Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202208Monday

ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ആദ്യം ഞെട്ടിച്ചു; മന്ത്രിയാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞത് വേദനയിൽ; സത്യപ്രതിജ്ഞയ്ക്ക് ഫഡ്നാവീസ് സമ്മതിച്ചത് മോദിയുടെ കണ്ണിലെ കരടാകാതിരിക്കാൻ; എല്ലാം നിയന്ത്രിച്ച് അമിത് ഷാ; മഹാരാഷ്ട്രയിൽ താമരയ്ക്കുള്ളിൽ ശിവസേന വിരിയുമ്പോൾ

ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ആദ്യം ഞെട്ടിച്ചു; മന്ത്രിയാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞത് വേദനയിൽ; സത്യപ്രതിജ്ഞയ്ക്ക് ഫഡ്നാവീസ് സമ്മതിച്ചത് മോദിയുടെ കണ്ണിലെ കരടാകാതിരിക്കാൻ; എല്ലാം നിയന്ത്രിച്ച് അമിത് ഷാ; മഹാരാഷ്ട്രയിൽ താമരയ്ക്കുള്ളിൽ ശിവസേന വിരിയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഏകനാഥ ഷിൻഡയാണ് മുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ചത് ദേവേന്ദ്ര ഫഡ്നാവീസായിരുന്നു. താൻ ആ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും ചിരിച്ച മുഖത്തോടെ ഫഡ്നാവീസ് മാധ്യമങ്ങളോട് പറഞ്ഞു. അവസാന നിമിഷമാണ് ഓപ്പറേഷൻ ലോട്ടസിലൂടെ മഹാരാഷ്ട്രയിൽ ബിജെപി ലക്ഷ്യം ശിവസേന മുഖ്യമന്ത്രിയാണെന്ന് ഫഡ്നാവീസ് പോലും അറിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നൽകിയ നിർദ്ദേശം അക്ഷരം പ്രതി ഫഡ്നാവീസ് അംഗീകരിച്ചു. അപ്പോഴും മുൻ മുഖ്യമന്ത്രിയായ താൻ വെറുമൊരു മന്ത്രിയാകാനില്ലെന്ന പരസ്യ പ്രതികരണം ഫഡ്നാവീസ് നടത്തി. കേന്ദ്ര നേതൃത്വം ഇത് കേട്ട് തന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഫഡ്നാവീസ് കരുതി. പക്ഷേ മഹാരാഷ്ട്രയിലെ ബിജെപി നേതാവിന് എല്ലാ ആർത്ഥത്തിലും തെറ്റി. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വിഴുങ്ങി മഹാരാഷ്ട്രയിലെ ഉപമഖ്യമന്ത്രിയായി ഫഡ്നാവീസ് എത്തി. അമിത് ഷായുടെ തീരുമാനം എല്ലാ അർത്ഥത്തിലും അങ്ങനെ നടപ്പായി.

മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി മോദിയും അമിത് ഷായും മാത്രമേ തീരുമാനങ്ങളിൽ പങ്കാളിയായിരുന്നുള്ളൂവെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ മറ്റൊരു തെളിവാണ് ഫഡ്നാവിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം. മന്ത്രിയാകാനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ മാധ്യമങ്ങൾ അത് റിപ്പോർട്ടാക്കി. ബിജെപി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും ഷിൻഡേയും ശിവസേനക്കാരും മാത്രം മഹാരാഷ്ട്ര ഭരിക്കുമെന്നും വിലയിരുത്തലെത്തി. ഇതിനെല്ലാം കാരണം ഫഡ്നാവിന്റെ മന്ത്രിയാകില്ലെന്ന പ്രഖ്യാപനമാണ്. എന്നാൽ ഇത് നടത്തി മണിക്കൂറിനകം ഡൽഹിയിൽ നിന്ന് ഫഡ്നാവിസിനും നിർദ്ദേശം കിട്ടി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നേരിട്ടാണ് ഇത് ഫഡ്നാവിസിനെ അറിയിച്ചതെന്നാണ് സൂചന. ഷിൻഡെ മന്ത്രിസഭയിൽ ബിജെപി ഉണ്ടാകുമെന്നും ഫഡ്നാവിസ് ഉടനെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് അംഗീകരിക്കാതിരിക്കാൻ ഫഡ്നാവിസിന് കഴിയുമായിരുന്നില്ല. മോദിയും ഷായും നോട്ടപ്പുള്ളി ആക്കാതിരിക്കാൻ ഷിൻഡെയ്ക്ക് പിന്നിലെ ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു.

താമസിയാതെ വിശദമായ മന്ത്രിസഭാ പുനഃസംഘടനയും നടക്കും. ആഭ്യന്തരം ഫഡ്നാവിസ് തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത. അതിന് വേണ്ടി കൂടിയാണ് ഫഡ്നാവീസിനെ ഉപമുഖ്യമന്ത്രിയാക്കുന്നതും. സ്പീക്കർ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. ശിവസേന ഭരണ കാലത്ത് കോൺഗ്രസിനായിരുന്നു സ്പീക്കർ സ്ഥാനം. നനാ പട്ടോളിയായിരുന്നു സ്പീക്കർ. നനാ പട്ടോളി മഹാരാഷ്ട്രാ കോൺഗ്രസ് അധ്യക്ഷനായപ്പോൾ രാജിവച്ചു. ഈ ഒഴിവും ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. നിലവിലെ ഡെപ്യൂട്ടി സ്പീക്കർ ശിവസേനക്കാരനാണ്. ഉദ്ധവ് താക്കറെയോടാണ് താൽപ്പര്യം. ഈ താൽപ്പര്യം മാറിയാൽ ഡെപ്യൂട്ടി സ്പീക്കറെ മാറ്റില്ല. ഇല്ലെങ്കിൽ ഷിൻഡേ പക്ഷത്തെ ശിവസേനക്കാരിൽ ഒരാൾ ഡെപ്യൂട്ടിയാകും. ഏതായാലും ഷിൻഡേയിലൂടെ ഓപ്പറേഷൻ താമര വിജയിച്ചുവെന്ന് വ്യക്തമായി.

എൻസിപിയെ പിളർത്തി മഹാരാഷ്ട്രയിൽ ബിജെപി സർക്കാരുണ്ടാക്കാൻ 2019ൽ ശ്രമം നടന്നിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് അപ്പുറം ആ സർക്കാരിന് ആയുസുണ്ടായിരുന്നില്ല. അന്ന് ഫഡ്നാവീസായിരുന്നു എല്ലാ കരുക്കളും നീക്കിയത്. അത് പാളിയ സാഹചര്യത്തിലാണ് പുതിയ ഓപ്പറേഷൻ അമിത് ഷാ ഏറ്റെടുത്തത്. ബാൽതാക്കറെയുടെ മരുമകനായ രാജ് താക്കറയേയും എല്ലാം അറിയിച്ചിരുന്നു. ശിവസൈനികർ അക്രമത്തിലേക്ക് നീങ്ങിയാൽ നേരിടാനൊരു ബദൽ പദ്ധതി. എന്നാൽ അമിത് ഷായുടെ ഓരോ നീക്കത്തിലും ഉദ്ധവ് താക്കറെയുടെ ചിറകൊടിഞ്ഞു. ശരത് പവാറിന്റെ കൂർമ്മ ബുദ്ധിക്കു പോലും സർക്കാരിനെ രക്ഷിക്കാനായില്ല. ഇരു ചെവി അറിയാതെ ശിവസേന വിമതരെ സുറത്തിലും പിന്നിട് അസമിലേക്കും കൊണ്ടു പോയതാണ് നിർണ്ണായകമായത്. ഷിൻഡെ കൊണ്ടു പോയ ആരും ശിവസേനയുടെ തലവനെ തേടി പിന്നീട് പോയില്ല. ഇവിടെയാണ് ഓപ്പറേഷൻ ലോട്ടസ് വിജയമായത്.

അങ്ങനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ രാത്രി എട്ടു മണിയോടെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ പേര് ഷിൻഡെ സത്യവാചകത്തിൽ പരാമർശിച്ചു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിൽനിന്നു വിട്ടുനിൽക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തത്. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ഫഡ്‌നാവിസ് അംഗീകരിക്കുകയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിൽ നടത്തിയ വിമതനീക്കത്തിനൊടുവിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു അവസാനനിമിഷം വരെയുള്ള സൂചനയെങ്കിലും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടാകുകയായിരുന്നു. അതുവരെ ഒരു സൂചന പോലും പുറത്തുവിടാതെയായിരുന്നു ബിജെപി നീക്കം. മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയെ സന്ദർശിച്ച് പുറത്തിറങ്ങുമ്പോഴും ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും എന്നായിരുന്നു. എന്നാൽ, ഇരുനേതാക്കളും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫഡ്‌നാവിസ് നാടകീയമായി ആ പ്രഖ്യാപനം നടത്തിയത്.

ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയാണ് പുതിയ മുഖ്യമന്ത്രി. രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ അമ്പരപ്പോടെയാണ് ഈ പ്രഖ്യാപനം കേട്ടത്. എന്നാൽ, ബിജെപി നേതൃത്വം ഏറെ ആലോചിച്ച് എടുത്ത നിർണായക രാഷ്ട്രീയ തീരുമാനമായിരുന്നു ഷിൻഡെയുടെ മുഖ്യമന്ത്രി. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ആശയങ്ങളും ഹിന്ദുത്വയും അതേപടി പിന്തുടരുന്ന നേതാവാണ് ഷിൻഡെ. താക്കറെയുടെ മകൻ ഉദ്ദവ് താക്കറെ പോലും ശിവസേന ആശയങ്ങൾ തള്ളി അധികാരത്തിലേറിയപ്പോൾ മുതൽ എതിർപ്പ് അറിയിച്ച് മുന്നോട്ടുനീങ്ങിയ നേതാവാണ് ഷിൻഡെ. 106 അംഗങ്ങളുള്ള ബിജെപി ആണ് സഭയിലെ എറ്റവും വലിയ കക്ഷി. യാതൊരു എതിർപ്പും കൂടാതെ മുഖ്യമന്ത്രി പദം ലഭിക്കുമായിരുന്നിട്ടും അധികാരത്തിനേക്കാൾ അഭിമാനത്തിനും ആദരവിനും പ്രധാന്യം നൽകിയത് തീരുമാനമാണ് ബിജെപി നേതൃത്വത്തിൽ നിന്നുണ്ടായത്.

ഉദ്ദവ് താക്കറെയ്ക്കും ശിവസേനയ്ക്കും നൽകിയ മധുരപ്രതികാരമാണ് ഷിൻഡെയുടെ മുഖ്യമന്ത്രിപദം കൊണ്ട് ബിജെപിയും ഫഡ്‌നാവിസും ലക്ഷ്യമിട്ടത്. പാർട്ടികൾ പിന്തുടരുന്ന കുടുംബആധിപത്യം തകർക്കുക എന്നാണ് ബിജെപി നിർണായക നീക്കത്തിലൂടെ ലക്ഷ്യമിട്ടത്.ഒപ്പം, ബാൽ താക്കറെയ്ക്കും ഹിന്ദുത്വയ്ക്കും നൽകുന്ന ബിജെപിയുടെ ആദരവ് കൂടിയാണ് ഷിൻഡെയുടെ മുഖ്യമന്ത്രിപദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP