Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മാണി ഇടത് മുന്നണിയിൽ എത്തിയേക്കും; മെരുകാത്ത സിപിഐയ്ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു; ലീഗിനെ കൂടി എത്തിക്കാനും നീക്കം സജീവം; ബിജെപി നിർണ്ണായക ശക്തിയാകുമെന്ന സൂചന പുറത്ത് വന്നതോടെ ന്യൂനപക്ഷ തുറുപ്പ് വീശി സിപിഐ(എം) നീക്കം

പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മാണി ഇടത് മുന്നണിയിൽ എത്തിയേക്കും; മെരുകാത്ത സിപിഐയ്ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു; ലീഗിനെ കൂടി എത്തിക്കാനും നീക്കം സജീവം; ബിജെപി നിർണ്ണായക ശക്തിയാകുമെന്ന സൂചന പുറത്ത് വന്നതോടെ ന്യൂനപക്ഷ തുറുപ്പ് വീശി സിപിഐ(എം) നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎം മാണിയുടെ കേരളാ കോൺഗ്രസിനെ എന്ത് എതിർപ്പും അവഗണിച്ച് ഇടതുപക്ഷത്ത് എത്തിക്കാൻ സിപിഎമ്മിനുള്ളിൽ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വളർച്ച ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. പാർട്ടിയുടെ അടിത്തറ ശക്തമാണെങ്കിലും പരമ്പരാഗത വോട്ടുകൾ കൈവിടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ക്രൈസ്തവരാഷ്ട്രീയത്തിന്റെ വക്താക്കളായ കേരളാ കോൺഗ്രസ് മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് കരുത്താകും. ഇതിനൊപ്പം മുസ്ലിം ലീഗിലേക്കും സിപിഐ(എം) കണ്ണുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി മുസ്ലിം ലീഗിനെ വർഗ്ഗീയ കക്ഷിയായി കുറ്റപ്പെടുത്തുന്ന പരമാർശങ്ങൾ സിപിഐ(എം) ഒഴിവാക്കും. ഈ നീക്കങ്ങളെ സിപിഐ അനുകൂലിക്കില്ലെന്നും സിപിഐ(എം) തിരിച്ചറിയുന്നു. അങ്ങനെ വന്നാൽ സിപിഐയുടെ എതിർപ്പ് അവഗണിച്ചും ഇടത് മുന്നണി വിപുലീകരണവുമായി മുന്നോട്ട് പോകാനാണ് സിപിഐ(എം) തീരുമാനം.

കേരളത്തിൽ തുടർ ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്. ബിജെപിയുടെ വളർച്ച അതിനുള്ള സാഹചര്യം ഒരുക്കും. കോൺഗ്രസിന് അനുകൂലമായ ഭൂരിപക്ഷ വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് അനുകൂലമായി. കേരളത്തിലുടനീളം വലിയ വോട്ട് വർദ്ധന ബിജെപിക്കുണ്ടായി. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും സിപിഐ(എം) വോട്ടുകളിലും വിള്ളൽ വീണു. ഈ സാഹചര്യത്തിൽ ക്രൈസ്തവരുടെ പിന്തുണ അനിവാര്യതയാണ്. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനെയാണ് ക്രൈസ്തവ വിഭാഗത്തിന് കൂടുതൽ താൽപ്പര്യം. ഫ്രാൻസിസ് ജോർജിനെ കൊണ്ടുവന്നുള്ള പരീക്ഷണം ഫലിക്കാത്തത് ഈ സാഹചര്യത്തിലാണ്. അതിനാൽ കോട്ടയത്തിന്റേയും ഇടുക്കിയുടേയും മനസ്സ് അനുകൂലമാക്കാൻ മാണിയാണ് നല്ലതെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. ഇതിനൊപ്പം ബിജെപിയുമായി മാണി അടുക്കുമെന്നതിന്റെ സൂചനകളേയും ആശങ്കയോടെയാണ് സിപിഐ(എം) കാണുന്നത്.

ബിജെപിയും വെള്ളാപ്പള്ളി നടേശനും അടുത്തത് സിപിഎമ്മിന് തെക്കൻ കേരളത്തിൽ ചെറിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് കൂടി ബിജെപി പക്ഷത്ത് എത്തിയാൽ അവർ നിർണ്ണായക ശക്തിയാകും. ബിജെപിയെ വളർത്താതെ അവരുമായി മത്സര സാഹചര്യമൊരുക്കി ജയിക്കുകയാണ് സിപിഐ(എം) ലക്ഷ്യം. അതിനായി ന്യൂനപക്ഷ വോട്ടുകളെ അനുകൂലമാക്കാനാണ് നീക്കം. ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചടി നേരിടുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. മോദി ഭരണത്തിന് അവസാനമുണ്ടായാൽ പോലും അത് പ്രാദേശീക കക്ഷികളായ തൃണമൂലിന്റെയും ജനതാദള്ളുകളുടേയും ഇടത് ശക്തികളുടേയും ശ്രമ ഫലമാകും. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ തകർന്നടിയുന്ന കോൺഗ്രസിനെ കേരളം പിന്തുണയ്ക്കില്ലെന്ന കണക്ക് കൂട്ടലിലാണ് ഇടതു പക്ഷം. ഇതുറപ്പാക്കാൻ ന്യൂനപക്ഷത്തെ മുഴുൻ ഇടത് മുന്നണിയിലെത്തിക്കാനാണ് തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റു നേടി എൽഡിഎഫ് കുതിച്ചുവെങ്കിലും പാർട്ടിക്കും മുന്നണിക്കും പല ജില്ലകളിലും ക്ഷീണമുണ്ടായി എന്നു സിപിഐ(എം). ജില്ലകളിലെയും നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിങ്ങിനെക്കുറിച്ചുള്ള സിപിഐ(എം) സംസ്ഥാന കമ്മിറ്റിയുടെ ഇഴകീറിയുള്ള വിശകലനത്തിലാണു ദൗർബല്യങ്ങൾ തെളിഞ്ഞുവരുന്നത്. എൻഡിഎയുടെ കുതിപ്പ് യുഡിഎഫിന്റെ തകർച്ചയ്ക്കും അതുവഴി എൽഡിഎഫിന്റെ കുതിപ്പിനും വഴിയൊരുക്കി എന്നാണു പാർട്ടിയുടെ വിലയിരുത്തൽ നൽകുന്ന പൊതു സൂചന. എൻഡിഎ ചില ജില്ലകളിൽ എൽഡിഎഫിനെയും പിറകോട്ടടിച്ചുവെന്നും സിപിഐ(എം) സമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് ലീഗിനേയും കേരളാ കോൺഗ്രസിനേയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ. കൊല്ലത്ത് കഴിഞ്ഞ 2011ലെ നെയമസഭാ തിരഞ്ഞെടുപ്പിൽ 3.58% വോട്ടു നേടിയ ബിജെപി ഈ തിരഞ്ഞെടുപ്പിൽ 13.19% ആയി വർധിപ്പിച്ചു.

യുഡിഎഫിനു പോയ വോട്ട് ബിജെപിക്കു കിട്ടി. ആലപ്പുഴയിൽ ബിജെപിക്ക് 2011 ൽ 3.41% വോട്ടാണു കിട്ടിയത് എങ്കിൽ ഇത്തവണ അത് 16.85% ആയി. ഇടുക്കിയിലും ബിജെപിയാണു വലിയ മുന്നേറ്റമുണ്ടാക്കിയത്. ബിഡിജെഎസിന്റെ ഇടപെടൽ ചെറുക്കുന്നതിൽ സിപിഎമ്മിനു പോരായ്മ ഉണ്ടായിയെന്നാണ് വിലയിരുത്തൽ. മലപ്പുറം ജില്ലയിലേതു പൊതുവിൽ നല്ല പ്രകടനം. 34.66 ശതമാനത്തിൽനിന്നു 41.20% ആയി വോട്ടുവിഹിതം കൂടി. യുഡിഎഫിന് 54.16% ഉണ്ടായിരുന്നതു 47.05% ആയി കുറഞ്ഞു. ബിജെപിക്കു രണ്ടരശതമാനത്തോളം വോട്ടു കൂടി. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ ബിജെപിയുടെ കടന്നുകയറ്റവും വെല്ലുവിളിയാണ്. ജില്ലയിൽ ബിജെപിയുടെ വോട്ടുവിഹിതം 2011 ലെ 18.85 ശതമാനത്തിൽനിന്ന് 21.35% ആയി കൂടി.

ലീഗും കേരളാ കോൺഗ്രസും ഇടത് മുന്നണിയിൽ എത്തുന്നതിനെ സിപിഐ ഒരിക്കലും അനുകൂലിക്കില്ലെന്ന് സിപിഐ(എം) കണക്ക് കൂട്ടുന്നുണ്ട്. മാണിയേയും ലീഗിനേയും സ്വാഗതം ചെയ്ത് ദേശാഭിമാനിയിൽ വന്ന മുഖപ്രസംഗത്തിനെതിരെ സിപിഐ ജനയുഗത്തിലൂടെ മറുപടി നൽകിയിരുന്നു. മാണിയെ അഴിമതിക്കാരനായും ലീഗിനെ വർഗ്ഗീയ കക്ഷിയായും സിപിഐ ഉയർത്തിക്കാട്ടുന്നു. എന്നാൽ കോൺഗ്രസിന്റെ വലതുപക്ഷം വ്യതിയാനെ വളരെ മുമ്പേ സ്വീകരിച്ച സിപിഐ ഈ നിലപാട് എടുക്കുന്നത് ആത്മാർത്ഥയോടെയല്ല. ഇടതുപക്ഷത്തെ സ്ഥാനം ചുരുങ്ങുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. സിപിഐയക്ക് സ്വന്തമായി വലിയ കരുത്തൊന്നുമില്ല. എന്നാൽ കേരളാ കോൺഗ്രസിനും ലീഗിനും ശക്തമായ വോട്ട് ബാങ്കുണ്ട്. അതിനാൽ സിപിഐ പോയി അവർ വരട്ടേ എന്നാണ് സിപിഐ(എം) ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. ഇതിനെ വി എസ് അച്യുതാനന്ദൻ എതിർക്കുമെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ വിഎസിന്റെ എതിർപ്പ് കാര്യമായി എടുക്കില്ല.

ആർ ബാലകൃഷ്ണപിള്ളയുമായി വിഎസിന് ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ പിള്ളയുമായി തെരഞ്ഞെടുപ്പ് സഹകരണം സാധ്യമായി. വിമർശനങ്ങളൊന്നും വി എസ് നടത്തിയതുമില്ല. പിള്ള അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്. മാണിക്കെതിരെയുള്ളത് ആരോപണങ്ങൾ മാത്രവും. ലീഗിനെ വർഗ്ഗീയ കക്ഷിയായി നിലവിലെ സാഹചര്യത്തിൽ ആർക്കും ചിത്രീകരിക്കാൻ കഴിയില്ല. മുസ്ലിം യുവാക്കളെ രാഷ്ട്രീയത്തിൽ പിടിച്ചു നിർത്തി തീവ്രവാദത്തെ ചെറുക്കുന്നവരാണ് ലീഗുകാർ. അതുകൊണ്ടാണ് തീവ്ര സംഘടനകൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ആകർഷിക്കാൻ കഴിയാത്തതെന്ന തിയറിയാകും സിപിഐ(എം) സജീവമാക്കുക. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുമായി സിപിഐ(എം) അനൗദ്യോഗിക ചർച്ച തുടങ്ങി കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ലീഗിനേയും കേരളാ കോൺഗ്രസിനേയും ഇടത് പക്ഷത്ത് എത്തിക്കാനാണ് നീക്കം. ഇതിൽ യുഡിഎഫിന് പുറത്തുള്ള കേരളാ കോൺഗ്രസിനെ ഇടത് പക്ഷത്തേക്ക് എടുക്കേണ്ടി വരുമെന്ന് സിപിഐ(എം) തിരിച്ചറിയുന്നുമുണ്ട്.

കേരളാ കോൺഗ്രസുമായുള്ള അനൗദ്യോഗിക ചർച്ചകളിൽ രണ്ട് ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ അവസരം നൽകാമെന്ന് സിപിഐ(എം) വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയവും ഇടുക്കിയുമാണ് കേരളാ കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ ജോയ്‌സ് ജോർജിന്റെ സിറ്റിങ് സീറ്റാണ് ഇടുക്കി. ഈ സാഹചര്യത്തിൽ കോട്ടയവും പത്തനംതിട്ടയും ഉറപ്പായി നൽകാമെന്നാണ് സിപിഐ(എം) പക്ഷം. ലീഗ് വന്നാൽ മലപ്പുറവും പൊന്നാനിയും വിട്ടു നൽകും. നിലവിൽ സിപിഐയാണ് മലപ്പുറത്ത് മത്സരിക്കുന്നത്. ലീഗെത്തിയാൽ കോഴിക്കോടും വടകരയും വയനാടും ഇടത് ജയമുറപ്പാണെന്ന് സിപിഐ(എം) വിലയിരുത്തൽ. കാസർഗോഡും സീറ്റ് എളുപ്പത്തിൽ നിലനിർത്താനാകും. കണ്ണൂരും ലീഗ് നിർണ്ണായക ശക്തിയാണ്. ഇതിലൂടെ മലപ്പുറത്തെ ഇടത് കോട്ടയാക്കാമെന്നാണ് സിപിഐ(എം) പക്ഷം. അതിനാൽ ലീഗിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും സിപിഐ(എം) തയ്യാറാകും. ഇതിനെ സിപിഐ എതിർത്താൽ അവർ മുന്നണിക്ക് പുറത്ത് പോകട്ടെയെന്നാണ് വിലയിരുത്തൽ.

ബിജെപിയുമായി താരതമ്യം ചെയ്യുമ്പോൾ ലീഗിനെ വർഗ്ഗീയ കക്ഷിയായി കണക്കാക്കാൻ കഴിയില്ല. ബിജെപിയുടെ അജണ്ടയെ ചെറുക്കാൻ ന്യൂനപക്ഷമാണ് അനിവാര്യത. അത് ഉറപ്പിക്കാനാണ് സിപിഐ(എം) നീക്കം. അതിനായി യുഡിഎഫിലെ പ്രശ്‌നങ്ങൾ സമർത്ഥമായി ഉപയോഗിക്കും. ഇതിനിടെയിൽ സിപിഐ പോയാലും കുഴപ്പമില്ലെന്നാണ് വിലയിരുത്തൽ. സിപിഐ(എം) അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കുന്നവരെ സിപിഐ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. എറണാകുളത്തും കാസർഗോഡും സിപിഐ നീക്കം വലിയ പ്രശ്‌നമാണ്. വിമതരുമായി കൂട്ടുകൂടരുതെന്ന് അവശ്യപ്പെട്ടിട്ടും സിപിഎമ്മിനെ തകർക്കാനാണ് സിപിഐയുടെ ശ്രമം. ഇതും കൂടി കണക്കിലെടുത്താണ് ഇടത് മുന്നണിയിൽ നിന്ന് സിപിഐയെ മാറ്റി ലീഗിനേയും കേരളാ കോൺഗ്രസിനേയും ലക്ഷ്യമിട്ട് സിപിഐ(എം) ചർച്ചകൾ സജീവമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP