Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സമ്പൂർണ്ണ തോൽവിക്ക് ശേഷം ചിരിച്ചത് പാലായിലെ വിജയത്തിൽ; ഇപ്പോൾ കാപ്പനെ വേണ്ടെന്ന് വയ്ക്കുന്നത് ജോസ് കെ മാണിയുടെ കരുത്ത് തിരിച്ചറിഞ്ഞ്; ചെന്നിത്തലയുടെ യാത്രയ്ക്ക് ഐശ്വര്യമേകാൻ പാലാ മാണിക്യത്തെ യുഡിഎഫ് സ്വന്തമാക്കും

സമ്പൂർണ്ണ തോൽവിക്ക് ശേഷം ചിരിച്ചത് പാലായിലെ വിജയത്തിൽ; ഇപ്പോൾ കാപ്പനെ വേണ്ടെന്ന് വയ്ക്കുന്നത് ജോസ് കെ മാണിയുടെ കരുത്ത് തിരിച്ചറിഞ്ഞ്; ചെന്നിത്തലയുടെ യാത്രയ്ക്ക് ഐശ്വര്യമേകാൻ പാലാ മാണിക്യത്തെ യുഡിഎഫ് സ്വന്തമാക്കും

മറുനാടൻ മലയാളി ബ്യൂറോ

പാലാ: എൻസിപിയുടെ പിളർപ്പിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് മാണി സി കാപ്പനോടുള്ള എതിർപ്പ്. കാപ്പൻ ഇടതുപക്ഷത്ത് വേണ്ടെന്നാണ് പിണറായിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന് സമയം അനുവദിക്കാനും മുഖ്യമന്ത്രി വൈകിക്കുന്നത്. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിത്വം കാപ്പൻ പ്രഖ്യാപിച്ചാൽ ബാക്കിയുള്ള എൻസിപിയെ ഇടതുപക്ഷത്ത് ചേർത്ത് നിർത്തും. രാജ്യസഭാ സീറ്റ് എൻസിപിക്ക് കൊടുക്കുന്നതിനോടും പിണറായിക്ക് താൽപ്പര്യക്കുറവുണ്ട്.

ഇടതു പക്ഷ രാഷ്ട്രീയത്തിൽ കാപ്പന്റെ ആവശ്യമില്ലെന്നാണ് പിണറായിയുടെ പക്ഷം. എന്നാൽ ലോക്‌സഭയിൽ 20ൽ 19ലും തോറ്റ ഇടതുപക്ഷത്തിന് രാഷ്ട്രീയ ജീവൻ നൽകിയത് മാണി സി കാപ്പനാണ്. കെ എം മാണിയുടെ മരണമുണ്ടാക്കിയ ഉപതെരഞ്ഞെടുപ്പിൽ പാലായിൽ ജയിച്ച് ഇടതുപക്ഷത്തെ മാണിക്യമായി കാപ്പൻ മാറി. പിന്നീട് ഉപതരെഞ്ഞെടുപ്പിൽ വട്ടിയൂർക്കാവും കോന്നിയും സിപിഎം നേടി. ഇങ്ങനെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ സിപിഎം രാഷ്ട്രീയം തിരിച്ചു വന്നത്. അതിന് കാരണക്കാരനായകുന്ന മാണി സി കാപ്പനെയാണ് പിണറായി കൈവിടുന്നത്. ജോസ് കെ മാണി ഇടതുപക്ഷത്ത് എത്തിയതോടെ കോട്ടയത്ത് എൻസിപി അധികപ്പെറ്റായി.

ഈ സാഹചര്യത്തിലാണ് പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാട് ആവർത്തിച്ച് മാണി സി. കാപ്പൻ രംഗത്തു വരുന്നത്. എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ തന്റെ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്നും വിരുദ്ധമായ തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പൻ പറഞ്ഞു. എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രനോട് പിണറായിക്ക് താൽപ്പര്യക്കുറവില്ല. എലത്തൂർ മാണി സി കാപ്പന് നൽകി പ്രശ്‌ന പരിഹാര ഫോർമുല ചർച്ചയായിരുന്നു. എന്നാൽ ശശീന്ദ്രനെ വെട്ടി മാണി സി കാപ്പൻ എംഎൽഎയാകുന്നതിനോടും പിണറായിക്ക് താൽപ്പര്യമില്ല. ഇത് മാണി സി കാപ്പനും തിരിച്ചറിയുന്നു.

മൂന്നുപതിറ്റാണ്ടായി തനിക്ക് ശരദ് പവാറുമായി അടുത്ത ബന്ധമുണ്ട്. താനാണ് കോൺഗ്രസ് എസിനെ എൻ.സി.പി.യിൽ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്. പവാറുമായി വളരെ വലിയ ആത്മബന്ധമുണ്ട്. അതുകൊണ്ടു തന്നെ പാലാ സീറ്റ് വിട്ടു കൊടുത്തുകൊണ്ടുള്ള ഒരു തീരുമാനം പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാപ്പൻ പറഞ്ഞു. മുന്നണി മാറ്റത്തെ പവാർ പിന്തുണച്ചാലും ശശീന്ദ്രൻ ഇടതുപക്ഷത്ത് തുടരും. അതായത് എൻസിപി പിളരുമെന്ന് ഉറപ്പാവുകയാണ്.

അതേസമയം യു.ഡി.എഫ്. സ്ഥാനാർത്ഥിയായി വരുമോ എന്ന ചോദ്യത്തിന് കൃത്യമായ പ്രതികരണം കാപ്പൻ നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മാണി സി. കാപ്പനും ജോസ് കെ മാണിയും തമ്മിൽ ഒരു ഫുട്ബോൾ മത്സരം പാലായിൽ നടന്നിരുന്നു. അതിൽ ജോസ് കെ മാണി എടുത്ത കിക്ക് കാപ്പൻ തടഞ്ഞിരുന്നു. ഇതിനെ പരാമർശിച്ചു കൊണ്ട് കാപ്പൻ ഇന്ന് ഒരു പ്രതികരണം നടത്തുകയുണ്ടായി. എന്തുവന്നാലും ഈ ഗോൾ പോസ്റ്റിൽ താൻ കോട്ട പോലെയുണ്ടാകും. ഏത് പന്തുവന്നാലും തടുത്തിടും എന്നായിരുന്നു കാപ്പന്റെ പ്രതികരണം. യുഡിഎഫുമായും കാപ്പൻ ചർച്ച തുടങ്ങി കഴിഞ്ഞു. ഇതിൽ തീരുമാനം വന്ന ശേഷം എൻസിപിയുടെ കാര്യത്തിൽ തീരുമാനം എടുക്കാനാണ് പിണറായിയുടെ തീരുമാനം.

എലത്തൂർ സീറ്റിൽ മാണി സി കാപ്പൻ മത്സരിച്ചേക്കുമെന്നും അല്ലെങ്കിൽ രാജ്യസഭ എംപി. സ്ഥാനം സ്വീകരിച്ച് പാലായിൽനിന്ന് മാറിയേക്കും തുടങ്ങിയ വാർത്തകൾ പുറത്തെത്തിയിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം കാപ്പൻ തള്ളി. എന്തുവന്നാലും പാലായിൽ തന്നെ മത്സരിക്കുമെന്ന നിലപാട് വ്യക്തമാക്കുകയാണ് കാപ്പൻ ചെയ്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിനു മുൻപ് വിഷയത്തിൽ തീരുമാനം എടുക്കണമെന്ന് യു.ഡി.എഫ്. നേതൃത്വം മാണി സി കാപ്പനെ അറിയിച്ചിട്ടണ്ട്. കോട്ടയത്ത് യാത്രയിലെ താരമായി കാപ്പനെ മാറ്റാനാണ് നീക്കം. അതിനിടെ കോൺഗ്രസ് നേതാവ് താരിഖ് അൻവറുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും കാപ്പൻ വ്യക്തമാക്കി.

ശരത് പവാർ എന്തു പറയുന്നോ അത് അനുസരിക്കുമെന്ന് കഴിഞ്ഞ ദിവസം കാപ്പൻ പറഞ്ഞിരുന്നു. ഇതോടെ നിലപാടിൽ കാപ്പൻ അയവ് വരുത്തിയോ എന്നൊരു നിരീക്ഷണം ഉയർന്നിരുന്നു. എന്നാൽ നിലപാടിൽനിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം.അതിനിടെ എൻസിപി ഇടതുമുന്നണി വിടുമെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും പ്രതികരിച്ചു. യുഡിഎഫിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ സമാനമായ സ്ഥിതി എൽഡിഎഫിലും ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാർട്ടി അണികളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.

പാർട്ടി ദേശീയ നേതൃത്വം കേരളത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടതുമുന്നണി വിടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. പാലാ സീറ്റിലടക്കം വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും തങ്ങളുടെ നിലപാടാണ്. പാലാ തരില്ലെന്ന് ഇതുവരെ ഇടതുമുന്നണി നേതാക്കളാരും പറഞ്ഞിട്ടില്ല. പാലാ നൽകാമെന്ന ധാരണയുടെ അടിസ്ഥാനത്തിലല്ല ജോസ് കെ.മാണി എൽഡിഎഫിൽ എത്തിയതെന്നും ശശീന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP