Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്ത് പേരെ സംഘടിപ്പിക്കാൻ പറ്റാത്ത അനേകം ഘടക കക്ഷികൾ; എല്ലാവർക്കും വാരിക്കോരി സീറ്റ് വേണം; അപ്പോൾ പിന്നെ ആളെ കൂട്ടാൻ കഴിയുന്ന സിപിഐയുടെ കാര്യം പറയണോ? ആരെയും പിണക്കേണ്ടന്ന് കരുതിയ സിപിഐ(എം) സീറ്റ് മോഹികളെ കൊണ്ട് മടുത്തു; തീരുമാനം ആകണമെങ്കിൽ വല്ല്യേട്ടനായേ പറ്റൂ എന്ന വികാരം ശക്തം

പത്ത് പേരെ സംഘടിപ്പിക്കാൻ പറ്റാത്ത അനേകം ഘടക കക്ഷികൾ; എല്ലാവർക്കും വാരിക്കോരി സീറ്റ് വേണം; അപ്പോൾ പിന്നെ ആളെ കൂട്ടാൻ കഴിയുന്ന സിപിഐയുടെ കാര്യം പറയണോ? ആരെയും പിണക്കേണ്ടന്ന് കരുതിയ സിപിഐ(എം) സീറ്റ് മോഹികളെ കൊണ്ട് മടുത്തു; തീരുമാനം ആകണമെങ്കിൽ വല്ല്യേട്ടനായേ പറ്റൂ എന്ന വികാരം ശക്തം

തിരുവനന്തപുരം: ഘടക കക്ഷികളുടെ എണ്ണം നോക്കിയാൽ യുഡിഎഫിനെ തോൽപ്പിക്കും. എന്നാൽ സിപിഐ അല്ലാതെ ഒറ്റ പാർട്ടിക്ക് പത്താളെ ഒരുമിച്ചു കൂട്ടാൻ കഴിയുമോ? ഭാഗ്യം കൊണ്ട് മൂന്ന് സീറ്റുകളിൽ വിജയിച്ചെങ്കിലും ജനദാളായി പ്രവർത്തിച്ചവരിൽ ഭൂരിപക്ഷവും വീരന്ദ്രകുമാറിന്റെ പാർട്ടിയാലാണ്. കൊല്ലത്ത് ആളുണ്ടായിരുന്ന ആർഎസ്‌പിയും ഇടത് പക്ഷത്താണ്. എൻസിപി, കോൺഗ്രസ് എസ്, ഐഎൻഎൽ, സിഎംപ, ജെഎസ്എസ്, സ്‌കറിയ തോമസ് കേരള കോൺഗ്രസ്സ് എന്നിങ്ങനെ അനേകം പാർട്ടികൾ ഉണ്ടെങ്കിലും അവർക്കൊക്കെ നേതാക്കൾ അല്ലാതെ അണികൾ ഇല്ല. എന്നിട്ടും എല്ലാവരും സീറ്റ് ചോദിച്ച് സിപിഎമ്മിനെ വെള്ളം കുടിപ്പിക്കുകയാണ്. മുൻ വർഷങ്ങളിലെ പോലെ ആരെയും പിണക്കേണ്ട എന്ന് കരുതി സമാധാനം പുലർത്തുന്ന സിപിഎമ്മിന്റെ ക്ഷമ പരീക്ഷിക്കുകയാണ് ഈ പാർട്ടികൾ.

ഇടതുമുന്നണിയിലെ വല്ല്യേട്ടനാണ് സിപിഐ(എം) എന്ന ആക്ഷേപം പലപ്പോഴും ഉയരാറുണ്ട്. അത് മാറ്റി വച്ചായിരുന്നു ഇത്തവണത്തെ ഇടപെടലുകൾ. എല്ലാവരോടും പരമാവധി സംയമനം പാലിച്ചു. എന്നാൽ ആരും വിട്ടുവീഴ്ചയ്ക്കില്ല. സ്വന്തം ശക്തി അറിയാമായിരുന്നിട്ടും ചോദിക്കുന്നത് കൈനിറയെ ആണ്. ഇതോടെ സിപിഐ(എം) കടുത്ത നിലപാടിലേക്ക് മാറുമെന്നാണ് സൂചന. രണ്ടു സീറ്റുകൾ അധികം വേണമെന്നു സിപിഐ ആവശ്യപ്പെട്ടപ്പോൾ തരാൻ പറ്റില്ലെന്നും ഇപ്പോഴുള്ള സീറ്റുകളിൽ രണ്ടെണ്ണം വിട്ടുതരികയാണു വേണ്ടതെന്നും സിപിഐ(എം) നിലപാടെടുത്തതിനാൽ എൽഡിഎഫിൽ സീറ്റുവിഭജനം കീറാമുട്ടിയായി. കഴിഞ്ഞ തവണ 27 സീറ്റുകളിൽ മൽസരിച്ച തങ്ങൾക്ക് ഇത്തവണ 29 സീറ്റ് വേണമെന്നായിരുന്നു ചർച്ചയിൽ സിപിഐയുടെ ആവശ്യം. ഇരവിപുരവും മലപ്പുറത്തെ ഒരു സീറ്റുമാണു സിപിഐ ചോദിച്ചത്.

എന്നാൽ, ഇത്തവണ കൂടുതൽ കക്ഷികൾക്കു സീറ്റ് നൽകേണ്ടതിനാൽ സിപിഐ രണ്ടു സീറ്റെങ്കിലും വിട്ടുതരണമെന്നു സിപിഐ(എം) ആവശ്യപ്പെട്ടു. എണ്ണത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ കൂടുതൽ ചർച്ചകളിലേക്കു കടക്കാതെ യോഗം പിരിഞ്ഞു. സിപിഐ(എം)-സിപിഐ സീറ്റു വിഭജനത്തിൽ തീരുമാനമായാൽ മറ്റു പാർട്ടികൾക്കു നൽകേണ്ട സീറ്റുകൾ ഉടൻ നിശ്ചയിക്കും. ജനാധിപത്യ കേരള കോൺഗ്രസ് കോതമംഗലം അല്ലെങ്കിൽ മൂവാറ്റുപുഴ, കുട്ടനാട് അല്ലെങ്കിൽ ചങ്ങനാശേരി, ഇടുക്കി, തിരുവനന്തപുരം, ആറന്മുള, കാഞ്ഞിരപ്പള്ളി, ഇരിക്കൂർ മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ഒഴികെയുള്ള സീറ്റുകൾ അവർക്കു നൽകാൻ ഏകദേശ ധാരണയായിട്ടുണ്ടെന്നാണു സൂചന.

തിരുവനന്തപുരം സിപിഐ(എം) ഏറ്റെടുത്തില്ലെങ്കിൽ ആന്റണി രാജുവിനു നൽകിയേക്കും. കേരള കോൺഗ്രസ് സ്‌കറിയാ തോമസ് വിഭാഗം വർക്കിങ് ചെയർമാൻ വി. സുരേന്ദ്രൻ പിള്ളയും തിരുവനന്തപുരം സീറ്റിനായി രംഗത്തുണ്ടെങ്കിലും കൂടുതൽ വിജയ സാധ്യത ആന്റണി രാജുവിനാണെന്നാണു വിലയിരുത്തൽ. സ്‌കറിയാ തോമസ് വിഭാഗത്തിനു കഴിഞ്ഞ തവണ നൽകിയ മൂന്നു സീറ്റുകളിൽ രണ്ടെണ്ണം തിരിച്ചെടുക്കുമെന്നും സിപിഐ(എം) മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പിസി തോമസിനാണ് മൂന്ന് സീറ്റ് കഴിഞ്ഞ തവണ നൽകിയത്. പിസി തോമസ് പാർട്ടി വിട്ടതോടെ സ്‌കറിയാ തോമസ് വിഭാഗത്തിന്റെ ശക്തി കുറഞ്ഞു. എന്നാൽ മൂന്നെണ്ണം കിട്ടിയേ മതിയാവൂ എന്ന് സ്‌കറിയാ തോമസ് പിടിവാശിയിലും. ഇത് അംഗീകരിക്കില്ലെന്നാണ് സിപിഐ(എം) നൽകുന്ന സൂചന.

നാലു സീറ്റുകളിൽ മൽസരിച്ച എൻസിപി ഇത്തവണ ഏഴ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നാലേ ഉള്ളൂവെന്നു സിപിഐ(എം) അറിയിച്ചു. ജനതാദൾ എസ് ഇപ്പോഴുള്ള അഞ്ചിനു പുറമെ ചിറ്റൂർ മണ്ഡലം കൂടി ആവശ്യപ്പെട്ടപ്പോൾ നൽകാമെന്നായിരുന്നു മറുപടി. പക്ഷേ, പകരം മറ്റൊരു സീറ്റ് മടക്കി നൽകണമെന്നു സിപിഐ(എം) ഉപാധി വച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവർക്ക് കോട്ടയം സീറ്റ് നൽകിയിരുന്നു. അന്നത്തെ പ്രത്യേക സാഹചര്യമായിരുന്നു അതിന് കാരണം. എന്നാൽ ഇത്തവണ കൂടുതലൊന്നും അനുവദിക്കില്ല.

തെക്കും വടക്കും മധ്യ കേരളത്തിലും ഓരോ സീറ്റ് ആവശ്യപ്പെട്ട കടന്നപ്പള്ളി രാമചന്ദ്രന്റെ കോൺഗ്രസ് എസിനോട് കണ്ണൂരിൽ മാത്രം മൽസരിക്കാൻ സിപിഐ(എം) നിർദ്ദേശിച്ചു. കാഞ്ഞിരപ്പള്ളി, ഇരവിപുരം, തൃശൂർ, അഴീക്കോട്, വർക്കല സീറ്റുകൾ ചോദിച്ച സിഎംപിക്ക് അഴീക്കോട് മാത്രം നൽകാനാണിട. ഇതു സമ്മതിച്ചില്ലെങ്കിൽ സിപിഐ(എം) അരവിന്ദാക്ഷൻ വിഭാഗത്തെ ഇടതുമുന്നണിയിൽ നിന്ന് മാറ്റും. കൂത്തുപറമ്പ് തിരിച്ചെടുത്തു പകരം കാസർകോട് നൽകാമെന്ന് ഐഎൻഎല്ലിനെ അറിയിച്ചെങ്കിലും അവർ വഴങ്ങിയിട്ടില്ല. വേങ്ങരയും കോഴിക്കോട് സൗത്തും കൂടി ഐഎൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.ആർ. ഗൗരിയമ്മ ഇന്നലെയും സീറ്റു വിഭജന ചർച്ചയ്ക്കായി എകെജി സെന്ററിൽ എത്തി. എന്നാൽ, സീറ്റുകൾ സംബന്ധിച്ച് ഉറപ്പൊന്നും ലഭിച്ചില്ല. ചവറ, അരൂർ, ചേർത്തല, കായംകുളം, ഇരവിപുരം, വർക്കല സീറ്റുകളാണ് ജെഎസ്എസ് ആവശ്യപ്പെട്ടത്. ഒരു സീറ്റാണ് ജെഎസ്എസിനായി സിപിഐ(എം) മനസ്സിൽ കാണുന്നത്. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് പത്താനപുരം നൽകും. പിള്ളയ്ക്ക് മത്സരിക്കാൻ സീറ്റ് കൊടുക്കണമോ എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. പിസി ജോർജിന്റെ സെക്യുലർ കേരളാ കോൺഗ്രസിന് ഒരു സീറ്റും ഇടതു മുന്നണി നീക്കി വച്ചിട്ടില്ല. 24 നു മുൻപു തന്നെ സീറ്റു വിഭജനം പൂർത്തിയാക്കാമെന്ന് സിപിഐ(എം) കണക്കുകൂട്ടുന്നു.

അതിനായി പാർട്ടി തലത്തിലും ചർച്ചകൾ നടത്തും. സിപിഐയുടെ അവകാശ വാദങ്ങൾ മാത്രമേ ഒരു പരിധിവരെയെങ്കിലും അംഗീകരിക്കൂ. ബാക്കിയാരുടേയും മുഖവിലയ്ക്ക് പോലും സിപിഐ(എം) എടുക്കില്ലെന്നാണ് സൂചന. ക്രൈസ്തവ സഭയുമായി സഖ്യമുണ്ടാക്കുന്നതിനാൽ അതിനും സീറ്റ് മാറ്റി വയ്ക്കണം. സിപിഎമ്മിന്റെ അക്കൗണ്ടിലാണ് ഇത്. ഈ കൂട്ട് മുന്നണിക്ക് മൊത്തം ഗുണം ചെയ്യും. അതുകൊണ്ട് സഭാ സ്ഥാനാർത്ഥികൾക്ക് നൽകുന്ന സീറ്റുകളുടെ കുറവ് എല്ലാ പാർട്ടികളും ഉൾക്കൊള്ളണമെന്നാണ് സിപിഐ(എം) നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP