Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പാർട്ടി ഓഫീസുകൾ കൈവിട്ട് പോകുന്നു; പ്രവർത്തകർ തെരുവിൽ കൊല്ലപ്പെടുന്നു; ഉദ്യോഗസ്ഥ വൃന്ദം തിരിഞ്ഞു നിൽക്കുന്നു; സഹായിക്കാൻ ബിജെപി വിരുദ്ധരായ സിപിഎമ്മും കോൺഗ്രസും പോലുമില്ല; അരനൂറ്റാണ്ട് മുസ്ലിം-ഹിന്ദു വർഗ്ഗീയതയിൽ നിന്ന് മാറി നടന്ന ബംഗാൾ ബിജെപി പക്ഷത്ത് ചാഞ്ഞതോടെ സമനില തെറ്റിയത് പോലെ മമതാ ബാനർജി; കാവി വിപ്ലവത്തിൽ തകർന്ന മമതയ്ക്ക് ഈ ഭരണം പോലും പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നഷ്ടമായതായി റിപ്പോർട്ടുകൾ

പാർട്ടി ഓഫീസുകൾ കൈവിട്ട് പോകുന്നു; പ്രവർത്തകർ തെരുവിൽ കൊല്ലപ്പെടുന്നു; ഉദ്യോഗസ്ഥ വൃന്ദം തിരിഞ്ഞു നിൽക്കുന്നു; സഹായിക്കാൻ ബിജെപി വിരുദ്ധരായ സിപിഎമ്മും കോൺഗ്രസും പോലുമില്ല; അരനൂറ്റാണ്ട് മുസ്ലിം-ഹിന്ദു വർഗ്ഗീയതയിൽ നിന്ന് മാറി നടന്ന ബംഗാൾ ബിജെപി പക്ഷത്ത് ചാഞ്ഞതോടെ സമനില തെറ്റിയത് പോലെ മമതാ ബാനർജി; കാവി വിപ്ലവത്തിൽ തകർന്ന മമതയ്ക്ക് ഈ ഭരണം പോലും പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നഷ്ടമായതായി റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിൽ മമതാ ബാനർജി നേരിടുന്നത് വമ്പൻ പ്രതിസന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ജയിച്ച് പ്രധാനമന്ത്രിയാകുകയെന്ന ലക്ഷ്യത്തോടെയാണ് മമത നിലകൊണ്ടത്. എന്നാൽ ബംഗാളിൽ കൂടുതൽ സീറ്റ് തൃണമൂൽ കോൺഗ്രസ് നേടിയെങ്കിലും വീശിയത് മോദി തരംഗമാണ്. 18 ഇടത്തായിരുന്നു ബിജെപിയുടെ വിജയം. ഇതോടെ മമത പ്രതിസന്ധിയിലായി. ഇത് ഇപ്പോൾ അനുദിനം കൂടുകയാണ്. ബിജെപിയിലേക്ക് തൃണമൂലിൽ നിന്ന് പോലും ആളുകൾ ഒഴുകിയെത്തുന്നു. ബംഗാളിൽ ബിജെപിയെ നേരിടാൻ സിപിഎമ്മും കോൺഗ്രസും പോലും മമതയ്‌ക്കൊപ്പമില്ല. ഇതിനെല്ലാം കാരണം ബംഗാൾ കുലുങ്ങില്ലെന്നും അധികാരം നഷ്ടമാകില്ലെന്നുമെല്ലാം ഉള്ള മമതയുടെ അമിത ആത്മവിശ്വാസമാണ്. മതനിരപേക്ഷതയിൽ നിന്ന് അങ്ങനെ ബംഗാളും പതിയെ മറ്റൊരു വഴിക്ക് നീങ്ങുകയാണ്. ബിജെപിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ മുൻതൂക്കം കിട്ടുന്നതായാണ് സൂചന.

Stories you may Like

അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബംഗാളിൽ ഇനിയൊരു വിജയം സാധ്യമല്ലാത്ത നിലയിലാണു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗ്ലാദേശിൽനിന്ന് ലക്ഷക്കണക്കിനു അഭയാർഥികൾ എത്തിക്കൊണ്ടിരുന്ന ബംഗാൾ, ബിജെപിയുടെ വളർച്ചയ്ക്കു വളക്കൂറുള്ള മണ്ണായിരുന്നു. ജനസംഘവും ഇവിടെ വേരൂന്നിയില്ല. ഡോ. ബി.സി. റോയ്, പ്രഫുല്ല ചന്ദ്ര സെൻ, അജയ് മുഖർജി, ജ്യോതി ബസു തുടങ്ങിയവർ മുഖ്യമന്ത്രിയായിരുന്നപ്പോൾ വർഗ്ഗീയതയുടെ വേരോട്ടത്തെ തന്നെ തകർത്തു. മതനിരപേക്ഷതയിലൂടെ മുന്നോട്ട് പോയി. എന്നാൽ മമത എത്തിയപ്പോൾ മുസ്ലിം വോട്ടുകളെ കൂടെ കൂട്ടാനാണ് ശ്രമിച്ചത്. ഇതോടെ മറ്റൊരു വികാരവും അവിടെ ശക്തമായി. അത് ബിജെപിക്ക് വേരായി. സിപിഎമ്മിനേയും മറ്റും അക്രമത്തിലൂടെ തകർത്ത മമതയ്ക്ക് ശത്രുപക്ഷത്ത് മോദിയെന്ന പ്രധാനമന്ത്രി എത്തിയതോടെ ബംഗാളും ബിജെപി പക്ഷത്തേക്ക് പതിയെ മറിയാൻ തുടങ്ങി. 'ബംഗാളി ആത്മാഭിമാനം' എന്ന ആയുധത്തിൽ കയറിപ്പിടിക്കുകയാണ് മമത ഇപ്പോൾ. 'ബംഗാളിൽ താമസിക്കണമെങ്കിൽ ബംഗാളി സംസാരിക്കണം' എന്നതു പോലുള്ള പിടിവാശികളാണ് അവർ ഉന്നയിക്കുന്നത്.

'ഹിന്ദുത്വ രാഷ്ട്രീയത്തെയും മുസ്‌ലിം ലീഗ് പോലുള്ള പാർട്ടികളെയും ബംഗാളിൽ വളരാൻ അനുവദിക്കാതിരുന്നത് ഞങ്ങളുടെ ഫലപ്രദമായ ശ്രമങ്ങൾ കൊണ്ടായിരുന്നു. അതുണ്ടായിരുന്നില്ലെങ്കിൽ ബംഗാൾ, വിഭജനത്തെ അതിജീവിക്കില്ലായിരുന്നു.''-സിപിഎം നേതാവ് വിലയിരുത്തുന്നത് ഇങ്ങനെയാണ്. 2011 ൽ മമത ബാനർജി അധികാരത്തിൽ വന്നതോടെ ബംഗാളിന്റെ ചിത്രംമാറി. ഇന്ന് ആർഎസ്എസിന് 1500 ശാഖകളുണ്ട് സംസ്ഥാനത്ത്. മമതയുടെ രാഷ്ട്രീയനിലപാടുകൾ ബംഗാളിൽ വലിയ വർഗീയ ധ്രുവീകരണമുണ്ടാക്കിക്കഴിഞ്ഞു. മമതയുടെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തോടു വിയോജിപ്പുള്ളവർ ബിജെപിയുടെയും ആർഎസ്എസിന്റെയും പക്ഷത്ത് ചേർന്ന് നിന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ വോട്ടു ചെയ്തത് ജാതി അടിസ്ഥാനത്തിലല്ല, മതാടിസ്ഥാനത്തിലായിരുന്നെങ്കിലും ജാതി ഇവിടെ തിരിച്ചെത്തിയിരിക്കുന്നു. കാവി വിപ്ലവത്തിൽ തകർന്ന മമതയ്ക്ക് ഇപ്പോൾ ഭരണം പോലും പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നഷ്ടമായതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

തിരഞ്ഞെടുപ്പിൽ 42 സീറ്റും ജയിക്കുമെന്നു പ്രഖ്യാപിച്ച മമതയ്ക്ക് കിട്ടിയത് അതിന്റെ പകുതി സീറ്റ് മാത്രം. ഈ തിരിച്ചടി അവരെ കൂടുതൽ രോഷാകുലയാക്കി. ഗ്രാമീണ മേഖലകളിൽ തൃണമൂൽ കോൺഗ്രസിന്റെ ഓഫിസുകൾ പിടിച്ചെടുക്കപ്പെട്ടു. പ്രവർത്തകർ കൊല്ലപ്പെട്ടു. തൃണമൂൽ തിരിച്ചടിക്കാൻ തുടങ്ങിയതോടെ ബംഗാൾ കലാപഭൂമിയായി. തിരഞ്ഞെടുപ്പു ഫലം വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ 15 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. ബിജെപി പ്രവർത്തകർ ഒന്നിനു പുറകെ ഒന്നായി മമതയ്ക്കു തിരിച്ചടികൾ നൽകിക്കൊണ്ടിരുന്നു. ജയ്ശ്രീറാം വിളികളിലൂടെ മമതയെ പ്രകോകിപിപ്പിച്ചു. ജയ് ശ്രീറാം വിളിച്ച് ശല്യപ്പെടുത്തിയവരെ മമത കാറിൽനിന്നിറങ്ങി ചീത്ത വിളിച്ചു. പൊലീസിനോട് അവരെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ടു. എന്നാൽ, മുൻപെങ്ങുമില്ലാത്തവിധം പൊലീസ് പക്വത കാട്ടി. സർവശക്തയായിരുന്ന മുഖ്യമന്ത്രിയോട് അവർ പറഞ്ഞു- ഇല്ല, അറസ്റ്റ് ചെയ്യാനാവില്ല. 'സുപ്രീം കോടതി വിധി പ്രകാരം ഇത്തരം അറസ്റ്റുകൾ നിയമവിരുദ്ധമാണ്' എന്നു ബംഗാൾ ഡിജിപി തന്നെ മമതയോടു പറഞ്ഞുവെന്നാണു വിവരം. ഇതോടെ ഉദ്യോഗസ്ഥരും മമതയെ കൈവിട്ടുവെന്ന് വ്യക്തമായി.

തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും നിതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കാനോ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കാനോ മമത തയാറായില്ല. മമതയുടെ തകർച്ചയ്ക്കുള്ള നിലമൊരുക്കുകയാണ് ബിജെപി. ഇപ്പോൾ ഉണ്ടായിട്ടുള്ള ഡോക്ടർമാരുടെ പ്രശ്‌നത്തിൽ പൂർണമായും നിസ്സഹായയാണു മമത. ആരോഗ്യമേഖലയിലുള്ളവരും സാധാരണ ജനങ്ങളും അവർക്കൊപ്പമില്ലെന്നു മാത്രമല്ല, എതിരുമായി. ഇതോടെ ചെറിയ മനസ്സ് മാറ്റത്തിന് മമത തയ്യാറായിട്ടുണ്ട്. മുസ്‌ലിം സമുദായത്തിൽപെട്ട 85 വയസ്സുള്ളയാൾ എൻആർഎസ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുണ്ടായത്. ചികിത്സാപ്പിഴവു മൂലമാണ് അദ്ദേഹം മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ ജൂനിയർ ഡോക്ടർമാരെ ആക്രമിച്ചു. ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിയേറ്റ പരിബഹ ചാറ്റർജി എന്ന ഡോക്ടർ ഗുരുതരാവസ്ഥയിലാണ്. തലച്ചോറിലെ ഞരമ്പുകൾക്കു ക്ഷതമേറ്റ ഡോക്ടർക്ക് ഇനിയൊരിക്കലും പഴയ ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ബംഗാളിലും പുറത്തും ഡോക്ടർമാരുടെ കനത്ത പ്രതിഷേധമുണ്ടായെങ്കിലും മമത ഡോക്ടർമാർക്കെതിരായ നിലപാടാണു സ്വീകരിച്ചത്. ഇതോടെ പ്രതിഷേധവും കൂടി. തിരഞ്ഞെടുപ്പിനു ശേഷം സമനില നഷ്ടപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന മമത, തന്റെ പാർട്ടിക്കു 22 സീറ്റ് - ബിജെപിയെക്കാൾ നാലെണ്ണം കൂടുതൽ - കിട്ടി എന്ന കാര്യം പോലും പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത.

ഡോക്ടർമാരുമായി ചർച്ച നടക്കും

ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുമായി ചർച്ചയ്ക്കു തയ്യാറെന്ന് മുഖ്യമന്ത്രി മമത ബാനർജി. ആക്രമണത്തിൽ പരുക്കേറ്റ ഡോക്ടറുടെ ചികിൽസാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. പ്രതിഷേധങ്ങൾക്കു പിന്നിൽ ബിജെപിയെന്നും മമത ആരോപിച്ചു. ഡോക്ടർമാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നു. സമരം അവസാനിപ്പിച്ച് ജോലിക്കു കയറുകയാണെങ്കിൽ കൂടുതൽ ആവശ്യങ്ങൾ അംഗീകരിക്കാം മമത വ്യക്തമാക്കി.

ബംഗാളിലെ സംഘർഷങ്ങളിലും ഡോക്ടർ സമരത്തിലും നിലപാടു കടുപ്പിച്ചു കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്നാണു കേന്ദ്രത്തിന്റെ വിമർശനം. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രിമാർക്കു നിർദ്ദേശം നൽകി. സംഭവങ്ങളിൽ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. വിഷയം ഒത്തുതീർപ്പാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയും ബംഗാൾ ഗവർണറും മമത സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ബംഗാളിൽ ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ മുഖ്യമന്ത്രി മമത ബാനർജിക്ക് അന്ത്യശാസനവുമായി ഡൽഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP