Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

കെ റെയിൽ കുറ്റിയുമായി ചെന്നാൽ തൃക്കാക്കര കടക്കില്ലെന്ന് തിരിച്ചറിഞ്ഞു; എന്തുവില കൊടുത്തും കല്ലിടുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും മഞ്ഞക്കുറ്റി ഉപേക്ഷിച്ചു; എവിടെ കല്ലിട്ടാലും പിഴുതെറിഞ്ഞ പ്രതിപക്ഷത്തിന് സർക്കാരിന്റെ യുടേൺ വൻവിജയം; ജനരോഷത്തിന് മുന്നിൽ പിണറായി സർക്കാർ മുട്ടുമടക്കുമ്പോൾ

കെ റെയിൽ കുറ്റിയുമായി ചെന്നാൽ തൃക്കാക്കര കടക്കില്ലെന്ന് തിരിച്ചറിഞ്ഞു; എന്തുവില കൊടുത്തും കല്ലിടുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും മഞ്ഞക്കുറ്റി ഉപേക്ഷിച്ചു; എവിടെ കല്ലിട്ടാലും പിഴുതെറിഞ്ഞ പ്രതിപക്ഷത്തിന് സർക്കാരിന്റെ യുടേൺ വൻവിജയം; ജനരോഷത്തിന് മുന്നിൽ പിണറായി സർക്കാർ മുട്ടുമടക്കുമ്പോൾ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: കെ-റെയിലിനെതിരായ പ്രതിപക്ഷ സമരത്തെ തുടർന്ന് കല്ലിടൽ നിർത്തിവെച്ചത് സർക്കാരിന് കനത്ത തിരിച്ചടി. എന്ത് വില കൊടുത്തും കല്ലിടലുമായി മുന്നോട്ടുപോകുമെന്ന തീരുമാനത്തിൽ നിന്നും യൂടേൺ അടിക്കേണ്ടി വന്നത് ഉപതെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാകുമോയെന്ന ഭയത്തിലാണ് ഭരണകൂടം. കല്ലിടൽ നിർത്തിവെക്കാനുള്ള തീരുമാനം പ്രതിപക്ഷത്തിന്റെയും സമരസമിതിയുടെയും വിജയമായിട്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിലയിരുത്തുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ മുതൽ കല്ലിടൽ താൽക്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു. ജനരോഷം ഭയന്നാണ് കല്ലിടൽ നിർത്തിവെച്ചത്. എവിടെ കല്ലിട്ടാലും പിഴുതെറിയുമെന്ന പ്രതിപക്ഷത്തിന്റെ നിലപാടിന് മുൻപിൽ മിക്കപ്പോഴും പൊലീസിനും ഉദ്യോഗസ്ഥർക്കും മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രതിപക്ഷം കെ-റെയിൽ മുഖ്യചർച്ചാവിഷയമാക്കിയതും, ജനരോഷം പലയിടങ്ങളിൽ നിന്നുയർന്നതും സർക്കാരിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ആര് സമരം ചെയ്താലും കല്ലിടലുമായി മുന്നോട്ട് പോകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിന്ന് അദ്ദേഹത്തിന് പുറകോട്ട് പോകേണ്ടി വന്നു. എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന പിണറായിയുടെ ധാർഷ്ട്യത്തിനുള്ള തിരിച്ചടിയായാണ് പ്രതിപക്ഷം പുതിയ നിലപാട് മാറ്റത്തെ വിലയിരുത്തുന്നത്. കെ-റെയിലിനെക്കുറിച്ചുള്ള ചർച്ചയാകും ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക എന്നായിരുന്നു ഇടത് കൺവീനർ ഇ.പി ജയരാജൻ തുടക്കത്തിൽ പറഞ്ഞത്. എന്നാൽ ജനവികാരം എതിരാകുമെന്ന് അറിഞ്ഞതോടെ എൽഡിഎഫ് അത് വികസന ചർച്ചയിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിച്ചു.

സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ ജാഗ്രതയോടെ നീങ്ങണമെന്ന് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. പ്രതിപക്ഷത്തിന് ആയുധം നൽകരുതെന്ന അഭിപ്രായം പാർട്ടി സമ്മേളന കാലത്ത് പല നേതാക്കളും ഉന്നയിച്ചിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് കല്ലിടൽ എന്തിനാണ് നിർത്തിയിരിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കുഴങ്ങുന്നതിനിടയിലാണ് സർക്കാരിന്റെ പുതിയ തീരുമാനം. മഞ്ഞക്കുറ്റിക്ക് പകരം ജിയോടാഗ് മതിയെന്ന തീരുമാനത്തെ ഇനി ഏത് തരത്തിലാണ് അനുഭാവികളും പ്രവർത്തകരും ന്യായീകരിക്കുന്നതെന്ന് കാത്തിരിക്കുകയാണ് പ്രതിപക്ഷം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെയാണ് നിലപാടുമാറ്റമെന്നതാണ് ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നേരത്തെ സർക്കാർ കല്ലിടൽ താത്കാലികമായി നിർത്തിവച്ചിരുന്നു. കല്ലിടൽ തുടർന്നാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കല്ലിടലിൽ നിന്ന് സർക്കാർ പിൻവലിഞ്ഞത്. കല്ലിടാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം പലവട്ടം സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അതിരടയാള കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾക്കെതിരെ ഭരണകക്ഷിയിൽ നിന്നുപോലും വിമർശനം ഉയർന്നിരുന്നു. എന്തിനാണ് ഇത്രവലിയ കുറ്റിയുമായി നാട്ടുകാരുടെ പറമ്പിലും വീടുകളിലും എത്തുന്നതെന്ന ചോദ്യം സിപിഎമ്മിന്റെ സമ്മേളന കാലത്ത് പല പ്രമുഖരും ചോദിച്ചിരുന്നു.

കല്ലിടൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെയും ജനീകീയ സമര സമിതിയുടേയും നേതൃത്വത്തിൽ വലിയ സമരങ്ങളാണ് കേരളത്തിൽ അരങ്ങേറിയത്. സ്ത്രീകളും കുട്ടികളുമടക്കം സമരത്തിനിടെ നിരത്തുകളിൽ പൊലീസിന്റെ ലാത്തിക്കും ചവിട്ടിനും ഇരകളായിരുന്നു. സമരത്തിൽ പങ്കെടുത്തവർക്കെതിരെയും ഭൂവടമകൾക്കുമെതിരെയും കെ റെയിൽ കല്ല് പിഴുതതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിരവധി കേസുകൾ എടുത്തിട്ടുണ്ട്. കല്ലിടൽ നിർത്തിയ സ്ഥിതിക്ക് സമരം ചെയ്തവർക്കെതിരയുള്ള കേസുകൾ പിൻവലിക്കുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്.

സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ജി പി എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണം. കല്ലിടൽ സംസ്ഥാനത്തെ പലയിടങ്ങളിലും സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ പുതിയ ഉത്തരവിറക്കിയതെന്നാണ് വിവരം. ഏപ്രിൽ 29ന് ശേഷം എവിടെയും കല്ലിടൽ നടന്നിട്ടില്ല. സിൽവർലൈൻ പ്രതിഷേധം മറികടക്കാനുള്ള സർക്കാറിന്റെ പുതിയ നീക്കമായാണ് ഇതിനെ പ്രതിപക്ഷം കണക്കാക്കുന്നത്.

സിൽവർലൈനിനെതിരെ കോടതികളിലുള്ള കേസിലും വിധി എതിരാകുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിലെ നിയമ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം. നടപ്പിലാക്കാൻ തീരുമാനിക്കുന്ന പദ്ധതികൾക്ക് മാത്രമേ കല്ലിടലിന് അനുമതിയുള്ളു എന്ന ചർച്ച സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP