Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

കള്ളവോട്ടു തടഞ്ഞ ചെന്നിത്തലയുടെ 'സർജ്ജിക്കൽ സ്‌ട്രൈക്ക്' ഗുണം ചെയ്യും; ബിജെപി വളർച്ച ഭയന്ന മുസ്ലിം വോട്ടർമാർ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു; ലോക്‌സഭയിലെ സമവാക്യങ്ങൾ നിയമസഭയിലും ആവർത്തിക്കുമെന്ന് പ്രതീക്ഷ; യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ വിജയമെന്ന് കെപിസിസി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്; ഇടതുക്യാമ്പ് തിരിച്ചടി ഭീതിയിലോ?

കള്ളവോട്ടു തടഞ്ഞ ചെന്നിത്തലയുടെ 'സർജ്ജിക്കൽ സ്‌ട്രൈക്ക്' ഗുണം ചെയ്യും; ബിജെപി വളർച്ച ഭയന്ന മുസ്ലിം വോട്ടർമാർ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു; ലോക്‌സഭയിലെ സമവാക്യങ്ങൾ നിയമസഭയിലും ആവർത്തിക്കുമെന്ന് പ്രതീക്ഷ; യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ വിജയമെന്ന് കെപിസിസി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്; ഇടതുക്യാമ്പ് തിരിച്ചടി ഭീതിയിലോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി പ്രതിപക്ഷത്തെ മുന്നിൽ നിന്നു നയിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടിക്ക് പോലും സാധിക്കാതെ വന്നപ്പോൾ ആ ദൗത്യം ഏറ്റെടുത്തത് ചെന്നിത്തലയായിരുന്നു. ഓരോ വിഷയങ്ങളിലും ചെന്നിത്തല മുഖ്യമന്ത്രിയെ കുരുക്കിട്ടു നിർത്തി. ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചപ്പോൾ യുഡിഎഫിന് ഇക്കുറി ഭരണപ്രതീക്ഷ ഏറെയാണ്.

ചെന്നിത്തലയുടെ ഇടപെടൽ സിപിഎമ്മിന് തിരിച്ചടി നൽകിയത് അവസാന നിമിഷത്തിലായിരുന്നു. കള്ളവോട്ടു തടയാൻ വേണ്ടി വോട്ടർപട്ടികയിലെ ഇരട്ടവോട്ടിനെതിരെ പരാതിയുമായി ചെന്നിത്തല രംഗത്തെത്തിയതോടെ കള്ളവോട്ടിന്റെ വഴിയടഞ്ഞു. ഇത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. പെട്ടിയിലായ വോട്ടിനെ കുറിച്ച് കൂട്ടലും കിഴിക്കലുമായി കാത്തിരിക്കുമ്പോൾ കെപിസിസി നിയോഗിച്ച അന്വേഷണ സംഘം വിലയിരുത്തുന്നത് യുഡിഎഫ് വൻ വിജയം നേടുമെന്നാണ്. അതിന് പല ഘടകങ്ങൾ കാരണമാകുകയും ചെയ്യും.

വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ അന്വേഷിച്ചു കണ്ടെത്തുന്നതിൽ കെപിസിസിയെ സഹായിച്ച സംഘത്തിന്റെ മുൻനിരയിലുള്ളവരാണ് യുഡിഎഫ് വിജയിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി അവർ ഡാറ്റാ അനാലിസിസും മറ്റു കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വ്യാജവോട്ടുകൾക്കെതിരെ നടത്തിയ വ്യാപകമായ പ്രചാരണം ഫലപ്രദമായെന്നും ഇതാണ് കള്ള വോട്ടുകൾ കുറയുന്നതിലേക്ക് വഴിയൊരുക്കിയതെന്നുമാണ് കെപിസിസിയുടെ വിലയിരുത്തൽ.

ലോക്‌സഭയിൽ പോൾ ചെയ്ത വോട്ടുകളും നിയമസഭയിലെ വോട്ടുകളും താരതമ്യം ചെയ്തു കൊണ്ടുള്ള വിശകലനമാണ് ഇക്കൂട്ടർ നടത്തുന്നത്. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 1.60 കോടി വോട്ടുകളാണ് പോൾ ചെയ്തതെന്ന് കെപിസിസി. അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. 2011 നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് 1.73 കോടിയായി ഉയർന്നു. 13 ലക്ഷം വോട്ടുകളുടെ വർദ്ധനവാണ് അന്നുണ്ട്ായത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 1.79 കോടി പേർ വോട്ടു ചെയ്തതായാണ് കണക്ക്. രണ്ടു വർഷത്തിനപ്പുറം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ (2016) 2.01 കോടി വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടു. 21 ലക്ഷം വോട്ടുകളുടെ വ്യത്യാസത്തിലേക്കെത്തി.

കേരളത്തിൽ രാഹുൽ തരംഗം ആഞ്ഞുവീശിയ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2.03 കോടി വോട്ടർമാർ ബൂത്തുകളിലെത്തി. വലിയ തോതിൽ വോട്ടർമാർ അന്ന് വേട്ടു രേഖപ്പെടുത്തുകയുണ്ടായി. ഇത്തവണ 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2.03 കോടി വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. തപാൽ വോട്ടുകൾ നാലു ലക്ഷത്തോളം വരുമെന്ന് കണക്കാക്കിയാൽ മൊത്തം പോളിങ് 2.07 കോടിയോളം വരും. പുതുതായി ചേർക്കപ്പെടുന്ന വോട്ടുകൾ കണക്കിലെടുത്താൽ ഇക്കുറി കാര്യമായി കള്ള വോട്ടുകൾ നടന്നിട്ടില്ലെന്ന നിഗമനത്തിലെത്താമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കെപിസിസി. അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഇവിടെയാണ് കള്ളവോട്ടുകൾ തടയാൻ സാധിച്ചുവെന്ന വിലയിരുത്തലിലേക്ക് കണക്കുകൾ എത്തുന്നത്. 2019-ൽനിന്നും 2021-ലേക്കെത്തുമ്പോൾ വോട്ടുകളുടെ എണ്ണത്തിൽ ഇത്തരത്തിലുള്ള വ്യത്യാസമില്ലാതെ പോയത് കള്ള വോട്ടുകൾ കുറഞ്ഞതുകൊണ്ടാണെന്നും കെപിസിസി. അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്തവർ വ്യക്തമാക്കുന്നു. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മൊത്തം വോട്ടർമാരുടെ എണ്ണം 2.62 കോടിയായിരുന്നു. 2021-ലെത്തിയപ്പോൾ ഇത് 2.74 കോടിയായി. പക്ഷേ, ഈ വർദ്ധന വോട്ടിങ് ശതമാനത്തിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഇത് കള്ള വോട്ടുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നതിന്റെ സൂചനയായി ഇവർചൂണ്ടിക്കാട്ടുന്നു.

കള്ളവോട്ടുകൾ തടയിടാൻ സാധിച്ചതു കൊണ്ടാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ അടക്കം അടൂർ പ്രകാശ് വിജയിച്ചു കയറിയത്. ലോക്‌സഭയിൽ പയറ്റി വിജയിച്ച തന്ത്രം അവസാന നിമിഷം ചെന്നിത്തല പുറത്തെടുത്തപ്പോൾ ഇടതു കേന്ദ്രങ്ങൾക്കാണ് വലിയ തിരിച്ചടിയായത്. ഇത് യുഡിഎഫ് വിജയം ഉറപ്പിക്കുന്നതാണെന്ന വിലയിരുത്തലാണ്‌സംഘത്തിനുള്ളത്.

അതിന് അപ്പുറത്തേക്ക് സാമുദായിക പരിഗണനകൾ നോക്കിയാലും യുഡിഎഫിന് സാധ്യത നൽകുന്ന സാഹചര്യങ്ങൾ നിരവധിയുണ്ട്. ലോക്‌സഭയിൽ ബിജെപിയെ പുറത്തുനിർത്താൻ മുസ്ലിംവോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന് അനുകൂലമായിരുന്നു. ആ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്നാണ് കണക്കു കൂട്ടൽ. കോൺഗ്രസിന് അധികാരം കിട്ടാത്ത സാഹചര്യം ഉണ്ടായാൽ ബിജെപി വളരുമെന്ന് ഇടതിനൊപ്പം നിൽക്കുന്ന മുസ്ലിംങ്ങൾ പോലും ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കൂട്ടർ യുഡിഎഫിനെ പിന്തുണച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഈ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കണക്കു കൂട്ടലുകൾ തകർക്കുക മുസ്ലിംവോട്ടുകൾ യുഡിഎഫിനായി ഏകീകരിക്കുന്നത് തന്നെയാകും. ജോസ് കെ മാണി ഉയർത്തയ ലൗ ജിഹാദ് ആരോപണം പോലും മു്സ്ലീംവോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കിയിട്ടുണ്ടാകും എന്നാണ് കെപിസിസി അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 123 നിയമസഭ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫ് മുന്നിലെത്തിയത്. ഇതിന് സഹായിച്ചത് മുസ്ലിം വോട്ടുകളുടെ ഏകീകരണമായിരുന്നു. ഈനിലയാണ് യുഡിഎഫിന് പ്രതീക്ഷ നൽകുന്ന മറ്റൊരു പ്രധാന ഘടകം.

പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയുള്ള തെരഞ്ഞെടുപ്പു തന്ത്രം എൽഡിഎഫിന് തിരിച്ചടിയായെന്നും വിലയിരുത്തുന്നുണ്ട്. കത്തോലിക്കാ വിഭാഗത്തിലും നായർ വിഭാഗത്തിലും അടക്കം പിണറായിക്ക് സ്വീകാര്യത കുറവാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആകട്ടെ വോട്ടെടുപ്പു ദിവസം യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം യുഡിഎഫിന് പ്രതീക്ഷകൾ ഏറെ നൽകുന്നതാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP