുന്നണികളെയും ഞെട്ടിച്ചാണ് മുൻധാരണയുടെ പുറത്തുള്ള ഒരു വോട്ട് അവർക്കു ലഭിച്ചത്. ഈ വോട്ട് ആരുടേതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് കോട്ടയത്ത് ഈ എംഎൽഎ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തയും എത്തുന്നത്. ക്രൈസ്തവ വോട്ടുകൾ ബിജെപിയിലേക്ക് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്തുള്ള കേരളാ കോൺഗ്രസിനെ(എം) പിളർത്തി യു.ഡി.എഫിലെത്തിക്കാനാണു കോൺഗ്രസിന്റെ ശ്രമം. ഈ നീക്കം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഒരു എംഎൽഎയെ തന്നെ കോട്ടയത്ത് ലോക്‌സഭാ സ്ഥാനാർത്ഥിയാക്കാൻ ബിജെപിയും ശ്രമം തുടങ്ങിയത്. പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഈ എംഎൽഎ. എൻ.ഡി.എയിലെത്തും. ഈ നീക്കത്തിനു പിന്തുണ തേടി ബിജെപി. ദേശീയ നേതൃത്വം രണ്ടു പ്രമുഖ സമുദായ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നാണ് മംഗളം വാർത്ത.

പല സംസ്ഥാനങ്ങളിലും ബിജെപി 'ഓപ്പറേഷൻ ലോട്ടസ്' നടപ്പാക്കിയിട്ടുണ്ട്. മറ്റു പാർട്ടിയിലുള്ളവരെ ബിജെപിക്ക് അനുകൂലമാക്കുന്നതാണ് ഈ പ്ലാൻ. കേരളത്തിൽ ഇതിന് തീരെ സാധ്യതയില്ലെന്നായിരുന്നു വിലയിരുത്തലുകൾ. ഈ സാഹചര്യത്തിൽ പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ പരീക്ഷണം നടത്തിയത്. അത് വിജയമായി. ദ്രൗപതി മുർമുവിന് ഒരു വോട്ടും കിട്ടി. അതുകൊണ്ട് തന്നെ സംഘടനാ തലത്തിൽ കരുത്തു കൂട്ടിയ ശേഷം കേരളത്തിലും ഇത്തരം പദ്ധതികൾ നടപ്പാക്കാനുള്ള സാധ്യത അമിത് ഷാ തേടും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായാൽ എല്ലാം എളുപ്പമാകുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.

2024ൽ എല്ലാ സംസ്ഥാനത്തു നിന്നും ബിജെപിക്ക് ലോക്സഭാ അംഗങ്ങളെ ഉറപ്പിക്കുക എന്നതാണ് അമിത് ഷായുടെ ലക്ഷ്യം. കേരളത്തിൽ മാത്രമാണ് ഇതിന് വിരുദ്ധ സാഹചര്യമുള്ളത്. അതുകൊണ്ട് തന്നെ പല രാഷ്ട്രീയ അട്ടിമറികളും വരും ദിനങ്ങളിൽ കേരളത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP