Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രമന്ത്രിപദം സ്വപ്‌നം കണ്ടപ്പോൾ യുപിഎ എട്ടുനിലയിൽ പൊട്ടി; എംപി സ്ഥാനം രാജി വച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ എൽഡിഎഫ് വീണ്ടും അധികാരത്തിലേറിയാൽ എന്തുചെയ്യും? ങ്ങള് പെസിമിസ്റ്റിക് ആവരുതെയെന്ന് കുഞ്ഞാപ്പ പറഞ്ഞാലും ലീഗിൽ ചില മുറുമുറുപ്പുകൾ; മടങ്ങിവരവിൽ അതൃപ്തിയുള്ളവർ ആരൊക്കെ? പി.കെ.കുഞ്ഞാലിക്കുട്ടി വിമാനമിറങ്ങുമ്പോൾ അണികൾ മന്ത്രിക്കയായി നയതന്ത്രത്തിന്റെ ആശാൻ വരവായി

കേന്ദ്രമന്ത്രിപദം സ്വപ്‌നം കണ്ടപ്പോൾ യുപിഎ എട്ടുനിലയിൽ പൊട്ടി; എംപി സ്ഥാനം രാജി വച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ എൽഡിഎഫ് വീണ്ടും അധികാരത്തിലേറിയാൽ എന്തുചെയ്യും?  ങ്ങള് പെസിമിസ്റ്റിക് ആവരുതെയെന്ന് കുഞ്ഞാപ്പ പറഞ്ഞാലും ലീഗിൽ ചില മുറുമുറുപ്പുകൾ; മടങ്ങിവരവിൽ അതൃപ്തിയുള്ളവർ ആരൊക്കെ?  പി.കെ.കുഞ്ഞാലിക്കുട്ടി വിമാനമിറങ്ങുമ്പോൾ അണികൾ മന്ത്രിക്കയായി നയതന്ത്രത്തിന്റെ ആശാൻ വരവായി

ജംഷാദ് മലപ്പുറം

മലപ്പുറം: കേന്ദ്രമന്ത്രി സ്വപ്നംകണ്ട് ലോകസഭയിൽ പോയി തിരിച്ചുവന്നത് 19-ാം മാസം. ഇനി ലക്ഷ്യം യു.ഡി.എഫിന്റെ വിജയവും ഉപമുഖ്യമന്ത്രിപദവും. കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരം പിടിച്ചതുപോലെ കേരളത്തിൽ വീണ്ടും എൽ.ഡി.എഫ് അധികാരം പിടിച്ചാൽ ലീഗുകാരുടെ കുഞ്ഞാപ്പ എന്തുചെയ്യും? ലോകസഭാംഗത്വം രാജിവെച്ച് ഇന്നു കുഞ്ഞാലിക്കുട്ടി തിരിച്ചുവരുമ്പോൾ ഇതിന് പിന്നിലെ രാഷ്ട്രീയ മാനങ്ങൾ പലതാണ്.

വേങ്ങരയിലെ എംഎ‍ൽഎ സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നും ലോകസഭയിൽ പോയത് കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ടായിരുന്നു. കേന്ദ്രത്തിൽ കരുതിയത് പോലെ നടക്കാതെ വരികയും യു.പി.എ എട്ടുനിലയിൽ പൊട്ടുകയും ചെയ്തതോടെയാണ് വീണ്ടും കേരളത്തിലേക്ക് തിരിച്ചുവരുന്നത്. മൂൻ യു.പി.എ സർക്കാറിന്റെ കാലത്ത് ഇ.അഹമ്മദിന് കേന്ദ്രമന്ത്രി പദം നൽകിയ യു.പി.എ കുഞ്ഞാലിക്കുട്ടി സ്വതന്ത്രചുമതലയുള്ള കേന്ദ്രമന്ത്രി സ്ഥാനം നൽകാൻ കേരളത്തിലെ യു.ഡി.എഫ് നേതാക്കളും സമ്മർദംചെലുത്താനുള്ള സാഹചര്യമൊരുക്കിയായിരുന്നു.

എന്നാൽ എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി വരുമ്പോൾ കേരളത്തിൽ വീണ്ടും എൽ.ഡി.എഫ് അധികാരം പിടിച്ചാൽ എന്തുചെയ്യുമെന്ന് ലീഗിനുള്ളിൽതന്നെ ചർച്ചകളുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് അറിയിച്ചതിന് പിന്നാലെ ഇന്നാണ് കുഞ്ഞാലിക്കുട്ടി എംപി. സ്ഥാനം രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിവെച്ചത്. സംസ്ഥാന രാഷ്ട്രീയത്തിൽ യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.

എന്നാൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന എം.കെ മുനീറിനും, യുവ നേതാക്കളായ കെ.എം.ഷാജി ഉൾപ്പെടെയുള്ളവർക്കും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ അതൃപ്തിയുള്ളതായാണ് സൂചന. മുസ്ലിംലീഗ്നേതാവ് ഇ. അഹമ്മദിന്റെ മരണശേഷം പകരക്കാരനായാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്കുപോയത്.

സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സജീവ ഇടപെടലുകൾ യു.ഡി.എഫിന് കരുത്തുപകരുമെന്ന് ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പാണക്കാട് തങ്ങളെ അറിയിച്ചിരുന്നു. ഇടതുപക്ഷത്തിനു പിന്തുണ നൽകിയിരുന്ന ലീഗ് വിരുദ്ധ നിലപാടുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയെ യു.ഡി.എഫ് അനുകൂലമാക്കിയതും മുസ്ലിംസാമുദായിക സംഘടനകളുടെ കൂട്ടായ്മ ഒരുക്കുന്നതിലും നേതൃത്വപരമായ പങ്കാണ് കുഞ്ഞാലിക്കുട്ടി വഹിച്ചത്. കോൺഗ്രസിലെ ചേരിപ്പോരിലും കേരള കോൺഗ്രസ് ജോസ്, ജോസഫ് തർക്കത്തിലുമെല്ലാം ക്രൈസിസ് മാനേജരുടെ റോളിലാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നത്.

മുസ്ലിംസാമുദായിക സംഘടനകളിൽ സിപിഎം അനുകൂല നിലപാടുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുമായിപ്പോലും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ഈ നീക്കം തടയുന്നതിന് പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം യു.ഡി.എഫിന് വിലപ്പെട്ടതാണെന്നാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവർ പറയുന്നത്.

നിലവിലെ സാഹചര്യത്തിൽപോലും യു.ഡി.എഫ് സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന തീരുമാനങ്ങളെല്ലാം തന്നെ പ്രതിപക്ഷ നേതാവും കെപിസിസി. പ്രസിഡന്റും കുഞ്ഞാലിക്കുട്ടിയുമായിതന്നെയാണ് ചർച്ചചെയ്യാറുള്ളത്. പാണക്കാട് കുടുംബത്തിനപ്പുറം കോൺഗ്രസും ഘടകകക്ഷികളും മുസ്ലിംലീഗിന്റെ മുഖമായി കാണുന്നതും കുഞ്ഞാലിക്കുട്ടിയെ തന്നെയാണ്.

ദേശീയ രാഷ്ട്രീയത്തിൽ ഇടപെടലുകൾ നടത്താൻ ഇ.ടി മുഹമ്മദ് ബഷീറും സജീവമായുള്ളതിനാൽ തന്നെ കുഞ്ഞാലിക്കുട്ടിയെ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആവശ്യം സംസ്ഥാന രാഷ്ട്രീയത്തിലാണെന്നാണ് ലീഗ് വിലയിരുത്തുന്നത്. മലപ്പുറത്ത് പത്തോളം പഞ്ചായത്തിൽ ലീഗും കോൺഗ്രസും ചേരിതിരിഞ്ഞാണ് മത്സരിച്ചിരുന്നത്. പൗരത്വബില്ലിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള പ്രക്ഷോഭത്തിൽ പഴയ എതിരാളികളായ സാമ്പാർ മുന്നണിക്കാരും ലീഗും കൈകോർത്താണ് പ്രവർത്തിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ചുമതല കുഞ്ഞാലിക്കുട്ടിയെ ഏൽപിച്ചതിനാൽ ലീഗിന് കോട്ടം സംഭവിക്കാതിരുന്നതായും നേതൃത്വം വിലയിരുത്തി.

കുഞ്ഞാലിക്കുട്ടിക്ക് 2006ൽ കുറ്റിപ്പുറത്ത് കെ.ടി ജലീലിനോട് മാത്രമാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ആ തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് കൂടുതൽ ജനകീയനായാണ് കുഞ്ഞാലിക്കുട്ടി ലീഗ് രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് തിരിച്ചെത്തിയത്. ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യം ഉയർത്തികാട്ടിയാണ് കുഞ്ഞാലിക്കുട്ടിയുടെ നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP