Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തുടർച്ചയായ തോൽവികൾ ബിജെപിയെ മാറ്റി ചിന്തിപ്പിച്ചു; ഹിന്ദുത്വത്തിൽ ഒരുമിക്കാൻ ഉറച്ച് ബിജെപിയും ശിവസേനയും; അട്ടിമറിക്കാൻ ചരട് വലിച്ച അമിത് ഷായെ ഒഴിവാക്കി മോദി തന്നെ മുമ്പിൽ നിന്നുള്ള നീക്കം; ആദ്യം എൻപിആറിനേയും പിന്നാലെ പൗരത്വ രജിസ്റ്ററിനേയും പിന്തുണച്ച് ഉദ്ദവിന്റെ തുടക്കം; ശിവസേനയെ മുഖ്യകക്ഷിയായി അംഗീകരിച്ചു കൊണ്ടുള്ള ബിജെപിയുടെ കീഴടങ്ങലിൽ നെഞ്ച് പൊട്ടുന്നത് മഹാ സഖ്യത്തിന്; മഹാരാഷ്ട്രയിൽ 'മഹാ കളികൾക്ക്' വീണ്ടും ബിജെപി

തുടർച്ചയായ തോൽവികൾ ബിജെപിയെ മാറ്റി ചിന്തിപ്പിച്ചു; ഹിന്ദുത്വത്തിൽ ഒരുമിക്കാൻ ഉറച്ച് ബിജെപിയും ശിവസേനയും; അട്ടിമറിക്കാൻ ചരട് വലിച്ച അമിത് ഷായെ ഒഴിവാക്കി മോദി തന്നെ മുമ്പിൽ നിന്നുള്ള നീക്കം; ആദ്യം എൻപിആറിനേയും പിന്നാലെ പൗരത്വ രജിസ്റ്ററിനേയും പിന്തുണച്ച് ഉദ്ദവിന്റെ തുടക്കം; ശിവസേനയെ മുഖ്യകക്ഷിയായി അംഗീകരിച്ചു കൊണ്ടുള്ള ബിജെപിയുടെ കീഴടങ്ങലിൽ നെഞ്ച് പൊട്ടുന്നത് മഹാ സഖ്യത്തിന്; മഹാരാഷ്ട്രയിൽ 'മഹാ കളികൾക്ക്' വീണ്ടും ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പുതിയ കളികൾക്ക് ബിജെപി. അയോധ്യാ ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി ബിജെപിക്കൊപ്പം എന്നും നില കൊണ്ടത് ശിവസേനയാണ്. മഹാരാഷ്ട്രയിലെ ഹിന്ദുത്വ രാഷ്ട്രീയമാണ് ശിവസേനയുടെയും കരുത്ത്. ഇത് തിരിച്ചറിഞ്ഞ് ഹിന്ദുത്വ ലൈനിൽ രണ്ട് കൂട്ടരും വീണ്ടും ഒരുമിക്കും. ശിവസേന മുഖ്യമന്ത്രിയെ ബിജെപിയും അംഗീകരിക്കുമെന്നാണ് സൂചന. മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും മഹാരാഷ്ട്രയിൽ എൻഡിഎ അധികാരത്തിൽ എത്തുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന സൂചന. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ശ്രമം നടത്തും. ആഭ്യന്തര മന്ത്രി അമിത് ഷായെ തൽകാലം മഹാരാഷ്ട്രയിലെ കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല.

ദേശീയ പൗര രജിസ്റ്ററിന്റെ ഭാഗമായി രാജ്യത്താകെ ജനങ്ങൾക്ക് സ്വന്തം പൗരത്വം തെളിയിക്കേണ്ട പ്രവർത്തനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഡൽഹിയിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗര രജിസ്റ്റർ (എൻആർസി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എന്നീ വിഷയങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്‌തെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. ഇത് ബിജെപിക്ക് ഏറെ ആശ്വാസമാണ്. കോൺഗ്രസിനും എൻസിപിക്കും ഒപ്പമാണ് ശിവസേനയുടെ ഭരണം. എന്നാൽ ഹിന്ദുത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബിജെപിക്കൊപ്പമാകും ശിവസേന. അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിലും സഹകരിക്കും. അതിന് കോൺഗ്രസും എൻസിപിയുമായുള്ള മുന്നണി ശിവസേനയ്ക്ക് ഗുണം ചെയ്യില്ല. ഇത് മനസ്സിലാക്കിയാണ് ബിജെപി പക്ഷത്തേക്ക് ഉദ്ദവ് പതിയെ മാറുന്നത്. ഇതിന്റെ തുടക്കമാണ് മോദിയുമായുള്ള കൂടിക്കാഴ്ചയും എൻപിആറിനേയും സിഎഎയും പിന്തുണയ്ക്കുന്നതും.

ഈ വിഷയങ്ങളിൽ എന്റെ നിലപാടു വ്യക്തമാണ്. പൗരത്വ ഭേദഗതി നിയമത്തെ ഭയക്കേണ്ട കാര്യമില്ല. അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങൾക്കാണ് ഇതിൽനിന്നു നേട്ടമുണ്ടാകുക. എൻആർസി രാജ്യത്താകമാനം നടപ്പാക്കില്ല. പൗരന്മാർക്ക് എന്തെങ്കിലും അപകടം ഉണ്ടായാൽ അപ്പോൾ തന്നെ അതിനെ എതിർക്കും- ഉദ്ധവ് അറിയിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രക്രിയകളെയും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാവികാസ് അഘാഡിയിൽ പ്രശ്‌നങ്ങളില്ലെന്ന് ഉദ്ദവ് പറയുമ്പോഴും സിഎഎയിലേയും എൻപിആറിലേയും ചർച്ചകൾ അവിടേക്കാകും കാര്യങ്ങൾ എത്തിക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പ്രധാനമന്ത്രിയുമായുള്ള ഉദ്ധവ് താക്കറെയുടെ ആദ്യ കൂടിക്കാഴ്ചയാണ് വെള്ളിയാഴ്ച നടന്നത്. സിഎഎ, എൻപിആർ വിഷയങ്ങളിൽ ശിവസേനയുമായി സഖ്യകക്ഷികളായ കോൺഗ്രസിനും എൻസിപിക്കും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെയായിരുന്നു കൂടിക്കാഴ്ച. ഇത് ആളികത്തിക്കുന്നതാണ് ഉദ്ദവിന്റെ പ്രസ്താവനയും.

മഹാരാഷ്ട്ര തിരിച്ചുപിടിക്കാൻ പുതിയ കരുനീക്കങ്ങളുമായി ബിജെപി രംഗത്ത് എത്തുന്നതിന്റെ സൂചനയാണ് ഇത്.ആദ്യം എതിർത്തെങ്കിലും പിന്നീടു പൗരത്വ നിയമത്തെ അനുകൂലിച്ചതിൽ ഉദ്ധവിന്റെ ഉള്ളിലിരുപ്പു മറനീക്കുന്നു. കോൺഗ്രസിന്റെ ശക്തമായ എതിർപ്പു മറികടന്നു മഹാരാഷ്ട്രയിൽ എൻപിആർ (ദേശീയ ജനസംഖ്യാ രജിസ്റ്റർ) നടപ്പാക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസിനെ അലോസരപ്പെടുത്തും. ഇതോടെ ഈ സഖ്യം പൊളിയുമെന്ന് ഉറപ്പാക്കുകയാണ് ബിജെപി. അമിത് ഷായാണ് ശിവസേനയ്‌ക്കെതിരെ കടുത്ത നിലപാട് എടുത്തത്. ഉദ്ദവിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് അമിത് ഷാ നിർബന്ധം പിടിച്ചു. ഈ സാഹചര്യത്തിലാണ് ബിജെപിയുമായി ശിവസേന പിണങ്ങുന്നത്. പുതിയ സാഹചര്യം ഉണ്ടാകുമ്പോൾ മോദിയാകും ചർച്ചകൾ നടത്തുക. ബിജെപിയുടെ അധ്യക്ഷൻ ജെപി നദ്ദയാണ്. നദ്ദയും ഇടപെടലുകൾ നടത്തും. അമിത് ഷാ പൂർണ്ണമായും മാറി നിൽക്കും. ഈ അനുനയ രാഷ്ട്രീയത്തിലൂടെ ശിവസേനയെ എൻഡിഎയിൽ എത്തിക്കാനാണ് നീക്കം.

ഡൽഹിയിലും മറ്റും ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സഖ്യ കക്ഷികളെ കൂടെ കൂട്ടി എൻഡിഎയെ ശക്തിപ്പെടുത്താനുള്ള ബിജെപി നീക്കം. രാജ്യസഭയിൽ ഭൂരിപക്ഷം കൂട്ടാൻ ഇത് അനിവാര്യമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് മഹാരാഷ്ട്രയിലെ മഹാ കളികൾക്ക് ബിജെപി സജീവമായി രംഗത്ത് വരുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഒടുവിൽ ഡൽഹി എന്നിങ്ങനെ തുടർച്ചയായ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവികളാണ് ബിജെപിയെ മാറ്റി ചിന്തിപ്പിക്കുന്നത്. സേനയുമായുള്ള കൂടിച്ചേരൽ ബിജെപിക്ക് അനിവാര്യമാക്കിയിരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞടുപ്പിൽ രാജ്യസഭയിൽ അംഗബലം വീണ്ടും കുറയും. സുപ്രധാന തീരുമാനങ്ങൾക്ക് രാജ്യസഭയിലെ അംഗ ബലം അനിവാര്യമാണ്.

സംസ്ഥാന ഭരണം പിടിച്ചെടുക്കാതെ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയിലേക്കു ലോക്‌സഭയിൽ മൃഗീയഭൂരിപക്ഷവുമായി അധികാരത്തേലേറിയ ബിജെപി മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നു. ഉദ്ദവിനോടു പിണങ്ങി പുതിയ പാർട്ടി (മഹാരാഷ്ട്ര നവനിർമ്മാൺ സേന) ഉണ്ടാക്കിയ, ബാൽ താക്കറെയുടെ കളരിയിൽനിന്നു തന്നെ രാഷ്ട്രീയ അടവുകൾ പയറ്റിത്തെളിഞ്ഞ രാജ് താക്കറെ പൗരത്വ നിയമത്തെ അനുകൂലിച്ച് രംഗത്തുവന്നത് അണിയറയിലെ ചരടുവലിയുടെ ശക്തിയറിയിക്കുന്നു. ഇതും ഉദ്ദവിനെ സ്വാധീനിച്ചു. മഹാ വികാസ് അഘാഡിയുടെ പ്രത്യയശാസ്ത്രമായ പൊതുമിനിമം പരിപാടിയുടെ പുതുമോടി മാറും മുൻപേ സേനയ്ക്ക് നേരിടേണ്ടിവന്നു ആദ്യത്തെ കല്ലുകടി. രാഹുലിന്റേയും സവർക്കറുടേയും രൂപത്തിൽ. ഹിന്ദുത്വ ആശയ സംഹിതകളുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന വീർ സവർക്കറെ രാഹുൽ ഗാന്ധി വിമർശിച്ചപ്പോൾ സേനയ്ക്കു കോൺഗ്രസിനെ പരസ്യമായിത്തന്നെ തള്ളിപ്പറയേണ്ടിവന്നു. മുംബൈ സ്‌ഫോടനപരമ്പര കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ പരസ്യമായി എതിർത്ത കോൺഗ്രസ് എംഎൽഎയെ ഉദ്ദവിന് മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടിവന്നത് ബിജെപിക്ക് അടുത്ത രാഷ്ടീയആയുധം നൽകി.

ഇനിയുള്ള ദിവസങ്ങളിൽ വലിയ മാറ്റങ്ങൾ മറാത്ത രാഷ്ട്രീയത്തിൽ ഉണ്ടാകാനിടയുണ്ട്. അവസാന രണ്ടരവർഷം ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ആദിത്യ താക്കറെ ഉപമുഖ്യമന്ത്രിയുമായുള്ള മറ്റൊരു നാടകത്തിനുകൂടി മഹാരാഷ്ട്ര രാഷ്ട്രീയം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന സൂചനയാണ് പുറത്തു വരുന്നത്. മഹാരാഷ്ട്ര ഭരണത്തിലെ സഖ്യകക്ഷികളായ എൻ.സി.പി, കോൺഗ്രസ് പാർട്ടികളുമായി ഭിന്നത തുടരുന്നതിനിടയിലാണ് ഉദ്ദവ്-മോദി കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. ആശയപരമായി വിഭിന്ന ധ്രുവങ്ങളിൽനിൽക്കുന്ന കോൺഗ്രസ്, എൻ.സി.പി പാർട്ടികളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തിയതിനു പിന്നാലെയാണ് മോദിയെ സന്ദർശിച്ചത്. ആശയപരമായി ബിജെപിയോട് സമാനതയുള്ള ശിവസേന അവരോട് അടുക്കുന്നതിന്റെ സൂചനയാണ് ഈ സന്ദർശനം. മകനും മഹാരാഷ്ട്ര സർക്കാറിൽ മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ദവിനൊപ്പമുണ്ടായിരുന്നു.

ദേശീത പൗരത്വ രജിസ്റ്ററിനെ അനുകൂലിക്കുന്ന രീതിയിൽ കഴിഞ്ഞദിവസം സംസാരിച്ച ഉദ്ദവ്, രാമക്ഷേത്ര നിർമ്മാണത്തിനായി ജീവൻ വെടിഞ്ഞവർക്ക് സ്മാരകം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൗരത്വ രജിസ്റ്ററും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വ്യത്യസ്ത നിലപാട് സംബന്ധിച്ചും ശിവസേനയുമായി സംസാരിക്കുമെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞിരുന്നു. എന്നാൽ, ഉദ്ദവ് താക്കറെ മോദിയെ കണ്ടത് കേവലമൊരു കൂടിക്കാഴ്ചയാണെന്നും അതിനപ്പുറത്തേക്ക് കാര്യങ്ങളെ കാണേണ്ടതില്ലെന്നും മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റവുത്ത് പ്രതികരിച്ചു.

എൻപിആർ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മഹാരാഷ്ട്രയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിന് അനുമതി നൽകാൻ തയ്യാറാകാതെ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതും വിരൽ ചൂണ്ടുന്നത് ശിവസേനയുടെ എൻഡിഎയിലേക്കുള്ള മടക്കത്തിന്റെ സാധ്യതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP