Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ.ആർ.നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ടുനിന്ന് തുടങ്ങും; തീയണയ്ക്കാൻ തിരൂരങ്ങാടിയിലെ ഫയർ എൻജിൻ മതിയാകാതെ വരും; പോസ്റ്റിൽ ഫയർ എൻജിനെ കൊണ്ടു വന്നത് മുഖ്യമന്ത്രിയുടെ ഇടപെടലും കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കില്ലെന്ന് പറയാതെ പറയാനോ? പഴയ വിശ്വസ്തനോട് പിണറായി കൂടുതൽ അകലുന്നു; കെടി ജലീൽ രണ്ടും കൽപ്പിച്ച്; സിപിഎമ്മിന് നീരസം കൂടുന്നു

എ.ആർ.നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ടുനിന്ന് തുടങ്ങും; തീയണയ്ക്കാൻ തിരൂരങ്ങാടിയിലെ ഫയർ എൻജിൻ മതിയാകാതെ വരും; പോസ്റ്റിൽ ഫയർ എൻജിനെ കൊണ്ടു വന്നത് മുഖ്യമന്ത്രിയുടെ ഇടപെടലും കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കില്ലെന്ന് പറയാതെ പറയാനോ? പഴയ വിശ്വസ്തനോട് പിണറായി കൂടുതൽ അകലുന്നു; കെടി ജലീൽ രണ്ടും കൽപ്പിച്ച്; സിപിഎമ്മിന് നീരസം കൂടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എ.ആർ. നഗർ ബാങ്കിൽ വിമർശനം തുടരുന്ന കെടി ജലീലിനോടുള്ള നിലപാട് സിപിഎം കടുപ്പിക്കും. ബാങ്കിനെതിരെ വിമർശനം തുടരുന്ന സാഹചര്യത്തിലാണ് ഇത്. കേന്ദ്ര ഏജൻസിയായ ഇഡിയോടുള്ള നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ജലീലിനുള്ള നിർദ്ദേശമായിരുന്നു അത്. അതിന് ശേഷം സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും ശാസന നൽകി. എന്നിട്ടും കുഞ്ഞാലിക്കുട്ടിക്കെതിരെ മുമ്പോട്ട് പോയി. മുഖ്യമന്ത്രി വിളിച്ചു വരുത്തി കാര്യങ്ങൾ വിശദീരിച്ചു. എന്നിട്ടും ജലീൽ പിന്മാറിയില്ല. ഇന്നലെയും എആർ നഗർ ബാങ്കിൽ ജലീൽ വിമർശനം ഉയർത്തി.

മുസ്ലിംലീഗിന്റെ സംസ്ഥാനത്തൊട്ടുക്കുമുള്ള കമ്മിറ്റികളുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്ന് കെ.ടി. ജലീൽ പറയുന്നു. വ്യക്തികളുടെ പേരല്ല, മറിച്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെയാണ് ചേർത്തിരിക്കുന്നത്. ബാങ്കിലെ അക്കൗണ്ടുകളിൽ പലതും ഡിലീറ്റ് ചെയ്തു. ബാങ്കിന്റെ സോഫ്റ്റ്‌വേർ കമ്പനിയോട് ആദായനികുതിവകുപ്പ് വിശദീകരണം ചോദിച്ചിട്ടുണ്ട് -ചന്ദ്രിക കള്ളപ്പണക്കേസിൽ ഇ.ഡി.യുടെ മുന്നിൽ ഹാജരായശേഷം ജലീൽ പറഞ്ഞു. ചന്ദ്രകയിലെ വിവാദത്തിനൊപ്പം എആർ നഗറും ചർച്ചയാക്കുകയാണ് ജലീൽ. ഈ സാഹചര്യത്തിലാണ് ജലീലിനെ എങ്ങനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യണമെന്ന ചർച്ച സിപിഎം ഉന്നയിക്കുന്നത്.

എ.ആർ. നഗർ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഇ.ഡി. അന്വേഷണം വേണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. സഹകരണബാങ്കുകളിൽ ഇ.ഡി. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. സംഭവത്തിൽ സർക്കാർ നടപടികൾ എടുക്കാത്തതെന്തെന്ന ചോദ്യത്തിന് നടപടിവരുമെന്നും വിജിലൻസ് അന്വേഷണം വേണോ എന്ന കാര്യത്തിലൊക്കെ തീരുമാനമാകാൻ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും ജലീൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിഷയം നിരന്തരം ആരോപണങ്ങളിൽ നിർത്തുന്നത് സിപിഎമ്മിന് അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ മന്ത്രിസഭയിൽ പിണറായിയുടെ അതിവിശ്വസ്തനായിരുന്നു ജലീൽ

നയതന്ത്ര സ്വർണ്ണ കടത്തിൽ അടക്കം മുഖ്യമന്ത്രിയെ സംരക്ഷിച്ചത് ജലീലിന്റെ മൊഴികളാണ്. എന്നാൽ ബന്ധുത്വ നിയമന വിവാദത്തിലെ ലോകായുക്താ വിധിയോടെ ജലീൽ മന്ത്രിസഭയ്ക്ക് പുറത്തായി. നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചിട്ടും മന്ത്രിയായില്ല. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടമുഖം ഇതോടെ ജലീൽ തുറന്നു. എന്നാൽ ഇത് സിപിഎമ്മിന് അംഗീകരിക്കാൻ കഴിയുന്നില്ല. എ ആർ നഗർ ബാങ്കിലെ ചർച്ചകൾ ജലീലിനെ സിപിഎമ്മിന്റെ ശത്രുപക്ഷത്തേക്ക് എത്തിക്കുകയാണെന്നാണ് സൂചന.

പാലാരിവട്ടംപാലം നിർമ്മാണ അഴിമതിയിലൂടെ ലഭിച്ച 10 കോടി രൂപ മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടുവഴി ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിലാണ് ഇ.ഡി. അന്വേഷണം. കുഞ്ഞാലിക്കുട്ടിയെ കുടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജലീൽ പറയുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടിയോട് കുടിപ്പക പാടില്ലെന്നാണ് സിപിഎം നിർദ്ദേശം. ഇത് അംഗീകരിക്കാൻ ജലീൽ തയ്യാറല്ല. ജലീലിന്റെ ഓരോ വിമർശനവും ബിജെപി ഏറ്റുപിടിക്കുന്നുണ്ട്. എ ആർ നഗർ ബാങ്കിൽ സിപിഎമ്മിനും ഇടപാടുകളുണ്ടെന്നാണഅ സൂചന.

വിവാദമായി ഫയർ എൻജിൻ

ജലീലിനെ സിപിഎം. തിരുത്തിയതിനു പിന്നാലെ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമും ജലീലും സാമൂഹികമാധ്യമത്തിൽ ഏറ്റുമുട്ടി. 'ആകാശവാണി തിരുവനന്തപുരം നിലയത്തിൽനിന്നുള്ള ഇടപെടലിനാൽ വളാഞ്ചേരി നിലയത്തിൽനിന്നുള്ള എ.ആർ. നഗർ പൂരത്തിന്റെ വെടിക്കെട്ട് താത്കാലികമായി നിർത്തി' എന്നായിരുന്നു സലാമിന്റെ കുറിപ്പ്.

ഇതിനു മറുപടിയായി, 'എ.ആർ.നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ടുനിന്ന് തുടങ്ങും. തീയണയ്ക്കാൻ തിരൂരങ്ങാടിയിലെ ഫയർ എൻജിൻ മതിയാകാതെ വരും' എന്ന് ജലീൽ കുറിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കുടുംബവീട് ഉൾപ്പെടുന്ന സ്ഥലമാണ് കാരാത്തോട്. ഫയർ എൻജിൻ എന്നത് മുഖ്യമന്ത്രിയുടെ വകുപ്പാണെന്ന വലിയിരുത്തലും സജീവമാണ്. അതായത് മുഖ്യമന്ത്രി വിചാരിച്ചാലും കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ നീക്കത്തെ തടുക്കാനാകില്ലെന്ന് പറയുകയാണ് ജലീൽ എന്നാണ് വിമർശനം.

അതിനിടെ എ.ആർ. നഗർ ബാങ്ക് വിഷയത്തിൽ കെ.ടി. ജലീലിനെ സിപിഎം. പിന്തുണയ്ക്കുന്നില്ലെന്നത് മാധ്യമ വ്യാഖ്യാനം മാത്രമെന്ന് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ഇ.ഡി.യോടുള്ള പൊതുനിലപാട് പാർട്ടിയും സർക്കാരും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ കെ.ടി. ജലീൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് (ഇഡി) മൊഴികൊടുക്കാൻ പോകുന്നതിനു മുൻപ് ക്ലിഫ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജലീൽ ഔദ്യോഗിക വസതിയിലെത്തിയതെന്ന് അറിയുന്നു.

സഹകരണബാങ്കിൽ ഇഡി അന്വേഷണം എന്ന ആവശ്യം പാർട്ടി വിരുദ്ധമെന്നു മുഖ്യമന്ത്രി അറിയിച്ചു. പ്രസ്താവനകളിൽ ജാഗ്രത വേണം. എന്നാൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി.ജലീൽ അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങൾ സംസാരിച്ചതായി കെ.ടി. ജലീൽ സമൂഹമാധ്യമത്തിൽ കുറിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും.

2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. എആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരുമെന്നും ജലീൽ പോസ്റ്റിൽ വ്യക്തമാക്കി.

മലപ്പുറം എആർ നഗർ ബാങ്കിലെ ക്രമക്കേടുകൾ ഇഡി അന്വേഷിക്കണമെന്ന കെ.ടി. ജലീലിന്റെ നിലപാടിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. സഹകരണ ബാങ്കുകളുടെ കാര്യം പരിശോധിക്കേണ്ടത് ഇഡിയല്ല, സംസ്ഥാന സർക്കാർ ആണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വ്യക്തി വിരോധം തീർക്കാൻ സർക്കാരിനെ കിട്ടില്ലെന്നു വ്യക്തമാക്കി സഹകരണ മന്ത്രി വി.എൻ. വാസവനും ജലീലിനെ തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP