Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാരക്കേസും പാമോയിലുമെല്ലാം മുഖപ്രസംഗത്തിനു ആയുധമായപ്പോൾ മുഖ്യമന്ത്രി പദവി കൈമോശം വന്നത് ലീഡർ കെ.കരുണാകരന്; ആന്റണി മുഖ്യമന്ത്രിയായതും പകരക്കാരനായി ഉമ്മൻ ചാണ്ടി എത്തിയതുമെല്ലാം നിഗ്രഹാനുഗ്രഹ ശക്തിയുള്ള എഡിറ്റോറിയലുകളുടെ പിൻബലത്തിൽ; മനോരമ കോപിക്കുമ്പോൾ തിരയിളക്കം വരുന്നത് അങ്ങ് ഹൈക്കമാൻഡിൽ വരെ; 'രാഷ്ട്രീയനാവിന്റെ വേലിചാട്ട'ത്തിൽ ഇന്ദിരാഭവനിൽ പുകയുന്നത് അസ്വസ്ഥത തന്നെ; മുല്ലപ്പള്ളിക്കെതിരായ മനോരമ എഡിറ്റോറിയലിലും പുകയുന്നത് കോൺഗ്രസിലെ ഉൾപ്പാർട്ടി പോര്

ചാരക്കേസും പാമോയിലുമെല്ലാം മുഖപ്രസംഗത്തിനു ആയുധമായപ്പോൾ മുഖ്യമന്ത്രി പദവി കൈമോശം വന്നത് ലീഡർ കെ.കരുണാകരന്; ആന്റണി മുഖ്യമന്ത്രിയായതും പകരക്കാരനായി ഉമ്മൻ ചാണ്ടി എത്തിയതുമെല്ലാം നിഗ്രഹാനുഗ്രഹ ശക്തിയുള്ള എഡിറ്റോറിയലുകളുടെ പിൻബലത്തിൽ; മനോരമ കോപിക്കുമ്പോൾ തിരയിളക്കം വരുന്നത് അങ്ങ് ഹൈക്കമാൻഡിൽ വരെ; 'രാഷ്ട്രീയനാവിന്റെ വേലിചാട്ട'ത്തിൽ ഇന്ദിരാഭവനിൽ പുകയുന്നത് അസ്വസ്ഥത തന്നെ; മുല്ലപ്പള്ളിക്കെതിരായ മനോരമ എഡിറ്റോറിയലിലും പുകയുന്നത് കോൺഗ്രസിലെ ഉൾപ്പാർട്ടി പോര്

എം മനോജ് കുമാർ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെയുള്ള മലയാള മനോരമയുടെ മുഖപ്രസംഗത്തിൽ അസ്വസ്ഥരായി കോൺഗ്രസ് നേതാക്കൾ. പതിവിൽ നിന്ന് വിപരീതമായി മനോരമയുടെ എഡിറ്റോറിയൽ കെപിസിസി അധ്യക്ഷന് എതിരെ നീക്കിവെച്ചപ്പോൾ അസ്വസ്ഥത തന്നെയാണ് കോൺഗ്രസ് മുഖങ്ങളിൽ പ്രതിഫലിക്കുന്നത്. മനോരമയായതിനാൽ നേതാക്കൾ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്. ഒരു കെപിസിസി അധ്യക്ഷനെ സ്ഥാനഭ്രഷ്ടനാക്കാൻ ഒരു മനോരമ എഡിറ്റോറിയൽ ധാരാളം മതിയായിരിക്കെ മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനഭ്രംശം സംഭവിക്കുമോ എന്നാണ് നേതാക്കൾ ഉറ്റുനോക്കുന്നത്. മനോരമ എഡിറ്റോറിയലിന്റെ തിരയിളക്കം അങ്ങ് ഡൽഹിവരെ എത്തുകയും അതിൽ നടപടികൾ വന്നു ചേരാറുമുണ്ട്. അതുകൊണ്ട് തന്നെയാണ് കെപിസിസി തലപ്പത്ത് മാറ്റങ്ങൾ വന്നു ഭവിക്കുമോ എന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ ആകാംക്ഷയും നിലനിൽക്കുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ എടുത്ത് പറഞ്ഞാണ് മനോരമ എഡിറ്റോറിയലിൽ രൂക്ഷവിമർശനം വന്നത്. അന്ന് നിപ്പാ രാജകുമാരി, ഇപ്പോൾ കോവിഡ് രാജ്ഞി പദവികൾക്കാണ് ആരോഗ്യമന്ത്രിയുടെ ശ്രമം. ഈ പരാമർശത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുന്നു. പ്രതിപക്ഷ നേതാവിന്റെ സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സമരത്തിന്റെ ഉദ്ദേശ്യങ്ങൾ തന്നെ മറന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകള് വന്നത്. . സ്വന്തം നാവിന്റെ വിലയും നിലയും അവനവൻ തിരിച്ചറിയണം. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകുമ്പോൾ വിശേഷിച്ചും. മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പൊതുവേദിയിൽ മറന്നത് സ്വന്തം വാക്കുകളുടെ നിലയും വിലയുമാണ്-എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ് രാഷ്ട്രീയത്തിൽ എക്കാലവും മനോരമ ഒരു റോൾ കൈക്കൊള്ളാറുണ്ട്. പത്രം ഒപ്പം നിൽക്കുന്ന നേതാക്കൾക്ക് ഈ നിലപാട് ഗുണകരമാകാറുണ്ട്. ചെറ്റക്കുടിലിൽ നിന്ന് നേതാക്കൾക്ക് സിംഹാസനത്തിലേക്ക് നടന്നു കയറാനും സിംഹാസനങ്ങളിൽ നിന്ന് നിരാശ ബാക്കിയാക്കി ഇറങ്ങിപ്പോകാനും മനോരമയുടെ കരുനീക്കങ്ങളും നിലപാടും കാരണം വന്നു ഭവിച്ചിട്ടുണ്ട്. ഇതിന്റെ ഗുണഭോക്താക്കൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒട്ടുവളരെപ്പേരുണ്ട്. അതുകൊണ്ട് തന്നെ കനത്ത നിശബ്ദതയാണ് എഡിറ്റോറിയലിന്റെ പേരിൽ നിലനിൽക്കുന്നത്.

മനോരമ എഡിറ്റോറിയൽ കോൺഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കിയപ്പോൾ മുല്ലപ്പള്ളിയെ ഇത് ചൊടിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. രാഷ്ട്രീയ പ്രസ്താവനകൾക്കെതിരെ എഡിറ്റോറിയൽ എഴുതുന്നത് അസാധാരണമായി കാണുകയാണ് മുല്ലപ്പള്ളിക്ക് ഒപ്പമുള്ള രാഷ്ട്രീയ നേതാക്കൾ. ചിലരെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിൽ മനോരമ വീണ്ടും പക്ഷം പിടിച്ചുവെന്ന് കരുതുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ നിൽക്കുന്ന ശീതസമരത്തിൽ മനോരമയുടെ കടന്നുവരവ് ആയാണ് 'രാഷ്ട്രീയ നാവിന്റെ വേലിചാട്ടം' ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. ഉമ്മൻ ചാണ്ടിയെ സൈഡ് ലൈൻ ചെയ്യാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിൽ അസ്വസ്ഥരായ മനോരമ നൽകിയ ഒരു കൊട്ട് ആയാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ കുലീനത തന്നെ കെപിസിസി അധ്യക്ഷന് കൈമോശം വന്നുവെന്നാണ് എഡിറ്റോറിയൽ പറഞ്ഞത്. ഇത് ജനത്തെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണ്. ഉത്തരവാദപ്പെട്ടവർ പൊതുവേദികളിൽ സംസാരിക്കുമ്പോൾ സൂക്ഷമതയും മാന്യതയും കാണിക്കണമെന്നാണ് മനോരമ മുല്ലപ്പള്ളിയെ ഗുണദോഷിക്കുന്നത്. നാവ് വേലി ചാടുമ്പോൾ അത് അവനവൻ തന്നെയാണ് തിരുത്തേണ്ടത് എന്ന് ആവശ്യപ്പെട്ടിട്ടാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്. മനോരമയുടെ കറ തീർന്ന വിമർശനം കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചെങ്കിലും എഡിറ്റോറിയൽ കോൺഗ്രസിന് ക്ഷീണമായി എന്ന വിലയിരുത്തലിലാണ് നേതാക്കൾ.

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കും നിയമസഭാ തിരഞ്ഞെടുപ്പിലേക്കും പോകവേ രാഷ്ട്രീയ നാവിന്റെ വേലിചാട്ടം ഒട്ടും ഗുണകരമായില്ലെന്നാണ് നേതാക്കൾ സ്വകാര്യ സംഭാഷണങ്ങളിൽ പ്രതികരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയുള്ള ഒരു നീക്കം തന്നെയായി എഡിറ്റോറിയൽ വീക്ഷിക്കുന്നുമുണ്ട്. അതിനു മനോരമ പക്ഷം ചേർന്നെങ്കിൽ അത് കോൺഗ്രസിന് പൊതുവേയുള്ള ക്ഷീണമായി മാറിയെന്നാണ് നേതാക്കളുടെ പ്രതികരണം. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന നാളുകളിൽ മനോരമ കരുണാകരനു എതിരായിരുന്നു. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തെറുപ്പിക്കാൻ ആ ഘട്ടങ്ങളിൽ മനോരമ എഡിറ്റോറിയൽ എഴുതിയിരുന്നു. ചാരക്കേസും പാമോയിൽ ഇറക്കുമതിയും വിവാദമായി മാറിയപ്പോൾ കരുണാകരനെ തെറുപ്പിക്കാൻ മനോരമ എഡിറ്റോറിയൽ തുടർച്ചയായി വന്നു. ഈ എഡിറ്റോറിയലുകൾ ഉമ്മൻ ചാണ്ടിയെ രംഗത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ടെന്നു വിമർശനം ഉയർന്നിരുന്നു. കരുണാകരന് രാഷ്ട്രീയ ക്ഷീണമായി മാറിയ ഈ എഡിറ്റോറിയൽ സഹായിച്ചത് പക്ഷെ എ.കെ.ആന്റണിയെയായിരുന്നു. പ്രത്യേക വിമാനത്തിൽ വന്നാണ് ആന്റണി കേരളത്തിൽ മുഖ്യമന്ത്രിയായി മാറിയത്. പക്ഷെ അതിനു ശേഷം കടുത്ത വിമർശനം ഉതിർത്തുള്ള എഡിറ്റോറിയൽ മനോരമ ഒഴിവാക്കുകയായിരുന്നു.

മുല്ലപ്പള്ളിക്ക് എതിരെ ആഞ്ഞടിക്കാനുള്ള ഉപാധിയാക്കി മനോരമ എഡിറ്റോറിയൽ മുഖ്യമന്ത്രി മാറ്റിയിട്ടുണ്ട്. ഇന്നത്തെ കോവിഡ് ലൈവ് വാർത്താസമ്മേളനത്തിൽ മനോരമ എഡിറ്റോറിയൽ ഉയർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ നിശിത വിമർശനം. മനോരമ എഡിറ്റോറിയൽ ഉദ്ധരിച്ച് ഇതൊന്നും താൻ പറയുന്നതല്ല പത്രത്തിന്റെ എഡിറ്റോറിയൽ പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അനവസരത്തിലുള്ള വാക്കുകളാണ് മുല്ലപ്പള്ളിയിൽ നിന്നും പുറത്ത് ചാടിയത്. കടുത്ത വിമർശനം തന്നെയാണ് മുല്ലപ്പള്ളിക്ക് എതിരെ മുഖ്യമന്ത്രി മനോരമ എഡിറ്റോറിയൽ ആയുധമാക്കി ഉതിർത്തത്. മുല്ലപ്പള്ളിയുടെ വാക്കുകൾ മ്ലേച്ഛമാണ്. മന്ത്രി കെ കെ ശൈലജക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന കേരളത്തിനാകെ അപമാനകരമാണ്. മുല്ലപ്പള്ളി സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണ് എന്നൊക്കെയാണ് മുഖ്യമന്ത്രി മുല്ലപ്പള്ളിക്ക് എതിരായി പറഞ്ഞത്. സിപിഎം നേതാക്കളും പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.

മുല്ലപ്പള്ളിയുടെ പരാമർശം അന്തസ്‌കെട്ടതാണ് എന്നാണു ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞത്. കോൺഗ്രസ് നേതാക്കളുടെ അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയും ഉദാഹരണമാണിത്. സ്ത്രീകളോട് പുലർത്തേണ്ട മാന്യത പോലും മുല്ലപ്പള്ളി വിസ്മരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ കൊവിഡിനെതിരെ നടത്തിയ മികവാർന്ന പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിൽ മാത്രമല്ല ലോകമെങ്ങും പ്രശംസ നേടിയതാണ്. ഇതാണ് കോൺഗ്രസ്സ് നേതാക്കളെ അസ്വസ്ഥരാക്കുന്നത്- വിജയരാഘവൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കോവിഡിനേക്കാൾ മാരകമായ വിഷമുള്ള വൈറസാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ചൂണ്ടിക്കാട്ടിയത്.

അല്പനായ മുല്ലപ്പള്ളിക്ക് കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ്. ആരോഗ്യമന്ത്രിക്കെതിരെയുള്ള പ്രസ്താവനയിൽ മുല്ലപ്പള്ളി പരസ്യമായി മാപ്പുപറഞ്ഞാലും ജനം പൊറുക്കില്ലെന്നും ജയരാജൻ പറഞ്ഞു. പാർട്ടി അധ്യക്ഷസ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്തതായിപ്പോയി മുല്ലപ്പള്ളിയുടെ പരാമർശമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചിട്ടുണ്ട്. . മുല്ലപ്പള്ളിയുടെ പ്രസ്താവന ജനം ഗൗരവമായി എടുക്കുമെന്ന് തോന്നുന്നില്ല. അത് മുല്ലപ്പള്ളിക്ക് പുതിയ പരിവേഷം നൽകുന്നുണ്ട് അദ്ദേഹത്തിന്. തൊപ്പി ചേരുമെങ്കിൽ എടുത്തോട്ടെയെന്നും കാനം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP