Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിപക്ഷ സഖ്യം മോദിയെ വീഴ്‌ത്തി ജയിച്ചുവന്നാൽ രാഹുലിന് ഭീഷണി ആകുക മമതയോ ബഹൻജിയോ? രാജ്യത്ത് യുപിക്ക് പുറത്തും മിക്ക സംസ്ഥാനങ്ങളിലും മത്സരിക്കാൻ ഇറങ്ങുന്ന മായാവതി എസ്‌പിയുമായി ചേർന്ന് കൂടുതൽ സീറ്റുപിടിച്ചാൽ കോൺഗ്രസിന് തലവേദന; ഇന്ത്യൻ ജനാധിപത്യത്തിലെ അത്ഭുതമെന്ന് നരസിംഹറാവു വിളിച്ച വനിതാ നേതാവിന്റെ നോട്ടം ഇക്കുറിയും യുപിവഴി പ്രധാനമന്ത്രി പദത്തിലേക്ക്

പ്രതിപക്ഷ സഖ്യം മോദിയെ വീഴ്‌ത്തി ജയിച്ചുവന്നാൽ രാഹുലിന് ഭീഷണി ആകുക മമതയോ ബഹൻജിയോ? രാജ്യത്ത് യുപിക്ക് പുറത്തും മിക്ക സംസ്ഥാനങ്ങളിലും മത്സരിക്കാൻ ഇറങ്ങുന്ന മായാവതി എസ്‌പിയുമായി ചേർന്ന് കൂടുതൽ സീറ്റുപിടിച്ചാൽ കോൺഗ്രസിന് തലവേദന; ഇന്ത്യൻ ജനാധിപത്യത്തിലെ അത്ഭുതമെന്ന് നരസിംഹറാവു വിളിച്ച വനിതാ നേതാവിന്റെ നോട്ടം ഇക്കുറിയും യുപിവഴി പ്രധാനമന്ത്രി പദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഇന്ത്യൻ ജനാധിപത്യത്തിൽ നിർണായക സ്ഥാനമുള്ള സംസ്ഥാനമാണ് യുപി. 80 പാർലമെന്റ് സീറ്റുകളുമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം. ഇവിടെ ജയിച്ചുകയറിയാൽതന്നെ അധികാരം ഉറപ്പിക്കാമെന്ന് എല്ലാ പാർട്ടികളും കരുതുന്നതും അതുകൊണ്ടുതന്നെ. രാജ്യത്ത് കോൺഗ്രസും ബിജെപിയും തനിച്ച് കൂടുതൽ സീറ്റുകൾക്കായി പൊരുതുമ്പോൾ യുപിയിൽ നിന്ന് അഖിലേഷ് യാദവുമായി ചേർന്ന് മായാവതിയും ബംഗാളിൽ നിന്ന് മമതയും നോക്കുന്നത് തങ്ങൾക്ക് കിട്ടാവുന്നത്ര സീറ്റുകൾ നേടാൻ തന്നെയാണ്. ഇത്തരത്തിൽ കോൺഗ്രസിന് തൊട്ടുതാഴെ രണ്ടാമത്തെയും മൂന്നാമത്തെയും കക്ഷികളായി ഇവർ എത്തുമ്പോൾ അത് പ്രധാനമന്ത്രി പദത്തിന് അവകാശം സ്ഥാപിക്കാനും ഉപയോഗിച്ചേക്കും. ഈ സാധ്യതകൂടെ മുന്നിൽ കണ്ടാണ് ഇക്കുറി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും യുപി ഒഴികെ ഹിന്ദി ഹൃദയഭൂമിയിൽ നിന്നും പരമാവധി സീറ്റുകൾ നേടാൻ കോൺഗ്രസ് ശ്രമിക്കുന്നത്.

ശരിക്കും ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്ഭുതംതന്നെയാണ് എക്കാലത്തും മായാവതി. ഉറച്ച തീരുമാനത്തിന്റെ ബലത്തിൽ സഖ്യങ്ങളില്ലെങ്കിൽ പോലും ഒറ്റയ്ക്ക് ജയിച്ച് കയറുകയും മുലായംസിംഗിന്റെ സമാജ് വാദി പാർട്ടിയുമായി എന്നും പോരാടുകയും ചെയ്താണ് മായാവതി മുൻകാലങ്ങളിൽ യുപിയിൽ വളർന്നുകയറിയത്്. ഇത്തരത്തിൽ ഘട്ടംഘട്ടമായി ദളിത്-പിന്നോക്ക-ന്യൂനപക്ഷ വോട്ട് ബാങ്കുകളെ കയ്യിലൊതുക്കി മായാവതി മുന്നേറിയപ്പോൾ കോൺഗ്രസ് യുപിയിൽ നിലംപരിശായി. നെഹ്‌റുകുടുംബം സ്ഥിരമായി ജയിച്ചുകയറുന്ന അമേഠിയിലും റായ്ബറേലിയിലും മാത്രമായി കോൺഗ്രസ് ഒതുങ്ങിപ്പോയി. കഴിഞ്ഞതവണ രാഹുലിന്റെ ഭൂരിപക്ഷം പോലും കുറഞ്ഞുവെന്നതും ഓർക്കണം. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് ഇക്കുറി കുറച്ചുകൂടെ സുരക്ഷിതമായ മണ്ഡലമെന്ന നിലയിൽ അമേഠിക്ക് പുറമെ വയനാടും കൂടെ രാഹുൽ മത്സരിക്കാൻ എത്തുന്നതെന്നതും ദേശീയ തലത്തിൽ ചർച്ചയാണ്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അദ്ഭുതമെന്ന് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു മായാവതിയെ വിളിച്ചത് വെറുതെ അല്ലായിരുന്നു. സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന മായാവതി 1995ൽ ആദ്യമായി യുപി മുഖ്യമന്ത്രിയായപ്പോഴായിരുന്നു റാവുവിന്റെ പരാമർശം. പിന്നീടു മൂന്നു വട്ടം കൂടി മായാവതി യുപി കീഴടക്കി. നാലാംവട്ടം അഞ്ചുവർഷം തികച്ച് ഭരിച്ച അവർക്ക് ഇനിയുള്ള നോട്ടം പ്രധാനമന്ത്രി പദത്തിലേക്കാണ്. ഇക്കുറി കോൺഗ്രസുമായി സഖ്യമുണ്ടാക്കാതെ അവർ ലക്ഷ്യം വയ്ക്കുന്നതും കോൺഗ്രസ് പിന്തുണതേടി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകാൻ തന്നെ ആയിരിക്കും.

യുപിക്ക് പുറത്തും മത്സരരംഗത്ത് ഇക്കുറിയും സജീവം

യുപിയിലും മഹാരാഷ്ട്രയിലുമെല്ലാം എസ്‌പിയുമായി ചേർന്ന്, കോൺഗ്രസ് സഖ്യം ഒഴിവാക്കിക്കൊണ്ട് തന്ത്രപരമായ നീക്കമാണ് മായാവതി നടത്തുന്നത്. യുപിക്ക് പുറത്ത് മിക്ക പ്രമുഖ സംസ്ഥാനങ്ങളിലും മുൻകാലങ്ങളിലേതുപോലെ അവർ സ്ഥാനാർത്ഥികളെ നിർത്തുന്നു. മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ആന്ധ്ര, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ഒറ്റയ്‌ക്കോ ചെറുകക്ഷികളെ കൂട്ടുപിടിച്ചോ ബിഎസ്‌പി ഇക്കുറിയും രംഗത്തുണ്ട്. ഒരു ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ പത്തുകോടിയോളം എങ്കിലും വേണമെന്നാണു രാഷ്ട്രീയ പാർട്ടികളുടെ കണക്ക്. ഇത്തരത്തിൽ രാജ്യംമുഴുവൻ സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ പാർട്ടി ടിക്കറ്റ് നൽകുന്നവരിൽ നിന്ന് പാർട്ടിക്കും വരുമാനം എത്തും. ഈ തന്ത്രമാണ് മുൻകാലങ്ങളിലും ബിഎസ്‌പി പയറ്റിയിട്ടുള്ളതും.

അമ്പേ പരാജയപ്പെട്ട 2014ലെ തിരഞ്ഞെടുപ്പ്

2014ൽ മായാവതി 503 ലോക്‌സഭാ സീറ്റുകളിലേക്കാണ് മത്സരിച്ചത്. എന്നാൽ സ്വന്തം തട്ടകമായ യുപിയിൽ ഉൾപ്പെടെ അടിപതറിയപ്പോൾ ഒറ്റ സീറ്റിൽ പോലും ജയിച്ചില്ല. എന്നാൽ 2009ൽ അഞ്ഞൂറോളം സീറ്റുകളിൽ മാറ്റുരച്ചപ്പോൾ 21 സീറ്റ് കിട്ടിയിരുന്നു. ഇതിൽ 20 യുപിയിൽ. ഒന്ന് മധ്യപ്രദേശിലും. എന്നാൽ ഇക്കുറി ട്രെൻഡ് വേറെയാണ് യുപിയിൽ. അഖിലേഷിനൊപ്പം കൈകോർത്ത് മായാവതി മത്സരിക്കാൻ ഇറങ്ങുമ്പോൾ രണ്ടു സീറ്റിലൊഴികെ മറ്റെല്ലായിടത്തും സഖ്യം മത്സരിക്കുന്നു. മഹാരാഷ്ട്രയിൽ വിജയപ്രതീക്ഷയില്ലെങ്കിലും സഖ്യം സാന്നിധ്യമറിയിക്കുന്നു. ഇതോടെ യുപിയിൽ ഇക്കുറി കഴിഞ്ഞതവണത്തേതു പോലെ വൻ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് കഴിയില്ലെന്നതാണ് സ്ഥിതി. കാരണം ന്യൂനപക്ഷ, ദളിത്, പിന്നോക്ക വോട്ടുബാങ്കിനെ ഏതാണ്ട് മുഴുവനായും ഈ സഖ്യത്തിന് കയ്യിലെടുക്കാനാകും എന്നാണ് ഇതുവരെ വന്ന വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ 72 പ്‌ളസ് - 1 എന്ന നിലയിൽ 73 സീറ്റ് കിട്ടുമെന്ന ബിജെപി അധ്യക്ഷൻ അമിത്ഷായുടെ പ്രഖ്യാപനം ഇക്കുറി പാഴ് വാക്ക് ആയേക്കും യുപിയിൽ.

കോൺഗ്രസിന് ദോഷമായി കൂട്ടുകെട്ടുകൾ

മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും എസ്‌പി, ആന്ധ്രയിലും തെലങ്കാനയിലും പവൻ കല്യാണിന്റെ ജനസേന, ഹരിയാനയിൽ ബിജെപി വിമതൻ രാജ്കുമാർ സയ്‌നിയുടെ എൽഎസ്‌പി, പഞ്ചാബിൽ പഞ്ചാബ് ഏകതാ പാർട്ടി തുടങ്ങിയവരുമായാണ് ഇത്തവണ മായാവതിയുടെ കൂട്ടുകെട്ട്. എന്നാൽ യുപിക്ക് പുറത്ത് വിജയസാധ്യത കുറവാണ് പാർട്ടിക്ക്. എന്നാൽ ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിലും മായാവതിയും സഖ്യവും കുറച്ച് വോട്ടുകളെങ്കിലും സമാഹരിക്കുമ്പോൾ അത് ദോഷകരമായി ബാധിക്കുക കോൺഗ്രസിനെ ആയിരിക്കും. ഏറ്റവും ഒടുവിൽ നടന്ന അസംബ്‌ളി തിരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഡഗിലും കോൺഗ്രസ് ശക്തമായി തിരിച്ചുവന്നിരുന്നു. ഇതോടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു മായാവതി.

എന്നാൽ തുടക്കത്തിൽ കോൺഗ്രസിനെ കൂടെ കൂട്ടിയില്ലെങ്കിലും പിന്നീട് പ്രിയങ്കാ ഗാന്ധിയുടെ വരവോടെ യുപിയിലും മായാവതിക്ക് അൽപം ആശങ്കയുണ്ട്. ത്രികോണ മത്സരത്തിന് സമാനമായ സ്ഥിതി വരികയും വോട്ടുകൾ വിഭജിച്ചു പോകുകയും ചെയ്താൽ ബിജെപിക്ക് അത് നേട്ടമാകുമോ എന്ന ആശങ്കയുമുണ്ട് എസ്‌പിക്കും ബിഎസ്‌പിക്കും.

പ്രിയങ്ക ഗാന്ധിയുടെ വരവ് മുന്നോക്ക വിഭാഗങ്ങളിലും പിന്നോക്ക ദളിത് ന്യൂനപക്ഷ വിഭാഗങ്ങളിലും പുതിയ ഊർജമായി മാറിയെന്ന വിലയിരുത്തൽ വരുന്നുണ്ട്. എങ്കിൽ ദളിത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചേക്കാം. വിവിധ ദലിത് പാർട്ടികളുമായി കോൺഗ്രസ് നടത്തുന്ന ആശയവിനിമയത്തെയും അവർ ആശങ്കയോടെ കാണുന്നു. കോൺഗ്രസുമായി കൂട്ടുചേർന്നാൽ അടിസ്ഥാന വോട്ടുകളിൽ വീണ്ടും ചോർച്ചയുണ്ടാകാം. സമാനമായ രീതിയിലാണ് ബീഹാറിലും കോൺഗ്രസ് സഖ്യത്തോടൊപ്പം ചേരാതെ മായാവതി മാറി നിൽക്കുന്നത്.

ഇതെല്ലാം കോൺഗ്രസിന് ക്ഷീണമായേക്കും. കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 10 സിറ്റിങ് സീറ്റുകളിലെങ്കിലും കോൺഗ്രസിന്റെ തോൽവിക്കു കാരണമായത് ബിഎസ്‌പിയുടെ മാറി നിൽക്കലായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്കു 16 സീറ്റിൽ കോൺഗ്രസ് പരാജയപ്പെട്ടതിനും കാരണം ബിഎസ്‌പി സ്ഥാനാർത്ഥി സാന്നിധ്യമായിരുന്നു. ഈ സ്ഥിതി ഇപ്പോഴും തുടരുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്.

വലിയ ഭീഷണിയായി മാറുക മമത തന്നെ

ഏതായാലും മായാവതിയും മമതയും തന്നെയാകും ഇക്കുറി ജയിച്ചെത്തിയാൽ രാഹുലിന് വലിയ ഭീഷണി. ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി ഉണ്ടായാലോ കോൺഗ്രസിന് സീറ്റ് കുറവായാലോ ഇരുവരും താൽപര്യം തുറന്നുപറഞ്ഞേക്കാം. ഇടതു കക്ഷികളുമായോ ജനതാദൾ, ഡിഎംകെ, ആന്ധ്രയിലേയും മറ്റും പ്രാദേശിക പാർട്ടികൾ എന്നിവയുടേയെല്ലാം പിന്തുണ തേടാനും ഇരുവരും ശ്രമിച്ചേക്കാം. ഈ സാധ്യതയിലാണ് യുപിയിലെയും ബംഗാളിലേയും തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നത്. പക്ഷേ, അപ്പോഴും മായാവതിയേക്കാൾ കൂടുതൽ സാധ്യത പുലർത്തുന്നത് കഴിഞ്ഞതവണത്തെ വിജയം ഇക്കുറിയും ബംഗാളിൽ ആവർത്തിക്കുമെന്ന് ഉറപ്പിക്കുന്ന മമതയാണ്.

2014ൽ മായാവതിക്ക് ഒരു അംഗംപോലും ലോക്‌സഭയിൽ ഉണ്ടായിരുന്നില്ല. അതേസമയം, തൃണമൂലിന്റെ 34 പേരാണ് ജയിച്ചുകയറിയത്. വലിയ പ്രതീക്ഷയില്ലാതെ, സഖ്യംപോലും ഇല്ലാതെ കോൺഗ്രസും ഇടതുപക്ഷവും വെവ്വേറെ നിൽക്കുന്ന സാഹചര്യമാണ് ഇക്കുറിയും ബംഗാളിൽ. അത് സാധ്യത കൂട്ടുന്നത് മമതയ്ക്കാണു താനും. എന്നാൽ അഖിലേഷിന്റെ എസ്‌പിയുമായി ചേർന്നു യുപിയിൽ അറുപതോളം സീറ്റുകൾ നേടുകയാണ് മായാവതി ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ ഇപ്പോൾ മത്സരിക്കുന്നില്ലെങ്കിൽ പോലും പ്രധാനമന്ത്രി പദത്തിന് അവകാശം ഉന്നയിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP