Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്രമന്ത്രിസഭാ യോഗം ചേർന്ന് രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ആവശ്യപ്പെട്ടത് എപ്പോൾ? മന്ത്രിസഭ ഉണ്ടാക്കാൻ ഫ്ടനാവീസും അജിത് പവാറും ഗവർണ്ണറെ കണ്ട് ആവശ്യപ്പെട്ടത് എപ്പോൾ? മന്ത്രിസഭ സത്യപ്രതിജ്ഞ ആരും അറിയാതെ അതീവ രഹസ്യമായി നടത്തിയത് എന്തിന്? അസാധാരണമായ ചാണക്യ തന്ത്രത്തിലൂടെ ഫട്‌നാവീസ് മുഖ്യമന്ത്രിയാകുമ്പോഴും ബിജെപി നേതൃത്വവും നേരിടുന്നത് ഒട്ടേറെ ചോദ്യങ്ങൾ

കേന്ദ്രമന്ത്രിസഭാ യോഗം ചേർന്ന് രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ആവശ്യപ്പെട്ടത് എപ്പോൾ? മന്ത്രിസഭ ഉണ്ടാക്കാൻ ഫ്ടനാവീസും അജിത് പവാറും ഗവർണ്ണറെ കണ്ട് ആവശ്യപ്പെട്ടത് എപ്പോൾ? മന്ത്രിസഭ സത്യപ്രതിജ്ഞ ആരും അറിയാതെ അതീവ രഹസ്യമായി നടത്തിയത് എന്തിന്? അസാധാരണമായ ചാണക്യ തന്ത്രത്തിലൂടെ ഫട്‌നാവീസ് മുഖ്യമന്ത്രിയാകുമ്പോഴും ബിജെപി നേതൃത്വവും നേരിടുന്നത് ഒട്ടേറെ ചോദ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സർക്കാരുകൾ ഉണ്ടാക്കാൻ നടപടിക്രമങ്ങൾ ഏറെയാണ്. അതിൽ പ്രധാനം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ നേതാവ് ഗവർണ്ണറെ കണ്ട് അവകാശ വാദം ഉന്നയിക്കണമെന്നതാണ്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക പോലും കൈമാറണം. മഹാരാഷ്ട്രയിൽ ഇതെല്ലാം നടന്നത് ആരും അറിഞ്ഞില്ല. ഇതൊക്കെ നടന്നോ എന്നും ആർക്കും അറിയില്ല. ആകെ അറിഞ്ഞത് രാവിലെ എട്ടുമണിക്ക് ദേവേന്ദ്ര ഫട്‌നാവീസ് അധികാരമേറ്റു എന്നത് മാത്രമാണ്. അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. എല്ലാത്തിനും രാഷ്ട്രപതി ഭവൻ വേദിയായത് അതീവ രഹസ്യമായും. എന്തിനായിരുന്നു ഇതെല്ലാമെന്ന ചോദ്യത്തിന് ആരും മറുപടി പറയുന്നുമില്ല. ഫ്ടനാവീസ് അധികാരത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ബിജെപിയും കേന്ദ്ര സർക്കാരും. ഈ സന്തോഷത്തിനിടെയിലും ബിജെപി നേതൃത്വം നേരിടുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്. 

അധികാരത്തിൽ എത്തിയതിനൊപ്പം മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി കൂട്ടുകെട്ടിനെ പൊളിക്കാനായെന്നതാണ് ബിജെപി ക്യാമ്പിനെ കൂടുതൽ സന്തോഷിപ്പിക്കുന്നത്. എൻസിപിയേയും ശിവസേനയേയും കോൺഗ്രസിനേയും പിളർത്താനും ശ്രമിക്കും. ഇതിനിടെയാണ് വെല്ലുവിളിയായി രാഷ്ട്രപതി ഭരണം എങ്ങനെ പിൻവലിച്ചുവെന്ന ചോദ്യം എത്തുന്നത്. കേന്ദ്ര മന്ത്രിസഭ കൂടാതെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചതെന്നാണ് ഉയരുന്ന ആരോപണം. ഇത് ശരിയുമാണ്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇത് ചെയ്യാനുള്ള അധികാരം ഉണ്ടെന്നാണ് ബിജെപിക്കാരുടെ വിശദീകരണം. നിയമത്തിലെ പഴുതടച്ചാണ് എല്ലാം ചെയ്തതെന്ന് കേന്ദ്ര സർക്കാരും വിശദീകരിക്കുന്നു. എന്നാൽ എന്തിനാണ് അതീവ രഹസ്യമായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതെന്നാതാണ് ഉയരുന്ന ചോദ്യം. നിയമസഭയിൽ ഫട്‌നാവീസിന് പിന്തുണയുണ്ടെന്ന് ഗവർണ്ണർക്ക് എങ്ങനെ ബോധ്യപ്പെട്ടുവെന്ന ചോദ്യവും പ്രസക്തമാണ്.

എൻസിപിയുടെ നിയമസഭാ കക്ഷി നേതാവാണ് അജിത് പവാർ. ഫട്‌നാവീസ് ബിജെപിയുടേയും. അതുകൊണ്ട് തന്നെ രണ്ട് പേരും ചേർന്ന് വന്നാൽ മന്ത്രിസഭാ രൂപീകരണത്തിന് അനുമതി നൽകാമെന്നാണ് പറയുന്ന ന്യായം. എന്നാൽ പുറത്തെ ചർച്ചകളിൽ നിന്ന് എൻസിപിയുടെ മനസ്സ് ശിവസേനയ്ക്ക് ഒപ്പമാണെന്ന് വ്യക്തം. അതുകൊണ്ട് തന്നെ എംഎൽഎമാരുടെ പിന്തുണ കത്ത് ഈ വിഷയത്തിൽ അനിവാര്യതയാണ്. ഇത് ഗവർണ്ണർക്ക് അജിത് പവാർ കൈമാറിയിട്ടുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. എന്തായാലും ഏതൊക്കെ എംഎൽഎമാരാണ് ഫട്‌നാവിസിനെ പിന്തുണയ്ക്കുന്നതെന്ന് ആർക്കും ഇനിയും അറിയില്ല. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇനിയും കുതിരകച്ചവടം നടക്കാനുള്ള സാധ്യതയാണ് ഇത് വഴിവയ്ക്കുന്നത്. ശിവസേനയേയും കോൺഗ്രസിനേയും പിളർത്താൻ ബിജെപി ശ്രമിക്കുന്നതായും സൂചനയുണ്ട്.

ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് വെറും രണ്ട് മണിക്കൂറിന് മുമ്പാണ് സംസ്ഥാനത്ത് നിലവിലിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചത്. നവംബർ 12 മുതൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ശനിയാഴ്ച രാവിലെ ഉത്തരവിറക്കിയതോടെ കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അപ്രതീക്ഷിതവും നാടകീയവുമായ അന്ത്യമായി. ഇതിനുള്ള അധികാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സാധ്യത ഏറെയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ നടത്തി വന്ന തന്ത്രപരമായ നീക്കങ്ങളിലൂടെ ശിവസേന-കോൺഗ്രസ്-എൻസിപി ത്രികക്ഷിസഖ്യം മന്ത്രിസഭാ രൂപീകരണം ഏകദേശം ഉറപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉദ്ധവ് താക്കറെയെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പിൻവലിക്കുകയും അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

അർധരാത്രി അരങ്ങേറിയ അതിനാടകീയ വഴിത്തിരിവിലൂടെ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനം അട്ടിമറിച്ച് ഫഡ്നാവിസ് ഭരണം തിരിച്ചു പിടിച്ചുവെന്ന് അക്ഷരാർഥത്തിൽ പറയാം. മഹാരാഷ്ട്രയ്ക്ക് സുസ്ഥിരമായ മന്ത്രിസഭയാണ് ആവശ്യമെന്നും ശിവസേനയുടെ ഭരണം ജനങ്ങൾ ആഗ്രഹിച്ചിരുന്നില്ലെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം മനന്ത്രിസഭാ രൂപീകരണത്തിന് നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നെന്നും അതിനാൽ സുസ്ഥിര മന്ത്രിസഭ രൂപീകരിക്കാൻ തങ്ങൾ തീരുമാനിച്ചെന്നും അജിത് പവാർ പറഞ്ഞു. വൻരാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ വൈറലാകുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ട്വീറ്റ്. എൻസിപിയുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന ഫട്‌നാവിസിന്റെ പഴയ ട്വീറ്റാണ് സമൂഹമാധ്യമങ്ങൾ കുത്തിപ്പൊക്കിയിരിക്കുന്നത്. 2014 സെപ്റ്റംബർ 26ന് ചെയ്ത ട്വീറ്റ് ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞയോടെ വീണ്ടും വൈറലാവുകയാണ്.

ബിജെപി ഒരിക്കലും എൻസിപിയുമായി ഒരു തരത്തിലുള്ള സഖ്യമുണ്ടാക്കില്ല. അത്തരം പ്രചാരണങ്ങൾ പരപ്രേരിതമായ ഊഹങ്ങൾ മാത്രമാണ്. മറ്റുള്ളവർ നിശബ്ദധരായിരുന്നപ്പോൾ എൻസിപിയുടെ അഴിമതി നിയമസഭയിൽ തുറന്നുകാണിച്ചത് ബിജെപിയാണ്. എന്നായിരുന്നു ദേവേന്ദ്ര ഫട്‌നാവിസിന്റെ ട്വീറ്റ്. നിരവധിയാളുകളാണ് ട്വീറ്റിന് താഴെ ഫട്‌നാവിസിന് എതിരെ രൂക്ഷ പ്രതികരണം നടത്തുന്നത്. അജിത് പവാർ എൻസിപിയിൽ നിന്ന് പുറത്ത് പോകും അതിനാൽ പ്രശ്‌നമില്ലെന്നും എൻസിപിയുമായി ബന്ധമുണ്ടാക്കിയത് പിശാചിന് മഹാരാഷ്ട്രയുടെ ആത്മാവിനെ വിറ്റത് പോലെയാണെന്നും ട്വീറ്റിന് നിരവധി ആളുകൾ പ്രതികരണവുമായി എത്തുന്നുണ്ട്. ഇത് ബിജെപിക്കും തിരിച്ചടിയാണ്. എൻസിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ മഹാരാഷ്ട്രയിൽ ബിജെപി ഭരണം പിടിച്ചത് ഇന്ന് രാവിലെയാണ്. രാവിലെ എട്ട് മണിക്കാണ് രാജ് ഭവനിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. പുലർച്ചെ ആറുമണിക്കാണ് രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് പിൻവലിച്ചത്. ഭൂരിപക്ഷത്തിന് 145 സീറ്റ് ആവശ്യമുള്ളപ്പോൾ 170പേരുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. കക്ഷിനില ഇങ്ങനെയാണ് ബിജെപി-105,ശിവസേന-56, എൻസിപി-54, കോൺഗ്രസ് - 44, മറ്റുള്ളവർ-29.

ബിജെപി മഹാരാഷ്ട്രയിൽ തങ്ങളെ കാലങ്ങളായി അവഗണിക്കുന്നുവെന്ന ആക്ഷേപമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ശിവസേനയും ബിജെപിയും തമ്മിലുള്ള പൊട്ടിത്തെറിയിലേക്കെത്തിയത്. മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലാതെ ഉറച്ച് നിന്ന ശിവസേന ഇത്ര വലിയൊരു നാടകം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. എൻ.ഡി.എ മന്ത്രിസഭയിൽ നിന്ന് കേന്ദ്രമന്ത്രിസ്ഥാനം വരെ രാജിവെച്ചത് എൻ.സി.പിക്കൊപ്പം ചേർന്നത് മഹാരാഷ്ട്ര ഭരിക്കാമെന്ന ചിന്തയുടെ ഭാഗമായിട്ടായിരുന്നു. എല്ലാം വെറുതയായി. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം, എൻ.സി.പിക്ക് ആഭ്യന്തരം, കോൺഗ്രസിന് ധനകാര്യം ഇങ്ങനെ കൃത്യമായ അധികാരം വിഭജനം പോലും കഴിഞ്ഞ രാത്രിയിൽ നടന്നു കഴിഞ്ഞിരുന്നു. പക്ഷെ കണക്കു കൂട്ടലുകളെയൊക്കെ തെറ്റിച്ച് ഫഡ്നാവിസ് ഒരിക്കൽ കൂടെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലേക്കെത്തുമ്പോൾ കർണാടകയുടെ തുടർച്ചയാവുകയാണ് മഹാരാഷ്ട്ര. കിട്ടുന്നതെല്ലാം ലാഭമാക്കി എൻ.സി.പിയും, അധികാരത്തിനായി ശിവസേനയെ കൂട്ടുപിടിച്ചുവെന്ന പേര് ദോഷം കൊണ്ട് കോൺഗ്രസും അങ്ങനെ ആ അധ്യായം അവസാനിപ്പിക്കേണ്ടിയും വന്നു.

എൻസിപി അധ്യക്ഷൻ ശരദ് പവാറിനും മരുമകനായ അജിത് പവാറിനുമെതിരെ സെപ്റ്റംബറിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 25,000 കോടി രൂപയുടെ ആരോപണമായിരുന്നു ഉയർന്ന് വന്നത്. ശിവസേനയ്ക്ക് പിന്തുണ നൽകി മഹാരാഷ്ട്രയുടെ ഭരണവുമായി മുന്നോട്ട് പോവാൻ ഒരുങ്ങുന്നുവെന്ന കാര്യം വന്നതോടെ എൻഫോഴ്സ്മെന്റ് നടപടി ക്രമങ്ങളും സജീവമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ രാത്രി അതിനാടകീയമായ നീക്കമുണ്ടാവുകയും രാവിലെ ആറ് മണിക്ക് മുന്നെ തന്നെ നിലവിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് അജിത് പവാർ വിഭാഗത്തെ കൂട്ടി ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP