Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണക്കടത്ത് വിവാദവും ബിനീഷ് കോടിയേരി കേസുമെല്ലാം സർക്കാർ പ്രതിച്ഛായയെ ബാധിച്ചെങ്കിലും പരമ്പരാഗത വോട്ടുബാങ്കിനെ ബാധിക്കില്ല; ജലീലിനെതിരായ ഖുർആൻ വിവാദം മുസ്ലിം സമൂഹത്തിൽ പിന്തുണ വർദ്ധിക്കാൻ ഇടയാക്കും; ജോസ് കെ മാണി കൂടി മുന്നണിയിലേക്ക് എത്തിയാൽ മധ്യകേരളത്തിൽ എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ശക്തമാകും; ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ചതും സൗജന്യ റേഷൻ വിതരണവും തുണയാകും; വിവാദങ്ങൾക്ക് നടുവിലും തുടർഭരണ പ്രതീക്ഷയിൽ എൽഡിഎഫ്

സ്വർണ്ണക്കടത്ത് വിവാദവും ബിനീഷ് കോടിയേരി കേസുമെല്ലാം സർക്കാർ പ്രതിച്ഛായയെ ബാധിച്ചെങ്കിലും പരമ്പരാഗത വോട്ടുബാങ്കിനെ ബാധിക്കില്ല; ജലീലിനെതിരായ ഖുർആൻ വിവാദം മുസ്ലിം സമൂഹത്തിൽ പിന്തുണ വർദ്ധിക്കാൻ ഇടയാക്കും; ജോസ് കെ മാണി കൂടി മുന്നണിയിലേക്ക് എത്തിയാൽ മധ്യകേരളത്തിൽ എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ശക്തമാകും; ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ചതും സൗജന്യ റേഷൻ വിതരണവും തുണയാകും; വിവാദങ്ങൾക്ക് നടുവിലും തുടർഭരണ പ്രതീക്ഷയിൽ എൽഡിഎഫ്

എം മനോജ് കുമാർ

തിരുവനന്തപുരം: ഡിസംബറിൽ വരുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും തൊട്ടു തന്നെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ഒപ്പം നിൽക്കുമെന്ന് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. സ്വർണ്ണക്കടത്തിൽ സർക്കാരിലെ ഉന്നതർക്ക് ബന്ധമുണ്ടെന്ന വസ്തുത വെളിയിൽ വന്നതും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയമായ പ്രശ്‌നങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് തുടർ ഭരണ സാധ്യതകൾ മങ്ങിയിട്ടില്ലെന്നാണ് ഇടത് മുന്നണി വിലയിരുത്തൽ. ശക്തമായ മുന്നണി ബന്ധങ്ങളും പരമ്പരാഗത വോട്ടുബാങ്കുകളിൽ നിലവിലെ പ്രശ്‌നങ്ങളും ഒരു ചലനവും സൃഷ്ടിക്കാത്തതും തിരഞ്ഞെടുപ്പിൽ മുന്നണിയെ തുണയ്ക്കും എന്ന് തന്നെയാണ് മുന്നണിയുടെ വിലയിരുത്തൽ.

ജലീൽ പ്രശ്‌നത്തിൽ മുസ്ലിം സമൂഹത്തിൽ മന്ത്രി ജലീലിനു അനുകൂലമായി ചലനം വന്നിട്ടുണ്ട്. ഇത് ഇടതുമുന്നണിയെ ലോക്കൽ ബോഡിയിലും നിയമസഭാ തിരഞ്ഞെടുപ്പിലും തുണയ്ക്കും. ജോസ് കെ മാണിയുടെ വരവ് ഉണ്ടായാൽ നാല് നിയമസഭാ സീറ്റ് എങ്കിലും ഇടത് മുന്നണിക്ക് അധികം ലഭിക്കും. നിലവിൽ ജോസ് കെ മാണി ഇടതുമുന്നണിക്ക് ഒപ്പമാണ്. ധാരണകളും സഖ്യവും തമ്മിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. സ്വർണ്ണക്കടത്ത് ക്ഷീണമുണ്ടാക്കിയെങ്കിലും ആശാവഹമായ ചില കാര്യങ്ങൾ കേരള രാഷ്ട്രീയത്തിൽ സംഭാവിച്ചിട്ടുണ്ട്. ഇത് മുന്നണിക്ക് അനുകൂലമാണ്. തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനും ഭരണം തിരികെ പിടിക്കാനും ഈ രാഷ്ട്രീയ സംഭവങ്ങൾ സഹായിക്കും എന്നാണ് മുന്നണിയുടെ വിലയിരുത്തൽ. രാഷ്ട്രീയ ഘടകങ്ങൾ ഇടത് മുന്നണിക്ക് അനുകൂലമാണ്. വട്ടിയൂർക്കാവും കോന്നിയും യുഡിഎഫ് കയ്യിലിരുന്ന നിയമസഭാ സീറ്റുകളാണ്. ഉപ തിരഞ്ഞെടുപ്പ് വന്നപ്പോൾ രണ്ടു സീറ്റും തിരികെ പിടിച്ചത് ഇടതുമുന്നണിയാണ്. സ്വർണ്ണക്കടത്ത് കേസിലും അനുബന്ധ സംഭവങ്ങളിലും പ്രതിച്ഛായ നഷ്ടമായെങ്കിലും പരമ്പരാഗത വോട്ടു ബാങ്കുകളിൽ ഇത് ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ ശക്തമായ മുൻതൂക്കം നിലവിൽ ഇടത് മുന്നണിക്ക് തന്നെയാണ്. പ്രാദേശിക പ്രശ്‌നങ്ങൾ ആണ് ഈ തിരഞ്ഞെടുപ്പിൽ ജയസാധ്യതകൾ നിർണ്ണയിക്കുന്നത് എന്നതിനാൽ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാൻ പ്രയാസമില്ലെന്നാണ് വിലയിരുത്തൽ. ജോസ് കെ മാണിയെ പിണക്കിയത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കടുത്ത തിരിച്ചടിക്ക് വഴിവെക്കും. മധ്യ കേരളത്തിൽ ഇടതുമുന്നണിയുടെ നില ശക്തമാക്കാൻ കേരളാ കോൺഗ്രസ് ഒപ്പമുള്ളത് സഹായിക്കും. ശക്തമായ പാർട്ടികൾ ഒപ്പമുള്ളത് കൂടാതെ ജോസ് കെ മാണികൂടി ഇടതുമുന്നണിക്ക് ഒപ്പം വന്നത് ജയസാധ്യതകൾ ഭദ്രമാക്കിയിട്ടുണ്ട്.

ആദ്യം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും അത് ആയുധമാക്കി നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം കൊയ്യാൻ കഴിയും എന്നാണ് മുന്നണി വിലയിരുത്തൽ. ലോക്ക് ഡൗൺ കാലത്ത് തുടർച്ചയായി സൗജന്യ റേഷൻ നല്കിയതും കിറ്റ് വിതരണം തുടരുന്നതുമെല്ലാം താഴത്തെ തട്ടിൽ സ്ഥിതി ഭദ്രമാക്കിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നമല്ല. ലോക്ക് ഡൗൺ കാലത്ത് സഹായ വിതരണങ്ങൾ ഒരു മുടക്കവും കൂടാതെ നടത്തിയിട്ടുണ്ട്. ക്ഷേമ പെൻഷൻ വിതരണവും പെൻഷൻ വിതരണവും ഒന്നും മുടങ്ങിയിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ടു സൗജന്യ കിറ്റ് വിതരണം നാല് മാസത്തേക്ക് നീട്ടിയതും സർക്കാരിനെ തുണയ്ക്കാൻ പര്യാപ്തമാണ്.

മുസ്ലിം ലീഗ് യുഡിഎഫിന് ഒപ്പമാണെങ്കിലും സ്വർണ്ണക്കടത്തിലെ ഖുറാൻ വിവാദം ലീഗിനും യുഡിഎഫിനും കനത്ത തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയ തിരിച്ചടി മനസിലാക്കിയാണ് ഖുറാൻ വിവാദത്തിൽ ലീഗ് നേതാക്കൾ പിന്നോക്കം പോയത്. ഇത് ഇടതുമുന്നണിക്ക് മുസ്ലിം വോട്ടു ബാങ്കുകളിൽ പിന്തുണ ഉയർത്താൻ പര്യാപ്തമാക്കിയിട്ടുണ്ട്. നയതന്ത്ര വഴിയിൽ ഖുറാന് ഒപ്പം സ്വർണം വന്നു എന്ന് ലീഗ് നേതാക്കൾ കൂടി ഏറ്റു പിടിച്ചത് മുസ്ലിം ജനസാമാന്യത്തിൽ ശക്തമായ വികാരം ലീഗിനും യുഡിഎഫിനും എതിരെ വന്നിട്ടുണ്ട്. ഇത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് അനുകൂല വോട്ടുകൾ ആയി മാറും. പൗരത്വ പ്രശ്‌നത്തിൽ മുസ്ലിം വിഭാഗത്തിനൊപ്പം ശക്തമായി നിലകൊണ്ടത് സിപിഎമ്മാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കൂടി പിണക്കിയാണ് ഗവർണറുടെ അനുമതി പോലും തേടാതെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതും മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഇടതുമുന്നണിക്കുള്ള പിന്തുണ ഉറച്ചതാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് വരുന്ന ലോക്കൽ ബോഡി-നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഒപ്പം നിൽക്കുമെന്ന് ഇടതു മുന്നണിയുടെ കണക്കുകൂട്ടൽ വരുന്നത്.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചാൽ ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയും. യുഡിഎഫ് എന്നാൽ കോൺഗ്രസും ലീഗും മാത്രമായി മാറി. മറ്റുള്ളത് താരതമ്യേന ചെറിയ കക്ഷികളാണ്. കോൺഗ്രസും ലീഗും കേരളാ കോൺഗ്രസും അടങ്ങുന്ന ശക്തമായ യുഡിഎഫ് ആയിരുന്നു മുൻപ് ഉണ്ടായിരുന്നത്. ശാക്തിക ബലാബലത്തിൽ ഇപ്പോൾ ശക്തമായി നിലകൊള്ളുന്നത് ഇടത് മുന്നണിയാണ്. നിലവിലെ കക്ഷികൾ ഒന്നും ഇടത് മുന്നണിയെ വിട്ടു പോയിട്ടില്ല. മറിച്ച് കൂടുതൽ യുഡിഎഫ് കക്ഷികൾ ഇടതുമുന്നണിയിലേക്ക് എത്തുകയാണ് ചെയ്തത്. പല മണ്ഡലങ്ങളിലും എൽജെഡിക്ക് ശക്തമായ വോട്ടു ബാങ്ക് ഉണ്ട്. സിപിഎമ്മിന് ശക്തി കുറഞ്ഞ മണ്ഡലങ്ങളിൽ വിജയത്തിന് ഈ വോട്ടുകൾ ഇടതുമുന്നണിക്ക് ജയം നൽകാൻ പര്യാപ്തമാണ്. ജനതാദൾ സെക്യുലറും ഇടത് മുന്നണിക്ക് ഒപ്പം അടിയുറച്ച് നിലകൊള്ളുന്നു. പല മണ്ഡലങ്ങളിലും ജനതാദളിന് സ്വാധീനമുണ്ട്. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള രണ്ടു ജനതാദളും ഇടത് മുന്നണിയിലാണ്.

ആർഎസ്‌പിയുടെ കോവൂർ കുഞ്ഞുമോൻ വിഭാഗവും ഇടത് മുന്നണിയിലുണ്ട്. മറ്റൊരു ന്യൂനപക്ഷ കക്ഷിയായ ഐഎൻഎല്ലിനും പല നിയമസഭാ മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നു ആരോപണം വന്നെങ്കിലും കാരാട്ട് റസാഖിനും പി.ടി.എ.റഹിമിനുമൊക്കെപല ലീഗ് നേതാക്കളെക്കാൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ട്. ബാലകൃഷ്ണപിള്ള ഇപ്പോഴും ഇടതു മുന്നണിയിൽ തന്നെയാണ്. എൻഎസ്എസ് വോട്ടുകൾ ചില മണ്ഡലങ്ങളിൽ പിള്ളയുടെ വഴിയെ വരും. എൻസിപി ഇടത് മുന്നണി ഘടകകക്ഷിയാണ്. എൻസിപി യ്ക്കും ചെറുതല്ലാത്ത വോട്ടു ബാങ്കുണ്ട്. ചില മണ്ഡലങ്ങളിൽ വിജയം നിലനിർത്താൻ ഈ വോട്ടുകൾ സിപിഎമ്മിനെ തുണയ്ക്കും. കെ.ടി.ജലീലിനും മലപ്പുറത്ത് സ്വാധീനമുണ്ട്. ലീഗിനെ അടിക്കാനുള്ള ഏറ്റവും മികച്ച ആയുധമായാണ് ജലീലിനെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഉപയോഗിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റും ജലീലിനെ ചോദ്യം ചെയ്‌തെങ്കിലും സിപിഎം ജലീലിന്റെ പിന്നിൽ ഉറച്ച് നിൽക്കുകയാണ്. ജലീലിന്റെ പിന്നിലെ ശക്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാലാരാണ്.

കാന്തപുരം സിപിഎമ്മിന് ഒപ്പമാണ്. കാന്തപുരവും സിപിഎമ്മും തമ്മിലെ പാലമാണ് കെ.ടി.ജലീൽ. ഈ ബന്ധത്തിന്റെ പുറത്ത് തന്നെയാണ് സ്വർണ്ണക്കടത്ത് കേസിൽ ജലീലിനെ കേന്ദ്ര ഏജൻസികൾ പിടിവിടാതെ പിന്നാലെ കൂടുന്നത്. പക്ഷെ ഇതൊന്നും സിപിഎം കണക്കിലെടുത്തിട്ടില്ല. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും-നിയമസഭാ തിരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗം വോട്ടുകൾ ഇടതുമുന്നണിക്ക് വീഴുമെന്നു സിപിഎമ്മിന് ഉറപ്പുണ്ട്. ഇതൊക്കെ കൊണ്ട് തന്നെയാണ് ഇഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴും എൻഐഎ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴും തലയിൽ മുണ്ടിട്ടു പോയി നാണം കെടുത്തിയ ജലീലിനു പിന്നിൽ സിപിഎം ഉറച്ച് പിന്തുണയുമായി നിൽക്കുന്നത്. കേരളാ കോൺഗ്രസിന്റെ സ്‌കറിയാ തോമസിനും ചില മണ്ഡലങ്ങളിൽ എങ്കിലും സ്വാധീനമുണ്ട്. മൈക്രോ ഫിനാൻസ് കേസ് ഉയർന്നു വന്നതുമുതൽ എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സർക്കാരിന്റെ കക്ഷത്തിലാണ്.

മൈക്രോ ഫിനാൻസ് കേസ് ആയുധമാക്കിയതോടെ വെള്ളാപ്പള്ളി നടേശൻ സാഷ്ടാംഗം കീഴടങ്ങി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെ ലഭിച്ച ഒരു സീറ്റ് വെള്ളാപ്പള്ളി നടേശന്റെ കാരുണ്യം കാരണമാണ്. ആലപ്പുഴ മാത്രമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റ് ലഭിച്ചത്. വെള്ളാപ്പള്ളി അരയും തലയും മുറുക്കി നിന്നതോടെയാണ് ആലപ്പുഴ വിജയം നേടാൻ സിപിഎമ്മിന് കഴിഞ്ഞത്. അതെ വെള്ളാപ്പള്ളി ഇപ്പോഴും കക്ഷത്ത് തന്നെയുണ്ട്. ഇതൊന്നും കൂടാതെ ബോണസ് ആയാണ് ഇടതുമുന്നണിയിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം കൂടി ചാഞ്ഞു നിൽക്കുന്നത്. ലോക്കൽ ബോഡിയിലും നിയമസഭയിലും ഇടതുമുന്നണിയുടെ ജയം ഉറപ്പിക്കാൻ ഇതെല്ലാം ധാരാളം എന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. കൃത്യമായ ഈ രാഷ്ടട്രീയ കണക്കുകൂട്ടൽ യുഡിഎഫ് കണക്കുകളെക്കാൾ മുകളിൽ നിൽക്കുന്നതുമാണ്. സ്വർണ്ണക്കടത്തും കെടി.ജലീലും ബിനീഷ് കോടിയേരി പ്രശ്‌ന്ങ്ങൾ ഒന്നും തന്നെ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടു ബാങ്കുകളിൽ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന ഉറച്ച വിശ്വാസവും സിപിഎമ്മിനുണ്ട്. ഇതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ വിജയം എന്ന് എന്ന് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP