Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസ് അണികൾ അഗ്രഹിക്കുന്നത് പോലെ കെ സുധാകരൻ അധ്യക്ഷനായി എത്തുമോ? അതോ പൊതുസമ്മതനായി കൊടിക്കുന്നിൽ സുരേഷോ? പിണറായി വിജയനോട് വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുള്ള പി ടി തോമസിന് അണികളുടെ പിന്തുണയുണ്ടോ? കെപിസിസി പ്രസിഡന്റ് ആരാകണമെന്ന മറുനാടൻ അഭിപ്രായ സർവേ ഫലം അറിയാം

കോൺഗ്രസ് അണികൾ അഗ്രഹിക്കുന്നത് പോലെ കെ സുധാകരൻ അധ്യക്ഷനായി എത്തുമോ? അതോ പൊതുസമ്മതനായി കൊടിക്കുന്നിൽ സുരേഷോ? പിണറായി വിജയനോട് വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുള്ള പി ടി തോമസിന് അണികളുടെ പിന്തുണയുണ്ടോ? കെപിസിസി പ്രസിഡന്റ് ആരാകണമെന്ന മറുനാടൻ അഭിപ്രായ സർവേ ഫലം അറിയാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമായി നടക്കുകയാണ്. ഈ ആഴ്‌ച്ച പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അടുത്ത ആഴ്‌ച്ചയേ ഉണ്ടാകൂ എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നുള്ള സൂചനകൾ. അധ്യക്ഷ പദവിയിലേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് കെ സുധാകരനായിരുന്നു. സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിൽ എത്തണം എന്ന ആഗ്രഹമാണ് അണികളിൽ ഭൂരിഭാഗവും പ്രകടിപ്പിക്കുന്നതും. ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസ് അണികൾക്ക് നവോന്മേഷം പകരാൻ അദ്ദേഹം തന്നെ വേണമെന്നതായിരുന്നു പൊതു വികാരം.

കോൺഗ്രസ് അണികളുടെ ആഗ്രഹം എന്താണെന്ന് അറിയാൻ വേണ്ടി മറുനാടൻ മലയാളിയും ഒരു ഓൺലൈൻ സർവേ സംഘടിപ്പിച്ചിരുന്നു. കെ സുധാകരൻ, കെ വി തോമസ്, പി ടി തോമസ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ എന്നിവരെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു മറുനാടൻ സർവേ. ഈ ഓൺലൈൻ സർവേയുടെ ഫലവും സൂചിപ്പിക്കുന്നത് കോൺഗ്രസ് അണികൾ കാത്തിരിക്കുന്ന ആ നേതാവ് കെ സുധാകരൻ തന്നെയാണ് എന്നാണ്.

ആരാകണം പുതിയ കെപിസിസി അധ്യക്ഷൻ എന്ന ചോദ്യത്തിന് ഉത്തരം തേടി മറുനാടൻ നടത്തിയ സർവേയിൽ എതിരാളികളില്ലാത്ത വിധം ഭൂരിപക്ഷത്തിനാണ് സുധാകരനെ അണികൾ തിരഞ്ഞെടുക്കുന്നത്. സർവ്വേയിൽ പങ്കെടുത്തവരിൽ 94 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത് കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണം എന്നാണ്. കോൺഗ്രസിന് പുതിയ അധ്യക്ഷൻ വേണമെന്ന ആവശ്യം ശക്തമായപ്പോൾ അണികൾ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത് കെ സുധാകരന്റെ പേരായിരുന്നു. മുൻപ് മുല്ലപ്പള്ളി രാമചന്ദ്രനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സുധാകരന്റെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ, അദ്ദേഹത്തെ വർക്കിങ് പ്രസിഡന്റാക്കി ഒതുക്കുകയാണ് ഉണ്ടായത്. ഇപ്പോൾ കണ്ണൂരിൽ നിന്നുള്ള പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ പ്രതിപക്ഷത്തെ കോൺഗ്രസിനെ നയിക്കാൻ സുധാകരനാണ് മികച്ചതെന്ന ചിന്തയാണ് കോൺഗ്രസ് അണികളിൽ ശക്തമായിരിക്കുന്നതും.

അഞ്ചു നേതാക്കളെ ഉൾപ്പെടുത്തിയ മറുനാടൻ സർവേയിൽ സുധാകരൻ എതിരാളികൾ ഇല്ലാത്ത വിധത്തിൽ പിന്തുണ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള പി ടി തോമസിന് പോലും 3.3 ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കെ സുധാകരനൊപ്പം കോൺഗ്രസ് ഹൈക്കമാൻഡ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കൊടിക്കുന്നിൽ സുരേഷിന് തുച്ഛമായ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. 1.3 ശതമാനം വോട്ടുകളാണ് കൊടിക്കുന്നിലിന് ലഭിച്ചത്. എ ഗ്രൂപ്പിലെ പ്രമുഖനായ ബെന്നി ബെഹനാന് സർവേയിൽ ലഭിച്ചത് 0.6 ശതമാനം വോട്ടുകൾ മാത്രം. കെ വി തോമസിന് 0.8 ശതമാനം പേരുടെ പിന്തുണയുമാണ് ലഭിച്ചത്. 25,000 ആളുകളാണ് രണ്ട് ദിവസങ്ങളിലായി നടത്തിയ ഓൺലൈൻ അഭിപ്രായ സർവേയിൽ പങ്കെടുത്തത്.

കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിനെ എതിർക്കുമ്പോൾ തന്നെയാണ് അണികളുടെ മനസ്സിൽ സുധാകരൻ എതിരാളികളില്ലാതെ നിലനിൽക്കുന്നത്. കോൺഗ്രസിലെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന അഞ്ച് പേരുകൾ ഉൾപ്പെടുത്തിയായിരുന്നു മറുനാടൻ സർവേ നടത്തിയത്. ഒരു ഐപി അഡ്രസിൽ നിന്നും ഒരാൾക്ക് വോട്ടു ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള സർവേയാണ് മറുനാടൻ നടത്തിയത്. ഗൂഗിൾ ഷീറ്റ് വഴിയാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. അതിനാൽ തന്നെ ഇതിൽ കൃത്രിമത്വം നടത്താൻ കഴിയാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇങ്ങനെ വോട്ടു ചെയ്തവരിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സുധാകരനെ തന്നെയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കും നിരവധി പേരുകൾ ഉയർന്നുകേട്ടിരുന്നു. ഏറെ തർക്കങ്ങൾക്ക് ഒടുവിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശന്റെ പേർ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് പ്രഖ്യാപിച്ചത്. അണികളുടെ പൊതുവികാരമായിരുന്നു സതീശന്റെ തെരഞ്ഞെടുപ്പിൽ പ്രധാനമായും പരിഗണിച്ചത്. ഈ വികാരം തന്നെയാണ് കെ സുധാകരനെ അധ്യക്ഷനാക്കുന്ന കാര്യത്തിൽ ഇപ്പോൾ ഉയർന്നിരിക്കുന്നത്. അണികളുടെ വികാരം കോൺഗ്രസ്സ് ഹൈക്കമാൻഡ് മുഖവിലക്കെടുക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

എന്നാൽ കെ സുധാകരനെ പ്രസിഡന്റ് ആകണമെന്ന താൽപര്യം പ്രകടിപ്പിച്ച് പാർട്ടി പ്രവർത്തകർക്കിടയിൽ വികാരം ഉണ്ടായപ്പോൾ കോൺഗ്രസ് നേതാക്കൾ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നതാണ് പിന്നീട് കണ്ടത്. ഗ്രൂപ്പിന്റെ ആധിപത്യം നിലനിർത്താൻ ഓരോ വിഭാഗവും പ്രതിനിധികളെ നിശ്ചയിച്ചു. പൊതുസമ്മതൻ എന്ന രീതിയിൽ ദളിത് പശ്ചാത്തലമുള്ള കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ് കെ സുധാകരന് എതിരെ വിവിധ ഗ്രൂപ്പുകൾ ചേർന്ന് ഉയർത്തിയത്. ഈ വികാരത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് മുഖവിലക്കെടുക്കുമോ എന്നാണ് അറിയേണ്ടത്. അടുത്തയാഴ്‌ച്ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിൽ എത്തുന്നുണ്ട്. ഈ സന്ദർശന വേളയിൽ ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മതത്തോടെ തന്നെ കെ സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിക്കുന്നതാണ് അണികൾ ആഗ്രഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP