Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ സീറ്റ് നിശ്ചയിക്കാനാകാതെ ഇടതുമുന്നണിയും ബിജെപിയും; വോട്ട് വിലകൊടുത്തു വാങ്ങി വിജയം ഉറപ്പിക്കാൻ വി എസ് ശിവകുമാർ; തിരുവനന്തപുരം മണ്ഡലം കാണാൻ പോകുന്നത് ശരിക്കുള്ള ത്രികോണ മത്സരം

ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ സീറ്റ് നിശ്ചയിക്കാനാകാതെ ഇടതുമുന്നണിയും ബിജെപിയും; വോട്ട് വിലകൊടുത്തു വാങ്ങി വിജയം ഉറപ്പിക്കാൻ വി എസ് ശിവകുമാർ; തിരുവനന്തപുരം മണ്ഡലം കാണാൻ പോകുന്നത് ശരിക്കുള്ള ത്രികോണ മത്സരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉൾകൊള്ളുന്ന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി എസ് ശിവകുമാർ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പ്. എന്നാൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ബിജെപിയിലും ഇതു തന്നെ അവസ്ഥ.

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് കാട്ടിയ മേഖലയായതിനാൽ കടുത്ത ത്രികോണ മത്സരമാകും നടക്കുക. എല്ലാ വോട്ടുകളും പെട്ടിയിലാക്കാൻ ബിജെപി രംഗത്തിറങ്ങുന്നതിനാൽ ഇടത് വലത് മുന്നണികൾക്ക് നിർണ്ണായകമാണ് ഇവിടത്തെ മത്സരം.

കോർപ്പറേഷൻ തെരഞ്ഞെടുപ്പു വേളയിൽ തന്നെ വി എസ് ശിവകുമാർ വോട്ടു കച്ചവടത്തിനു കൂട്ടുനിന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളിൽ നിന്നു ശിവകുമാർ മൂന്നുലക്ഷം രൂപ തലവരിപ്പണം പിരിച്ചതായ വാർത്തകൾ പുറത്തുവന്നിരുന്നു. പണം വാങ്ങിയിട്ടും ബിജെപിക്കു വേണ്ടി വോട്ടു മറിച്ചിരുന്നുവെന്ന സൂചനകളാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് തനിക്കനുകൂലമാക്കി മാറ്റാനുള്ള കച്ചവടതന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കമെന്ന സൂചനയാണുള്ളത്. ഇതിന്റെ പേരിൽ കോൺഗ്രസിൽ തന്നെ തർക്കങ്ങൾ ഉടലെടുത്തിരുന്നു.

എതിർപക്ഷത്ത് ആരുതന്നെയായാലും മറിച്ചിടാൻ തക്കവണ്ണമുള്ള വോട്ടുകച്ചവടത്തിന്റെ സൂചനകൾ തന്നെയാണു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലും പുറത്തുവരുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥി നിർണയം വൈകുന്നത് എൽഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള തീരുമാനം വൈകുന്നതിനാലാണെന്നു റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും വോട്ടുകച്ചവടത്തിനുള്ള സാധ്യതകൾ തന്നെയാണു തെളിയുന്നത്.

ഇടതുമുന്നണിയിലും തിരുവനനന്തപുരം മണ്ഡലത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. മുന്നണിക്കൊപ്പം നിൽക്കുന്ന കേരള കോൺഗ്രസിലെ വി. സുരേന്ദ്രൻ പിള്ളയോ, പുതുതായി പിറന്ന ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവോ ആകും സ്ഥാനാർത്ഥിയെന്നാണു സൂചന. സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥികളുടെ പാനലിൽ ഈ മണ്ഡലം ഒഴിച്ചിട്ടിരിക്കുകയാണ്. സംസ്ഥാന നേതൃത്വമാകും തീരുമാനമെടുക്കുക. സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ മൂന്ന് സീറ്റുകളാണ് സുരേന്ദ്രൻ പിള്ള ഉൾപ്പെട്ട കേരള കോൺഗ്രസ് ആവശ്യപ്പെട്ടത്. തിരുവനന്തപുരം, കോതമംഗലം, കടുത്തുരുത്തി എന്നിവ. തിരുവനന്തപുരം കിട്ടിയാൽ സുരേന്ദ്രൻപിള്ള തന്നെയാകും സ്ഥാനാർത്ഥി. ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസാകട്ടെ ആന്റണി രാജുവിനായി തിരുവനന്തപുരം നോക്കുന്നുമുണ്ട്.

സ്ഥാനാർത്ഥിയായാൽ ജയിക്കാമെന്ന പ്രതീക്ഷയാണ് ആന്റണി രാജുവിനുമുള്ളത്. എം എം ഹസനെ തോൽപ്പിച്ച് തിരുവനന്തപുരം മണ്ഡലത്തിന്റെ പൂർവരൂപമായ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് നിയമസഭയിലെത്തിയ ചരിത്രം ആന്റണി രാജുവിനുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും തീരദേശമേഖലയിലെ വോട്ടും പരിഗണിക്കുമ്പോൾ ജയസാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ജനാധിപത്യ കേരള കോൺഗ്രസിനുള്ളത്. നേരത്തെ ആന്റണി രാജുവിനു പകരക്കാരനായാണു വി സുരേന്ദ്രൻ പിള്ള മണ്ഡലത്തിൽ മത്സരിച്ചത്. ജയിച്ച് എൽഡിഎഫ് മന്ത്രിസഭയിൽ അംഗമാകാനും സുരേന്ദ്രൻ പിള്ളയ്ക്കു കഴിഞ്ഞിരുന്നു. ഇക്കുറി ആർക്കാണു സീറ്റെന്ന കാര്യത്തിൽ ഇതുവരെ ഇടതുമുന്നണിയിൽ ധാരണയായിട്ടില്ല. അടുത്ത ഇടതുമുന്നണി യോഗം 19നാണ്. അതിനുമുമ്പ് സീറ്റിനെക്കുറിച്ച് ധാരണയാകും. ജനാധിപത്യ കേരള കോൺഗ്രസിന് തിരുവനന്തപുരം സീറ്റ് നൽകാമെന്നോ ഇല്ലെന്നോ സിപിഐ(എം) പറഞ്ഞിട്ടില്ല. അതിനാൽ, ഏത് കേരള കോൺഗ്രസാകും ഇവിടെ മത്സരിക്കുക എന്നറിയാൻ ഇനിയും കാത്തിരിക്കണം. ആന്റണി രാജുവിനെ മത്സരിപ്പിച്ചാൽ വിജയസാധ്യതയുണ്ടാകുമെന്നാണു ഇടതുമുന്നണിയിലെ ചില നേതാക്കൾ നൽകുന്ന സൂചന. തീരദേശ മേഖലയിലെ വോട്ടുകൾ നിർണായകമാകുമെന്നു തന്നെയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാൽ ആന്റണി രാജു സ്ഥാനാർത്ഥിയായെത്തിയാൽ തീരമേഖല മുഴുവൻ ആന്റണി രാജുവിന് വോട്ട് ചെയ്യുമെന്നു ഇവിടെ നിന്നുള്ള സിപിഐ(എം) നേതാക്കളും ഉറപ്പു നൽകുന്നുണ്ട്. ബിജെപിക്ക് തിരുവനന്തപുരത്ത് സ്വാധീനമുണ്ട്. എന്നാൽ മണ്ഡലം ഉൾപ്പെടുന്ന തീരമേഖലയിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നവർ കുറവാണ്. ഇതും എൽഡിഎഫിനു പ്രതീക്ഷ നൽകുന്നതാണ്.

ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകുമെന്നാണു സൂചന. പല പേരുകളും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ധാരണയായിട്ടില്ല. പൊതു സമ്മതനെ കണ്ടെത്തി മത്സരിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. രാജസേനനോ മേനകാ സുരേഷോ ഒക്കെ വെള്ളിത്തിരയുടെ താരമായി ബിജെപി ടിക്കറ്റിലെത്താനും സാധ്യതയുണ്ട്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് മനസ്സിലാക്കി മാത്രമേ തീരുമാനം എടുക്കൂ.

വി എസ് ശിവകുമാറും സുരേന്ദ്രൻ പിള്ളയും സ്ഥാനാർത്ഥികളായി എത്തിയാൽ തീരമേഖലയിലെ വോട്ട് മുഴുവൻ ശിവകുമാർ സ്വന്തമാക്കുമെന്നാണു ബിജെപി കരുതുന്നത്. എ കെ ആന്റണിയെയുൾപ്പെടെ പ്രചാരണത്തിനിറക്കി തീരദേശമേഖലയിലെ വോട്ടുകൾ മുഴുവൻ തൂത്തുവാരാൻ കോൺഗ്രസ് പരമാവധി ശ്രമിക്കും. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നടത്തിയ വോട്ടുതിരിമറികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പെട്ടിയിലാക്കാനുള്ള നീക്കമാണു ശിവകുമാർ നടത്തുന്നത്. വോട്ടുകച്ചവടം ഫലിച്ചാൽ, സമുദായ സംഘടനകളുടെ പിന്തുണ കൂടി നേടുന്നതോടെ കോൺഗ്രസിനാകും ജയം.

കോർപ്പറേഷൻ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവർത്തിക്കാനായാലേ ബിജെപിക്കു ജയിക്കാനാകൂ. തീരദേശമൊഴികെയുള്ള മേഖലയിൽ പരമാവധി വോട്ടു പിടിച്ചാൽ മാത്രമേ ജയസാധ്യതയുള്ളൂ. എന്തുവന്നാലും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തിൽ കുറഞ്ഞൊന്നും ബിജെപി ആഗ്രഹിക്കുന്നില്ല. ഇത് തന്നെയാണ് തിരുവനന്തപുരത്തെ പോരാട്ട ചൂട് കടുപ്പിക്കുന്നത്. ആന്റണി രാജുവന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ ധ്രൂവീകരണം അനുകൂലമാക്കാൻ പാടുപെടുമെന്ന് ശിവകുമാറിനും അറിയാം. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് ആന്റണി രാജുവെത്തിയാൽ തിരുവനന്തപുരം ജില്ലയിലാകെ ബിജെപിക്ക് ഗുണകരമായ അന്തരീക്ഷമുണ്ടാകുമെന്ന പ്രചാരണമാണ് ഒരുവശത്തു നടക്കുന്നത്. എങ്ങനേയും സുരേന്ദ്രൻ പിള്ളയെ സ്ഥാനാർത്ഥിയായി കിട്ടാനാണ് അത്. പക്ഷേ, ആന്റണി രാജു സ്ഥാനാർത്ഥിയായാൽ ജയസാധ്യത എൽഡിഎഫിനു തന്നെയെന്നാണു ഒരുവിഭാഗം വിലയിരുത്തുന്നതും.

2006ൽ ശോഭനാ ജോർജിനെതിരെ വിമതനായി ശരത് ചന്ദ്ര പ്രസാദ് മത്സരിച്ചിരുന്നു. കോൺഗ്രസിലെ ഈ പോരിനിടെയായിരുന്നു സുരേന്ദ്രൻ പിള്ളയുടെ വിജയം. ആർഎസ്എസ് വോട്ടുകളും അന്ന് സുരേന്ദ്രൻ പിള്ളയെ തുണച്ചു. അതുകൊണ്ട് തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആന്റണി രാജു കരുത്തനായ സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് കരുതുന്നു. തീരമേഖലയിലെ വോട്ടുകളിൽ ആന്റണി രാജു വിള്ളലുണ്ടാക്കുമെന്ന ഉറപ്പാണ് അതിന് കാരണം. മണ്ഡലത്തിന്റെ മറ്റിടങ്ങളിൽ നായർ സമുദായമാണ് പ്രബലർ. ഇവിടെ ബിജെപിക്കാണ് സ്വാധീനം. അതുകൊണ്ട് തന്നെ തീരമേഖലയിലെ വോട്ടുകൾ ഭിന്നിച്ചാൽ തിരുവനന്തപുരത്ത് വിജയിക്കാമെന്ന പ്രതീക്ഷയാണു ബിജെപിക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP