Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി ഏവരേയും ഞെട്ടിച്ചു; മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി താനെന്ന് ഷിൻഡേ പോലും അറിഞ്ഞത് ഗവർണ്ണറെ കാണാൻ പോകുന്നതിന് തൊട്ടുമുമ്പ് മാത്രം; ഓപ്പറേഷൻ ലോട്ടസിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിച്ചത് അമിത് ഷാ; തീരുമാനമെടുത്തത് മോദിയും

മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി ഏവരേയും ഞെട്ടിച്ചു; മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി താനെന്ന് ഷിൻഡേ പോലും അറിഞ്ഞത് ഗവർണ്ണറെ കാണാൻ പോകുന്നതിന് തൊട്ടുമുമ്പ് മാത്രം; ഓപ്പറേഷൻ ലോട്ടസിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിച്ചത് അമിത് ഷാ; തീരുമാനമെടുത്തത് മോദിയും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ മുഖ്യമന്ത്രി വരുമെന്നാണ് ഏവരും കരുതിയത്. ഏക്‌നാഥ് ഷിൻഡേ പോലും ഉപമുഖ്യമന്ത്രി പദവും 12 മന്ത്രിസ്ഥാനവുമാണ് പ്രതീക്ഷിച്ചത്. ഇത് തന്നെയാണ് ബിജെപി സംസ്ഥാന നേതാക്കളും നൽകിയ സൂചനകൾ. എന്നാൽ അവസാന നിമിഷം എല്ലാവരും ഞെട്ടി. ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി. അത് പ്രഖ്യാപിച്ചത് ദേവേന്ദ്ര ഫഡ്‌നാവീസും. ഇതോടെ ഷിൻഡേയുടെ ഓരോ നീക്കവും തീരുമാനിച്ചത് ബിജെപി കേന്ദ്ര നേതൃത്വമാണെന്ന് വ്യക്തമായി. രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവായ ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചതു പോലുള്ള ചാണക്യ തന്ത്രം. മുർമു സ്ഥാനാർത്ഥിയായതോടെ പ്രതിപക്ഷം പോലും ഛിന്നഭിന്നമായി. അതുപോലെയാണ് മഹാരാഷ്ട്രയിലെ ക്ലൈമാക്‌സ്.

ശിവസേനയെ ഷിൻഡെ പിളർത്തി ബിജെപി തൊഴുത്തിൽ കെട്ടിയെന്ന കുറ്റപ്പെടുത്തലുകൾ ചർച്ചയാക്കാനായിരുന്നു ഉദ്ധവ് താക്കറെ വികാരപരമായി പ്രസംഗിച്ച് രാജിവച്ചത്. തന്നെ പിന്നിൽ നിന്ന് കുത്തിയതും ചർച്ചയാക്കി. ശിവസേനയെ ഒന്നാമതെത്തിക്കാൻ ശ്രമിച്ചതിന്റെ ശിക്ഷയാണ് താൻ അനുഭവിക്കുന്നതെന്ന് പ്രചരിപ്പിക്കാനും ഉദ്ധവ് ശ്രമിച്ചു. എന്നാൽ ഇതിനെ തകർക്കാനുള്ള ബ്രഹ്മാസ്ത്രം ബിജെപി കേന്ദ്ര നേതൃത്വം മനസ്സിൽ കണ്ടു. മുർമുവിനെ പ്രസിഡന്റായി ഉറപ്പിച്ചതു പോലെ മഹാരാഷ്ട്രയിൽ ഉദ്ധവിനെ തളർത്താനുള്ള തന്ത്രം അവർ രഹസ്യമാക്കി വച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമല്ലാതെ ഇക്കാര്യം ആരും അറിഞ്ഞില്ലെന്നാണ് സൂചന. മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ലോട്ടസ് തുടങ്ങിയപ്പോൾ തന്നെ ഇരുവരും എല്ലാം നിശ്ചയിച്ചിരുന്നു. അത് മറ്റുള്ളവർ അറിഞ്ഞത് അവസാന നിമിഷമാണ്. അത് ഫഡ്‌നാവീസും അംഗീകരിച്ചു. ഷിൻഡേ പോലും താനാണ് അടുത്ത മുഖ്യമന്ത്രിയെന്ന് തിരിച്ചറിഞ്ഞത് ഗോവയിൽ നിന്ന് മുംബൈയിൽ എത്തിയശേഷമാണ്.

മറാത്ത രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ശിവസേന. ഷിൻഡേയും ആ പാതിയിൽ നിന്ന് വളർന്നു വന്ന നേതാവ്. ബാൽ താക്കറെയുടെ പാരമ്പര്യം അവകാശപ്പെടുന്ന ആൾ. ഇതെല്ലാം മനസ്സിലാക്കിയാണ് ഫഡ്‌നാവീസിനെ പരിഗണിക്കാതെ ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നത്. ഇതിലൂടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ട് വിഹിതവും കൂടി. ഇനി വരുന്ന ഒഴിവുകളിൽ ബിജെപിക്കാർ അനായാസം രാജ്യസഭയിലേക്കും മഹാരാഷ്ട്രയിൽ നിന്ന് ജയിച്ചു വരും. ഷിൻഡെയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം എൻസിപി നേതാവ് ശരത് പവാറും നൽകിയിരുന്നു. എന്നാൽ അത് വേണ്ടെന്ന് ഷിൻഡേ തുറന്നു പറഞ്ഞു. ബിജെപിയെ ചതിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇത് കൂടി മനസ്സിലാക്കിയാണ് ഷിൻഡെയെ മഹാരാഷ്ട്രയിലെ പ്രധാന അധികാര കേന്ദ്രമാക്കി മോദിയും അമിത് ഷായും മാറ്റുന്നത്.

ഷിൻഡെയ്ക്കൊപ്പം മുംബൈയിൽ ഗവർണറെ കണ്ട ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. '2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സർക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിർത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചത്.'' ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 'ഹിന്ദുത്വത്തെയും വീർ സവർക്കറെയും എതിർക്കുന്നവർക്കൊപ്പമാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ജനവിധിയെ അപമാനിക്കുകയാണുണ്ടായത്. ഒരു വശത്ത് ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിർത്തു. എന്നാൽ അയാളെ സഹായിച്ചതിന് ജയിലിൽ പോയ ഒരാളെ മന്ത്രിയുമാക്കി.'' ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.

ഒരു ശിവസേന നേതാവിനെ മുഖ്യമന്ത്രിയാക്കാൻ ഉദ്ധവ് താക്കറെ നേരത്തെ ബിജെപിയെ വെല്ലുവിളിച്ചിരുന്നു. ഫഡ്നാവിസും ഏക്‌നാഥ് ഷിൻഡെയും ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴാണ് ഷിൻഡേയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പോലും അറിഞ്ഞത്. ബിജെപി ദേശീയ നേതൃത്വത്തിലെ പ്രധാനികൾ ഷിൻഡേയുമായി സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്. ഗവർണറെ കണ്ട ശേഷമായിരുന്നു നേതാക്കളുടെ വാർത്താസമ്മേളനം. മുംബൈയിൽ തിരിച്ചെത്തിയ ഷിൻഡെ, ഫഡ്നാവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ഇരുവരും ഗവർണറെ കാണാനെത്തിയത്. തങ്ങൾക്ക് 150 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഇവർ ഗവർണറെ അറിയിച്ചു.

അസമിലെ ഗുവാഹത്തിയിൽനിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിൻഡെ പക്ഷം ഇന്നു രാവിലെ മുംബൈയിൽ എത്താനാണ് ആദ്യം പദ്ധതിയിട്ടത്. ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഇവർ ഗോവയിൽനിന്നുള്ള യാത്ര നേരത്തേയാക്കി. ശിവസേനാ വിമതരും ബിജെപിയും അവർക്കൊപ്പമുള്ളവരും ചേരുമ്പോൾ 162 പേരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണയാണ് വേണ്ടത്. മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയെ സന്ദർശിച്ച് പുറത്തിറങ്ങുമ്പോഴും ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും എന്നായിരുന്നു. എന്നാൽ, ഇരുനേതാക്കളും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫഡ്നാവിസ് നാടകീയമായി ആ പ്രഖ്യാപനം നടത്തിയത്.

ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയാണ് പുതിയ മുഖ്യമന്ത്രി. രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ അമ്പരപ്പോടെയാണ് ഫ്ഡ്‌നാവിസിന്റെ പ്രഖ്യാപനം കേട്ടത്. എന്നാൽ, ബിജെപി നേതൃത്വം ഏറെ ആലോചിച്ച് എടുത്ത നിർണായക രാഷ്ട്രീയ തീരുമാനമായിരുന്നു ഷിൻഡെയുടെ മുഖ്യമന്ത്രി. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ആശയങ്ങളും ഹിന്ദുത്വയും അതേപടി പിന്തുടരുന്ന നേതാവാണ് ഷിൻഡെ. താക്കറെയുടെ മകൻ ഉദ്ദവ് താക്കറെ പോലും ശിവസേന ആശയങ്ങൾ തള്ളി അധികാരത്തിലേറിയപ്പോൾ മുതൽ എതിർപ്പ് അറിയിച്ച് മുന്നോട്ടുനീങ്ങിയ നേതാവാണ് ഷിൻഡെ. 106 അംഗങ്ങളുള്ള ബിജെപി ആണ് സഭയിലെ എറ്റവും വലിയ കക്ഷി.

യാതൊരു എതിർപ്പും കൂടാതെ മുഖ്യമന്ത്രി പദം ലഭിക്കുമായിരുന്നിട്ടും അധികാരത്തിനേക്കാൾ അഭിമാനത്തിനും ആദരവിനും പ്രധാന്യം നൽകിയത് തീരുമാനമാണ് ബിജെപി നേതൃത്വത്തിൽ നിന്നുണ്ടായത്. ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും നൽകിയ മധുരപ്രതികാരമാണ് ഷിൻഡെയുടെ മുഖ്യമന്ത്രിപദം കൊണ്ട് ബിജെപിയും ഫഡ്നാവിസും ലക്ഷ്യമിട്ടത്. പാർട്ടികൾ പിന്തുടരുന്ന കുടുംബആധിപത്യം തകർക്കുക എന്നാണ് ബിജെപി നിർണായക നീക്കത്തിലൂടെ ലക്ഷ്യമിട്ടത്.ഒപ്പം, ബാൽ താക്കറെയ്ക്കും ഹിന്ദുത്വയ്ക്കും നൽകുന്ന ബിജെപിയുടെ ആദരവ് കൂടിയാണ് ഷിൻഡെയുടെ മുഖ്യമന്ത്രിപദം എന്നും വ്യാഖ്യാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP